ബോര്‍ഡര്‍ ലൈനില്‍ തകരുന്ന ദാമ്പത്യം

ടി.പി.ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)
2015 ആഗസ്റ്റ്‌
വിദ്യാസമ്പന്നയായ യുവതി, വളരെക്കുറച്ച് നാളത്തെ ദാമ്പത്യജീവിതം പാതിവഴിയില്‍ പിരിയേണ്ടിവന്നതിന്റെ ആകുലതയുമായാണ്

      വിദ്യാസമ്പന്നയായ യുവതി, വളരെക്കുറച്ച് നാളത്തെ ദാമ്പത്യജീവിതം പാതിവഴിയില്‍ പിരിയേണ്ടിവന്നതിന്റെ ആകുലതയുമായാണ് എന്റെ അടുത്തെത്തിയത്. ''സാറേ ഞങ്ങള്‍ കുറെ 'കൗണ്‍സലര്‍മാരെ' കണ്ടിരുന്നു. പക്ഷെ ഒന്നും ശരിയായില്ല. അവസാനം ഞങ്ങള്‍ക്ക് ഡിവോഴ്‌സ് ചെയ്യേണ്ടിവന്നു. ഇപ്പോള്‍ ആ തീരുമാനത്തെക്കുറിച്ച് ഒരുപാട് സങ്കടപ്പെടാറുണ്ട്.'' വിവാഹത്തെക്കുറിച്ചും യുവതിയുടെ വ്യക്തിത്വത്തെക്കുറിച്ചും മനസ്സിലാക്കിയപ്പോള്‍ ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി (അതിരില്ലാത്ത വ്യക്തിത്വ വൈകല്യം) ആണെന്ന് മനസ്സിലായി.
ഓരോ മനുഷ്യരിലും കാണപ്പെടുന്ന വ്യക്തിത്വം മറ്റുള്ളവരില്‍ നിന്നും ഭിന്നമായിരിക്കും. ഒരു കുടുംബത്തിലുള്ളവരാണെങ്കില്‍പോലും അവരുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും സാരമായ വ്യത്യാസങ്ങള്‍ പ്രകടമായിരിക്കും. പാരമ്പര്യം, മാനസികവും ബുദ്ധിപരവുമായ പക്വത, കാര്യശേഷി, സ്വഭാവഗുണം, പെരുമാറ്റ രീതി, സംസ്‌കാരം തുടങ്ങിയ ഘടകങ്ങള്‍ ഒരാളുടെ വ്യക്തിത്വവളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കുന്നു. വ്യക്തിത്വ തകരാറുകള്‍ സംഭവിക്കുമ്പോള്‍ അവരുടെ പെരുമാറ്റം അസ്വാഭാവികമാവുകയും സമൂഹം, കുടുംബം, കൂട്ടുകാര്‍ എന്നിവരുമായി ഇടപെട്ട് ജീവിക്കുന്നതിന് പ്രയാസമുണ്ടാക്കുകയും ചെയ്യും.
എന്താണ് ബോര്‍ഡര്‍ ലൈന്‍?
നിയന്ത്രിക്കാനാവാത്ത ദേഷ്യവും പരിണിത ഫലമെന്തെന്ന് ചിന്തിക്കുക പോലും ചെയ്യാതെയുള്ള അമിത വികാര പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതുമൂലം ബന്ധങ്ങളിലുണ്ടാകുന്ന അസ്ഥിരതയുമാണ് ബോര്‍ഡര്‍ ലൈന്‍ പേര്‍സണാലിറ്റി. ഇത് ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു മാനസിക നിലയാണ്. ഈ വൈകല്യമുള്ള വ്യക്തികള്‍ കൗമാരമാകുമ്പോഴേക്കും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണിച്ച് തുടങ്ങും.
പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
• ഒറ്റപ്പെടുമെന്ന തോന്നല്‍ (ശ്യൂനതാമനോഭാവം)
•സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള വികല ധാരണ
• മറ്റുള്ളവരാല്‍ തഴയപ്പെടുമോ എന്ന ഭീതി
• വൈകാരിക അസ്ഥിരത
•സ്വയം ഉപദ്രവിക്കുക, ആത്മഹത്യാ പ്രവണത
•പെട്ടെന്ന് വിധിതീര്‍ക്കുക
•പ്രതികാര മനോഭാവം
•താനിഷ്ടപ്പെടുന്നവര്‍ തന്നെ മാത്രമെ ഇഷ്ടപ്പെടാവൂ എന്ന നിര്‍ബന്ധം
•ചിന്താപരവും വൈകാരികവുമായ ബന്ധങ്ങളിലെ അസ്ഥിരത
•പരുക്കന്‍ മനോഭാവം
•അക്ഷമ, അസ്വസ്ഥത, വിശ്വാസമില്ലായ്മ
•പെട്ടെന്ന് കടുത്ത ദേഷ്യവും നിരാശയമുണ്ടാവുക
•ആളുകളോട് പൊരുത്തപെടാനുള്ള ബുദ്ധിമുട്ട്
•എല്ലാവരിലും മതിപ്പുവാക്കുന്ന സ്വഭാവം കാണിക്കുക, പെട്ടെന്ന് എല്ലാം തകിടം മറിക്കുക.
•ഒരു കാര്യത്തിലും തൃപ്തിപ്പെടാന്‍ പറ്റാത്ത അവസ്ഥ
ബോര്‍ഡര്‍ ലൈന്‍ പ്രവണത 75 ശതമാനവും കാണുന്നത് സ്ത്രീകളിലാണ്. ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ കുടുംബ-ദാമ്പത്യ ബന്ധങ്ങളിലും സഹപാഠി-സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങളിലും വിള്ളലുണ്ടാക്കുന്നു. തനിക്ക് പരിഗണന കിട്ടുന്നില്ല, തന്നെ ആര്‍ക്കും ഇഷ്ടമില്ല, തന്റെ കാഴ്ചപ്പാട് ആരും മനസ്സിലാക്കുന്നില്ല എന്നിങ്ങനെ ചിന്തയുള്ളപ്പോള്‍ വിഷാദം, അമിതമായ ഉത്കണ്ഠ, ദേഷ്യം, അമിതവൈകാരിക പ്രക്ഷോഭങ്ങള്‍ എന്നിവ ഇടക്കിടെ ഇവര്‍ പ്രകടിപ്പിക്കും. അമിതമായ വൈകാരിക ചാഞ്ചാട്ടങ്ങള്‍, പിടിവാശി, വിജയം നേടാനായി ഏതറ്റംവരെയും പോകുക തുടങ്ങിയ സ്വഭാവമുള്ളവരില്‍ മദ്യം, മയക്കുമരുന്ന്, വഴിവിട്ട ലൈംഗികബന്ധങ്ങള്‍ എന്നീ ദൂഷ്യങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍ അത് അവരെ കഠിനമായ സങ്കടത്തിലേക്കും ചെറിയ സ്‌നേഹപ്രകടനങ്ങള്‍ പോലും അതിവൈകാരിക ബന്ധങ്ങളിലേക്കും എത്തിക്കും. ഉദാഹരണത്തിന്, ഉച്ചഭക്ഷണത്തിന് ഒരാള്‍ വരുമെന്ന് പറഞ്ഞിട്ട് വന്നില്ലെങ്കില്‍, അത് അവരോട് ഇഷ്ടമില്ലാത്തത് കൊണ്ട് ബോധപൂര്‍വ്വം അവഗണിച്ചതാണെന്ന് ചിന്തിക്കുന്നു.
എങ്ങനെ തിരിച്ചറിയാം
ചെറുപ്പത്തില്‍ പിടിവാശിക്കാരി എന്ന മട്ടിലാണ് ആളുകള്‍ ഇതിനെ മനസ്സിലാക്കുക. എന്നാല്‍, കൗമാരകാലത്ത് വ്യക്തിത്വ വൈകല്യത്തിന്റെ പലതരത്തിലുള്ള ലക്ഷണങ്ങള്‍ ഇവര്‍ക്കും മറ്റുള്ളവര്‍ക്കും അനുഭവപ്പെടും. ബോര്‍ഡര്‍ ലൈന്‍ പേര്‍സണാലിറ്റി നേരത്തെ മനസ്സിലാക്കാന്‍ പറ്റുമെങ്കിലും പതിനെട്ട് വയസ്സിന് മുമ്പ് ഇവരെ ഇത്തരത്തില്‍ മുദ്രകുത്തി ചികിത്സക്ക് വിധേയരാക്കുന്നത് വിരളമാണ്. വ്യക്തിത്വ വൈകല്യങ്ങള്‍ മാത്രമായി ചികിത്സക്ക് വരുന്നത് വളരെ കുറവാണ്. ഇത്തരം വ്യക്തികള്‍ മറ്റ് പല പ്രശ്‌നങ്ങളുമായാണ് ക്ലിനിക്കള്‍ സൈക്കോളജിസ്റ്റുകളെ കാണാനെത്തുന്നത്. പെരുമാറ്റ രീതികളിലെ വിവരങ്ങളില്‍ നിന്ന് പരിചയസമ്പന്നരായ മനശാസ്ത്രജ്ഞര്‍ക്കും മനോരോഗ വിദഗ്ധര്‍ക്കും ആളുകളുടെ വ്യക്തിത്വത്തെക്കുറിച്ച് പ്രാഥമിക ധാരണകള്‍ രൂപപ്പെടുത്താന്‍ സാധിക്കും. വ്യത്യസ്തങ്ങളായ വ്യക്തിത്വ പരിശോധനകള്‍ക്ക് വിധേയമാക്കിയാല്‍ വ്യക്തിത്വ വൈകല്യത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയുകയും അത് ചികിത്സക്ക് സഹായകമാവുകയും ചെയ്യും.
