പാദസര നാദവും യക്ഷിയും

ഉമ്മുശാക്കിര്‍ No image

നിശയുടെ യാമങ്ങള്‍ പിന്നിട്ടു. നേരം ഒത്തിരിയായി. ഇനിയും കുറെ ദൂരമുണ്ട് വീട്ടിലെത്താന്‍. വഴി അത്രയൊന്നും ദുര്‍ഘടമല്ലെങ്കിലും മഴക്കാലമായാല്‍ വാഹനങ്ങള്‍ ഇറക്കാന്‍ കഴിയാതെ വഴുക്കല്‍ പിടിച്ച ചെമ്മണ്‍പാത. ഈ പാത നീണ്ട് നീണ്ട് അങ്ങ് കുന്നുകയറി താഴെ വിശാലമായ പാടത്തേക്ക് എത്തിച്ചേരുന്നു. ആ പാടത്തിന്റെ അരികിലാണെന്റെ വീട്. രാത്രി വൈകിയതിനാല്‍ അന്തരാളത്തിലെവിടെയോ ഭയത്തിന്റെ കരിനിഴല്‍ പടര്‍ന്നുതുടങ്ങി. തിടുക്കത്തില്‍ വീട്ടിലെത്താന്‍ കാലുകളുടെ വേഗത കൂട്ടി. നിറം മങ്ങിയ ടോര്‍ച്ചിന്റെ സ്വിച്ചില്‍ അമരുന്ന വിരലുകളില്‍പോലും വിറയല്‍ അനുഭവപ്പെട്ടു. എങ്കിലും തോളില്‍ തൂക്കിയ ബാഗ് മാറോട് ചേര്‍ത്തുപിടിച്ച് അറിയാവുന്ന പ്രാര്‍ഥനകളൊക്കെ ഉരുവിട്ട് മനസ്സിനല്‍പം ധൈര്യം നല്‍കി. നടത്തം വേഗത്തില്‍തന്നെ. ഇനിയും പകുതി ദൂരമുണ്ട്. പാതയോരത്തെ കുടിലുകളില്‍നിന്നും ഒഴുകിയെത്തുന്ന മങ്ങിയ വെളിച്ചം ഭയത്തിനല്‍പം അറുതിവരുത്തി. നാരായണേട്ടന്റെ വീട് കൂടി കഴിഞ്ഞാല്‍ പിന്നെ ഉയര്‍ന്ന് നില്‍ക്കുന്ന കുന്നു കയറിവേണം പോകാന്‍. പണ്ട് ആ കുന്നിന്റെ ചെരുവിലെ പറങ്കിമാവിന്‍ കൊമ്പിലാണ് അബ്ദുല്ലക്കുട്ടിക്ക തൂങ്ങിമരിച്ചത്. ആ മരം ഇന്നില്ല. ആ സ്ഥലം വിജനമാണ്. കല്ലുവെട്ടി ക്കുന്നും കുഴിയുമായി വിശാലമാണാപ്രദേശം. മുമ്പ് എപ്പോഴോ 'ബീരാനിക്ക' പറഞ്ഞത് ഒരു ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു. 'ഓന്റെ റൂഹ് ആ മൊട്ടക്കുന്നില്‍ ഓടി നടക്കല്ലെ'! അതൊക്കെ അന്ധവിശ്വാസമാണെന്ന് മനസ്സ് മന്ത്രിക്കുന്നു. എങ്കിലും രാത്രിയില്‍ ഒരിക്കലും അങ്ങോട്ട് നോക്കാന്‍ ധൈര്യപ്പെടാറില്ല.
