ജനിക്കാനും ജീവിക്കാനുമുള്ള അവകാശം

ശൈഖ് മുഹമ്മദ് കാരകുന്ന്
2015 ആഗസ്റ്റ്‌
ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്ന് ഇസ്‌ലാം സ്വീകരണത്തിനുമുമ്പ് തന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം ഇങ്ങനെ വിശദീകരിച്ചു:

ഖുര്‍ആനിലെ സ്ത്രീ 7 

      ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്ന് ഇസ്‌ലാം സ്വീകരണത്തിനുമുമ്പ് തന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം ഇങ്ങനെ വിശദീകരിച്ചു: 'എനിക്ക് എന്നോടു വളരെ ഇണക്കമുള്ള ഒരു മകളുണ്ടായിരുന്നു. ഞാന്‍ വിളിച്ചാല്‍ അവള്‍ എന്റെ അടുത്ത് ഓടിവരുമായിരുന്നു. ഒരിക്കല്‍ ഞാനവളെ വിളിച്ചു. അവളെ എന്റെ കൂടെ കൂട്ടിക്കൊണ്ടുവന്നു. വഴിയില്‍ ഒരു കിണറുണ്ടായിരുന്നു. ഞാനവളെ കൈപിടിച്ച് ആ കിണറ്റിലേക്കു തള്ളിയിട്ടു. അവളില്‍നിന്നു ഞാന്‍ കേട്ട അവസാനത്തെ ശബ്ദം ഉപ്പാ.. ഉപ്പാ.. എന്നതായിരുന്നു.' ഈ വിവരംകേട്ട നബിതിരുമേനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതു കവിളിനെ നനച്ച് താടിരോമങ്ങളിലൂടെ ഇറ്റിവീണു. അപ്പോള്‍ സദസ്സിലൊരാള്‍ അയാളുടെ നേരെ തിരിഞ്ഞു. അയാള്‍ പറഞ്ഞു: 'ഹേ മനുഷ്യാ, നിങ്ങള്‍ നബിതിരുമേനിയെ വേദനിപ്പിച്ചല്ലോ.'
പ്രവാചകന്‍ പറഞ്ഞു: 'അയാളെ തടയേണ്ട. സ്‌തോഭജനകമായ ഈ സംഗതിയെക്കുറിച്ച് അയാളോടു ചോദിക്കട്ടെ.'
തുടര്‍ന്ന് സംഭവം വീണ്ടും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ സംഭവം ആവര്‍ത്തിച്ചു. നബിതിരുമേനി അപ്പോഴും കരയുകയായിരുന്നു.
അക്കാലത്തെ ചില അറേബ്യന്‍ ഗോത്രങ്ങള്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുക പതിവായിരുന്നു. ഇതേക്കുറിച്ച് ഇബ്‌നു അബ്ബാസ് പറയുന്നത്, സ്ത്രീകള്‍ ഗര്‍ഭിണികളായാല്‍തന്നെ കുഴി ഒരുക്കുമായിരുന്നുവെന്നാണ്. പെണ്‍കുട്ടിയെയാണു പ്രസവിക്കുന്നതെങ്കില്‍ അതിലിട്ടു മൂടും. ഖൈസ്ബ്‌നു ആസ്വിം എന്നൊരാള്‍ തന്റെ എട്ടു കുട്ടികളെ കുഴിച്ചുമൂടിയതായി നബിതിരുമേനിയെ അറിയിച്ചു. പ്രവാചകന്‍ പ്രായശ്ചിത്തമായി എട്ട് അടിമകളെ മോചിപ്പിക്കാനാവശ്യപ്പെട്ടു.
