ഈ വിശുദ്ധി നിലനില്‍ക്കട്ടെ
മനസ്സും ശരീരവും പവിത്രതയോടെ സൂക്ഷിച്ച ഓരോ മിനിറ്റുകളുമായാണ് റമദാന്‍ കഴിഞ്ഞുപോയത്. ഏകനായ ദൈവത്തിന്റെ
മനസ്സും ശരീരവും പവിത്രതയോടെ സൂക്ഷിച്ച ഓരോ മിനിറ്റുകളുമായാണ് റമദാന്‍ കഴിഞ്ഞുപോയത്. ഏകനായ ദൈവത്തിന്റെ ആജ്ഞകളെ സര്‍വ്വാത്മനാ എല്ലാ രൂപത്തിലും ജീവിതത്തില്‍ പകര്‍ത്താനും ദൈവത്തിനുവേണ്ടി ജീവിതത്തെ സമര്‍പ്പിക്കാനുമായിരുന്നു റമദാനിന്റെ രാപകലുകളെ നാം വിനിയോഗിച്ചത്. കേവലം ഭക്ഷണ പാനീയങ്ങള്‍ പകലിലുപേക്ഷിച്ചുകൊണ്ടു മാത്രമല്ല, ചൈതന്യവത്തായ ആരാധനയിലൂടെയാണത് നാം സാധ്യമാക്കിയത്.
പകലില്‍ ഭക്ഷണമുപേക്ഷിച്ചും പാതിരാത്രികളില്‍ നിന്നുനമസ്‌കരിച്ചും ചെയ്തുപോയ തെറ്റുകളെ പടച്ചവനുമുന്നില്‍ സമര്‍പ്പിച്ച് ജീവിതത്തെ പരിശുദ്ധമാക്കാന്‍ നാം ഓരോരുത്തരും ശ്രമിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ഇറങ്ങിയ മാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചത് ഖുര്‍ആനികാധ്യാപനങ്ങളിലേക്ക് കടന്നുചെന്നുകൊണ്ടായിരുന്നു. കേവലമായ പാരായണമല്ല, ഖുര്‍ആനിന്റെ പ്രഖ്യാപിത നിലപാടുകളെയാണ് നാം ജീവിതത്തില്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്.
അതുകൊണ്ടാണ് നോമ്പുനോറ്റ നമുക്ക് വിശക്കുന്നവന്റെ ദൈന്യതയറിയാനും രോഗികളായവരുടെ വേദനയറിയാനും സാധിച്ചത്. നമ്മുടെ സകാത്തുകളും സദഖകളും അവരിലേക്ക് എത്തിച്ചത്. പെരുന്നാള്‍ ദിനത്തില്‍ ആരും തന്നെ പട്ടിണികിടക്കരുതെന്ന് കരുതിയാണ് നാം ഫിത് ര്‍ സകാത്ത് കൊടുത്തതും.
നമ്മുടെ നാവുകളെ അന്യന്റെ അഭിമാനം മുറിപ്പെടുത്തുന്നതില്‍നിന്നും നാം ഈ മാസം തടഞ്ഞുവെച്ചിട്ടുണ്ട്. ആരാന്റെ ഇടപാടുകളെ നമ്മിലേക്ക് വരരുതെന്ന് നിര്‍ബന്ധം വെച്ചതും അതുകൊണ്ടുതന്നെയാണ്. കാണാന്‍ പാടില്ലെന്ന് അല്ലാഹു നിബന്ധനവെച്ചിടത്തേക്ക് പായുന്നതില്‍ നിന്നും കണ്ണുകളെ നാം തിരിച്ചുവെച്ചു. സദാചാരപരവും സാമൂഹികവുമായ ഇടപാടുകളിലും ബന്ധങ്ങളിലും സൂക്ഷ്മത പാലിച്ചു. കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും നാം ഊട്ടിയുറപ്പിച്ചു. ഇഫ്താര്‍ മീറ്റുകളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും സഹോദര സമുദായങ്ങളുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പം ഒന്നുകൂടി ഉറപ്പിച്ചു. വയറു വിശക്കുമ്പോഴും ഇതിനൊക്കെയും കരുത്തുതന്നത് ഖുര്‍ആനിന്റെ ആജ്ഞകളായിരുന്നു. ജീവിതത്തിന്റെ വിജയവും അതുതന്നെയാണ്.
റമദാനില്‍ ഖുര്‍ആനിന്റെ ആജ്ഞകള്‍ നിറവേറ്റുന്നതില്‍ കാണിച്ച ഈ ശുഷ്‌കാന്തിയും സൂക്ഷ്മതയും ഊര്‍ജവും നിലനിര്‍ത്തിക്കൊണ്ടുപോകാനും കൂടുതല്‍ ഖുര്‍ആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പഠിക്കാനും തുടര്‍ന്നും കഴിയട്ടെ.