നാരായണേട്ടന്റെ വീടെത്തിയപ്പോഴേക്കും ഇരുട്ടിന് കട്ടി കൂടിവന്നു. അവരൊക്കെ ഉറങ്ങിക്കാണും. ഉമ്മറത്തെ വിളക്കിന്റെ നാളം കാണുന്നില്ല. ഇനി നീണ്ടുകിടക്കുന്ന കുന്നാണ്. അതിന്റെ ചരിവിലൂടെയുള്ള ചെമ്മണ്‍പാത താണ്ടിവേണം പോകാന്‍. കുറച്ചുമുമ്പ് പെയ്ത മഴയുടെ തുടര്‍ച്ചയെന്നോണം മഴത്തുള്ളി വീണുതുടങ്ങി. ഇരമ്പുന്ന ശബ്ദത്തില്‍ കാറ്റ് വീശാനും. ബാഗിലെ കുട എടുത്ത് നിവര്‍ത്താന്‍ എന്തൊ ധൈര്യം വന്നില്ല. അത് നിവര്‍ത്താന്‍ ഇത്തിരി നേരം വേണമല്ലോ. അതിനാല്‍ അതിന് മിനക്കെട്ടില്ല. പെട്ടെന്നതാ... കുന്നിന്മുുകളില്‍ നിന്നൊരു കിലുക്കം. ഞാന്‍ ധൈര്യം സംഭരിച്ച് ആ ഭാഗത്തേക്ക് ടോര്‍ച്ചടിച്ച് നോക്കി. പക്ഷേ, മങ്ങിയ പ്രകാശമായതിനാല്‍ ഉദ്ദേശിച്ചത്ര ദൂരത്തേക്ക് വെട്ടമില്ല. ഞാന്‍ നടത്തത്തിന് വേഗത കൂട്ടി. എന്റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. ആ ശബ്ദം കുന്നിറങ്ങി വരുന്നതായി തോന്നി!! ഇപ്പോള്‍ നന്നായി കേള്‍ക്കാം. ഞാനോര്‍ത്തു; പാദസരത്തിന്റേതാണോ? ഇത്തിരി ധൈര്യം കിട്ടാനായി ഞാന്‍ നാലുപാടും ടോര്‍ച്ച് മിന്നിച്ചു. ആ കിലുക്കത്തിന് ശക്തിയേറി. എന്റെ പിന്നിലായി വല്ല ആനയും കുന്നിറങ്ങി വരുന്നതായിരിക്കുമോ?..... അതൊന്നുമല്ല. ആ ശബ്ദം എന്നെ പിന്തുടരുന്നു. ഞാന്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടു. പടച്ചവനെ മനസ്സില്‍ ധ്യാനിച്ചു. എന്റെ ചിന്ത പണ്ട് വായിച്ച യക്ഷിക്കഥയിലേക്ക് ഇബ്‌ലീസ് കൊണ്ടെത്തിച്ചു. യക്ഷി ഇറങ്ങുമ്പോള്‍ മൂങ്ങ മൂളാറുണ്ടത്രെ? ചെവി വട്ടം പിടിച്ചു. അങ്ങ് നിന്ന് ഒരു മൂളല്‍ കേള്‍ക്കുന്നില്ലേ?.. അന്നേരം ഒരു കുറുക്കന്റെ ഒറ്റപ്പെട്ട ഓരിയിടല്‍ കേള്‍ക്കുന്നു. വേലിയില്‍നിന്ന് അടര്‍ന്ന് വീണ ഒരു വടി എടുത്തു. ആരു വന്നാലും ഒറ്റയടി എന്ന ഭാവത്തില്‍. ഞാന്‍ നടക്കുകയായിരുന്നില്ല. ഓട്ടം തന്നെ. പേശികള്‍ വലിഞ്ഞുമുറുകി. കാലുകള്‍ വിറപൂണ്ടു. നാഡിമിടിപ്പ് മാത്രം ഉച്ചത്തില്‍ കേള്‍ക്കാം. ചൂടുള്ള ഉച്ഛ|ാസം വളരെ വേഗത്തിലായി. ഇനിയും വിളിപ്പാടകലെയാണ് വീട്. ചങ്ങലക്കിലുക്കം അടുത്തെത്തിക്കൊണ്ടിരിക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഇരുളിനെ ഭേദിച്ചുകൊണ്ട് സര്‍വശക്തിയുമെടുത്ത് ഒറ്റയോട്ടം. കൂടെ, പിന്നില്‍നിന്നും ആ കിലുക്കവും ചലനവും അടുത്തടുത്ത്. ഓട്ടത്തിനിടയില്‍ തിരിഞ്ഞുനോക്കി. ടോര്‍ച്ചിന്റെ അരണ്ട വെളിച്ചത്തില്‍ രണ്ട് ജ്വലിക്കുന്ന കണ്ണുകള്‍ എന്റെ നേര്‍ക്ക്. 'അല്ലാഹ് ഇത് യക്ഷി തന്നെ.' - മനസ്സ് മന്ത്രിച്ചു. ഒന്നുകൂടി നോക്കണമെന്നുണ്ട്. പക്ഷേ, എന്റെ കണ്ണില്‍ ഇരുട്ട് കയറി. എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഇരുളിലൂടെ തപ്പിത്തടഞ്ഞ് ശരവേഗത്തില്‍ ഓടി. ഏതോ മാസ്മരിക അവസ്ഥയിലായിരുന്നു ഞാനപ്പോള്‍. വീട്ടിലെ ഗേറ്റില്‍ എത്തിയപ്പോഴാണ് സ്വബോധമുണ്ടായത്. വിറയലോടെ കയ്യിലെ ടോര്‍ച്ചിലേക്ക് നോക്കി. അതിന്റെ പകുതി ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. സാരമില്ല. ഹാവൂ!!.. ആശ്വാസമായി. ഇപ്പോള്‍ ആ ശബ്ദം അകന്നകന്നു പോയതായി തോന്നി. എന്റെ ഓട്ടവും പരിഭ്രമവും കിതപ്പുമെല്ലാം കണ്ട വീട്ടുകാര്‍ കാരണമന്വേഷിച്ചു. ഞാന്‍ സംഭവം വിശദീകരിച്ചു. അവരെല്ലാവരും എന്നെ കളിയാക്കി.
