വന്ധ്യതാ ക്ലിനിക്കുകളില്‍ വഞ്ചിക്കപ്പെടുന്നവര്‍
ഡോ: പി. കെ. ജനാർദ്ദനൻ
2015 ആഗസ്റ്റ്
കേരളം സന്താനോത്പാദന ശേഷിയില്ലാത്തവരുടെ നാടായി മാറുകയാണോ? സംസ്ഥാനത്തുടനീളം കൂണുകള്‍പോലെ മുളച്ചുപൊങ്ങുന്ന
കേരളം സന്താനോത്പാദന ശേഷിയില്ലാത്തവരുടെ നാടായി മാറുകയാണോ? സംസ്ഥാനത്തുടനീളം കൂണുകള്‍പോലെ മുളച്ചുപൊങ്ങുന്ന വന്ധ്യതാക്ലിനിക്കുകള്‍ കാണുമ്പോള്‍ അങ്ങനെ ചിന്തിച്ചു പോവുകയാണ്. യാത്രയിലുടനീളം ഇത്തരം ക്ലിനിക്കുകളുടെ പരസ്യബോര്‍ഡുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതായി കാണാം. അതിലെ പരസ്യവാചകങ്ങള്‍ ആരെയും മോഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. മോഹനവാഗ്ദാനങ്ങളാണ് പലതും നല്‍കുന്നത്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കുന്ന എത്ര ക്ലിനിക്കുകളുണ്ടിവിടെ. ചിലര്‍ക്ക് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട് എന്നത് ശരിയാണ്. പക്ഷേ, അധികമാളുകളും വഞ്ചിക്കപ്പെടുകയാണ്. ഒരു കുഞ്ഞിക്കാലുകാണാന്‍ കൊതിച്ച് മനമുരുകിക്കഴിയുന്ന ദമ്പതികളെ പരസ്യങ്ങള്‍വഴി ആകര്‍ഷിച്ച് ക്ലിനിക്കിലെത്തിക്കുകയും ചികിത്സയെന്നപേരില്‍ പലതും ചെയ്ത് ലക്ഷങ്ങള്‍ പിടുങ്ങുന്നതും പരസ്യമായ കാര്യങ്ങളാണ്. കുട്ടികളില്ലാത്ത ദമ്പതികളെ ആകര്‍ഷിക്കാന്‍ സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ കാണുമ്പോള്‍ നാം ലജ്ജിക്കും- (60 വയസ്സുകാരിയായ ഒരു സ്ത്രീ ഗര്‍ഭംധരിച്ച് റോഡു മുറിച്ചുകടക്കുമ്പോള്‍ ആ രംഗം അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ജനം.) ഇതില്‍നിന്ന് എന്താണ് നാം മനസ്സിലാക്കേണ്ടത്. ഏതുപ്രായത്തിലും ഗര്‍ഭിണിയാവാന്‍ ക്ലിനിക്കില്‍ എത്തിയാല്‍ മതിയെന്നല്ലേ? ഏതോ ഒരു സ്ത്രീ ഇതേ തരത്തില്‍ ഗര്‍ഭിണിയായ പത്രവാര്‍ത്ത കണ്ടതായി ഓര്‍ക്കുന്നു. അതിന്റെ മറപിടിച്ചായിരിക്കും ഇത്തരം പരസ്യങ്ങള്‍ രംഗത്തെത്തിയത്.
വന്ധ്യതാ ക്ലിനിക്കില്‍ ചികിത്സക്കെത്തുന്നവരെല്ലാം ഗര്‍ഭിണിയാവാറുണ്ടോ? ഇല്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 10 ലക്ഷം രൂപ ചെലവഴിച്ച് ചികിത്സനടത്തി, ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ദുഃഖിതനായിക്കഴിയുന്ന സുഹൃത്ത്- 'ചികിത്സാകഥ' ഒരിക്കല്‍ പറയുകയുണ്ടായി. അതുകേട്ടപ്പോള്‍ എന്റെ മനസ്സുവേദനിച്ചു. അത്രക്കും ക്രൂരമായിരുന്നു പല ക്ലിനിക്കുകളിലേയും പ്രവര്‍ത്തനങ്ങള്‍.
നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളില്‍പോലും വന്ധ്യതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനര്‍ഥം കുട്ടികളില്ലാത്തവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നല്ലേ? എന്തുകൊണ്ട് സന്താനോത്പാദനശേഷി നഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. സ്വന്തം ജീവിതരീതിയാണ് ഇതിനു പ്രധാനകാരണം. സ്ത്രീകള്‍ക്കുണ്ടാകുന്ന തകരാറായാലും പുരുഷനെ ബാധിക്കുന്ന പ്രശ്‌നങ്ങളായാലും ഭക്ഷണരീതികളും സൗന്ദര്യവര്‍ധകങ്ങളുടെ ഉപയോഗവുമെല്ലാം സന്താനോത്പാദന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. എല്ലാവരും മരുന്നിന്റെ പിറകെ ഓടുന്നവരാണ്. ഓട്ടത്തില്‍ ചിലര്‍ വിജയിച്ചേക്കാം; മറ്റുചിലര്‍ പരാജയപ്പെടാം.
വിവാഹത്തിനുശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് സാധാരണ കുഞ്ഞുപിറക്കാതിരിക്കാന്‍ വഴിയില്ല. അതേസമയം ചിലര്‍ക്ക് നിസ്സാര കാരണങ്ങളാല്‍ ഗര്‍ഭധാരണം നടക്കാതെ വന്നേക്കാം. അപ്പോഴേക്കും വന്ധ്യതാ ക്ലിനിക്കിലേക്കു പോകാനാണ് മിക്കവരും ശ്രമിക്കുക. അതിനുമുമ്പ് മറ്റു ചികിത്സാരീതികള്‍ സ്വീകരിക്കാന്‍ വിമുഖരാണ് ദമ്പതികള്‍. വന്ധ്യതാ ക്ലിനിക്കിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നവരെ സമര്‍ഥമായി വഞ്ചിക്കുന്നതെങ്ങനെയെന്ന് നോക്കാം:
ഒരു കുഞ്ഞിക്കാലുകാണാന്‍ വന്ധ്യതാ ക്ലിനിക്കിലെത്തിയതാണ് രമയും ഭര്‍ത്താവ് മോഹനനും. ഡോക്ടര്‍ രമയെ പരിശോധിച്ച് കുറെ ടെസ്റ്റുകള്‍ നടത്തിയതിനുശേഷം ഏതാനും ഗുളികകള്‍ കൊടുത്ത് എല്ലാം പെട്ടെന്ന് ശരിയാകുമെന്നു പറഞ്ഞ് യാത്രയാക്കി.
ഡോക്ടറുടെ വാക്കുകളില്‍ വിശ്വസിച്ച് മരുന്നുകള്‍ കൃത്യമായി കഴിച്ച രമയുടെ ആര്‍ത്തവം പ്രസ്തുത മാസം നടന്നില്ല. രമക്കെന്തെന്നില്ലാത്ത സന്തോഷം. താന്‍ ഗര്‍ഭിണിയായിരിക്കുന്നു. അവള്‍ സന്തോഷാശ്രു പൊഴിച്ചു. വിവരമറിഞ്ഞ ഭര്‍ത്താവും ആഹ്ലാദിച്ചു. വര്‍ഷങ്ങളായി കാത്തിരുന്ന സുദിനം വന്നിരിക്കുന്നു.
ഒരുമാസം കഴിഞ്ഞതേയുള്ളൂ, രമക്ക് ആര്‍ത്തവം നടന്നു. അതുവരെയുണ്ടായിരുന്ന സന്തോഷം അതോടെ അസ്തമിച്ചു. അവള്‍ ആശുപത്രിയിലേക്കോടി. ഡോക്ടറെ കണ്ടു. ആര്‍ത്തവമുണ്ടായ കാര്യം പറഞ്ഞു. ഇതുകേട്ടപ്പോള്‍ അത് ആര്‍ത്തവമല്ലെന്നും ഗര്‍ഭം അലസിപ്പോയതാണെന്നും ഡോക്ടര്‍ രമയെ ധരിപ്പിച്ചു. രമ അത് വിശ്വസിക്കുകയും ചെയ്തു. വളരെക്കാലമായി ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത തനിക്ക് ഗര്‍ഭമുണ്ടായല്ലോ എന്നോര്‍ത്ത് അവള്‍ ആശ്വസിച്ചു. വീണ്ടും അവിടുത്തെ ചികിത്സ തുടരുകയും ചെയ്തു.