ബോര്‍ഡര്‍ലൈനിന്റെ കാരണങ്ങള്‍
ചെറുപ്പം മുതല്‍ പല തരത്തിലുള്ള അവഗണന അനുഭവിക്കുന്നവര്‍, അമിതലാളനയില്‍ വളര്‍ന്നവരും നിരന്തരപ്രശ്‌നങ്ങളില്‍ കഴിയുന്നവരുമായ മാതാപിതാക്കളുടെ മക്കള്‍, ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയര്‍ എന്നിവരിലാണ് ഈ വൈകല്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.
പാരമ്പര്യം
മാതാപിതാക്കളില്‍ ഇത്തരം വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് മക്കളിലേക്ക് പകരാനുള്ള ജനിതക സാധ്യതകള്‍ മനശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മസ്തിഷ്‌ക രാസഘടനയിലുള്ള വ്യത്യാസങ്ങള്‍ ഇത്തരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.
ശിഥില കുടുംബം
നിരന്തരം കലഹിക്കുന്ന മാതാപിതാക്കളുടെ മക്കള്‍, വേര്‍പിരിഞ്ഞ് ജീവിക്കുന്ന അച്ഛനമ്മമാരുടെ മക്കള്‍, അവിഹിത ബന്ധങ്ങളിലേര്‍പ്പെടുന്നവരുടെ മക്കള്‍, അത് കണ്ട് വളരുന്നവര്‍, കുടുംബങ്ങളില്‍ നിന്ന് തെറ്റായ പെരുമാറ്റ രീതികള്‍ കണ്ട് വളരുന്നവര്‍ എന്നിവരിലും ഇത്തരം വൈകല്യങ്ങള്‍ കാണാറുണ്ട്.
ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാകുന്നവരിലും ചെറുപ്രായത്തില്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. പലതരത്തിലുള്ള മോശമായ ജീവിതസാഹചര്യങ്ങളിലും വളര്‍ന്നുവരുന്ന കുട്ടികള്‍ പിന്നീട് ഇത്തരത്തിലുള്ള മനോനിലയില്‍ എത്താറുണ്ട്.
ചികിത്സ
വ്യക്തിത്വ തകരാറുകള്‍ എളുപ്പത്തില്‍ ചികിത്സിക്കാന്‍ സാധ്യമല്ല. പലപ്പോഴും ദാമ്പത്യപ്രശ്‌നങ്ങള്‍, കുടുംബപ്രശ്‌നം, ലൈംഗിക അതിക്രമങ്ങള്‍, പഠന പ്രശ്‌നങ്ങള്‍, അഡജസ്റ്റ്‌മെന്റ് പ്രോബ്ലങ്ങള്‍, എന്നിവയുമായി വരുമ്പോഴാണ് ഇത്തരം വ്യക്തിവൈകല്യങ്ങള്‍ ഉള്ളതായി മനസ്സിലാവുന്നത്. കടുത്ത പിടിവാശിയും ആളുകളോട് ഇടപെടാന്‍ കഴിവില്ലായ്മയും അമിത വൈകാരിക ചാഞ്ചാട്ടങ്ങളും കാണിക്കുന്ന കുട്ടികള്‍ക്ക് ചെറുപ്പത്തിലേ വൈകാരിക സന്തുലനം പാലിക്കാനും കാര്യങ്ങള്‍ നല്ലരീതിയില്‍ കാണാനുമുള്ള മികച്ച പരിശീലനം സാധ്യമാക്കാന്‍ കഴിയുന്ന ഫലപ്രദമായ ചികിത്സാ സംവിധാനം മനശാസ്ത്ര മേഖലയില്‍ ഉണ്ട്. വിവിധ മനശാസ്ത്ര ചികിത്സാരീതികള്‍ താഴെ പ്രതിപാദിക്കുന്നു.
