വല്ല്യുമ്മ പറഞ്ഞ ഫിലോസഫി

സലിം കുരിക്കളകത്ത് No image

       മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരു സകൂള്‍ അവധി ദിവസമാണെന്നാണ് ഓര്‍മ. ചേളാരിച്ചന്തയില്‍ നിന്ന് കശാപ്പുകാരന്‍ മാമുക്കോയക്കയാണ് ആകാരഭംഗിയുള്ള ഒരു കാളക്കുട്ടനെ ഞങ്ങളുടെ വീടിന് മുന്നിലെ കൊയ്ത്തു കഴിഞ്ഞ പാടത്ത് കെട്ടിയത്. അരിഞ്ഞെടുത്ത് ബാക്കിയായ വൈക്കോല്‍ കുറ്റി കരിമ്പുപോലെ ആസ്വദിച്ച് തിന്നുന്ന കാളക്കുട്ടനെ, വീടിന്റെ വയല്‍ഭാഗത്തേക്ക് തുറന്നിട്ട ജാലകത്തിലൂടെ എനിക്ക് കാണാമായിരുന്നു. ഓരോ വൈക്കോല്‍ കുറ്റിയും തിന്നു തീര്‍ത്തശേഷം കാളക്കുട്ടന്‍ അടുത്ത കുറ്റിയിലേക്ക്  ആവേശത്തോടെ നാക്ക് നീട്ടും. ചിലപ്പോള്‍ മുട്ടുമടക്കി നടുനിവര്‍ത്തി കണ്ണുകള്‍ പാതി തുറന്ന് നിലത്ത് അങ്ങനെ കിടക്കും.

ഏക്കറുകളോളം പരന്നുകിടക്കുന്ന പാടത്തിന്റെ കിഴക്ക് ഓട്ടുകമ്പനികളിലേക്ക് കളിമണ്ണെടുത്ത വലിയ കുഴികളാണ്. മഴക്കാലത്ത് ആ കുഴികള്‍ ചെറിയ ചെറിയ കുളങ്ങളാകും. സ്‌കൂളില്ലാത്ത കര്‍ക്കിടകപ്പകലുകള്‍ ഞങ്ങള്‍ ചെറുപുഴകളില്‍ ചാടിക്കുളിച്ച് തിമര്‍ക്കും. പുഴ വറ്റുന്ന വേനല്‍പകലുകളില്‍ ഗോള്‍പോസ്റ്റ് കെട്ടി പന്ത് കളിക്കും...

ഉച്ചകഴിഞ്ഞുകാണും, വയറുനിറഞ്ഞ കാളക്കുട്ടന്‍ ഉറക്കെ കരയാന്‍ തുടങ്ങി... ഞങ്ങളുടെ വീടിന്റെ പിറകുവശം ഒരു കുന്നാണ്. കൊടക്കല്ല് പറമ്പ്... ആ കുന്നിന്റെ ഉച്ചിയിലായിരുന്നു മാമുക്കോയക്കയുടെ വീട്. വല്ല്യുമ്മ അടുക്കളഭാഗത്ത് നിന്ന് ഒച്ചക്കീറി വിളിച്ചു. ''കദീസയ്യെ...കദീസയ്യെ... ആ മൂരിക്കുട്ടി കെടന്ന് കീറ്ണ്.'' ഓലമേഞ്ഞ വീടിന്റെ വാതില്‍ തുറന്ന് കദീസത്ത പുറത്തേക്ക് തലയിട്ടു. ''ഓല് ഇവ്ടഞ്ഞല്ലോ.. നെരത്ത്മ്മല്ക്ക് പോയതാ..'' ''മൂരിനെ ആരാന്റെ തൊടീകെട്ടീട്ടാ ഓന്റൊരു സര്‍ക്കീറ്റ്...'' വല്ല്യുമ്മ പിറുപിറുത്തുകൊണ്ട് ചായിപ്പിലേക്ക് കയറി, കലത്തില്‍ ഒഴിച്ചുവെച്ചിരുന്ന കഞ്ഞിവെള്ളമെടുത്ത് തകരബക്കറ്റിലേക്കൊഴിച്ച് പാടത്തേക്ക് നടന്നു. വല്ലിമ്മയുടെ പിറകിലായി ഞാനും. ബക്കറ്റ് കണ്ടപ്പോള്‍ തന്നെ മൂരിക്കുട്ടന്‍ കരച്ചില്‍ നിര്‍ത്തി. അവന്റെ മുഖത്ത് സന്തോഷം. അവന്‍ തലയാട്ടാന്‍ തുടങ്ങി. ബക്കറ്റിലേക്ക് ചുണ്ടടുപ്പിച്ച് അവന്‍ ആര്‍ത്തിയോടെ കഞ്ഞിവെള്ളം കുടിച്ചുതീര്‍ത്തു. എന്നിട്ടവന്‍ സ്‌നേഹത്തോടെ വല്ലിമ്മയുടേയും എന്റെയും നേരെ മാറി മാറി നോക്കി. ''നന്ദിയുള്ളോനാ...'' വല്ല്യുമ്മ അവനെ നോക്കി ചിരിക്കുകയും മൂര്‍ധാവില്‍ തലോടുകയും ചെയ്തു. തലയാട്ടികൊണ്ട് അവന്‍ വീണ്ടും നന്ദി കാണിച്ചു. മിക്ക ദിവസങ്ങളിലും വല്ല്യുമ്മ തന്നെയാണ് അവന് കഞ്ഞിവെള്ളം കൊടുക്കുക. സ്‌കൂള്‍ വിട്ട് വരുന്ന വഴി ആലിക്കുട്ട്യാക്കന്റെയും ഗോപാലേട്ടന്റെയും ചായപ്പീടികക്ക് മുന്നില്‍ വലിച്ചെറിയപ്പെട്ടിരുന്ന പഴത്തൊലി തേക്കിന്റിലയില്‍ പൊതിഞ്ഞ് ഞാനവനുവേണ്ടി കരുതിവെക്കല്‍ പതിവായി. അങ്ങനെ പൈക്കളെ പേടിയുള്ള ഞാന്‍ കാളക്കുട്ടനുമായി ചങ്ങാത്തമായി.

