മൂന്ന് വഴിക്ക് നടക്കുന്നവര്‍

അമല്‍ അബ്ദുറഹ്മാന്‍ No image

      വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായമാണ് അല്‍ബഖറ. അധ്യായം ആരംഭിക്കുന്നതു തന്നെ മൂന്നു വിഭാഗം ആളുകളെ മനുഷ്യസമൂഹത്തിനു പരിചയപ്പെടുത്തിക്കൊണ്ടാണ്. ലോകജനതയെ മുഴുവന്‍ നമുക്ക് ഈ മൂന്നു വിഭാഗങ്ങളായി തരംതിരിക്കാം.
ഒന്നാം വിഭാഗം ദൈവത്തെ ഭയക്കുന്നവരാണ് (മുത്തഖീന്‍). വിശുദ്ധ വേദഗ്രന്ഥത്തില്‍നിന്ന് ശരിയായ മാര്‍ഗദര്‍ശനം സ്വീകരിക്കുന്നവരാണവര്‍. അദൃശ്യമായതില്‍ വിശ്വസിക്കുകയും നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയും അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍. മുഹമ്മദ് നബിക്കും അവര്‍ക്കു മുമ്പുള്ള പ്രവാചകന്മാര്‍ക്കും അവതരിക്കപ്പെട്ടതില്‍ അവര്‍ വിശ്വസിക്കുന്നു; പരലോകത്തെക്കുറിച്ച് ദൃഢമായ വിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. ഈ സൗഭാഗ്യവാന്മാര്‍ അല്ലാഹുവില്‍നിന്നുള്ള ശരിയായ മാര്‍ഗദര്‍ശനത്തിലുമാകുന്നു.
രണ്ടാമത്തെ വിഭാഗം സത്യനിഷേധികളാണ് (കാഫിര്‍). സത്യാന്വേഷണ തല്‍പരത തീരെയില്ലാത്ത മന:പൂര്‍വമായ സത്യനിഷേധം വെച്ചുപുലര്‍ത്തുന്നവര്‍. മുന്നറിയിപ്പു നല്‍കിയാലും ഇല്ലെങ്കിലും അവര്‍ വിശ്വസിക്കുകയില്ല. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ ഹൃദയങ്ങളിലും കാതുകളിലും മുദ്രവെച്ചു. കണ്ണുകള്‍ക്കുമീതെ ആവരണമിടുകയും ചെയ്തു. ഈ ജനങ്ങളെ കാത്തിരിക്കുന്നത് ദുര്‍ഭാഗ്യമാകുന്നു.
മൂന്നാമത്തെ വിഭാഗം കപടന്മാരാണ് (മുനാഫിഖ്). അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയും; പക്ഷേ യഥാര്‍ഥത്തില്‍ അവര്‍ വിശ്വസിച്ചിട്ടില്ല. സ്വന്തത്തോടുതന്നെ സത്യസന്ധത ഇല്ലാത്ത അവര്‍ അല്ലാഹുവിനെയും സത്യവിശ്വാസികളെയും വഞ്ചിക്കുന്നു എന്ന സംതൃപ്ത ഭാവത്തിലായിരിക്കും. എന്നാല്‍ അവര്‍ വഞ്ചിക്കുന്നത് അവരെത്തന്നെയാകുന്നു. അവരുടെ ഹൃദയങ്ങളിലുള്ള ഈ ചിന്ത ഒരുതരം രോഗമാണ്. അല്ലാഹു അവരുടെ ഈ രോഗത്തെ വര്‍ധിപ്പിക്കുകയും ചെയ്തു. തെറ്റും ശരിയും സംബന്ധിച്ച ശരിയായ കാഴ്ചപ്പാടില്ലാത്ത ഇവര്‍, തങ്ങളാണ് സത്യത്തിന്റെ ദൗത്യവാഹകരെന്ന് സ്വയം കരുതുന്നു. പക്ഷേ, അവര്‍ നിനച്ചിരിക്കാതെ തന്നെ അവര്‍ കാരണം പല കുഴപ്പങ്ങളുമുണ്ടാകുന്നു.