വ്യത്യസ്ത കാരണങ്ങളാലാണ് അറബികള്‍ പെണ്‍കുട്ടികളെ കൊന്നൊടുക്കിയിരുന്നത്. അവയില്‍ പ്രധാനം സാമ്പത്തികം തന്നെ. പെണ്‍കുട്ടികളെ തീറ്റിപ്പോറ്റാനായി ധനം ചെലവഴിക്കുന്നത് നഷ്ടമായാണ് അവര്‍ കണ്ടിരുന്നത്. പതിനഞ്ചും പതിനാറും കൊല്ലം സമ്പത്തു ചെലവഴിച്ച് സംരക്ഷിച്ചു വളര്‍ത്തിയാല്‍ അവളെ വിവാഹം ചെയ്തയക്കണം. അതിനും ധനപരമായ ബാധ്യതയല്ലാതെ വരുമാനമൊന്നുമില്ല. ആണ്‍കുട്ടികളാണെങ്കില്‍ ബാല്യം മുതല്‍തന്നെ തൊഴിലെടുത്തു സമ്പത്തുണ്ടാക്കും.
പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചിടാനും കൊല്ലാനും പ്രേരിപ്പിച്ച മറ്റൊന്ന് പൊതുവായി നിലനിന്നിരുന്ന അരക്ഷിതബോധമാണ്. യുദ്ധവും ആക്രമണവും കൊള്ളയും സാര്‍വത്രികമായിരുന്നതിനാല്‍ വളരെവേഗം പിടികൂടപ്പെടുക സ്ത്രീകെളയാണ്. അവരെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കുകയും അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുമായിരുന്നു. ഇതു വലിയ അപമാനത്തിനു കാരണമായിരുന്നതിനാല്‍ അതൊഴിവാക്കാനും പെണ്‍കുട്ടികളെ കുഴിച്ചുമൂടുമായിരുന്നു. പ്രസവിച്ച ഉടനെ കഥകഴിക്കാന്‍ മാതാവോ ബന്ധുക്കളോ തടസ്സം നില്‍ക്കുമ്പോഴാണ് മൂന്നും നാലും വയസ്സുവരെ കാത്തിരിക്കുന്നത്. യുദ്ധം സാധാരണമായിരുന്നതിനാല്‍ പടക്കളത്തില്‍ യുദ്ധം നയിക്കാന്‍ പെണ്ണിനു സാധ്യമല്ലെന്നതും സ്ത്രീഹത്യക്കു കാരണമായിരുന്നു.
ഖുര്‍ആനില്‍ ഈ ഹീനകൃത്യം ഇങ്ങനെ വിശദീകരിക്കുന്നു: 'അവരിലാര്‍ക്കെങ്കിലും പെണ്‍കുഞ്ഞു പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദു:ഖത്താല്‍ അവരുടെ മുഖം കറുത്തിരുളും. തനിക്കുലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല, മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്; അറിയുക, അവരുടെ തീരുമാനം വളരെ നീചം തന്നെ.' (ഖുര്‍ആന്‍ 16: 58,59)
വിശുദ്ധ ഖുര്‍ആന്‍ ഈ ക്രൂരകൃത്യത്തിന് അറുതിവരുത്തി. പ്രവാചകന്റെ കണ്ണുനീര്‍തുള്ളികള്‍ മനുഷ്യരാശിക്കുള്ള കാരുണ്യവര്‍ഷമായി മാറി. സ്ത്രീവര്‍ഗത്തിന്റെ ജനിക്കാനും ജീവിക്കാനുമുള്ള അവകാശ പ്രഖ്യാപനം വന്നു. അതിന് അത്യസാധാരണമായ വിസ്‌ഫോടനശേഷിയുണ്ടായിരുന്നു. അന്നുമുതല്‍ ലോകാവസാനം വരെയുള്ള എല്ലാ തലമുറകളിലെയും എണ്ണിയാലൊടുങ്ങാത്ത ജനരാശികളുടെ ഹൃദയാന്തരാളങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ പോന്നതും.
അഞ്ചുനേരത്തെ സമയനിര്‍ണിത നമസ്‌കാരം ഉള്‍പ്പെടെ എല്ലാ ആരാധനാകര്‍മങ്ങളും നിശ്ചയിക്കപ്പെടുന്നതിനു മുമ്പാണ് ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്കായുള്ള ഖുര്‍ആന്റെ ഇടപെടലുണ്ടായത്. അല്ലാഹു താക്കീത് ചെയ്യുന്നു: 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി ചോദിക്കപ്പെടുമ്പോള്‍; ഏതൊരു പാപത്തിന്റെ പേരിലാണു താന്‍ കൊല്ലപ്പെട്ടതെന്ന്.'