പാടത്ത് പന്തുകളിക്കുന്ന മുതിര്‍ന്ന കുട്ടികള്‍  അവനെ നോക്കി മുക്രയിടുകയും കല്ലെറിയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് മാമുകോയക്കന്റെ മകന്‍ ചേക്കു അവരെ നോക്കി ഒച്ചയിട്ടത്. ''നേര്‍ച്ചക്കാളാ..ദ്... അദ്‌നെ കല്ലെറിഞ്ഞാ സുബര്‍ക്കം കിട്ടൂലാ...''

അതുകേട്ട് ഞാന്‍ ചോദിച്ചു. ''നേര്‍ച്ചക്കാളാന്ന് പറഞ്ഞാ...ന്താ.?''

''പടച്ചോന്റെ സ്വന്തം കാളക്കാണഡോ നേര്‍ച്ചക്കാളാന്ന് പറയ്യാ..'' ചേക്കുവിന്റെ മറുപടി എനിക്ക് നന്നെ ബോധിച്ചു. അതോടെ മുക്രയിടലും കല്ലേറും നിന്നു. മോന്തിക്ക് മാമുക്കോയക്ക അവനെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ വീണ്ടും പാടത്ത് കെട്ടും. രണ്ടാഴ്ചയിലധികം അവന്‍ പാടത്ത് തിന്നും കുടിച്ചും ജീവിച്ചു.

പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് വരുമ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്. കാളക്കുട്ടന്റെ കയറുംപിടിച്ച് മാമുക്കോയക്ക ബീരാനാജിയുടെ ബംഗ്ലാവിലേക്ക് ധിറുതിയില്‍ നടക്കുന്നു. പിറകെ ചേക്കുവും. ഒരു യാത്രാമൊഴി പോലെ കാളക്കുട്ടന്‍ എനിക്കു നേരെ തലയിളക്കി.

''ഇവനെ വിക്കാങ്കൊ ണ്ടോഗാ..?'' ചേക്കുവിനോട് ഞാന്‍ ചോദിച്ചു

''വിക്കാനല്ല.. അറ്ക്കാനാണ്...'' ചേക്കു ഉത്സാഹപ്പെട്ടു. അവന്റെ മുഖത്തെ സന്തോഷം എനിക്ക് തീരെ ബോധിച്ചില്ല.

''അറുക്കാനോ...നേര്‍ച്ചകാളനെ അറ്ത്താ സുബര്‍ക്കം കിട്ടൂലാന്ന്....'' എന്റെ വാക്കിന് ചെവി തരാതെ മുന്നിലേക്ക് ഉന്തിനില്‍ക്കുന്ന പുഴുപ്പല്ല് പുറത്തുകാട്ടി ചേക്കു നടന്നുപോയി.

അന്നുച്ചക്ക് വീട്ടില്‍ കറിവെച്ചത് ബീരാനാജി കൊടുത്തയച്ച ആ കാളക്കുട്ടന്റെ ഇറച്ചിയായിരുന്നതുകൊണ്ടുതന്നെ രാവിലെ ഉണ്ടാക്കിയ ഗോതമ്പ് പായസം മാത്രം കുടിച്ചാ യിരുന്നു അന്നെന്റെ പെരുന്നാള്... ആഹ്ലാദത്തികവും ചങ്ങാത്ത പ്പൊലിമയുമില്ലാതെ ആ പെരുന്നാള്‍ സങ്കടക്കടലായി മാറി.

''നേര്‍ച്ചകാളനെ അറുക്ക് ണോല്ക്ക് സുബര്‍ക്കം കിട്ടോ..'' രാത്രി വല്ല്യുമ്മയോട് ചേര്‍ന്ന് കിടക്കുമ്പം ഞാന്‍ ചോദിച്ചു.

