മരുഭൂമിക്കു മുകളില്‍ നേര്‍ത്ത മഞ്ഞില്‍ നരച്ചു നിറംകെട്ട ആകാശം.
ആകാശത്തിന്റെ അനന്തതയില്‍നിന്ന്
മരുഭൂമിക്കു മുകളില്‍ നേര്‍ത്ത മഞ്ഞില്‍ നരച്ചു നിറംകെട്ട ആകാശം.
ആകാശത്തിന്റെ അനന്തതയില്‍നിന്ന് അനന്തതയിലേക്കു കൈകൂപ്പി നില്‍ക്കുന്ന മസ്ജിദിന്റെ താഴികക്കുടം.
താഴികക്കുടത്തിനകത്തെ ഇത്തിരി സൗകര്യത്തില്‍ സുഖനിദ്രയിലാണ്ട വെള്ളരിപ്രാവുകള്‍.
പള്ളി മിനാരത്തില്‍നിന്നും പ്രഭാത പ്രാര്‍ഥനക്കുള്ള അറിയിപ്പുയര്‍ന്നു.
സത്യവിശ്വാസികളേ നമസ്‌കാരത്തിനുവേണ്ടി വരിക,
സുഖനിദ്രയേക്കാള്‍ എത്രയോ മഹത്തരമാണ് നമസ്‌കാരം.
സ്‌നേഹസമ്പൂര്‍ണമായ ക്ഷണം.
പുണ്യം കൈവരിക്കാനുള്ള മുന്നറിയിപ്പ്.
ആ മുന്നറിയിപ്പില്‍
സ്‌നേഹസമ്പൂര്‍ണമായ ക്ഷണത്തില്‍ ആകാശഭൂമിയിലുള്ള സകല ജീവജാലങ്ങളും ഞെട്ടിയുണര്‍ന്നു.
മസ്ജിദിന്റെ താഴികക്കുടത്തിനകത്തു നിദ്രകൊണ്ടിരുന്ന വെള്ളരിപ്രാവുകള്‍ ചിറകടിച്ചുണര്‍ന്നു. പിന്നെ തിരിച്ചറിയാത്ത ഭാഷയില്‍ കുറുകി, താവളംവിട്ടു പുറത്തെ തണുപ്പിലേക്ക് ചിറകടിച്ചു പറന്നു.
സുല്‍ഫീക്കര്‍ പതുക്കെ കണ്ണുതുറന്നു.
പിന്നെ പതുക്കെ.
വളരെ പതുക്കെ..
ശബ്ദമുണ്ടാക്കാതെ ഒരു പൂച്ചക്കുഞ്ഞിന്റെ കാല്‍വെപ്പോടെ താവളത്തിലെ അന്തേവാസികളെ ഉണര്‍ത്താതെ കവാടത്തിന്റെ പാളികള്‍ തുറന്നു. പുറത്തെ തണുപ്പും കന്നിപ്രകാശവും അകത്തേക്കു പ്രവേശിച്ചു.
താവളത്തിലെ അന്തേവാസികളുടെ താളംതെറ്റിയ കൂര്‍ക്കംവലികള്‍ കേട്ടുകൊണ്ട് സുല്‍ഫീക്കര്‍ ബാത്ത്‌റൂമിലേക്കു കടന്നു. വാഷ്‌ബെയ്‌സിന്റെ ടാപ്പു തുറന്നപ്പോള്‍ സീല്‍ക്കാര ശബ്ദം.
അപ്പോഴാണ് സുല്‍ഫീക്കര്‍ അക്കാര്യമോര്‍ത്തത്.
കഴിഞ്ഞ ദിവസം വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ നല്‍കിയ അന്ത്യശാസനം.
വെളളത്തിന്റെ പണം നാലുമാസം കുടിശ്ശികയാണ്.
എപ്പോള്‍ ഏതുനിമിഷം വേണമെങ്കിലും വെള്ളം നിറുത്തിയേക്കാം.
