അബൂനെ കാണ്‍മാനില്ല

അഫ്‌സല്‍ സുലൈമാന്‍ /മിനിക്കഥ No image

അങ്ങ്, ഉഗാണ്ടയിലെ സ്വാതന്ത്ര്യ പോരാട്ടത്തിന് ലൈക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചായക്കടക്കാരന്‍ സുധാകരേട്ടന്റെ കമന്റ് അവന്റെ ശ്രദ്ധയില്‍ പെട്ടത്.
'അബു... നിന്നെ പഞ്ചായത്ത് ഇലക്ഷന് വോട്ട് ചെയ്യാന്‍ കണ്ടില്ലല്ലോടാ....?'
അബൂ ആ കമന്റ് റിമൂവ് ചെയ്ത് ഹോളിവുഡ് താരദമ്പതികള്‍ക്ക് വിവാഹാശംസകള്‍ നേരുമ്പോഴാണ് വാപ്പയുടെ കമന്റ് ശ്രദ്ധയില്‍ പതിഞ്ഞത്.
'അബൂ.. നീയെന്തേ, നബീസമാമീടെ മോടെ കല്ല്യാണത്തിന് വരുന്നില്ലേ....'
മെസേജ് ബാഗില്‍ ഉമ്മയുടെ വക പുത്തനൊരണ്ണം കൂടി 'അബൂ.... നീയാ അബ്ദുക്കാന്റെ പീടികേ പോയി ഒരുകിലോ ഉള്ളി വാങ്ങീട്ട് വാ.'
അവന്‍ വാതിലടച്ച്, ചാറ്റ്‌ലിസ്റ്റ് ഓഫ് ചെയ്ത്, ഒട്ടകപ്പക്ഷിപോല്‍ മുഖ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. സ്‌കീനില്‍ മിന്നിമറയുന്ന ഇത്തിരിവെട്ടം ചുറ്റുപാടുമുള്ള പ്രകാശത്തെ അവനില്‍നിന്നും മറച്ചുകളഞ്ഞു.
വാപ്പ, ഉമ്മ എല്ലാവരും അബൂനെ തിരഞ്ഞുകൊണ്ടിരുന്നു. ആരുടെയും വിളിക്കവന്‍ മറുപടി പറയുന്നില്ല. സുധാകരന്റെ ചായക്കടയിലും, അബ്ദുക്കാന്റെ പീടികയിലും, സത്താറിന്റെ ദുബായ് സലൂണിലും അബൂനെ കണ്ടവരാരുമില്ല. അന്വേഷണങ്ങള്‍ പലവഴിക്ക് നടന്നു.
അബൂനെ കണ്ടവരുണ്ടോ, പോസ്റ്ററുകള്‍ മതിലുകളിലും ഇലക്ട്രിക് പോസ്റ്റിലും സ്ഥാനം പിടിച്ചു.
അബൂക്കാ ചൊവ്വയിലുണ്ടേ...'' എന്ന് പറഞ്ഞ് നിലവിളിച്ചത് അപ്പുറത്തെ നാലാം ക്ലാസുകാരന്‍ പയ്യനാണ്. കാരണം മംഗള്‍യാനുമൊത്ത് നില്‍ക്കുന്ന സെല്‍ഫി ഇന്നലെ അബു പോസ്റ്റ് ചെയ്തിരുന്നത്രെ.
ചെഗുവേരയൊടൊപ്പം അബൂനെ കണ്ടവര്‍, ഈഫല്‍ ഗോപുരത്തിന്റെ മുകളില്‍ അബൂനെ കണ്ടവര്‍.... പക്ഷേ നാട്ടുകാരും വീട്ടുകാരുമവനെ നേരിട്ട് കണ്ടതേയില്ല.
അബൂനെയോര്‍ത്ത് വിതുമ്പുന്ന ഉമ്മ, വയറ് വിശക്കുമ്പോള്‍ തിരികെ വരുമെന്ന് വാപ്പ.
ഇന്ന് ലോകമാതൃദിനം 'അബു ജീവനോടെയുണ്ട്!' അബൂന്റെ പുതിയ വാട്‌സ് ആപ്പ് സന്ദേശവുമായി നാട്ടുകാര്‍ ഓടിവന്നു.
'എന്നെ നൊന്തു പ്രസവിച്ച എന്റെ ഉമ്മച്ചിക്ക്.....''കണ്ടില്ലേ! അവനെന്നെ മറന്നിട്ടില്ല,' നിറകണ്ണുകളോടെ അവന്റെ ഉമ്മ പറഞ്ഞു

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top