ഖുദാ സെ ജന്നത്ത് ഹെ മേരി...

അനീസ മഠത്തില്‍/ യാത്ര No image

      അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളെന്ന നിലയില്‍ തുടര്‍പഠനത്തിന് സര്‍വകലാശാലകള്‍ പരിചയപ്പെടാനായിരുന്നു ഞങ്ങള്‍ ഉത്തരേന്ത്യയിലേക്ക് യാത്ര തിരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല, ഡല്‍ഹി സര്‍വ്വകലാശാല, ജാമിഅ മില്ലിയ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പരിചയിച്ചുവന്ന അക്കാദമിക് അന്തരീക്ഷങ്ങളേക്കാള്‍ എത്രയോ ഇനിയും സഞ്ചരിക്കാനുണ്ടെന്ന് ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അക്കാദമിക് യാത്രക്കുശേഷം മനസ്സിലായി. മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ചകള്‍ തേടി ദൂരെ ഇനിയും സഞ്ചരിക്കണമെന്നാഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല അത് കാശ്മീരില്‍ ചെന്നെത്തുമെന്ന്.
അധ്യാപകരടക്കം ഞങ്ങള്‍ 25 പേരടങ്ങുന്നതാണ് ടീം. ഡല്‍ഹി, ആഗ്ര സന്ദര്‍ശനത്തിനുശേഷം ജമ്മുമെയിലില്‍ ജമ്മുവിലേക്ക്. ട്രെയിന്‍ പഞ്ചാബിലെ ലുദിയാനയിലെത്തിയപ്പോള്‍ തന്നെ തണുത്തു വിറക്കാന്‍ തുടങ്ങിയിരുന്നു. പഠാന്‍കോട്ട് എത്തിയപ്പോഴാണ് അല്‍പം തണുപ്പിനാശ്വാസം കിട്ടിത്തുടങ്ങിയത്. വണ്ടി ജമ്മുവിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചത്ര തണുപ്പില്ല. ഉത്തരേന്ത്യന്‍ തണുപ്പിനെ വിദ്യാഭ്യാസ കാലത്ത് ധാരാളമായി ശീലിച്ച അഹങ്കാരത്തില്‍ ഞങ്ങളുടെ അധ്യാപകന്‍ ജുനൈദ് സര്‍ ചൂടുകുപ്പായം വരെ ധരിച്ചില്ല. കാശ്മീരിലെത്തിയിട്ടും തണുപ്പ് വേണ്ടത്ര ഇല്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഫര്‍മീസ് സര്‍ പറഞ്ഞത്: ''ജമ്മു ആന്റ് കാശ്മിര്‍ സംസ്ഥാനം മൂന്ന് തട്ടായി നിലകൊള്ളുന്ന ഭൂപ്രദേശമാണ്. ജമ്മു മുതല്‍ ഏതാണ്ട് ഉദംപൂര്‍ വരെ ഇടത്തരം മലയോര പ്രദേശം. ഉദംപൂര്‍ മുതല്‍ ശ്രീനഗര്‍ വരെയുള്ള ഭാഗം കാശ്മീര്‍ താഴ്‌വര. ശ്രീനഗര്‍ മുതല്‍ കാര്‍ഗില്‍ വഴി വരെയുള്ള ഭാഗമൊക്കെ ലഡാക്ക് താഴ്‌വര. യഥാര്‍ഥത്തില്‍ ജമ്മു, കാശ്മീരില്‍നിന്ന് എല്ലാംകൊണ്ടും വ്യത്യസ്തമാണ്. ജനസംഖ്യ, കാലാവസ്ഥ, നാഗരികത, സംസ്‌ക്കാരം അങ്ങനെ എല്ലാറ്റിലും വ്യത്യസ്തമായ ഭാഗമാണ്. ജമ്മു കാശ്മീരില്‍ തണുപ്പ് ശക്തമാകുമ്പോള്‍ തലസ്ഥാനം ജമ്മുവിലേക്ക് മാറും. ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ജമ്മുവിലാണ് തലസ്ഥാന നഗരി.