ലൈന്‍ വിച്ഛേദിക്കാം.
വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ വാക്കുപാലിച്ചിരിക്കുന്നു.
ഇനി മുഖം കഴുകലും പ്രാഥമികാവശ്യങ്ങളും നിര്‍വഹിക്കാന്‍ പള്ളി തന്നെ ശരണം.
സുല്‍ഫീക്കര്‍ കുപ്പായവും രോമത്തിന്റെ മേല്‍ക്കുപ്പായവും ധരിച്ചു പുറത്തിറങ്ങി.
പുറത്ത് ഹിമപ്പെയ്ത്തിനു ആക്കം കൂടിയിരുന്നു.
നാട്ടുപാതയിലെ നനഞ്ഞ മണ്ണു ചവിട്ടി രാജവീഥിയിലേക്ക്.
രാജവീഥിയില്‍ വാഹനങ്ങള്‍ നന്നേ കുറവ്. ഓടുന്നവ തന്നെ ഹെഡ്‌ലൈറ്റ് തെളിയിച്ച് വളരെ പതുക്കെ.
മസ്ജിദിലേക്കു നീങ്ങുന്ന പാതയുടെ സാന്ദ്രത പതുക്കെ പതുക്കെ വര്‍ധിച്ചു. ശൈത്യത്തില്‍ കമ്പിളിക്കുള്ളിലെ സുഖമുള്ള ചൂടില്‍ ചുരുണ്ടുകൂടി കിടക്കാതെ നാഥന്റെ വിളികേട്ടു പ്രാര്‍ഥനക്കെത്തുന്നവര്‍.
നിദ്രയെക്കാള്‍ പുണ്യമാണു പ്രാര്‍ഥനയെന്ന പൊരുള്‍കൊണ്ടവര്‍.
സുല്‍ഫീക്കര്‍ തന്റെ മുന്നില്‍പോകുന്നവരെ ശ്രദ്ധിച്ചു. നടന്നുനീങ്ങുന്ന കൂട്ടത്തില്‍ കൂടുതലും പഠാണികളാണ്. കമ്പിളിക്കുപ്പായം ധരിച്ച പഠാണികള്‍.
പ്രാര്‍ഥനയുടെ കാര്യത്തില്‍ പഠാണികളെന്നും മുന്‍പന്തിയിലാണ്. ഏതു സാഹചര്യത്തിലും എവിടെയായിരുന്നാലുമവര്‍ അഞ്ചുനേരവും കൃത്യമായി നമസ്‌കരിക്കും.
സുല്‍ഫീക്കര്‍ പള്ളിയിലെത്തുമ്പോള്‍ പ്രഭാത പ്രാര്‍ഥനക്കുള്ളവര്‍ എത്തുന്നതേയുള്ളൂ. അയാള്‍ പെട്ടെന്ന് മുഖം കഴുകി. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചു. അംഗശുദ്ധി വരുത്തി പ്രഭാത പ്രാര്‍ഥനക്കുള്ള അണികളില്‍ നിന്നു.
പ്രാര്‍ഥന കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പ്രാഭാത പ്രകാശം തെളിഞ്ഞുവരുന്നതേയുള്ളൂ. ഇരുട്ടിനെ അകറ്റിക്കൊണ്ടിരിക്കയാണ് പ്രകാശം. മഞ്ഞുപെയ്ത്തിനപ്പോഴും ശമനമായിട്ടില്ല. നേര്‍ത്ത കാറ്റിനു സുഖമില്ലാത്ത തണുപ്പ്.
സുല്‍ഫീക്കര്‍ ഷാര്‍ജാ ബാങ്ക് സ്ട്രീറ്റ് മുറിച്ചുകടന്ന് റേ|ാളാ സ്ട്രീറ്റിലെത്തുമ്പോള്‍ ഹൃദയമിടിപ്പ് കൂടിവരികയായിരുന്നു.
