ഇഗ്നോയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും

സുലൈമാന്‍ ഊരകം No image

ആര്‍ക്കും നേടാം
ഉന്നത വിദ്യാഭ്യാസം 2

      ഹയര്‍ സെക്കന്ററി, സെക്കന്ററി വിദ്യാഭ്യാസം ഇന്ന് ഓപ്പണ്‍ ഡിസ്റ്റന്‍സ് വഴി മിക്ക സംസ്ഥാനങ്ങളിലെ ഹയര്‍ സെക്കന്ററി വിഭാഗവും പൊതുവിദ്യാഭ്യാസ വകുപ്പും നല്‍കുന്നുണ്ടെങ്കിലും, വളരെ ചുരുങ്ങിയ സമയത്തിനുള്ളിലും ലളിതമായും സുതാര്യമായും സാധിക്കുന്നത് NIOS തന്നെയാണ്. 1965-ല്‍ മധ്യപ്രദേശിലെ സെക്കന്ററി എഡ്യൂക്കേഷന്‍ ബോര്‍ഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം കറസ്‌പോണ്ടന്‍സായി നല്‍കാന്‍ ബില്ല് പാസ്സാക്കിയതോടെ മറ്റു സംസ്ഥാനങ്ങളും ഈ രീതി പിന്തുടരാന്‍ തുടങ്ങി. ഇന്ന് കേരളത്തില്‍ ഹയര്‍ സെക്കന്ററി എന്നാണ് ഇത് അറിയപ്പെടുന്നതെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ സെക്കന്ററി, സീനിയര്‍ സെക്കന്ററി, പ്രീ-കോളേജ് കോഴ്‌സ്, പ്രീഡിഗ്രി തുടങ്ങിയ വിവിധ പേരുകളിലെല്ലാമാണ് അറിയപ്പെടുന്നത്. വികസിത രാജ്യങ്ങളില്‍ ലെവല്‍ ഒന്ന്, ലെവല്‍ രണ്ട് എന്നിങ്ങനെയും.
സാങ്കേതികം, തൊഴിലധിഷ്ഠിതം, അഭിരുചി എന്നിങ്ങനെയാണ് രാജ്യത്തെ ഒട്ടുമിക്ക ഓപ്പണ്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും പാഠ്യരീതി. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍, സാമ്പത്തികവും, കുടുംബപരവുമായ കാരണങ്ങളാല്‍ ഇടക്ക് പഠനം നിര്‍ത്തിയവര്‍, വിദൂര ദിക്കുകളില്‍ വസിക്കുന്നവര്‍ എന്നിവരെയെല്ലാം ഉദ്ദേശിച്ചാണ് ഓപ്പണ്‍ പഠന രീതികള്‍ തുടങ്ങിയതെങ്കിലും ഇന്ന് പ്രവേശനം നേടുന്നവരിലധികവും മെരിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് ലഭിക്കാത്തവരും, പാര്‍ട് ടൈം ജോലി ചെയ്യുന്നവരും, വീട്ടമ്മമാരുമൊക്കെയാണ്.
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും, ഡിസ്റ്റന്റായും വിദേശ രാജ്യങ്ങളിലെ ഹയര്‍സെക്കന്ററി (Level 1) സെക്കന്ററി, തുല്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ചെയ്യാവുന്നതാണ്. ഹാര്‍വാഡ്, കാലിഫോര്‍ണിയ, ബേസ്റ്റണ്‍ തുടങ്ങിയ സര്‍വ്വകലാശാലകള്‍ Moocs, Udacity, Udamy, Future Course എന്നിവയെല്ലാം വഴി സെക്കന്ററിക്കും, ഹയര്‍ സെക്കന്ററിക്കും തുല്യമായ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ധാരാളമായി നടത്തുന്നുണ്ട്. ഇവ അംഗീകാരമുള്ളതാണോ, വ്യാജമാണോ എന്ന് അറിയാന്‍ നാല് കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കേണ്ടത്.
1. രാജ്യത്തെ പ്രധാന ഗവണ്‍മെന്റ് റിക്രൂട്ടിംഗ് കമ്മീഷനായ Union Public Commission (UPSC) അംഗീകരിച്ചതാണോ എന്ന അന്വേഷണം. 2. രണ്ടാമത്തെ ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ Staff Selection Commission (SSC) പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തില്‍ നിങ്ങള്‍ ചേരാന്‍ പോകുന്ന കോഴ്‌സ്/സ്ഥാപനം അംഗീകരിച്ചിട്ടുണ്ടോ എന്ന അനേഷണം. 3. വ്യത്യസ്ത സംസ്ഥാനങ്ങളിലെ Public Service Commission (PSC) അംഗീകരിച്ചിട്ടുണ്ടോ എന്ന അന്വേഷണം. 4. University Grant Commission (UGC) അംഗീകരിച്ച ഏതെങ്കിലും യൂനിവേഴ്‌സിറ്റി ഉന്നതപഠനത്തിന് ഈ യോഗ്യത സ്വീകാര്യമാണോ എന്ന അന്വേഷണം.
