നല്ല മാതൃകക്ക് ഒരായിരം ലൈക്ക്
മൈമൂന കെ.പി
2015 ഒക്ടോബര്‍
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നാണല്ലോ ചൊല്ല്. കഠിനാധ്വാനവും താല്‍പര്യവുമുണ്ടെങ്കില്‍ ഈ പഴഞ്ചൊല്ല് പല കാര്യത്തിലും പുലരുന്നതായി നമുക്കനുഭവപ്പെടും. ചിലപ്പോളത് സ്വന്തം കാര്യത്തിലായിരിക്കും. മറ്റുചിലപ്പോള്‍ വേറൊരാളുടെ കാര്യത്തിലായിരിക്കും. ഇത്തരം അനുഭവങ്ങള്‍ കണ്ണിന് ആനന്ദകരമാണ്. ഇങ്ങനെ
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നാണല്ലോ ചൊല്ല്. കഠിനാധ്വാനവും താല്‍പര്യവുമുണ്ടെങ്കില്‍ ഈ പഴഞ്ചൊല്ല് പല കാര്യത്തിലും പുലരുന്നതായി നമുക്കനുഭവപ്പെടും. ചിലപ്പോളത് സ്വന്തം കാര്യത്തിലായിരിക്കും. മറ്റുചിലപ്പോള്‍ വേറൊരാളുടെ കാര്യത്തിലായിരിക്കും. ഇത്തരം അനുഭവങ്ങള്‍ കണ്ണിന് ആനന്ദകരമാണ്. ഇങ്ങനെ നയനാനന്ദകരവും മനസ്സിന് കുളിരും നല്‍കുന്ന കാഴ്ചകള്‍ കാണണമെങ്കില്‍ കുറ്റ്യാടിക്കടുത്ത് ചങ്ങരംകുളം ഗ്രാമത്തിലെ സുഹറയുടെ വീട്ടില്‍ പോയാല്‍ മതി.
സുഹറക്ക് കൃഷി വെറുമൊരു നേരംപോക്കല്ല. രണ്ട് പതിറ്റാണ്ടായി തുടര്‍ന്നുകൊണ്ടിരിക്കുന്ന നിരന്തര പ്രക്രിയയാണ്. ഓരോ കാലാവസ്ഥക്കും അനുയോജ്യമായ കൃഷിയേതെന്ന് പഠിക്കുകയും അത് വിജയകരമായി നടത്തി വിളവെടുത്ത് വരുമാനമുണ്ടാക്കുകയും ചെയ്യുന്നത് അവര്‍ക്ക് എന്നുമൊരു ആവേശമാണ്.
കായക്കൊടി ഗ്രാമപഞ്ചായത്ത് ഏറ്റവും നല്ല കര്‍ഷകയെ ആദരിക്കാന്‍ തുടര്‍ച്ചയായി മൂന്ന് തവണയും തെരഞ്ഞെടുത്തത് സുഹറയെയാണ്.
പൈനാപ്പിള്‍, കോളിഫ്‌ളവര്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, തക്കാളി, പാവല്‍, പടവലം, പൊതീന, വെള്ളരി, ഇളവന്‍, വഴുതന തുടങ്ങി സുഹറ കൃഷിചെയ്തു വിജയിച്ച വിഭവങ്ങളുടെ പട്ടിക ഏറെയാണ്. മുറ്റത്തും പറമ്പിലും മാത്രമല്ല, സുഹറയുടെ കൃഷിയുള്ളത്. വീടിന്റെ ടെറസും സുഹറക്ക് കൃഷിചെയ്യാന്‍ പഥ്യം തന്നെ.
ഇത്തവണ ടെറസില്‍ കരനെല്ല് കൃഷി ചെയ്ത് നൂറ് മേനി കൊയ്തു. ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ തരിശാക്കി ആന്ധ്രയില്‍ നിന്ന് അരി വരുന്നതും കാത്തുനില്‍ക്കുന്ന മലയാളികള്‍ക്കിടയിലാണ് വേറിട്ട കൃഷിപാഠങ്ങളുമായി ഈ വീട്ടമ്മ ശ്രദ്ധേയയാകുന്നത്.