ഇന്നലെയും, മിനിഞ്ഞാന്നും അതിനുമുമ്പെയുള്ള രണ്ടു ദിവസങ്ങളിലെയും കാര്യം കട്ടപ്പ|ുകയായിരുന്നു.
എത്ര നേരത്തെ എത്തിയാലും താനെത്തുംമുമ്പ് പഠാണിപ്പടയിറങ്ങിയിട്ടുണ്ടാവും. പിന്നെ ഒരു കോട്ടണിന്റെ കഷ്ണംപോലും കിട്ടുകയില്ല. മെയ്ബലംകൊണ്ട് അവരതൊക്കെ കൈക്കലാക്കിയിട്ടുണ്ടാകും.
റോളാ സെന്ററിലെ തുണിക്കടകളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ഒഴിഞ്ഞ കാര്‍ട്ടൂണുകള്‍ അവര്‍ കളയുമ്പോള്‍ അവ പെറുക്കിയെടുത്ത് ശേഖരിച്ചുവിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനം. മൂന്നുനേരത്തെ ഭക്ഷണത്തിനും തലചായ്ക്കാന്‍ താവളത്തിനുമുള്ള ഏക വരുമാനം.
ഇവിടെയും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. പഠാണികള്‍ കൂട്ടത്തോടെയാണ് രംഗത്തിറങ്ങുന്നത്. ഒരു കാര്‍ട്ടൂണ്‍ വീഴേണ്ടതാമസം, അവരതിനുവേണ്ടി ചാടിമരിക്കും. തമ്മില്‍ തല്ലും. അവരുടെയിടയില്‍നിന്ന് മലയാളിക്കൊരു കാര്‍ട്ടൂണ്‍ കിട്ടുകയെന്നത് എളുപ്പമുള്ള കാര്യമല്ല.
ഇന്നേതായാലും പഠാണിക്കൂട്ടത്തെ കാണുന്നില്ല.
സുല്‍ഫീക്കര്‍ ആശ്വാസത്തോടെ ചുറ്റും നോക്കി.
ആരുമില്ല; പരിസരം ശൂന്യം. പെട്ടന്നാണ് അയാളുടെ നോട്ടത്തില്‍ വലിയൊരു കച്ചറഡപ്പ (വെയ്സ്റ്റ് ഇടുന്ന വലിയ പാത്രം) പെട്ടത്.
ഭാഗ്യം ഡപ്പയില്‍ നിറയെ വലിയ കാര്‍ട്ടൂണുകള്‍. സുല്‍ഫീക്കര്‍ പിന്നെ സമയം കളഞ്ഞില്ല. ഒരു സര്‍ക്കസഭ്യാസിയുടെ മെയ്‌വഴക്കത്തോടെ അയാള്‍ കച്ചറഡപ്പയിലേക്കു ചാടിയിറങ്ങി. മത്സരത്തിനോ പങ്കുചോദിക്കാനോ ആരുമില്ല. എന്നിട്ടും മനസ്സിന് വെപ്രാളവും ബേജാറും. അയാള്‍ തിരക്കിട്ട് കാര്‍ട്ടൂണുകളെല്ലാം എടുത്തു പുറത്തേക്കിട്ടു. പിന്നെ അടക്കി കെട്ടിവെച്ചു.
പരിസരം ഒന്നുകൂടി വീക്ഷിച്ചു. അടുത്ത ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ചുമരിനോടു ചേര്‍ന്ന് കുറേകൂടി കാര്‍ട്ടൂണുകള്‍.
സുല്‍ഫീക്കറിന് എന്തെന്നില്ലാത്ത സന്തോഷം. അടുത്ത കാലത്തൊന്നും ഇത്രയധികം കാര്‍ട്ടൂണുകള്‍ ഒന്നിച്ചു കിട്ടിയിട്ടില്ല. ഇന്നത്തെ ശകുനം തെറ്റില്ല.