''ആരാ.. അന്നോട്  ഈ അഹ്മതി പറഞ്ഞത്...''

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

വല്ല്യുമ്മ ഒന്നു തണുത്തു. ''നമ്മക്ക് തിന്നാനല്ലേ.. അയ്‌നെ അറ്ത്തത്... ഹറാമല്ലത്.. പടച്ചോന് ഹലാലാക്കിയതാണത്...''വല്ലിമ്മ പറഞ്ഞ ഹലാലും ഹറാമുമൊന്നും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എനിക്ക് മനസ്സിലായില്ല. വല്ല്യുമ്മ വീണ്ടും പറഞ്ഞു: ''അറ്ക്കാതെ പെറ്റുപെര്ക്ണ വയസ്സായ പൈക്കള് പിന്നെ മനുഷ്യന്‌ന്നെ എടങ്ങേറ്ണ്ടാക്കും...''

അന്നുരാത്രി ഉറക്കം കിട്ടാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ വല്ല്യുമ്മ കഥ പറയാന്‍ തുടങ്ങി. ആഖിറത്തിലെ പൗക്കാക്കയുടെ കഥ. മൂത്തമ്മ പലവട്ടം പറഞ്ഞുതന്ന കഥ യാണത്. കഥ പരിണാമ ഗുപ്തിയിലേക്ക് കടക്കുംമുമ്പെ ഞാന്‍ കിനാവിലേക്ക് വഴുതി. സ്വര്‍ഗത്തിലെ പൂമരച്ചോട്ടില്‍ നിന്ന് അവന്‍ എന്നെ നോക്കി തലയാട്ടി. ഇടയ്ക്കിടെ ഞാന്‍ ഞെട്ടി ഉണര്‍ന്നു. കണ്ണുകളടയുമ്പോള്‍ വീണ്ടും സ്വര്‍ഗം കിനാവുകണ്ടു....വര്‍ഷങ്ങള്‍ കഴിഞ്ഞു... ആ പെരുന്നാളോര്‍മ്മക്ക് മേലെ മറവിയുടെ മാറാല വീണു. പ്രവാസകാലത്തും നാട്ടിലും ഞാനൊരു ഭക്ഷണപ്രിയനായി. പോത്തിറച്ചി എന്റെ ഇഷ്ടവിഭവമായി.

മറ്റൊരു ബലിപെരുന്നാള്‍...  ഉത്തരേന്ത്യയിലൂടെ സസ്യാഹാരം മാത്രം കഴിക്കേ ണ്ടിവന്ന ഒരു വെജിറ്റേറിയന്‍ പെരുന്നാള്‍ യാത്ര...പലപ്പോഴും ഞാന്‍ സഞ്ചരിച്ച വാഹനം ഒച്ചുപോലെയാവുന്നു. മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര. സഹയാത്രികനോട് കാരണം അന്വേഷിച്ചപ്പോഴാണ്, നിരത്തുവക്കത്തെ ആ കാഴ്ചയിലേക്ക് അയാള്‍ വിരല്‍ ചൂണ്ടിയത്. ഉടമകള്‍ റോഡിലേക്ക് തള്ളിവിട്ട, പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെട്ട പൈക്കള്‍... മരണത്തിനും ജീവിതത്തിനുമിടയില്‍ വേദനകള്‍ സഹിച്ച് വേച്ച് വേച്ച് നടക്കുന്ന പടുകിളവികളായ ''ഗോ''ക്കള്‍... കാഴ്ചയും കേള്‍വിയുമില്ലാതെ നടു റോഡിലൂടെ വേച്ചുവേച്ച് നടക്കുകയാണ്. ഗതാഗതതടസ്സം വരുത്തുന്ന അവയെ പോലീസുകാര്‍ വളരെ സാഹസപ്പെട്ടാണ് റോഡരികി ലേക്ക് തള്ളി മാറ്റുന്നത്. അലഞ്ഞ് തിരിഞ്ഞ് വ്രണ ങ്ങളും രോഗങ്ങളും ബാധിച്ച് നരകയാതനകള്‍ക്കൊടുവില്‍ ഏതോ തെരുവോരത്ത് ആരാരുമില്ലാതെ ചത്തൊടുങ്ങാന്‍ വിധിക്കപ്പെട്ട മിണ്ടാപ്രാണികള്‍....

ആ കാഴ്ച ഉള്ള് പൊള്ളി ച്ചപ്പോഴാണ് മുപ്പത്തഞ്ച്  വര്‍ഷങ്ങള്‍ക്കു മുമ്പ് ആ പെരുന്നാള്‍ രാത്രി വല്ല്യുമ്മ പറഞ്ഞ ''ഫിലോസഫി''യുടെ പൊരുള്‍ പിടികിട്ടിയത്...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top