എന്നാല്‍ യഥാര്‍ഥത്തില്‍ ഇവിടെ എന്താണ് നടന്നത്? രമയെ പരിശോധിച്ച ഡോക്ടര്‍ അവള്‍ക്ക് നല്‍കിയത് ആര്‍ത്തവം നില്‍ക്കാനുള്ള ഹോര്‍മോണായിരുന്നു. ഗുളിക കഴിച്ച് ആര്‍ത്തവം നടക്കാതിരുന്നപ്പോള്‍ രമ കരുതിയത് താന്‍ ഗര്‍ഭിണിയായെന്നാണ്. വീണ്ടും ആര്‍ത്തവമുണ്ടായപ്പോള്‍ അത് ഗര്‍ഭഛിദ്രമാണെന്ന് വിശ്വസിപ്പിക്കാനും ഡോക്ടര്‍ക്ക് സാധിച്ചു. അതിനാല്‍ രമയെ തുടര്‍ന്ന് വഞ്ചിക്കാനും പണം കൈക്കലാക്കാനും സാധിച്ചുവെന്നല്ലാതെ രമ ഒരിക്കലും ഗര്‍ഭിണിയായില്ല.
പുരുഷന്മാരെയും ഇതേരീതിയില്‍ ക്ലിനിക്കുകള്‍ വഞ്ചിക്കാറുണ്ട്. ബീജത്തിന്റെ കുറവുകൊണ്ടോ വൈകല്യംകൊണ്ടോ ബീജസങ്കലനം നടക്കാതെ വരുന്നത് പുരുഷന്മാരില്‍ കാണുന്ന പ്രശ്‌നങ്ങളാണ്. ഇവര്‍ക്കും പലതരം ഗുളികകളും മറ്റും നല്‍കി ശരിയാവാതെ വരുമ്പോള്‍ അവരറിയാതെ മറ്റാരുടെയെങ്കിലും ബീജമെടുത്ത് അണ്ഡവുമായി യോജിപ്പിച്ച് ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. പറയുന്നതാകട്ടെ, സ്വന്തം ബീജമാണ് അണ്ഡവുമായി യോജിപ്പിച്ചത് എന്നായിരിക്കും. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ടു ചെയ്തത് വായിക്കാന്‍ ഇടയായിട്ടുണ്ട്.
വിവാഹിതരായി കുറഞ്ഞത് ഒരു വര്‍ഷം വരെയെങ്കിലും കാത്തിരിക്കുക. അതിനുശേഷം ഗര്‍ഭംധരിച്ചില്ലെങ്കില്‍ ആദ്യം കുടുംബഡോക്ടറെ കണ്‍സല്‍ട്ട് ചെയ്യുക. അതിനുശേഷം മതി വന്ധ്യതാ ക്ലിനിക്കിലേക്കുള്ള യാത്ര. എന്തിനാണിങ്ങനെ പറയുന്നതെന്നല്ലെ? വളരെ നിസ്സാരമായ കാരണങ്ങളാല്‍ ചിലപ്പോള്‍ ബീജസങ്കലനം നടക്കാതെ വന്നേക്കാം. അതിനുള്ള പ്രാഥമിക ചികിത്സകള്‍ നടത്തിയതിനു ശേഷം ഫലം സാധിക്കുന്നില്ലെങ്കില്‍ മാത്രം വന്ധ്യതാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ അതായത്, പ്രമേഹംപോലുള്ള രോഗങ്ങള്‍ ഗര്‍ഭധാരണത്തിന് തടസ്സമായി നിന്നേക്കാം. മറ്റൊന്ന്, വന്ധ്യതാ ക്ലിനിക്കുകളില്‍ പോവുന്നതിനു മുമ്പ് അവരെക്കുറിച്ച് വ്യക്തമായി അന്വേഷിക്കണം. പരസ്യത്തില്‍ മയങ്ങി ക്ലിനിക്കുകളില്‍ എത്തിയാല്‍ വഞ്ചിക്കപ്പെട്ടേക്കാം.