ഇന്നേതായാലും കെന്റക്കി ചിക്കന്‍ കഴിക്കണം. കെന്റക്കി ചിക്കന്‍ കഴിക്കുക എന്നതു സുല്‍ഫീക്കറിന്റെ എക്കാലത്തെയും ഒരാഗ്രഹമായിരുന്നു. പക്ഷെ, എന്തുകൊണ്ടോ ഇന്നുവരെ അതിനു കഴിഞ്ഞിട്ടില്ല.
സാമ്പത്തികം തന്നെ പ്രശ്‌നം.
കെന്റക്കി ചിക്കന്‍ കഴിക്കാന്‍ ഏറ്റവും ചുരുങ്ങിയത് മുപ്പതു ദിര്‍ഹമെങ്കിലും വേണം. ആ മുപ്പതു ദിര്‍ഹം ഇന്നുവരെ കൈയില്‍ ഒത്തുവന്നിട്ടില്ല എന്നതാണു സത്യം.
ഇന്നേതായാലും മുപ്പതു ദിര്‍ഹം കൈയില്‍ ഒത്തുവരും.
ഏറെ കാലത്തിനുശേഷം ഒരു സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോകുന്ന ആഹ്ലാദത്തോടെ സുല്‍ഫീക്കര്‍ കാര്‍ട്ടൂണ്‍ കെട്ടുകളെടുത്തു തലയിലേറ്റുകയായിരുന്നു.
അപ്പോഴാണു ചുമലില്‍ ഒരു കനത്ത കൈ പതിഞ്ഞത്.
പ്രയാസപ്പെട്ടു തിരിഞ്ഞുനോക്കിയപ്പോള്‍, ഒരു പഠാണി.
'കോന്‍ ഹോ തും, കോന്‍ ബോലാ ഇതര്‍സേ കാര്‍ട്ടൂണ്‍ നികാല്‍നേകെ.'
നീയാരാണ്? ആരുപറഞ്ഞു നിന്നോടിവിടെനിന്നു കാര്‍ട്ടൂണ്‍ എടുക്കാന്‍?
പഠാണി നിന്നലറി വിളിക്കുകയാണ്. ശബ്ദം കേട്ട് ആളുകള്‍ തടിച്ചുകൂടി. എന്നും താനാണിവിടെനിന്നു കാര്‍ട്ടൂണ്‍ ശേഖരിക്കുന്നത്. അതു തന്റെ അവകാശമാണ്. അതില്‍ ഒരു മലബാറിയെ കൈകടത്തുവാന്‍ അനുവദിക്കുകയില്ല.
പഠാണിയുടെ അവകാശവാദം.
അതംഗീകരിച്ചുകൊടുക്കാവാവില്ലെന്നു ജനം. കച്ചവടക്കാര്‍ വലിച്ചെറിയുന്ന കാര്‍ട്ടൂണുകള്‍ ആര്‍ക്കും എടുക്കാം. അതിനു പ്രത്യേക അവകാശികളില്ല. ആര്‍ക്കും അവകാശം ചാര്‍ത്തിക്കൊടുത്തിട്ടില്ലെന്നു കച്ചവടക്കാരടക്കമുള്ളവര്‍ ന്യായം നിരത്തി.
പഠാണിക്കെന്തു ന്യായം. എന്തു നീതി. അയാള്‍ പിസുത്തു ഭാഷയില്‍ ഏറ്റവും തരംതാണ അശ്ലീല പദങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.
അതിനിടെ ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍ അതു സംഭവിച്ചു.
തലയില്‍ കാര്‍ട്ടൂണുമായി നിന്നിരുന്ന സുല്‍ഫീക്കറിനെ പഠാണി പിടിച്ചൊന്നു തള്ളി. കാര്‍ട്ടൂണടക്കം സുല്‍ഫീക്കര്‍ തറയില്‍.