1. ഡയലറ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പി (DBT)
വ്യാപകമായി ഉപയോഗിക്കുന്ന ഈ ചികിത്സാരീതി വൈകാരികതയെ ഉള്‍ക്കൊള്ളാനും ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാനും വ്യക്തികളെ പ്രാപ്തമാക്കുന്നു. വ്യക്തിത്വം അംഗീകരിച്ച് മനസ്സിലാക്കി, നിയന്ത്രണ വിധേയമാക്കാനും അതിനൂതന ശാസ്ത്രീയ പരിശീലനം ആവശ്യമാണ്.
2. കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (CBT)
ഇത്തരം ആളുകള്‍ വൈകാരികതയിലൂന്നിയ കാര്യങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കാനും അവഗണിക്കാനും വികലമായ ചിന്തകള്‍ ഉപയോഗിക്കുന്നു. ഇതുപോലുള്ള ചിന്തകള്‍ തിരുത്താനും രണ്ടറ്റങ്ങള്‍ മാത്രം ചിന്തിക്കുന്ന അവസ്ഥയില്‍ നിന്ന് അതിന്റെ ഇടയിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും ചികിത്സമൂലം സാധിക്കുന്നു.
3. ഫാമിലി തെറാപ്പി (FT)
ഈ സ്വഭാവങ്ങള്‍ കൊണ്ട് കുടുംബ വ്യക്തിബന്ധങ്ങള്‍ താറുമാറാവും. അവര്‍ തമ്മിലുള്ള ആശയവിനിമയം പരസ്പരം മനസ്സിലാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് കുടുംബപരമായ ഇടപെടലുകള്‍ ആവശ്യമാണ്.
4. കപ്പ്ള്‍ തെറാപ്പി
ദാമ്പത്യ ജീവിതത്തിന്റെ നൊമ്പരമാണ് ബോര്‍ഡര്‍ലൈന്‍, ബന്ധങ്ങളിലെ ശിഥിലാവസ്ഥ പരിഹരിക്കാനും ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ശരിയായ ആശയക്രമീകരണം പഠിപ്പിക്കാനും ഇത്തരം തെറാപ്പികള്‍ സഹായിക്കും.
4. ഔഷധ ചികിത്സ (Pharmeo therapy)

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വം എന്ന പ്രശ്‌നം മൂലമുണ്ടാകുന്ന ആധി അടക്കാനാവാത്തതാണ്. ദേഷ്യം, വിഷാദം, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് ഉപയോഗിച്ചു ചികിത്സ വേണ്ടിവരും. ഔഷധചികിത്സ വികാരങ്ങള്‍ ശാന്തമാക്കി മറ്റ് തെറാപ്പികള്‍ക്ക് സജ്ജമാക്കാന്‍ സഹായിക്കുന്നു. നിര്‍ബന്ധഘട്ടങ്ങളില്‍ മാത്രമെ ഔഷധചികിത്സ പ്രയോഗിക്കുകയുള്ളൂ.
മറ്റെല്ലാ മാനസിക പ്രയാസങ്ങളും പോലെതന്നെ നേരത്തെ കണ്ടെത്തുകയും അനുയോജ്യമായ ശാസ്ത്രീയ ചികിത്സാ സംവിധാനങ്ങള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍ ഇതും വൈവാഹിക ബന്ധങ്ങളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ ശ്രദ്ധിക്കാന്‍ കഴിയും. വിവാഹപൂര്‍വ കൗണ്‍സിലര്‍ക്ക് ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും വ്യക്തികളെ പ്രതിരോധ സജ്ജമാക്കാനും സാധിക്കും. ദാമ്പത്യബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മനശാസ്ത്ര വിദഗ്ധരെ സമീപിക്കുകയും അനിവാര്യമാണെങ്കില്‍ പേഴ്‌സണാലിറ്റി ടെസ്റ്റുകള്‍ക്ക് വിധേയമാവുകയും വേണം. മനശാസ്ത്രപരിഹാര നിര്‍ദേശങ്ങളോട് സംയമനത്തോടെ സഹകരിക്കുന്ന വ്യക്തികളില്‍ വളരെ മികച്ച മാറ്റങ്ങള്‍ കാണാറുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media