വന്ധ്യതാചികിത്സ നടത്തുന്നവര്‍ ഇടയ്ക്കിടെ ഡോക്ടറെ മാറ്റുന്ന പതിവുമുണ്ട്. ചുരുങ്ങിയത് ആറുമാസമെങ്കിലും ചികിത്സ നടത്തിയതിനു ശേഷമേ മറ്റു ക്ലിനിക്കിലേക്ക് പോകാവൂ. തന്റെ അടുത്തെത്തുന്ന രോഗിയുടെ ശാരീരിക മാറ്റങ്ങളെ നിരീക്ഷിച്ച് പഠിച്ചുവേണം ചികിത്സിക്കാന്‍. അതിനു കുറഞ്ഞത് ആറുമാസമെങ്കിലും സമയമെടുക്കും. ഇതിനിടയില്‍ ആരുടെയെങ്കിലും വാക്കുകേട്ട് ക്ലിനിക്ക് മാറുമ്പോള്‍ അവിടെയുള്ള ടെസ്റ്റുകളെല്ലാം വീണ്ടും ചെയ്യേണ്ടതായി വരും. പക്ഷേ ടെസ്റ്റ് റിപ്പോര്‍ട്ടുകളൊന്നും അവര്‍ സ്വീകരിക്കില്ല. അങ്ങനെ വരുമ്പോള്‍ ചികിത്സ ആദ്യം മുതല്‍ തുടങ്ങണം. ഇത് പണനഷ്ടം, ആരോഗ്യക്കുറവ് എന്നിവക്കിടയാക്കും.
വന്ധ്യതാ ക്ലിനിക്കുകളില്‍ വെച്ചുനടത്തുന്ന ചികിത്സയുടെ പൂര്‍ണരൂപം രോഗികളെ പറഞ്ഞു മനസ്സിലാക്കണം. സ്ത്രീകള്‍ക്കുണ്ടാവുന്ന ഫെലോപ്യന്‍ ട്യൂബിലെ തടസ്സം, ഗര്‍ഭാശയത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ ചിത്രംവരച്ച് വിവരിച്ചുകൊടുക്കണം. ബീജങ്ങളുടെ സഞ്ചാരവേഗതക്കുറവ്, അണ്ഡവുമായി കൂടിച്ചേരാന്‍ കഴിയാതെ വരുന്നത് തുടങ്ങി പലകാര്യങ്ങളും രോഗിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും നമ്മുടെ ക്ലിനിക്കുകളില്‍ നടക്കാറില്ല. അവര്‍ എന്തുചെയ്താലും അതില്‍ വിശ്വസിച്ച് മരുന്നു കഴിക്കുക. അതില്‍കൂടുതലൊന്നും രോഗികള്‍ക്ക് ചെയ്യാനില്ല. സ്ത്രീയില്‍ അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കാനെന്ന പേരില്‍ പരിധിയില്‍ കവിഞ്ഞ് ഹോര്‍മോണ്‍ നല്‍കുന്നത് സാധാരണം. ഇത് ഭാവിയില്‍ അണ്ഡാശയ കാന്‍സറിന് വഴിവെക്കും. കഴിയുന്നതും ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങളില്ല എന്നത് ഗുരുതരമായ പ്രശ്‌നമായി കാണാതെ ആരോഗ്യത്തോടെ ജീവിക്കാനുള്ള മാനസികാവസ്ഥയുണ്ടാക്കുകയാണ് വേണ്ടത്. വര്‍ഷങ്ങളോളം പലതരത്തിലുള്ള മരുന്നുകള്‍ കഴിച്ച് കുട്ടികളുണ്ടായില്ല എന്നത് മാത്രമല്ല, കാന്‍സര്‍ ബാധിച്ച് നരകയാതനയനുഭവിക്കുന്ന ഹതഭാഗ്യയായ യുവതികളുമുണ്ട്.
പുരുഷന്മാരുടെ ബീജത്തിന് ഉത്പാദനശേഷിയില്ലെന്ന സത്യം മറച്ചുവെച്ച് മറ്റാരുടെയെങ്കിലും ബീജമെടുത്ത് ടെസ്റ്റ്ട്യൂബ് ശിശുവിന് ജന്മംനല്‍കുന്നത് അതിലേറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. പിറന്നകുഞ്ഞ് തന്റേതുതന്നെയാണോ എന്നറിയാന്‍ DNA ടെസ്റ്റ് നടത്തുമ്പോള്‍ സത്യം വെളിച്ചത്തുവരും. അതോടെ കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്നു. ഇതിനു കാരണക്കാര്‍ ആരാണ്? പണത്തിനുവേണ്ടി ക്ലിനിക്കുകള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളല്ലേ?