തലയുടെ പിന്‍ഭാഗത്തു രക്തച്ചാല്‍. ജനം നോക്കിനില്‍ക്കെ പഠാണി സുല്‍ഫീക്കര്‍ ശേഖരിച്ച കാര്‍ട്ടൂണ്‍കെട്ടുമായി നടന്നകന്നു. ഒന്നു തടയാനോ പ്രതിഷേധിക്കാനോ ആകാതെ, ജനങ്ങള്‍ക്കു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
രക്തവാര്‍ച്ചയുള്ള തല പൊത്തിപ്പിടിച്ചുകൊണ്ടു സുല്‍ഫീക്കര്‍ എഴുന്നേറ്റു.
രക്തം കണ്ടതോടെ ജനമകന്നുപോകാന്‍ തുടങ്ങി. സുല്‍ഫീക്കറിന്റെ കാര്യമന്വേഷിക്കാനോ അയാളെ ഹോസ്പിറ്റലിലെത്തിക്കാനോ ആരും തയ്യാറായില്ല.
ഇതൊരു മര്‍ദ്ദന കേസാണ്. ഇനി പോലീസാകും, കേസാകും, കോടതി കയറിയിറങ്ങേണ്ടിവരും.
ഇത്തരം പുലിവാലുകള്‍ക്കു പിറകെ നടക്കാനിവിടെ ആര്‍ക്കാണ് സമയം.
എല്ലാവര്‍ക്കും സ്വന്തം കാര്യം. അറിഞ്ഞുകൊണ്ടൊരു പുലിവാലുപിടിക്കാനാരും തയ്യാറാവുകയില്ല.
സുല്‍ഫീക്കര്‍ മുന്നോട്ടുനടക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല. കാലുകള്‍ക്കു ബലക്ഷയം. കണ്ണുകളില്‍ ഇരുട്ടുകയറുന്നു. ചെവികൊട്ടിയടക്കുന്നതുപോലെ. തലകറങ്ങുന്നു. ഇന്നു പുലര്‍ന്നിതുവരെയായിട്ടും ഒരു സുലൈമാനിപോലും കഴിച്ചിട്ടില്ലെന്ന കാര്യം സുല്‍ഫീക്കര്‍ ഓര്‍ത്തെടുത്തു.
ഒരടി മുന്നോട്ടുവെക്കാന്‍ പോലും വയ്യ. അയാള്‍ കടത്തിണ്ണയിലെ ഈര്‍പ്പത്തില്‍ കുത്തിയിരുന്നു.
പയ്യെ.. പയ്യെ.. ബോധമനസ്സില്‍നിന്നു താന്‍ അബോധ മനസ്സിന്റെ പടിക്കെട്ടുകളിറങ്ങുകയാണെന്നു സുല്‍ഫീക്കറിനു തോന്നി... അങ്ങിനെ... അങ്ങിനെ...
കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്നില്‍ കന്തൂരയും ശിരോവസ്ത്രവും അണിഞ്ഞ ഒരറബി യുവാവ്. പിന്നെ ഡോക്ടര്‍, നേഴ്‌സ്, മരുന്നിന്റെ ഗന്ധം.
താനെവിടെയയാണ്.
ഏവിടെയാണ്. ബോധം തിരിച്ചെടുക്കാന്‍ സമയം പിന്നെയും ഏറെ വേണ്ടിവന്നു.
പഠാണിയുടെ കൈയേറ്റവും, തലയിലെ മുറിവും, പിന്നെ അറബിയുവാവ് അയാളുടെ കാറില്‍ ഹോസ്പിറ്റലിലെത്തിച്ചതും ഒരു നിഴല്‍ചിത്രം പോലെ തലച്ചോറില്‍ തെളിഞ്ഞുനിന്നു.