ഇഗ്നോയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണ്‍ സര്‍വകലാശാലയാണ് 1985-ലെ പാര്‍ലമെന്റ് ആക്ട് പ്രകാരം നിലവില്‍ വന്ന ഇഗ്നോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി. പഠിതാക്കളുടെ ഇഷ്ടാനുസാരം തെരഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍, ഒപ്ഷനുകള്‍, സുതാര്യമായ പ്രവേശന പ്രക്രിയ, കുറഞ്ഞ ചെലവ്, മികച്ച പഠന സാമഗ്രികള്‍ എന്നീ കാര്യങ്ങളില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതിനാലാണ് IGNOU-ക്ക് 1993 ലും 1999 ലും Common Wealth Of Learning അവാര്‍ഡ്, 2010 ല്‍ UNESCO യുടെ മികച്ച ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ യൂനിവേഴ്‌സിറ്റി അവാര്‍ഡ് എന്നിവയെല്ലാം നേടാനായത്.
അടിസ്ഥാന വിദ്യാഭ്യാസമുള്ളവര്‍ക്കും, പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കുമായി വൈവിധ്യമാര്‍ന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഇഗ്‌നോ നടത്തിക്കൊണ്ടിരിക്കുന്നത്. വെറും അക്കാദമിക യോഗ്യത എന്നതിനെക്കാള്‍ ഉപരി അഭിരുചി വികസിപ്പിക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും, ആത്മനിര്‍വൃതിയോടെ പഠന പ്രക്രിയയില്‍ ഏര്‍പ്പെടുന്നതിനും പ്രയോജന പ്രദമാണ് ഇഗ്‌നോയുടെ കോഴ്‌സുകളും പഠന സാമഗ്രികളുടെ ഏകീകരണവും. ചില സുപ്രധാനമായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളെ പരിചയപ്പെടാം.
വിഷ്വല്‍ ആര്‍ട്‌സ്
School of Performing & Visual Arts എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോഴ്‌സില്‍ പെയിന്റിംഗ്, വ്യത്യസ്ത ചിത്രകലകളുടെ അടിസ്ഥാന വിവരം, ചിത്രകലയുടെ രീതികളും ഉപകരണങ്ങളും സംബന്ധിച്ച അടിസ്ഥാന വിവരം, പ്രശസ്ത ചിത്രകാരന്മാരുടെ വിജയ വഴി, വരയുടെ രീതി, കലയുടെ സൗന്ദര്യ ശാസ്ത്രം, ഇന്ത്യയുടെ കലാ പൈതൃകങ്ങള്‍ എന്നിവയെല്ലാമാണ് പഠിതാവ് പഠിക്കുന്നത്. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. മൂന്ന് വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാം. ഇവ കൂടാതെ ഗ്രാഫിക് ഡിസൈന്‍, സാങ്കേതിക വിദ്യകള്‍, പരസ്യ കലാ ഡിസൈന്‍, തിയേറ്റര്‍ കല, ഭാരതീയ സംഗീതം, ഭാരതീയ സംസ്‌കാരത്തിലെ ആര്യ-ദ്രാവിഡ കലകള്‍ എന്നിവയുടെയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ചെയ്യാം. 13500 രൂപയാണ് മൊത്തം ഫീസ്. മൂന്ന് ഗഡുക്കളായി 4500 രൂപ വെച്ചാണ് പണം അടക്കേണ്ടത്.
ഭാഷാ പഠനം
വെറും 1500 രൂപ കൊടുത്ത് അക്ഷരാഭ്യാസമുള്ള ആര്‍ക്കും നേടാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഇഗ്നോ നല്‍കുന്ന ഭാഷാപഠനങ്ങള്‍. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഭാഷകളായ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമേ ഉര്‍ദു, ഹിന്ദി തുടങ്ങിയ ഭാഷകളുടെയും അടിസ്ഥാന വിവരങ്ങള്‍ പഠിക്കാം. എഴുതാനും വായിക്കാനുമുള്ള കഴിവ്, അത്യാവശ്യം സംസാരിക്കാനുള്ള വിവരം എന്നിവയെല്ലാമാണ് ആറ് മാസം കൊണ്ടും ഒരു വര്‍ഷം കൊണ്ടും നല്‍കുന്നത്.
ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന വ്യാകരണം പഠിപ്പിക്കുന്ന Functional English ഉം, പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സിന് ഉപകാരപ്പെടുന്ന Teaching of English as a Second Language എന്ന കോഴ്‌സും ഇതില്‍ ഉള്‍പ്പെടുന്നു.
ബിസിനസ്, മാനേജ്‌മെന്റ് പഠനം
വ്യാപാരം, ചെറുകിട വ്യവസായ സംരംഭം, വാണിജ്യ-കുടില്‍ വ്യവസായം, ശാസ്ത്രീയ നിയന്ത്രണം തുടങ്ങിയവ ഇന്ത്യയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും മികച്ച രീതിയില്‍ സംവിധാനിക്കുകയും വളര്‍ത്തിക്കൊണ്ട് വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തയ്യാര്‍ ചെയ്യപ്പെട്ട കരിക്കുലമാണ് മാനേജ്‌മെന്റ്, ബിസിനസ് പഠനത്തിലൂടെ ഇഗ്നോ മുന്നോട്ട് വെക്കുന്നത്. നിലവില്‍ വാണിജ്യ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് അവരുടെ മനേജേരിയല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും, അത് കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനും ഉപകരിക്കുന്നതാണ് ഈ കോഴ്‌സുകള്‍. സര്‍ട്ടിഫിക്കറ്റ് ഇന്‍ ബിസിനസ് സ്‌കില്‍ എന്നാണ് ഈ കോഴ്‌സിന്റെ പേര്. ഇവ കൂടാതെ സാമൂഹ്യ സേവന രംഗത്തും സന്നദ്ധ സേവന രംഗത്തും ആതുര സേവന രംഗത്തും ശാസ്ത്രീയമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന Certificate Programme in Non Governmental Organizations (NGO), Certificate in Social Work and Criminal Justice System, Health Care Water Management System തുടങ്ങിയ പഠന വിഭാഗങ്ങളുണ്ട്.
ദുരന്ത നിവാരണം
പ്രകൃതി ക്ഷോഭങ്ങള്‍, അപകടങ്ങള്‍, ദുരന്തങ്ങള്‍ തുടങ്ങിയവ സംഭവിക്കുമ്പോള്‍ നിവാരണ പ്രക്രിയകളില്‍ ഏര്‍പ്പെടാനുള്ള ശാസ്ത്രീയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, ദുരന്തം മുന്നില്‍ കണ്ടാല്‍ മറികടക്കാനുള്ള തയ്യാറെടുപ്പുകള്‍, പ്രതിവിധി, ദുരന്തത്തിന്റെ ലഘൂകരണം, ദുരന്തബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണം, പുനരധിവാസം ഇവ ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെയും അല്ലാതെയും പഠിക്കുന്ന രീതിയാണ് Certificate in Disaster Management കോഴ്‌സിലുള്ളത്. പ്ലസ് ടുവിന് ശേഷം ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് ഫയര്‍ഫോഴ്‌സില്‍ ജോലി അവസരങ്ങളുണ്ട്. കൂടാതെ പ്രകൃതി സൗന്ദര്യം, പ്രകൃതി വിഭവങ്ങള്‍, വനം, ഭൂമിയുടെ ഘടന, അവയുടെ വികേന്ദ്രീകരണം തുടങ്ങിയവ പഠിക്കാന്‍ Certificate in Environmental Studies, Appreciation Course on Environment എന്നിവ പത്താം ക്ലാസ് യോഗ്യത മാത്രമുള്ളവര്‍ക്കും ചെയ്യാന്‍ പറ്റുന്ന കോഴ്‌സുകളാണ്.
സാമൂഹിക സേവനം
സാമൂഹിക സേവന രംഗത്ത് ഇന്ന് ധാരാളം പുതിയ കോഴ്‌സുകളുണ്ട്. സന്നദ്ധ സംഘടനകളുടെയും ഗവണ്‍മെന്റിന്റെയും ഗവണ്‍മെന്റിതര ഏജന്‍സികളുടെയും ഉണര്‍വാണ് ഈ പുതിയ കോഴ്‌സുകളെ ആകര്‍ഷകമാക്കുന്നത്. ജയിലുകള്‍, കുടുംബ കോടതികള്‍, ചേരികള്‍, പ്രത്യേക സ്‌കൂളുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നീ മേഖലകളിലെ വ്യത്യസ്ത സേവന രീതികളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് Cetificate in Social Work, Certificate in Home based Health Care, Certificate in Material and Child Health Nursing എന്നിവ സംവിധാനിച്ചിട്ടുള്ളത്.