ലക്ഷങ്ങള്‍ വേണം
വന്ധ്യതാ ക്ലിനിക്കുകള്‍ പണം കൊയ്യുന്ന വന്‍കച്ചവടമാണ്. ചികിത്സക്കായി ഡോക്ടറെ സമീപിക്കുന്ന ദമ്പതികളില്‍ ചിലര്‍ 'പണമെത്രയായാലും വേണ്ടില്ല സാര്‍, എനിക്കൊരു കുഞ്ഞിനെ വേണം' എന്നുപറയുന്നതിലെ അറിവില്ലായ്മ മുതലെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കും. ഉദാ: പുരുഷന്റെ ബീജം ഉത്പാദനശേഷിയുണ്ടായിട്ടും അത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ കഴിയാതെ വരുമ്പോള്‍ IUI (Itnra Uterine Insemination) എന്ന രീതി സ്വീകരിക്കേണ്ടിവരും. അതായത്, ബീജമെടുത്ത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന രീതി. ഇതിന് 4000 മുതല്‍ 5000 രൂപ വരെ ചെലവാകും. എന്നാല്‍ വന്ധ്യതാ ക്ലിനിക്കുകള്‍ ഈടാക്കുന്ന ചാര്‍ജ് എത്രയാണെന്നോ? ലക്ഷങ്ങള്‍. അതുപോലെ, ബീജവും അണ്ഡവും ടെസ്റ്റ്ട്യൂബില്‍വെച്ച് യോജിപ്പിച്ചതിനുശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിന് ഒന്നര ലക്ഷം രൂപയാണ് സാധാരണ ഫീസ്. പക്ഷേ, നമ്മുടെ ക്ലിനിക്കുകള്‍ വാങ്ങുന്നത് 3 ലക്ഷവും അതിലധികവുമാണ്.
ഗര്‍ഭധാരണം നടക്കാത്തവര്‍ ആദ്യമായി ചെയ്യേണ്ടത് ജീവിതശൈലി മാറ്റുകയാണ്. അണ്ഡവും ബീജവും ഉത്പാദിപ്പിക്കണമെങ്കില്‍ അതിനുള്ള സാഹചര്യം ശരീരത്തില്‍ ഉണ്ടാവണം. പാരമ്പര്യ ഭക്ഷണശീലങ്ങള്‍ മാറ്റി പാശ്ചാത്യരീതി (ഫാസ്റ്റ്ഫുഡ്) സ്വീകരിച്ചപ്പോള്‍ അതിലടങ്ങിയ രാസവസ്തുക്കള്‍ ശരീരത്തിന്റെ നൈസര്‍ഗികമായ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിച്ചു. 20% അമ്ലവും 80% ക്ഷാരഗുണവും വേണ്ടിടത്ത് 20% ക്ഷാരഗുണവും 80% അമ്ലഗുണവുമുള്ള രക്തമാണിന്ന് പലരിലും പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. കഴിക്കുന്ന ഭക്ഷണം 90 ശതമാനവും അമ്ലഗുണമുള്ളതാണ്. അപ്പോള്‍ ആരോഗ്യമുള്ള ബീജവും അണ്ഡവും ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ വരും. അതൊന്നും മനസ്സിലാക്കാതെ ഗര്‍ഭധാരണം എന്നുകേള്‍ക്കുന്നതോടെ വന്ധ്യതാ ക്ലിനിക്കിലേക്ക് ഓടുന്നത് ശരിയല്ല. രക്തം ക്ഷാരഗുണമുള്ളതാക്കാനുള്ള വഴിതേടുക. അതിനുശേഷം ശരീരത്തില്‍ എന്തുമാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് അനുഭവിച്ചറിയുക. അതിനുശേഷം മതി മറ്റു മാര്‍ഗങ്ങളിലേക്കുള്ള യാത്ര.