ഇപ്പോള്‍ തലയില്‍നിന്നു രക്തമൊലിപ്പില്ല. കുത്തിക്കെട്ടിന്റെ വിങ്ങല്‍ മാത്രം. പരിക്കു കാര്യമില്ലെന്നും അല്‍പനേരത്തെ വിശ്രമത്തിനു ശേഷം പോകാമെന്നും ഡോക്ടര്‍.
ഹോസ്പിറ്റലിലെ ബില്ലടച്ചത് അറബിയാണ്. ബില്ലടച്ച ശേഷം അറബി സുല്‍ഫീക്കറിനെ സമീപിച്ചുകൊണ്ട് ചോദിച്ചു.
നീ..... നീയാരാണ്...
താനാരാണെന്നു സുല്‍ഫീക്കര്‍ പറഞ്ഞില്ല. പകരം ഒരു പൊട്ടിക്കരച്ചില്‍.
ഒട്ടും ഓര്‍ക്കാത്ത നിമിഷത്തില്‍.
സാരമില്ല സുഹൃത്തേ, സമാധാനിക്കൂ... ദൈവം കാവലുണ്ട്. എന്നോടൊപ്പം വരൂ...
അറബിയുവാവിന്റെ കാറില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ ചോദിച്ചില്ല, എവിടേക്കാണെന്ന്, എന്തിനാണീ യാത്രയെന്ന്.
കാര്‍ അല്‍ഖാനിലെ ഒരു ആഢംബര വില്ലക്കുമുന്നില്‍ നിന്നു.
ആഢംബര വില്ലയുടെ ശീതീകരിച്ച മുറിയിലിരുന്നു സുല്‍ഫീക്കര്‍ തുടങ്ങി.
പഠിച്ചു ഡിഗ്രിയെടുക്കാന്‍ ആകെയുണ്ടായിരുന്ന ഏഴരസെന്റ് പണയപ്പെടുത്തിയ കഥ.
പിന്നെ, പണയപ്പെടുത്തിയ ഏഴരസെന്റും വീടും തീറെഴുതിക്കൊടുത്ത് ഒന്നരലക്ഷം കൊടുത്തു വിസയെടുത്തു ഗള്‍ഫിലെത്തിയ കഥ. ഗള്‍ഫിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടും വിസയുമായി ഏജന്റ് മുങ്ങിയ കഥ.
അങ്ങനെ തൊഴിലില്ലായ്മയുടെ ദു:ഖത്തിന്റെ, ദുരിതത്തിന്റെ കഥ. ഒടുവില്‍ വിശപ്പടക്കാന്‍ അന്നത്തിനുവേണ്ടി കാര്‍ട്ടൂണ്‍ പെറുക്കിവില്‍ക്കുന്ന കഥ.
സുല്‍ഫീക്കറിന്റെ കഥകേട്ടു മനസലിഞ്ഞ അറബിക്കു വിദ്യാസമ്പന്നനായ ഈ ചെറുപ്പക്കാരനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന അതിയായ മോഹം. പക്ഷേ, ഇപ്പോള്‍...
മി. സുല്‍ഫീക്കര്‍, ദൈവാനുഗ്രഹത്താല്‍ എനിക്കു നിങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്നു തോന്നുന്നു. പക്ഷെ...
സുല്‍ഫീക്കര്‍ അറബിയുടെ മുഖത്തേക്കുനോക്കി. ജിജ്ഞാസയോടെ,
ഞാന്‍ നാളെ ന്യൂയോര്‍ക്കിലേക്കു പോകുന്നു. അടുത്ത പത്താം തിയതിയാണ് തിരിച്ചുവരിക. പത്താം തിയതിക്കുശേഷം നിങ്ങള്‍ എന്നെ എന്റെ ഓഫീസില്‍ വന്നുകാണുക. എന്തെങ്കിലുമൊരു ജോലി ഞാന്‍ നിങ്ങള്‍ക്കവിടെ ശരിയാക്കിത്തരും.
