വിദ്യാഭ്യാസം, സാമൂഹിക സേവനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ സവിശേഷമായ പ്രവര്‍ത്തന പാരമ്പര്യമുള്ള
മലയാളക്കരയിലെ മുസ്‌ലിം
വനിതാ സംഘടനകള്‍ 2
വിദ്യാഭ്യാസം, സാമൂഹിക സേവനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ സവിശേഷമായ പ്രവര്‍ത്തന പാരമ്പര്യമുള്ള മുസ്‌ലിം വനിതാ സംഘടനയാണ്, 'വിമന്‍സ് മുസ്‌ലിം അസോസിയേഷന്‍ തിരുവനന്തപുരം'. മുഖ്യധാരയില്‍നിന്ന് പൊതുവെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന കാലഘട്ടത്തില്‍, മുസ്‌ലിം സ്ത്രീകള്‍, സംഘടിച്ച് ശക്തരും സാമൂഹിക ബോധമുള്ളവരുമാവുകയും തങ്ങളുടെ വിഭവശേഷി ദുര്‍ബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്യുകയെന്ന മഹദ്‌ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട അസോസിയേഷന്‍, കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസവും അതിജീവന ശേഷിയും പകര്‍ന്നുനല്‍കുന്നതില്‍ വലിയ അളവില്‍ വിജയിക്കുകയുണ്ടായി. ആരോഗ്യം, വിദ്യാഭ്യാസം, അനാഥ സംരക്ഷണം, സാമ്പത്തികം, തൊഴില്‍രംഗങ്ങളില്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ അതിന്റെ തെളിവാണ്.
സേവന തല്‍പരരായ ഒരു പറ്റം മുസ്‌ലിം സ്ത്രീകളുടെ ആഭിമുഖ്യത്തില്‍, 1963 എപ്രിലിലാണ് അസോസിയേഷന്‍ നിലവില്‍വന്നത്. നബീസ കുട്ട്യാമു, ആമിന അബ്ദുല്ല, നസീറ മരിക്കാര്‍, ഷരീഫാ ഹുസൈന്‍, റഹ്മ മജീദ്, സുബൈദ മരിക്കാര്‍, ലൈല മുഹമ്മദ്, ഹമീദ റാവുത്തര്‍, ഫാത്വിമ അബ്ദുസ്സലാം തുടങ്ങിയവരായിരുന്നു രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ചീഫ് എഞ്ചിനീയര്‍ ടി.പി.കുട്ട്യാമു സാഹിബ്, വി.കെ.അബ്ദുല്ല ഐ.എ.എസ്, സയ്യിദ് ഉസ്മാന്‍ സാഹിബ്, ഹബീബ് മരിക്കര്‍, ഹസന്‍ മരിക്കാര്‍ തുടങ്ങിയവരുടെ പിന്തുണയും പ്രോല്‍സാഹനവുമാണ് അസോസിയേഷന്റെ പിറവിക്ക് നിമിത്തമായത്. സ്ത്രീകള്‍ക്കിടയില്‍ സംഘബോധവും സാഹോദര്യമനസ്സും വളര്‍ത്തുക, സ്ത്രീകള്‍ക്ക് പൊതുവായുള്ള സാധ്യതകളും പിന്നാക്കം നില്‍ക്കുന്നവരുമായ സ്ത്രീകള്‍ക്ക് പ്രത്യേകമായും വിദ്യാഭ്യാസപരവും സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ അഭിവൃദ്ധി ഉണ്ടാക്കുക, നാടിന്റെ നന്മക്കും ദരിദ്ര-പിന്നാക്ക ജനവിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് അസോസിയേഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. 1963-ല്‍ രൂപീകരിക്കപ്പെട്ടെങ്കിലും 1981-ലാണ് സൊസൈറ്റി ആക്റ്റ് അനുസരിച്ച് സംഘടന രജിസ്റ്റര്‍ ചെയ്തത്. ജസ്റ്റിസ് ഫാത്വിമാ ബീവി, അഡ്വ.നഫീസത്ത് ബീവി തുടങ്ങിയവര്‍ അസോസിയേഷന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖരാണ്.
തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, തൊഴില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരുടെ വളര്‍ച്ചക്കുവേണ്ടി വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തുക, ദരിദ്രര്‍ക്ക് സാമ്പത്തിക സഹായമൊരുക്കുക, സാക്ഷരതാ ക്ലാസുകള്‍, ചര്‍ച്ചാവേദികള്‍, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ നടത്തുക, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ഇടത്തരം വരുമാനക്കാരായ ഉദ്യോഗസ്ഥകളുടെ താമസത്തിന് സൗകര്യമൊരുക്കുക തുടങ്ങിയവയായിരുന്നു അസോസിയേഷന്‍ ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍. ഈ വഴിയില്‍ ഏറെ മുമ്പോട്ട് പോകാനും ഒട്ടേറെ പദ്ധതികള്‍ വിജയിപ്പിച്ചെടുക്കാനും കഴിഞ്ഞ 50 വര്‍ഷം കൊണ്ട് സംഘടനക്ക് സാധിച്ചിട്ടുണ്ട്.
തുടക്കത്തില്‍ അംഗങ്ങളുടെ വീടുകളിലാണ് യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. പിന്നീട് വാടകക്കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിച്ചുവന്നു. അതിനുശേഷമാണ്, തൈക്കാട് പനവിള ജംഗ്ഷനിലെ ഒരു പഴയവീട് അസോസിയേഷന്റെ ആസ്ഥാനമായത്. സയ്യിദ് ഉസ്മാന്‍ സാഹിബിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടും സ്ഥലവും ചെറിയ സംഖ്യക്ക് അദ്ദേഹം അസോസിയേഷന് നല്‍കുകയായിരുന്നു. പിന്നീട് കെട്ടിടം പുതുക്കി പണിയുകയാണുണ്ടായത്. 'വിമന്‍സ് മുസ്‌ലിം അസോസിയേഷന്‍' ഇടക്കാലത്ത്, തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് പഴയതുപോലെ അതിന്റെ സ്വതന്ത്ര അസ്തിത്വം നിലനിര്‍ത്തി മുമ്പോട്ടുപോവുകയാണുണ്ടായത്. മുസ്‌ലിംകള്‍ തീരെ കുറവായിരുന്ന തിരുവനന്തപുരം പോലൊരു നഗരത്തില്‍ 1960-കളില്‍ ഇത്തരമൊരു മുസ്‌ലിം സ്ത്രീകൂട്ടായ്മ രംഗത്ത് വരികയും പ്രതിസന്ധികളെ തരണം ചെയ്ത്, സേവന പാതയില്‍ 50 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്യ്തു എന്നത് ചെറിയ കാര്യമല്ല.
വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍
100 പേര്‍ക്ക് താമസ സൗകര്യമുള്ള വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലാണ് അസോസിയേഷന്റെ സംരംഭങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. പനവിള ജംഗ്ഷനില്‍ സംഘടനാ ആസ്ഥാനത്തെ മൂന്നു നിലകെട്ടിടത്തിലാണ് ഹോസ്റ്റല്‍. വാടക കെട്ടിടത്തില്‍ തുടക്കം കുറിച്ച ഹോസ്റ്റലിന്റെ ആദ്യ ഉല്‍ഘാടനം നിര്‍വ്വഹിച്ചത് അന്നത്തെ കേന്ദ്രമന്ത്രി ലക്ഷ്മി.എന്‍.മേനോന്‍ ആയിരുന്നു. പിന്നീട് പലരുടെയും സഹായത്തോടെ സ്വന്തമായി പണിത കെട്ടിടത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെ 1999-ല്‍ ആരംഭിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചത് അന്നത്തെ തമിഴ്‌നാട് ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്വിമാ ബീവിയാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു മുസ്‌ലിംവനിതാസംഘടന നടത്തുന്ന ഏക വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലാണിത്.