ദൈവകോപം കത്തിനില്‍ക്കുന്ന സൂക്തമാണിത്. ജീവനോടെ പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന മാതാപിതാക്കള്‍ എത്ര രൂക്ഷമായ ദൈവകോപത്തിനും ക്രോധത്തിനും അര്‍ഹരാണ്. അല്ലാഹുവിന്റെ ചോദ്യംചെയ്യലിനുപോലും അവര്‍ അര്‍ഹരല്ലാത്തതിനാല്‍ എന്തിനാണ് കുട്ടികളെ കുഴിച്ചുമൂടിയതെന്ന് അവരോടു ചോദിക്കുകയില്ല. അപ്പോള്‍ അവരുടെ സാന്നിധ്യത്തില്‍ കുഞ്ഞിനോടാണു ചോദിക്കുക. അപ്പോള്‍, തന്നോടു മാതാപിതാക്കള്‍ ചെയ്ത കൊടുംക്രൂരതകള്‍ അവര്‍ വിശദീകരിക്കും. തന്നെ കുഴിച്ചുമൂടിയ രീതിയും. മാതാപിതാക്കള്‍ ഇതു കേട്ടുനില്‍ക്കേണ്ടിവരികയും കഠിനശിക്ഷ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുമെന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. ഖുര്‍ആന്റെ അതിശക്തമായ ഈ ഇടപെടലാണ് ഇസ്‌ലാമിക സമൂഹത്തെ ഇന്നും ഭ്രൂണഹത്യയില്‍നിന്നും തടഞ്ഞുനിര്‍ത്തുന്നത്.
ഖുര്‍ആന്‍ മറ്റുപലയിടങ്ങളിലും സന്താനഹത്യക്കെതിരെ ശക്തമായി ഇടപെട്ടതായി കാണാം:
'ഒരു വിവരവുമില്ലാതെ തികഞ്ഞ അവിവേകം കാരണം സ്വന്തം മക്കളെ കൊല്ലുന്നവരും അല്ലാഹു അവര്‍ക്കേകിയ അന്നം അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ച് സ്വയം നിഷിദ്ധമാക്കുന്നവരും നഷ്ടത്തില്‍ തന്നെ. സംശയമില്ല; അവര്‍ വഴികേടിലായിരിക്കുന്നു. അവര്‍ നേര്‍വഴി പ്രാപിച്ചതുമില്ല.'(6:140)
'ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത് നാമാണ്.'(6:151)
'പട്ടിണിപേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നതു നാമാണ്. അവരെ കൊല്ലുന്നത് കൊടിയകുറ്റം തന്നെ.'(17:31)
പെണ്‍പിറവി ശാപവും അപമാനകരവുമായിരുന്നതിനു പകരം പുണ്യകരവും അഭിമാനകരവും അഭികാമ്യവുമാക്കുകയായിരുന്നു ഇസ്‌ലാം. സമൂഹത്തില്‍ പലപ്പോഴും നിലനിന്നിരുന്ന പൊതുബോധത്തെ അതു തിരുത്തി. പ്രവാചകന്‍ പറഞ്ഞു: 'ഒരാള്‍ മൂന്നു പെണ്‍മക്കളെ, അല്ലെങ്കില്‍, അവരെപ്പോലുള്ള സഹോദരിമാരെ പോറ്റിവളര്‍ത്തുകയും അവര്‍ക്കു നല്ല ശിക്ഷണം നല്‍കുകയും പ്രാപ്തരാകുന്നതുവരെ കാരുണ്യം പകര്‍ന്നു നല്‍കുകയും ചെയ്താല്‍ അല്ലാഹു അവന് സ്വര്‍ഗം നിര്‍ബന്ധമാക്കും.' ഒരാള്‍ ചോദിച്ചു: 'രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയാലോ?' പ്രവാചകന്‍ പറഞ്ഞു: 'രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയാലും.' ഈ ഹദീഥ് നിവേദനം ചെയ്ത ഇബ്‌നു അബ്ബാസ് പറയുന്നു: 'അവര്‍, ഒരു പെണ്‍കുട്ടിയെയോ എന്നു ചോദിച്ചിരുന്നുവെങ്കില്‍, നബിതിരുമേനി ഒരു പെണ്‍കുട്ടിയെ എന്നും പറയുമായിരുന്നു.' (ശര്‍ഹുസ്സുന്ന)