ആത്മാര്‍ഥതയും പ്രതീക്ഷയും നിറഞ്ഞ വാക്കുകള്‍. അറബി അദ്ദേഹത്തിന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കി.
പ്രതീക്ഷയുടെ നീരുറവയില്‍ മനസ്സില്‍ മൊട്ടിട്ടതു കുന്നോളം മോഹങ്ങള്‍. അബുബില്‍ സാലിഹ് എന്ന അറബിയുടെ ഓഫീസിലെ തെറ്റില്ലാത്ത ജോലി. മോഹിച്ചതിനേക്കാള്‍ അപ്പുറത്തുള്ള വേതനം. മാതാപിതാക്കള്‍ക്കും കൂടപ്പിറപ്പിനും വയറുനിറച്ചുള്ള ഭക്ഷണം. പിന്നെ സ്വന്തമായി ഒരു തുണ്ടു ഭൂമി, അതില്‍ ഒരു കൊച്ചു വീട്, അങ്ങിനെ.. അങ്ങിനെ സ്വപ്‌നങ്ങളുടെ സങ്കല്‍പങ്ങളുടെ നീണ്ട നിര. സ്വപ്‌നത്തേരേറിയ യാത്ര ചെയ്ത ദിനരാത്രങ്ങള്‍. ഒടുവില്‍ പത്താം തിയതി വന്നെത്തി. ഇന്നാണ് അബുബില്‍ സാലിഹ് ന്യൂയോര്‍ക്കില്‍നിന്നു തിരിച്ചെത്തുന്നത്.
ഇന്നുതന്നെ അയാളെ പോയി കാണുന്നത് ഉചിതമല്ല. സുദീര്‍ഘമായ ഒരു യാത്രചെയ്തു തിരിച്ചെത്തിയതിന്റെ ക്ഷീണം കാണും. ഒന്നു രണ്ടു ദിവസംകൂടെ കഴിയട്ടെ, സന്ദര്‍ശനം അപ്പോഴാകാം.
പതിനാലാം തിയതി
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി സുല്‍ഫീക്കര്‍ കാലത്തുതന്നെ പുറപ്പെട്ടു.
ഷാര്‍ജയുടെ ഏറെ അകലെയല്ലാത്ത ദൂരത്തില്‍ നിരന്ന തൊഴില്‍ ശാലകള്‍ക്കു നടുവില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 'ടോപ്പ് ഫൈവ്' എന്ന കമ്പനി യു.എ.ഇ.ക്കകത്തും പുറത്തും പ്രസിദ്ധമാണ്.
ഷാര്‍ജയില്‍നിന്നു കയറിയ വാടക കാര്‍ ടോപ്പ് ഫൈവിന്റെ മുന്നില്‍നിന്നു. രണ്ടാം നിലയിലെന്നു സ്ഥലസൂചിക. വിസിറ്റിംഗ് കാര്‍ഡ് പുറത്തെടുത്തു. ആവശ്യത്തിനുവേണ്ട രേഖകളൊക്കെ കൈവശംതന്നെ ഉണ്ടെന്ന് ഒരുവട്ടംകൂടി ഉറപ്പുവരുത്തി. പടിക്കെട്ടുകള്‍ കയറി.
ടോപ്പ് ഫൈവിന്റെ മുന്നിലെത്തിയപ്പോള്‍ ഏന്തോ പന്തികേടുതോന്നി. പ്രകാശം വറ്റിയ മ്ലാനമായ മുഖങ്ങള്‍ മൗനത്തിന്റെ വലയത്തിനുള്ളില്‍ അന്യോന്യം മിണ്ടുകയോ പറയുകയോ ചെയ്യാതെ, ഏന്തോ, ഏന്തുപറ്റി?
മലയാളിയെന്നു തോന്നിയ ഒരു ചെറുപ്പക്കാരനോടു ചോദിച്ചു.