നഗര-ഗ്രാമ വികസനം
സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക നില നില്‍പ്പിനെ ആസ്പദമാക്കി ത്രിതല പഞ്ചായത്ത് സിസ്റ്റമായ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തന രീതികള്‍, ഫണ്ടിന്റെ വിനിയോഗം, നഗര ഗ്രാമീണ സുസ്ഥിര വികസനം, ഗ്രാമത്തിന്റെയും നഗരത്തിന്റെയും ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, വികസന പ്രക്രിയ എന്നിവ വിശദമായി പഠിക്കാവുന്ന കോഴ്‌സുകളാണ് Certificate in Rural Development, Certificate in Urban Development, Local Governance, Community Medicine.
ആതുര സേവനം, ഭക്ഷ്യ സുരക്ഷ
പ്രാഥമിക ആരോഗ്യം, ശുചീകരണം, ആരോഗ്യ രക്ഷ എന്നിങ്ങനെ ആതുര സേവനം അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാര്‍ന്ന ഇത്തരം പഠന കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം ധാരാളാണ്. എന്‍.ജി.ഒകളും ഇതര സന്നദ്ധ സംഘടനകളും തങ്ങളുടെ ജീവനക്കാരുടെയും വളണ്ടിയര്‍മാരുടെയും വിഭവ ശേഷി വര്‍ധിപ്പിക്കുന്നതിന് ഇത്തരം കോഴ്‌സുകളില്‍ കൂട്ടമായി തന്നെ അപേക്ഷിക്കാറുണ്ട്. ആദിവാസികള്‍ ദലിത്-പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേക ഭൂ പരിധിക്കുള്ളിലെ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ഇന്‍വെസ്റ്റിഗേറ്റര്‍ പോലുള്ള ജോലിക്ക് അപേക്ഷിക്കുവാനും, പാലിയേറ്റീവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്കും ഏറെ ഉപകാര പ്രദമാണ് ഇത്തരം കോഴ്‌സുകള്‍. Certificate in HIV and Family Education, Newborn and Infant Nursing, Maternal and Child Healh Nursing, Home Based Health care, Organic Farming തുടങ്ങിയവയാണ് ഇത്തരം മേഖലകളില്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഇഗ്നോ നല്‍കുന്ന കോഴ്‌സുകള്‍. കൂടാതെ ഭക്ഷ്യ സുരക്ഷയില്‍ Certificate in Food and Nutrition, Nutrition and Child Care എന്നീ കോഴ്‌സുകളും നല്‍കുന്നുണ്ട്.
മനുഷ്യാവകാശം, ഉപഭോക്തൃ സംരക്ഷണം
മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നവരുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ക്കും പ്രായോഗികമായി ഉപകാരപ്പെടുന്ന കോഴ്‌സാണിത്. അതുപോലെ ഉപഭോക്തൃസംരക്ഷണ നിയമം (കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട്) അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്‌സ് വ്യാപാരികള്‍ക്കും, ചെറുകിട വ്യവസായ-നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ഉപകാരപ്പെടും. ഇവ കൂടാതെ Anti Human Trafficking, International Humanitarian Law തുടങ്ങിയ പഠന വിഭാഗങ്ങളുണ്ട്.
പത്രപ്രവര്‍ത്തനം, വിവര സാങ്കേതിക വിദ്യ
ആശയ വിനിമയ രംഗത്തും വിവര സാങ്കേതിക വിദ്യയിലും വന്‍ കുതിച്ച് ചാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ രംഗങ്ങളില്‍ ധാരാളം പുതുയുഗ കോഴ്‌സുകള്‍ പിറവി കൊണ്ടേയിരിക്കുന്നുണ്ട്. ഇത്തരം മേഖലകളില്‍ ബിരുദം മുതല്‍ ഗവേഷണം വരെ നീളുന്നു പഠനമേഖലകള്‍. എന്നാല്‍ അടിസ്ഥാനപരമായ ആശയ വിനിമയ വികാസം, വിവര സാങ്കേതിക വിദ്യയുടെ ഉപകരണങ്ങള്‍, പത്ര പ്രവര്‍ത്തന രംഗത്തെ പ്രാഥമിക പാഠങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങളാണ് Certicicate in Infromation Technology, Community Radio, Communicaton and IT skill എന്നീ പ്രോഗ്രാമുകള്‍ നല്‍കുന്നത്.
കരിയര്‍ ഗൈഡന്‍സ്, ക്വാളിറ്റി എജുക്കേഷന്‍
വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വഴി കാട്ടാനും മാര്‍ഗദര്‍ശനം നല്‍കാനും, വിദ്യാഭ്യാസ നിലവാരം വിദ്യാര്‍ഥികളിലും സ്ഥാപനങ്ങളിലും സമൂഹത്തിലും മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാണ് ഈ രണ്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും.
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top