സ്ഥലമില്ല, സമയമില്ല തുടങ്ങിയ പരിഭവങ്ങളോട് വിടചൊല്ലി ആത്മവിശ്വാസത്തോടെ മണ്ണിലിറങ്ങാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും വിഷമില്ലാത്ത പച്ചക്കറിയും ആരോഗ്യമുള്ള ജീവിതവും നേടിയെടുക്കാമെന്ന് സുഹറ സ്വന്തം പ്രവര്‍ത്തനത്തിലൂടെ വിളിച്ചുപറയുന്നു. ഭര്‍ത്താവിന്റെ ചികിത്സാവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് രണ്ടുമാസം താമസിക്കേണ്ടി വന്നപ്പോള്‍ അവിടത്തെ അഭയകേന്ദ്രത്തില്‍ കോളിഫ്‌ളവറും ചീരയും സമൃദ്ധമായി വളരുന്ന ഒരു തോട്ടം ഉണ്ടാക്കിയാണ് മടങ്ങിയത്.
മണ്ണിന്റെ പരിശുദ്ധിക്ക് കളങ്കമേല്‍ക്കാത്ത വളപ്രയോഗങ്ങള്‍ മാത്രമേ ഇവര്‍ നടത്താറുള്ളൂ അതുകൊണ്ട് തന്നെ ഇവരുടെ വിളവുകള്‍ക്ക് ആവശ്യക്കാരേറെയാണ്. വിളവെടുപ്പുനടത്തിയ പച്ചക്കറികളുമായി ആവശ്യക്കാരെ കാത്തുനില്‍ക്കേണ്ട ആവശ്യം സുഹറക്കുണ്ടാകാറില്ല. അതിനുമുമ്പു തന്നെ വിറ്റുതീരും.
പ്രത്യേക തരം കൂണ്‍ കൃഷിയിലും സുഹറ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വൈക്കോല്‍ നിറച്ച ചെറിയ കവറുകളില്‍ തൂങ്ങിക്കിടക്കുന്ന കൂണുകള്‍ കണ്‍കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്. കൂണ്‍കൃഷിയിലെ വിജയകഥ കൃഷിഭവനില്‍നിന്ന് അറിയിച്ചതനുസരിച്ച് ഹോട്ടികള്‍ച്ചറല്‍ മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ നേരിട്ട് സുഹറയുടെ വീട്ടിലെത്തി കണ്ടുമനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
കരനെല്ലിന്റെ വിജയകരമായ വിളവെടുപ്പിന് ശേഷം കുറ്റിക്കുരുമുളക് കൃഷിയിലാണ് ഇപ്പോള്‍ ഇവര്‍ മുഴുകിയിരിക്കുന്നത്. സീസണില്ലാതെ എല്ലാ കാലത്തും ഫലം നല്‍കുന്നു എന്നതാണ് കുറ്റികുരുമുളകിന്റെ സവിശേഷത. കുറഞ്ഞ സ്ഥലത്ത് ചട്ടിയില്‍ വളര്‍ത്താം.
പെരുവണ്ണാമുഴി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ഇതിനെ കുറിച്ചുള്ള ക്ലാസ് ലഭിച്ചിരുന്നത് ഏറെ ഉപകാരപ്പെട്ടെന്ന് അവര്‍ പറയുന്നു.
കാര്‍ഷിക രംഗത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗപ്പെടുത്താന്‍ വീട്ടമ്മമാര്‍ തയ്യാറാവണമെന്നാണ് കൃഷിയില്‍ താല്‍പര്യമുള്ളവരോടുള്ള ഇവരുടെ ഉപദേശം. മണ്ണറിഞ്ഞ് വിത്തിറക്കാന്‍ ഇത് സഹായകമാകും.
ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ഭര്‍ത്താവും വിദ്യാസമ്പന്നരായ മക്കളും പൂര്‍ണ്ണമനസ്സോടെയുള്ള പിന്തുണ സുഹറക്ക് നല്‍കുന്നുണ്ട്. ഈ നല്ല മാതൃകക്ക് ഒരായിരം ലൈക്ക് നമുക്കും നല്‍കാം.