ഭക്ഷണശേഷം ഉറങ്ങാന്‍ കിടന്നു. ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. പാദസരനാദവും യക്ഷിയും കൂമനും ചങ്ങലക്കിലുക്കവുമെല്ലാം എന്നെ ശല്യപ്പെടുത്തി. പലതവണ ഞെട്ടിയുണര്‍ന്നു. ഇല്ല.. ആരുമില്ല.. അതെല്ലാം മനസ്സിന്റെ തോന്നലാണ്. ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ട് കിടന്നു. ലൈറ്റിട്ടാണ് കിടക്കുന്നത്. ഇരുട്ട് എന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രാവേറെ ചെന്ന ശേഷമാണ് ഞാന്‍ ഉറക്കത്തിലേക്ക് വഴുതിയത്.
രാവിലെ ഉണര്‍ന്ന് വെളിച്ചം പരന്നപ്പോള്‍ ടോര്‍ച്ചിന്റെ നഷ്ടപ്പെട്ട ഭാഗം അന്വേഷിച്ചിറങ്ങി. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. കുറച്ചേ നടക്കേണ്ടി വന്നുള്ളൂ. അതാ കിടക്കുന്നു നഷ്ടപ്പെട്ട ഭാഗം. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ തെല്ലകലെ എന്തോ വലിച്ചിഴച്ചതിന്റെ പാടുകള്‍. കഴിഞ്ഞരാത്രി പ്രകാശിക്കുന്ന കണ്ണ് കണ്ട അതേ സ്ഥലം. ഞാന്‍ സൂക്ഷിച്ചുനോക്കി. ആ പാട് അങ്ങ് ദൂരേക്ക് പോകുന്നു. ആ പാട് നോക്കി ഞാന്‍ നടന്നു. അത് കുന്നിറങ്ങി. താഴ്ഭാഗത്തെ കുമാരേട്ടന്റെ പടിക്കലോളം പോയിരിക്കുന്നു. ആ ഭാഗത്തേക്ക് നോക്കി നില്‍ക്കേ അപ്പുറത്തുനിന്ന് പട്ടിയുടെ കുരകേട്ടു. അപ്പോഴാണോര്‍ത്തത് കുമാരേട്ടന്‍ പുതുതായി വാങ്ങിയ വെളുത്ത തൊപ്പയുള്ള- ഓമനത്വമുള്ള- ആ അള്‍സേഷ്യന്‍ പട്ടിക്കുട്ടി. പകല്‍ മുഴുവന്‍ അതിനെ കെട്ടിയിടും. രാത്രി ഇരുട്ടായാല്‍ അതിനെ അഴിച്ചുവിടും. അത് ദൂരേക്ക് പോകാതിരിക്കാന്‍ ചങ്ങലയോടെയാണ് വിടാറ്. വിട്ട ഉടനെ അത് കുന്നില്‍ കയറി ഒന്നു ചുറ്റിക്കറങ്ങും. ശേഷമേ വീട്ടിലെത്താറുള്ളൂ. ഈ സമയത്തായിരുന്നു എന്റെ ഒറ്റക്കുള്ള യാത്ര...

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top