ജമ്മു നാവിയില്‍നിന്ന് നേരത്തെ ഏല്‍പിച്ച മിനിബസ്സില്‍ യാത്ര ആരംഭിച്ചു. ടൗണില്‍തന്നെ ധാരാളം പട്ടാള ക്യാമ്പുകള്‍ കാണാം. 300 കിലോമീറ്റര്‍ ദൂരമുണ്ട് ശ്രീ നഗറിലേക്ക്. ദേശീയപാത ഒന്നിലൂടെയുള്ള യാത്രക്ക് പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയെടുക്കും. ഉദംപൂര്‍ വരെയുള്ള ആദ്യ 60 കിലോമീറ്റര്‍ സാമാന്യം നല്ല യാത്രയാണ്. വീതിയുള്ള റോഡുകള്‍. മിക്കയിടത്തും വളവുകളും കയറ്റങ്ങളും ഒഴിവാക്കി പാലവും തുരങ്കവും സജ്ജമാക്കിയിരിക്കുന്നു. റോഡിന്റെ പണി പൂര്‍ത്തിയായാല്‍ ചുങ്കം പിരിക്കാനുള്ള ടോള്‍ ബൂത്തും സജ്ജമാണ്.
ഉച്ചയോടുകൂടി ഉദംപൂര്‍ പിന്നിട്ടു. കാശ്മീരിലേക്കുള്ള ട്രെയിനുകള്‍ ഉദംപൂര്‍വരെ മാത്രമേ ഉണ്ടാകൂ. ശ്രീനഗറില്‍ 100 കിലോമീറ്ററില്‍ തഴെയുള്ള ഒരു ചെറിയ റൂട്ടില്‍ ട്രെയിന്‍ സര്‍വ്വീസ് വേറെയുണ്ട്. പക്ഷെ ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയില്ല. കാഴ്ചകളുടെ നിറം മാറി തുടങ്ങി. ഹിമാലയന്‍ താഴ്‌വരകള്‍ ഇപ്പോഴാണ് അതിന്റെ പീലികള്‍ വിടര്‍ത്തി നൃത്തം ചവിട്ടുന്നതെന്ന് തോന്നിപ്പോകും. ഇനി ഏതാണ്ട് ഇരുനൂറ് കിലോമീറ്റര്‍ ഇത്തരം ചുരങ്ങള്‍ മാത്രമാണ്. ഒരു വശത്ത് പാറകള്‍ ചൂഴ്ന്ന് നീങ്ങി നില്‍ക്കുന്ന മല, മറു ഭാഗത്ത് മനോഹരമായ, എന്നാല്‍ പേടിപ്പിക്കുന്ന താഴ്‌വരകള്‍, ജനവാസം വളരെ കുറവാണ്. റോഡരികില്‍ ചെമ്മരിയാടുകളെ മേയ്ച്ചുനീങ്ങുന്ന കാശ്മീരി കുട്ടികളെ ഇടക്കിടെ കാണാം. വളഞ്ഞും പുളഞ്ഞും കണ്ണിന് കുളിരുപകര്‍ന്നും യാത്ര തുടരുകയാണ്. അല്‍പം ദൂരമെത്തിയപ്പോള്‍തന്നെ അങ്ങകലെ ഐസ് മല കണ്ടുതുടങ്ങി. ഡിസംബര്‍ അവസാനത്തോടെ ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന റോഡിനുവരുന്ന പുതിയ ഭാവത്തെക്കുറിച്ച് ഫര്‍മീസ്‌സര്‍ പറയുന്നുണ്ടായിരുന്നു. ഐസ് പുതഞ്ഞ റോഡെന്നൊക്കെ കേട്ടപ്പോള്‍തന്നെ മനസ്സില്‍ ലഡുപൊട്ടി.
രാത്രി പതിനൊന്നു മണിയായപ്പോഴാണ് ശ്രീനഗറിലെത്തിയത്. നഗരം വിജനമാണ്. ഹിമാലയന്‍ താഴ്‌വരകളിലെ നഗരങ്ങളൊക്കെ സന്ധ്യയോടെ വിജനമാകുമത്രെ. തണുപ്പ് അസഹ്യമായിരുന്നതിനാല്‍, കൈ മരവിച്ചിരുന്നു. തണുപ്പിന്റെ കാഠിന്യം കാരണം ശ്വാസം നിലച്ചുപോവുമോ എന്നുപോലും വിചാരിച്ചു. ദാല്‍ തടാകത്തിനടുത്ത് ഒരു ഗസ്റ്റ്ഹൗസിലാണ് താമസമൊരുക്കിയത്. രണ്ട് ജോഡി ഡ്രസ്സും, കൈയിലെയും കാലിലെയും ഉറകളും, തലയില്‍ മങ്കി കാപ്പും, പോരാഞ്ഞിട്ട് കിടക്കയില്‍ കട്ടിയുള്ള പുതപ്പും ധരിച്ചാണ് ഉറങ്ങിയത്. എന്നിട്ടും തണുപ്പിന്റെ ശക്തി പ്രതിരോധിക്കാനായില്ല.
