പട്ടം
ജസീന താനൂർ
2015 ആഗസ്റ്റ്
'മോളേ, ഒരു നോട്ടുബുക്കും പേനയും എനിക്ക് തരൂ' എന്ന് ഞാനെന്റെ മോളോട് പറഞ്ഞപ്പോള്‍ ഒരു കടലാസുകഷ്ണവും പേനയുമായി
'മോളേ, ഒരു നോട്ടുബുക്കും പേനയും എനിക്ക് തരൂ' എന്ന് ഞാനെന്റെ മോളോട് പറഞ്ഞപ്പോള്‍ ഒരു കടലാസുകഷ്ണവും പേനയുമായി അവളെന്റെ അടുത്തേക്ക് വന്നു. 'ഇതല്ല, ഒരു നോട്ടുബുക്കാണ് വേണ്ടത്' എന്ന് ഞാന്‍. 'വീട്ടുസാധനങ്ങളുടെ ലിസ്റ്റ് എഴുതാനല്ലെ, ഇത് പോരെ,' അവളെന്നെ ആശ്ചര്യത്തോടൊരു നോട്ടം. ശരിയാണ്, പലവ്യജ്ഞനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനാണ് സാധാരണ നോട്ടുബുക്കും പേനയും അന്വേഷിക്കാറ്. പിന്നെ, ചില്ലറ കണക്കുകളെഴുതാനും. എന്നാല്‍, ഇത്തവണ അങ്ങനെയല്ല എന്തെങ്കിലുമൊക്കെ എഴുതാനാണ്' എന്ന് പറഞ്ഞപ്പോള്‍ 'നിങ്ങള്‍ക്കെന്താ വട്ടുണ്ടോ' എന്നൊരു മറുചോദ്യം. ഒമ്പതാം ക്ലാസുകാരിയായ മോളെ സംബന്ധിച്ചിടത്തോളം ഉമ്മക്കിപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ലല്ലോ. 'ശരിയാണ് മോളേ, ഈ മുപ്പത്തിനാലാമത്തെ വയസ്സില്‍ എനിക്കിത്തിരി വട്ട് വന്നെന്ന് തോന്നുന്നു. ഇത്തിരിനേരം എന്റേതായൊരു ലോകത്ത് ഇരിക്കാനൊരാശ. ചിന്തയുടെ വിഹായസ്സില്‍ ഒന്ന് പറന്നുല്ലസിക്കാന്‍ ഉള്ളിലെ കിളി പിടയുന്നു.'
എന്നെപ്പോലൊരു സാധാരണ വീട്ടമ്മക്ക് എവിടെ നേരം. രാവിലെ അഞ്ചുമണിയുടെ സൂചി കറങ്ങുന്നതോടൊപ്പം തുടങ്ങുന്ന കറക്കം പാതിരയുടെ പാരമ്യതയിലെത്തുമ്പോള്‍ സ്വന്തം ആകാശം ഇരുള്‍ മൂടിപ്പോവുന്നു. സ്വന്തമായുള്ളതെല്ലാം മാറ്റിവെച്ച് മക്കള്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി േതഞ്ഞുതീരുന്ന ജന്മങ്ങള്‍. പണ്ട് കോളെജില്‍ പഠിച്ചിരുന്ന കാലത്ത് രാത്രിയുടെ നിശബ്ദതയില്‍ കുത്തിക്കുറിച്ചിരുന്ന കഥകളും കവിതകളും. ഉള്ളിലെ നെരിപ്പോടുകള്‍ അക്ഷരങ്ങളായി അണയുമ്പോഴുള്ള സുഖം. എല്ലാം ഓര്‍മകള്‍ മാത്രം.
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്നും അക്ഷരങ്ങളെന്നോട് കലഹിക്കാറുണ്ടായിരുന്നു. എന്റെ ഏകാന്തതകളില്‍ കലപിലയുമായി ചേക്കേറിയിരുന്നു. നനുത്ത കൊക്കുകളുരുമ്മി എന്നെ സാന്ത്വനിപ്പിക്കാറുണ്ടായിരുന്നു.
ഭാവിയുടെ ഇരുണ്ട മുഖത്തെ നോക്കി അന്തിച്ചുനില്‍ക്കുന്ന നേരങ്ങളില്‍ ഇത്തിരിവെട്ടമായി എനിക്ക് കൂട്ടിരുന്നു. ഓര്‍മകളുടെ ശരശയ്യയില്‍ പിടയുമ്പോള്‍ കുളിര്‍തെന്നലായെന്നെ പൊതിഞ്ഞിരുന്നു. എന്നിട്ടും ജീവിതത്തിന്റെ ഏതോ മേച്ചില്‍പുറങ്ങളില്‍ ഞാന്‍ നിങ്ങളെ അകറ്റിനിര്‍ത്തുകയായിരുന്നുവോ....
ഇന്നിതാ, പിണങ്ങിയകന്ന് പോയ ഒരു കളിക്കൂട്ടുകാരിയെപ്പോലെ ഉമ്മറപ്പടിവാതില്‍കടന്നെന്റെ കൈ പിടിച്ച് കുശലം പറയുന്നു. ഞാനിവിടെത്തന്നെ ഉണ്ടായിരുന്നല്ലോ; നിന്നോടൊപ്പം. പലപ്പോഴും നീയെന്നെ തൊട്ട് കടന്നുപോയി; ഒന്നും മിണ്ടാതെ. ശരിയാണ്, ജീവിതം പലപ്പോഴും അങ്ങനെയാണ്. അകലെയുള്ളതിനെ തേടിയലയും; വേണ്ടത് അരികിലുണ്ടായിട്ടും... മഴ തോര്‍ന്ന ഈ സന്ധ്യനേരത്ത് ഞാനിങ്ങനെ...
ഇതാ, ചെറിയമോള്‍ തലനനഞ്ഞ് വന്ന് നില്‍ക്കുന്നു. അവളെ തുവര്‍ത്തി ഉടുപ്പിടുവിച്ചു. 'ചെരിപ്പ് ഒന്ന് എവിടെ ഉമ്മാ..' എന്ന് രണ്ടാമത്തെ മകളുടെ കരച്ചില്‍. 'എവിടെയെങ്കിലും കാണും. നോക്കൂ..' എന്ന് പറഞ്ഞപ്പോള്‍, ഉമ്മ തന്നെ എടുത്തുതരണമെന്ന് ശാഠ്യം.
അതിനിടയില്‍ അമ്മായിയമ്മ പറയുന്നു: 'ഇനി അവിടെ എന്തെടുക്കുകയാ.. മഴ വരുന്നു തുണികളെല്ലാം നനയും..' എന്ന്. 'ഉമ്മാ, വൈകുന്നേരത്തെ ചായക്കെന്താണ് കഴിക്കാന്‍..' എന്ന് മകന്‍. നാളത്തേക്കുള്ള യൂണിഫോം ഇസ്തിരിയിട്ട് വെക്കാത്തതെന്തെന്ന് മൂത്തവള്‍...
നില്‍ക്കൂ.. എനിക്കിനി പറക്കാന്‍ വയ്യ. വികൃതിക്കുട്ടിയുടെ കയ്യിലെ പട്ടമായിരുന്നു ഞാന്‍. കൂടുതല്‍ ഉയരാനാവില്ല. കാരണം, ചരട് അവന്റെ കൈയിലല്ലെ. ഇന്നീ മനസ്സില്‍ വീണ്ടും പച്ചപ്പുകള്‍ മുളപൊട്ടുന്നു. അതിന്റെ പിറവിയുടെ വേദനയില്‍ ഞാന്‍ ഉരുകുന്നു.