ഒരു നിമിഷം അയാള്‍ സുല്‍ഫീക്കറിനെ ഒന്നുനോക്കി. പിന്നെ ശബ്ദംതാഴ്ത്തി വിഷാദം അടക്കിപ്പിടിച്ച് വാക്കുകള്‍ കൊഴിച്ചിട്ടു.
ന്യൂയോര്‍ക്കില്‍നിന്നു നാട്ടിലേക്കുവരാന്‍ എയര്‍പോര്‍ട്ടിലേക്കു വരുംവഴി ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
'ഓ മൈ ഗോഡ്'
സുല്‍ഫീക്കറിനു ശബ്ദം പുറത്തുവന്നില്ല.
ഒരു നിമിഷാര്‍ദ്ധം നിറുത്തിക്കൊണ്ടു ചെറുപ്പക്കാരന്‍, 'അവിടത്തെ പ്രൊസീജറൊക്കെ കഴിഞ്ഞു. ബോഡി ഇന്നു വൈകീട്ട് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തുമെന്നാ അവസാനം കിട്ടിയ വിവരം.'
സുല്‍ഫീക്കര്‍ ഒന്നും കേട്ടില്ല, ഒന്നും കണ്ടില്ല. കാണാനും കേള്‍ക്കാനും പറയാനും പറ്റാത്ത പാകത്തില്‍ പഞ്ചേന്ദ്രിയങ്ങള്‍ നഷ്ടപ്പെട്ട ഒരു പരുവത്തിലായിരുന്നു അപ്പോളയാള്‍.
സുല്‍ഫീക്കര്‍ ടോപ്പ് ഫൈവിന്റെ പടികളിറങ്ങി.
പുറത്തു കണ്‍മുന്നില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന നഗരം. അതിനിടയിലൂടെ നെട്ടോട്ടമോടുന്ന കാല്‍നടക്കാര്‍.
ഹോണടികള്‍
ആരവങ്ങള്‍
അട്ടഹാസങ്ങള്‍
നഗരം കത്തുകയാണ്.
നഗരം വെന്തെരിയുകയാണ്. സുല്‍ഫീക്കര്‍ കണ്ണടച്ചുനിന്നു.
ഒരു നിമിഷാര്‍ദ്ധം. കത്തുന്ന നഗരത്തിലേക്ക്, തിളച്ചുമറിയുന്ന നഗരത്തിലേക്ക് ഒരു നിമിഷാര്‍ദ്ധം. അതോടെ അവസാനിക്കും എല്ലാം.
വരളുന്ന തൊണ്ടക്കുഴി
ഉരുളുന്ന കണ്ണുകള്‍
സുല്‍ഫീക്കര്‍ തയ്യാറായിനിന്നു.
പെട്ടെന്ന്, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍,
'മോനേ'
ഒരു പിന്‍വിളി
സുല്‍ഫീക്കറിനു തിരിഞ്ഞുനോക്കാതിരിക്കാനായില്ല. പിന്‍വിളി കേള്‍ക്കാതിരിക്കാനായില്ല. തിരിഞ്ഞുനോക്കിയപ്പോള്‍,
പിന്നില്‍.. തളര്‍ന്നുകിടക്കുന്ന ഉമ്മ. മാനസികരോഗിയായ പിതാവ്.
അവര്‍ക്കൊപ്പം പറക്കമുറ്റാത്ത കൂടപ്പിറപ്പുകളുടെ ദയനീയ മുഖം.
സുല്‍ഫീക്കറിന്റെ മുന്നോട്ടുവെച്ച കാലില്‍ ചങ്ങലക്കൊളുത്തു വീണു. അനങ്ങാനാകാത്ത അവസ്ഥ!
മോനെ..
വീണ്ടും പിന്‍വിളി
സുല്‍ഫീക്കര്‍ പിന്നീടൊന്നും ചിന്തിച്ചില്ല.
ബോധമറ്റ നിലയില്‍
അനങ്ങാനാകാത്ത നിലയില്‍
അങ്ങനെ........