പിറ്റേന്ന് അതിരാവിലെ സോനാ മര്‍ഗിലേക്ക് യാത്ര ആരംഭിച്ചു. ഗോള്‍ഡന്‍ ഗാര്‍ഡന്‍ എന്നാണ് സോനാ മര്‍ഗിന്റെ അര്‍ഥം. കാര്‍ഗിലിലേക്ക് പോകുന്നവഴിക്ക് 96 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. ശ്രീനഗറിലെ ജനവാസ കേന്ദ്രത്തിലൂടെയാണ് ആദ്യ യാത്ര. കൈ ഉള്ളിലാക്കി നബാ വസ്ത്രം ധരിച്ച് തീ കായുന്ന നാട്ടുകാരെ കാണാം. മനോഹരമായ എന്നാല്‍ ലളിതമായ വീടുകള്‍. പച്ചപ്പ് നെഞ്ചിലേറ്റിയ പുതഞ്ഞ് മനോഹരമായ തോട്ടങ്ങള്‍. വണ്ടി മല കയറിത്തുടങ്ങി. കൂടെ അരുവികളും തോട്ടങ്ങളുമൊക്കെയുള്ള താഴ്‌വരകള്‍ പിന്നോട്ടും. കാശ്മീര്‍ സംസ്ഥാന തെരെഞ്ഞെടുപ്പിന്റെ ചൂടും പ്രകടമാണ്. തെരുവുകളില്‍ ഉച്ചഭാഷിണി വെച്ച് പ്രചരണം നടക്കുന്നു. മുക്കുമൂലകളില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. മിക്ക ബില്‍ഡിംഗിന്റെ മുകളിലും പട്ടാളത്തെ കാണാം. ബസ്സിനു മുന്നിലും പിറകിലും പട്ടാളവണ്ടികള്‍ ചീറിപ്പായുന്നുണ്ട്.
സോനാ മാര്‍ഗ് എത്തിത്തുടങ്ങി. ഐസ്മലകള്‍ െൈകയെ ത്തും ദൂരത്തെത്തി. ഞങ്ങള്‍ ആര്‍പ്പുവിളി തുടങ്ങി. താഴ്‌വരകളുടെ മുഖംതന്നെ മാറി. സ്വര്‍ഗീയമായ അനുരാഗം. ദൈവത്തിനെ സതുതിച്ചു. സ്വര്‍ഗത്തെ ഓര്‍ത്തു പുളകിതരായി. ഖുര്‍ആനില്‍ 'താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന തോട്ടങ്ങള്‍' എന്ന് ഇടക്കിടെ ഉപയോഗിച്ചതിന്റെ ആത്മാവ് ഇപ്പോഴാണ് മനസ്സിലായത്. ഇപ്പോഴും റോഡിനിരുവശവും ഐസ് തന്നെ. വണ്ടി നിര്‍ത്തി അല്‍പം ദൂരേക്ക് മറ്റൊരു ചെറിയ വണ്ടിയില്‍ പോയി. പല ബോളിവുഡ് സിനിമകളും ചിത്രീകരിച്ച ലൊക്കേഷനാണിതെന്ന് ഡ്രൈവര്‍ പറയുന്നുണ്ട്. ധാരാളം രോമങ്ങളുള്ള കുതിരകള്‍ നിരവധി. പ്രത്യേകമായ കാലുറയും ഗ്ലൗസും ധരിച്ച് ഐസിലേക്കിറങ്ങി. പിന്നെ പൊടി പൂരമായിരുന്നു. ഐസ് വാരിയെറിഞ്ഞു. ഐസ് ശില്‍പങ്ങള്‍ ഉണ്ടാക്കുവാനും ശ്രമിച്ചു. തിമിര്‍ത്ത് ആസ്വദിച്ചു. പറഞ്ഞുതീരാത്ത സന്തോഷ മുഹൂര്‍ത്തത്തെ ക്യാമറയില്‍ പകര്‍ത്തി നാട്ടിലെത്തിക്കാനും മറന്നില്ല. നിലത്തേക്കുവലിച്ചിട്ട് മേല്‍ നിറയെ ഐസ് വാരിയെറിഞ്ഞും ഹൊ, എന്തൊക്കെയാണ് ചെയ്തതെന്ന് ഞങ്ങള്‍ക്കുതന്നെ ഓര്‍മയില്ല. ഷഫീഖ് സാറിന്റെയും സല്‍മാന്റെയും നേതൃത്വത്തില്‍ ഒരു ടീം ഒരുപാട് മുകളിലേക്ക് കയറി. സമയമായെന്നു പറഞ്ഞ് ഞങ്ങളെ ഒരുവിധത്തില്‍ താഴെ എത്തിക്കുകയായിരുന്നു. വേദനയോടെ മനസ്സില്ലാ മനസ്സോടെയാണ് സോനാ മര്‍ഗിനോട് വിട പറഞ്ഞത്.