ദുരിതാശ്വാസവും ധനസഹായവും
അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടിയുള്ള വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ രൂപീകരണകാലം മുതല്‍ നടത്തിവരുന്നുണ്ട്. തീര പ്രദേശങ്ങളിലും മറ്റും വെള്ളപൊക്കമുള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടായപ്പോള്‍ വസ്ത്രങ്ങളും സാമ്പത്തിക സഹായവും വിവിധ ഘട്ടങ്ങളില്‍ അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്. മാനസികരോഗ ആശുപത്രികളിലും ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലും ഇപ്രകാരം സഹായം എത്തിയിട്ടുണ്ട്. ദുരിത ബാധിതര്‍ക്കും തീരദേശവാസികള്‍ക്കുമായി പല തവണ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. 1981-ലെ വിഴിഞ്ഞം പ്രകൃതിക്ഷോഭം ഉദാഹരണം. വ്യവസ്ഥാപിതമായ പെന്‍ഷന്‍ സംവിധാനം ഇതില്‍ പ്രധാനമാണ്. 1993- മുതല്‍ ഹെല്‍പേജ് ഇന്ത്യ ഇന്റര്‍നാഷണലിന്റെ സഹായത്തോടെ പാവപ്പെട്ട നൂറുപേര്‍ക്ക്, ഒരാള്‍ക്ക് 250 രൂപ എന്ന നിലയില്‍ കുടുംബത്തിനുള്ള പ്രോവിഷനല്‍ സാധനങ്ങളും ചെറിയ ഒരു സംഖ്യയും നല്‍കിവരുന്നു. 2008-ല്‍ ഹെല്‍ പേജ് ഇന്റര്‍നാഷണല്‍ അത് നിര്‍ത്തലാക്കിയെങ്കിലും അസോസിയേഷന്‍ മെമ്പര്‍മാരുടെയും ഉദാരമതികളുടെയും സഹായത്തോടെ, 200 പേര്‍ക്കായി വര്‍ധിപ്പിച്ചുകൊണ്ട് ആ പദ്ധതി നടപ്പിലാക്കി വരുന്നു. അരലക്ഷം രൂപയാണ് മാസത്തില്‍ ഇതിന് വരുന്ന ചെലവ്. ഇതിനു പുറമെ, കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, വിവാഹസഹായം, റമദാന്‍, ക്രിസ്മസ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പുതുവസ്ത്രങ്ങളും, വീട്ടുപകരണങ്ങളും നല്‍കിവരുന്നു. 22 വര്‍ഷമായി ഇത് മുടക്കമില്ലാതെ തുടര്‍ന്നുവരുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്ത്
വിദ്യാഭ്യാസ രംഗത്ത് അസോസിയേഷന്‍ നടപ്പിലാക്കുന്ന ശ്രദ്ധേയമായ പരിപാടിയാണ് 'ആക്‌സസ് ഇംഗ്ലീഷ് ക്ലാസ്' സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള മേഖലകളിലെയും കുടുംബങ്ങളിലെയും കുട്ടികളെ തെരെഞ്ഞെടുത്ത്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വര്‍ധിപ്പിക്കാന്‍വേണ്ടി നടത്തുന്നതാണിത്. ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ ഒന്നര മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാണ്. വള്ളക്കടവ്, നേമം, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളിലും-കൊര്‍ദോവ ക്ലാസുകളിലുമാണ് നസീറാ മരിക്കാറുടെ നേതൃത്വത്തില്‍ ഈ ക്ലാസുകള്‍ നടന്നുവരുന്നത്. എഞ്ചിനീയറിംഗിനും ബി.എഡിനും പഠിക്കുന്നവരുള്‍പ്പെടെ 25 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, 60 വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷംതോറും യൂനിഫോമുകള്‍ തുടങ്ങിയവ നല്‍കുന്നു. തീരദേശ മേഖലകളിലെ വിദ്യാഭ്യാസ വളര്‍ച്ചക്കാണ് ആസോസിയേഷന്‍ ഊന്നല്‍ നല്‍കുന്നത്.