മറ്റുള്ള ആളുകള്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുവിന്‍ എന്നു പറയപ്പെട്ടാല്‍ അവര്‍ യഥാര്‍ഥ വിശ്വാസികളെ 'വിഡ്ഢികള്‍' എന്നു വിളിച്ച് പരിഹസിക്കുന്നു. വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ 'ഞങ്ങളും വിശ്വാസികളാകുന്നു' എന്നു പറയുന്ന അവര്‍, അവരുടെ പിശാചുക്കളുടെ കൂടെയാകുമ്പോള്‍ 'യഥാര്‍ഥത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമാണ' എന്ന് പറയുന്നു. സന്മാര്‍ഗത്തെ ദുര്‍മാര്‍ഗവുമായി മാറ്റക്കച്ചവടം ചെയ്ത ഇവരെ അവരുടെ അതിക്രമങ്ങളില്‍ അന്ധമായി അലഞ്ഞുനടക്കാന്‍ അവസരം നീട്ടിക്കൊടുത്തു.
വിശുദ്ധ ഖുര്‍ആന്‍ ഈ ആളുകളെ രണ്ടു രീതിയില്‍ ഉപമിക്കുന്നു. ഒന്ന്, തീജ്വാല കത്തിച്ചെടുത്ത ഒരു മനുഷ്യനെപ്പോലെയാണ്. അയാള്‍ക്കുചുറ്റും അത് വെളിച്ചം നല്‍കിയപ്പോഴേക്കും അല്ലാഹു അവരുടെ പ്രകാശത്തെ ഇല്ലാതാക്കി, യാതൊന്നും കാണാത്തവിധം കൂരിരുട്ടില്‍ വിട്ടേച്ചു. വെളിച്ചം പരന്ന കുറഞ്ഞ നിമിഷങ്ങളില്‍ അയാള്‍ ചുറ്റുപാടില്‍നിന്നും പ്രശംസ പിടിച്ചുപറ്റിയെങ്കിലും അത് കെട്ടടങ്ങിയപ്പോള്‍ വീണു. ശൂന്യതയും അന്ധകാരവുമാണയാള്‍ക്ക് അനുഭവപ്പെട്ടത്. ബധിരരും മൂകരും അന്ധരുമായിത്തീരുന്നു അവര്‍.
മറ്റൊരു ഉപമ ആകാശത്തുനിന്നും മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്ന കാര്‍മേഘത്തിന്റേതുപോലെയാണ്. ഇരുട്ടിന്റെ മേഖലകളും ഇടിയും മിന്നലുമുള്ള കാര്‍മേഘം. മിന്നല്‍പ്പിണര്‍ അവരുടെ ഹൃദയത്തെ ബാധിച്ച അന്ധകാരത്തില്‍നിന്നും അവരെ വഴികാണിക്കുന്നു. പക്ഷേ, അവര്‍ക്കുമേല്‍ ഇരുട്ടുവന്ന് മൂടുമ്പോള്‍ വീണ്ടും അവര്‍ നിന്നുപോകുന്നു. അന്ധകാരത്തിലാണ്ടു പോകുന്നു. വിനയം കൈക്കൊണ്ട് അല്ലാഹുവിന്റെ വെളിച്ചം കിട്ടാനായി പ്രയത്‌നിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഈ മൂന്നുവിഭാഗം ആളുകളെ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യര്‍ക്കു പരിചയപ്പെടുത്തിയത് നമ്മെ സ്വയം പരിശോധനക്കു വിധേയമാക്കേണ്ടതിനാണ്.
മനുഷ്യനിലെ ആദമിനെ പടച്ച അന്നു തന്നെ; ഒറ്റ ആത്മാവില്‍നിന്ന് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും (ആത്മാവ്) സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു. ശേഷം മനുഷ്യര്‍ക്കുളള എല്ലാവിധ നിയമനിര്‍ദേശങ്ങളും നല്‍കാനുള്ള ഏക അധികാരി അവരുടെ ഉടമയായ സ്രഷ്ടാവ് തന്നെയാണ് എന്ന കരാര്‍ വാങ്ങിയതിനു ശേഷമാണ് മനുഷ്യര്‍ ശരീരത്തോടുകൂടി ഭൂമിയിലേക്ക് അയക്കപ്പെട്ടത്. പ്രപഞ്ചസത്യത്തെ, നന്മ-തിന്മകളെ, ശരി-തെറ്റുകളെക്കുറിച്ചുള്ള ജ്ഞാനം ദൈവം അന്നേ മനുഷ്യന് നല്‍കുകയും ചെയ്തിട്ടുണ്ട്.