യാത്രക്കിടെ കാശ്മീര്‍ സര്‍വകലാശാല സന്ദര്‍ശിക്കാനും മറന്നില്ല. പച്ച വിരിച്ച് മനോഹരമായ കാമ്പസ്. നിരവധി ഡിപ്പാര്‍ട്ടുമെന്റുകളുള്ള സര്‍വകലാശാലയില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ശ്രദ്ധേയമായ വകുപ്പാണ്. ചില വിദ്യാര്‍ഥികളെ പരിചയപ്പെട്ടു. വിവരങ്ങള്‍ പങ്കുവെച്ചു. സമയമെടുത്ത് പിന്നെ വരാമെന്ന ഉറപ്പില്‍ തല്‍ക്കാലം മടങ്ങി.
ഇനി ദാല്‍ തടാകത്തിലേക്ക്. പ്രണയ സല്ലാപത്തിന് പറ്റിയ മനോഹരമായ തടാകം. ഐസ് പോലെ തണുത്ത വെള്ളത്തിനുമീതെ കാശ്മീരിന്റെ മാത്രം സവിശേഷമായ ശിക്കാരയില്‍ യാത്ര. ഹൊ, ത്രില്ലിംഗ് പറഞ്ഞു തീര്‍ക്കാനാവുന്നില്ല. ചലിക്കാത്ത ഹൗസ് ബോട്ടുകളും, തടാകത്തിന് മധ്യത്തിലെ അങ്ങാടിയും, ഫ്‌ളോട്ടിങ്ങ് ഗാര്‍ഡനുമൊക്കെ തൊട്ടറിഞ്ഞ് ഒരു മണിക്കൂര്‍. ശിക്കാര യാത്രക്കിടെ സൂര്യാസ്തമയം. 'ഖുദാ സെ ജന്നത്ത് ഹെ മേരി' എല്ലാവരുടെയും ചുണ്ടുകള്‍ മൊഴിയുന്നുണ്ട്. കുറച്ചുകൂടി കഴിഞ്ഞാല്‍ ഈ തടാകം ഐസാവുമത്രെ. അപ്പോള്‍ തോണിക്കുപകരം ഐസ് സ്‌കേറ്റിംഗ് നടക്കുമെന്നാണ് തോണിക്കാര്‍ പറയുന്നത്.
മുഗള്‍ ഗാര്‍ഡനുകളില്‍ കൂടി പോകണമെന്നുണ്ടായിരുന്നു. സമയം അനുവദിക്കാത്തതുകൊണ്ട് പുറത്തുനിന്നുമാത്രം കണ്ടുമടങ്ങി. കാശ്മീര്‍ സര്‍വകലാശാലയുടെ തൊട്ടടുത്തു തന്നെയുള്ള ഹസ്രത്ത് ബാല്‍ മസ്ജിദും സമയ പരിമിധി മൂലം കാണാനായില്ല.
പിറ്റേന്ന് അതിരാവിലെ പഹല്‍ഗാം താഴ്‌വരകളിലേക്ക്. ശ്രീനഗറില്‍നിന്ന് രണ്ട് മണിക്കൂറിലേറെ സഞ്ചരിച്ച് പഹല്‍ഗാമിലെത്തി. വഴിയില്‍ ധാരാളം ആപ്പിള്‍ തോട്ടങ്ങള്‍ കാണാം. സീസണല്ലാത്തതുകൊണ്ട് ആപ്പിള്‍ ഉണ്ടായിരുന്നില്ല. ജൂലൈ ആഗസ്റ്റ് മാസത്തിലാണത്രെ ആപ്പിള്‍ സീസണ്‍. പഹല്‍ഗാമില്‍ നിന്ന് ആദ്യം അരുവാലിയിലേക്ക്. പച്ച പുതഞ്ഞ മനോഹരമായ താഴ്‌വര. ചെറിയ ഗ്രാമമാണ്. ചുറ്റും ധാരാളം പൈന്‍ മരങ്ങളും കാണാം. ഗ്രാമത്തില്‍നിന്ന് മറ്റൊരു താഴ്‌വരയിലേക്ക് ഒരു ചെറിയ കുതിരസവാരി. ഒരു മണിക്കൂര്‍ കുതിരയുടെ മുകളില്‍ കയറി സവാരി. നടന്നുപോലും കയറാന്‍ പേടിയാകുന്ന മലകള്‍ കയറിയാണ് പോയത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ആദ്യം പേടി തോന്നിയെങ്കിലും കുറച്ചുതാണ്ടിയപ്പോള്‍ ശരിക്കും ആസ്വദിച്ചു.