സ്വയം തൊഴില്‍
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി നിര്‍ധന പെണ്‍കുട്ടികള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം അസോസിയേഷന്‍ നല്‍കുന്നുണ്ട്. അഴീക്കോട്, വള്ളക്കടവ്, പാച്ചല്ലൂര്‍ എന്നിവിടങ്ങളില്‍ 25-30 പേര്‍ക്ക് പഠിക്കാവുന്ന തയ്യല്‍ പരിശീലന കേന്ദ്രങ്ങള്‍ ഏറെകാലം അസോസിയേഷന്‍ നടത്തിയിരുന്നു. ഇപ്പോള്‍, വിഴിഞ്ഞത്താണ് ഒന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍നിന്ന് പരിശീലനം നേടിയ ഒട്ടേറെ സ്ത്രീകള്‍ അതുവഴി ജീവിതമാര്‍ഗം ചെറിയ തോതിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്. എംബ്രോയിഡറി, ബേക്കറി, പേപ്പര്‍ബാഗ്, സോപ്പ് തുടങ്ങിയവയുടെ നിര്‍മാണത്തിലും പരിശീലനം നല്‍കുകയുണ്ടായി.
അനാഥശാല
2004-ല്‍, അസോസിയേഷന്‍ ആസ്ഥാനത്തിനടുത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു യതീംഖാന ആരംഭിച്ചു. മുപ്പത് കുട്ടികള്‍ക്കാണിതില്‍ താമസ സൗകര്യമുള്ളത്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം 2005-ല്‍ അനാഥശാലയിലെ കുട്ടികളെ സന്ദര്‍ശിക്കുകയുണ്ടായി. വിഴിഞ്ഞം, വള്ളക്കടവ് യതീംഖാന തുടങ്ങിയ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആദ്യകാലത്ത് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ആലുകാട് ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളെയും അക്ഷരാഭ്യാസമുള്ളവരാക്കി മാറ്റാന്‍ അസോസിയേഷന്റെ സാക്ഷരതാ ക്ലാസുകളിലൂടെ സാധിച്ചത് ശ്രദ്ദേയമാണ്. ദരിദ്രര്‍ക്ക് വേണ്ടിയുള്ള പലിശ രഹിത ധനസഹായവും (Micro credit) അസോസിയേഷന് കീഴിലുണ്ട്.
പൂര്‍ണമായും സ്ത്രീകളുടെ മേല്‍നോട്ടത്തിലാണ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. മിസിസ്സ് നബീസാ കുട്ട്യാമു, ജസ്റ്റിസ് ഫാത്വിമാ ബീവി, റംലാ ലത്തീഫ്, ജമീലാ അസീം, സൈനബകുട്ടി, മൈമൂന്‍, ആരിഫ മജീദ്, നഫീസത്ത് ബീവി, റൂബി സൈനുദ്ദീന്‍, ലൈലാമുഹമ്മദ്, സുബൈദ മീരാന്‍, നിസാ കരീം, സുലൈഖ, നഫീസാ ഹംസ, സുബൈദ ബീവി, റസിയ ബഷീര്‍, നഷീദാ ബീഗം തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പ്രസിഡന്റ്, സെക്രട്ടറിമാരായിരുന്നു. തുടക്കത്തില്‍ ഓരോ വര്‍ഷത്തിലായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ്. നസീമ റഷീദ് (പ്രസി), സൈനബ ബീവി (സെക്ര), ആരിഫ മജീദ് (ട്രഷറര്‍) എന്നിവരാണ് ഇപ്പോഴത്തെ ഭാരവാഹികള്‍.
റഫറന്‍സ്
1 സേവന രംഗത്ത് ഒരു മാതൃകാ സംഘടന. പി.എം. സൈനബകുട്ടി, സി.എച്ച്.എജ്യുക്കേഷന്‍ ട്രസ്റ്റ് സ്മരണിക 2000-2010, പേജ്-97
2 വിമന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം, നിയമാവലി
3 Regd.Under Act 12 of 1955 as no.720 f 1981
4 WMA Pamflets