'ഒരാള്‍ രണ്ടു പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ പോറ്റിവളര്‍ത്തിയാല്‍ അവനും ഞാനും ഇങ്ങനെയാണു വരിക'യെന്നു പറഞ്ഞ് പ്രവാചകന്‍ തന്റെ വിരലുകള്‍ ചേര്‍ത്തുപിടിച്ചു. (മുസ്‌ലിം)
'ഒരു മുസ്‌ലിമിന്ന് രണ്ടു പെണ്‍കുട്ടികളുണ്ടാവുകയും അവരോടു നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്താല്‍, അയാളെ അവര്‍ രണ്ടുപേരും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കില്ല.' (ബുഖാരി)
'ഒരാള്‍ക്ക് മൂന്നു പെണ്‍മക്കളുണ്ടാവുകയും അവനതില്‍ ക്ഷമിക്കുകയും തന്റെ കഴിവിനനുസരിച്ച് അവരെ ഉടുപ്പുകളണിയിക്കുകയും ചെയ്താല്‍, അവര്‍ അവന് നരകാഗ്നിയില്‍നിന്നുള്ള മറയായിത്തീരും.' (ബുഖാരി, ഇബ്‌നു മാജ)
'ഒരു പെണ്‍കുട്ടിയുള്ള ഒരാള്‍ അവളെ കുഴിച്ചുമൂടാതെ, നിന്ദിക്കാതെ, ആണ്‍കുട്ടിക്ക് അവളെക്കാള്‍ പ്രാധാന്യം നല്‍കാതെ വളര്‍ത്തിയാല്‍ അവന്‍ സ്വര്‍ഗാവകാശിയായിത്തീരും.' (അബൂദാവൂദ്)
'ആരെങ്കിലും പെണ്‍മക്കളുടെ പിറവിയാല്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ടവന്‍ അവരോടു നന്നായി വര്‍ത്തിക്കുകയും ചെയ്താല്‍, അവര്‍ അവന് നരകാഗ്നിയില്‍നിന്നുള്ള മറയായി മാറും.' (ബുഖാരി, മുസ്‌ലിം)
ഇങ്ങനെ ഖുര്‍ആനും പ്രവാചകചര്യയും പെണ്‍പിറവി ശാപവും ശല്യവുമല്ലാതാക്കി. സ്ത്രീക്ക് അന്തസ്സോടെ ജനിക്കാനും മാന്യമായി ജീവിക്കാനും അവസരമൊരുക്കി.
വിശുദ്ധ ഖുര്‍ആന്റെ അതിശക്തമായ ശൈലി അതിന്റെ അനുയായികളെ ഇളക്കിമറിച്ചു. അതവരെ പെണ്‍ഹത്യയെന്ന കൊടുംപാപത്തെപ്പറ്റി ആലോചിക്കാന്‍പോലും മുതിരാത്തവരാക്കി മാറ്റി. അന്ന് അവിടെ മാത്രമല്ല; എന്നും എവിടെയും. ദൃഢവിശ്വാസിയായ ഒരാളും പിന്നീട് ഇന്നോളം സ്വന്തം മകളെ കൊല്ലുകയോ അതിനു മുതിരുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഖുര്‍ആനെപ്പോലെ സ്ത്രീഹത്യക്കു തടയിട്ട ഒരു ഗ്രന്ഥവും ലോകത്തെവിടെയുമില്ല. ഉണ്ടായിട്ടുമില്ല; ഉണ്ടാവുകയുമില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media