അരുവിയില്‍നിന്ന് ചാന്ദ്‌നാവാരി താഴ്‌വരയിലേക്ക്. പഹല്‍ഗാം മേഖലയിലെ ഏറ്റവും ഉയരം കൂടിയ മലകളില്‍ ഒന്നാണ് ഇത്. ഐസ് ധാരാളമുണ്ട്. താഴ്‌വരയുടെ നാലുഭാഗത്തും വ്യത്യസ്തമായ ഭംഗിയുളള ദൃശ്യമാണ്. തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥിലേക്ക് പോകാന്‍ ഇവിടെയിറങ്ങണം. ഇവിടെനിന്ന് ഒരു ദിവസം ട്രക്കിംഗ് നടത്തി വേണം അമര്‍നാഥിലെത്താന്‍. ശക്തമായ കാറ്റുവീശിയപ്പോള്‍ തണുപ്പ് അസഹ്യമായി. കുറച്ചുകഴിഞ്ഞപ്പോള്‍ മഴയും പെയ്തുതുടങ്ങി.
ഇനി ബിത്തബ് വാലിയിലേക്ക്. മനോഹരമായ ഉദ്യാനം, താഴ്‌വര, അരുവി.. അങ്ങനെ ഒരു താഴ്‌വരക്ക് വേണ്ട എല്ലാ ചേരുവകളുമടങ്ങിയ ഭാഗം. കാശ്മീരിന്റെ പരമ്പരാഗത വസ്ത്രം വാടകക്ക് നല്‍കുന്നവരുടെ അടുത്തുനിന്ന് ഞാനും ഒന്ന് വാങ്ങി ഫോട്ടോക്കുമുന്നില്‍ നിന്നു.
വൈകുന്നേരത്തോടെ കാശ്മീരിലെ പ്രശസ്തമായ ലാല്‍ ചൗക്കിലേക്ക്. സജീവമായ മാര്‍ക്കറ്റ്. കാശ്മീരി ഷാളുകളും, കമ്പിളി പുതപ്പും, ഡ്രൈ ഫ്രൂട്ട്‌സുമൊക്കെ മിതമായ നിരക്കില്‍ ലഭ്യമായ ഒരു നാടന്‍ മാര്‍ക്കറ്റ്. നാട്ടിലേക്കുള്ള ചില സമ്മാനങ്ങള്‍ വാങ്ങി മടങ്ങി.
കാശ്മീരിലിനി ഗുല്‍മര്‍ഗും കാര്‍ഗിലും ലേയുമൊക്കെ കാണാന്‍ ബാക്കിയുണ്ട്. ഒരാഴ്ച കൂടി നിന്നാലും കണ്ടുതീരാത്ത കാഴ്ചകള്‍ ബാക്കിയുണ്ട്. നാല് പകലുകള്‍ യാത്ര ചെയ്തിട്ടുതന്നെ ഒരായുസ്സില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ കാശ്മീര്‍ നല്‍കിയിട്ടുണ്ട്. വര്‍ഷത്തിലെ വ്യത്യസ്ത സീസണുകളില്‍ കാശ്മീരിന് വ്യത്യസ്ത ഭംഗിയാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് ഐസ് പുതഞ്ഞ കാശ്മീര്‍, മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഐസും പച്ചയും നിറഞ്ഞതായിരിക്കും. ഏറ്റവും നല്ല യാത്രാ സീസണ്‍ ഇതാണ്. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള സമയത്താണ് ആപ്പിള്‍ തോട്ടങ്ങള്‍ പൂത്തുനിറഞ്ഞ കാഴ്ച കാണാനാവുക. എന്തായാലും ഇനിയൊരു മൂന്നുതരം കാഴ്ചകള്‍ കാണാന്‍ ബാക്കിയുണ്ട്. ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍ ഇനിയും ഒരുപാട് തവണ വരാന്‍ ആഗ്രഹിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. തിരിഞ്ഞുനോക്കുമ്പോള്‍ സ്വന്തം കണ്ണിനെ പോലും വിശ്വസിപ്പിക്കാനാവാത്ത സ്വപ്നമാണോ എന്ന് വിചാരിച്ചുപോവുന്നു. എല്ലാം ഒരു സ്വപ്നം പോലെ അവസാനിച്ചു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top