നന്മ തിന്മകളെക്കുറിച്ച ബോധം മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന ഒന്നാണ്. വിശുദ്ധ ഖുര്‍ആന്‍ അതിനെക്കുറിച്ച ഓര്‍മപ്പെടുത്തലാണ്. അത് മാര്‍ഗദര്‍ശനവും സത്യാസത്യ വിവേചന മാനദണ്ഡവും, തെളിവും, പ്രകാശവും, സാക്ഷിയും, തത്വജ്ഞാനവും, സദുപദേശവും, രോഗശമനവും, കാരുണ്യവും, വര്‍ത്തമാനവും, വിശദീകരണവും, സന്ദേശവും, അറിവും കല്‍പനയും, ഏറ്റവും നല്ലതും ബലിഷ്ഠമായ കയറും എല്ലാമാണ്. ഖുര്‍ആനിന്റെ പാഠങ്ങളെ യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്ന മുത്തഖീങ്ങളാകുക എന്നതാണ് മനുഷ്യനു സാധിക്കേണ്ടത്. മൂന്നുവിഭാഗം ആളുകളെ പരിചയപ്പെടുത്തിയതില്‍ അല്ലാഹു ഉപമകള്‍ സഹിതം ഏറ്റവും കൂടുതല്‍ സൂക്തങ്ങള്‍ ഉപയോഗിച്ചത് മുനാഫിഖുകളെ പരിചയപ്പെടുത്താനാണ്. സ്വന്തത്തോടുതന്നെ സത്യസന്ധത പുലര്‍ത്താത്ത, വേദവാക്യങ്ങളുടെ യാഥാര്‍ഥ്യങ്ങളോടു കണ്ണടക്കുന്ന ജനവിഭാഗമാണവര്‍. ചരിത്രത്തിലുടനീളം വഴിപിഴച്ചവര്‍ വേദം ലഭിച്ചവര്‍ തന്നെയാണല്ലോ. വേദസന്ദേശങ്ങള്‍ ലഭിച്ചിട്ടും അതിനെ തള്ളിക്കളയുക എന്നത് ഒരു മഹാദുരന്തമാണ്. അനശ്വരമായതിനു പകരം നശ്വരമായതിനെ വാങ്ങുകയാണത്.
വേദത്തിന്റെ ആളുകളാണെന്നു പറയുകയും സമൂഹത്തിലെ നീചകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും മതത്തിന്റെ പേരില്‍തന്നെ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും വെച്ചുപുലര്‍ത്തുകയും സംഘടനാ ചേരിതിരിവുകളും പരസ്പര ശീതയുദ്ധങ്ങളും നടത്തുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തെ നാം പരിശോധനക്കു വിധേയമാക്കേണ്ടതാണ്. വിവിധങ്ങളായ സംവിധാനങ്ങളിലൂടെ ഏറ്റവും കൂടുതല്‍ മതപരമായ കാര്യങ്ങള്‍ അറിയുന്നവരും വായിക്കുന്നവരും അതിനുവേണ്ടി സമയം ചെലവഴിക്കുന്നവരും ഇന്നു മുസ്‌ലിം സമുദായമാണ്. ഈ പരിശ്രമങ്ങള്‍ എല്ലാംതന്നെ വിശുദ്ധ ഖുര്‍ആനെ അതിന്റെ യഥാര്‍ഥമായ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാനും മനുഷ്യസൃഷ്ടിപ്പിലൂടെ ദൈവമെന്താണോ ഉദ്ദേശിച്ചത് അത് പൂര്‍ത്തീകരിക്കാനുമായിരിക്കട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top