മുറിവുകളിലൂടെയാണ് നിങ്ങളില്‍ പ്രകാശം എത്തിച്ചേരുന്നത്
അമൽ അബ്ദുറഹ്മാൻ
2015 ജൂലൈ
വിശുദ്ധ ഖുര്‍ആനിലെ പന്ത്രണ്ടാം അധ്യായമായ സൂറ:യൂസുഫ് മനസ്സിരുത്തി ജീവിതത്തിലാദ്യമായി വായിച്ചത് ഈയടുത്താണ്.
വിശുദ്ധ ഖുര്‍ആനിലെ പന്ത്രണ്ടാം അധ്യായമായ സൂറ:യൂസുഫ് മനസ്സിരുത്തി ജീവിതത്തിലാദ്യമായി വായിച്ചത് ഈയടുത്താണ്. അതിന്റെ ഉജ്വലമായ അവതരണശൈലിയും ഭാഷയും കഥയുടെ ഗാംഭീര്യവും ആഴവും എന്നെ ഹഠാതാകര്‍ഷിച്ചു. മറ്റുള്ള പ്രവാചക ചരിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി 'യൂസുഫ്' എന്ന വ്യക്തിക്ക് ഇവിടെ ഒരുപാട് പ്രാധാന്യം നല്‍കപ്പെടുന്നു. പ്രവാചക ചരിത്രങ്ങള്‍ ഖുര്‍ആനില്‍ അവതരിപ്പിക്കുന്നിടത്തെല്ലാം അവര്‍ ജീവിച്ചിരുന്ന സമൂഹത്തിന്റെ അവസ്ഥയും ഒരുപാട് പ്രാധാന്യത്തോടെ പരാമര്‍ശിച്ചതായി കാണാം. എന്നാല്‍, ഇവിടെ 'യൂസുഫ്' എന്ന വ്യക്തിപ്രഭാവമാണ് മുഴച്ചുനില്‍ക്കുന്നത്. മാനവകുലത്തിലെ സകലമനുഷ്യര്‍ക്കും വലിയ പാഠമാണ് യൂസുഫ്. ബാല്യത്തിന്റെയും യൗവനത്തിന്റെയും വാര്‍ധക്യത്തിന്റെയും പാഠങ്ങള്‍ നല്‍കുന്നു യൂസുഫ്. സ്ത്രീ-പുരുഷന്‍ എന്നതിനപ്പുറമുള്ള 'മനുഷ്യന്'' മാതൃകയാണ് യൂസുഫ്. തികച്ചും വ്യത്യസ്തനായിരുന്ന യൂസുഫിന്റെ ബാല്യം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ചെറുതിലെ മാതാവ് മരണപ്പെട്ടു. യൂസുഫിനോടും സഹോദരന്‍ ബിന്‍യാമീനോടും പിതാവിനുള്ള സ്‌നേഹം കാരണം സ്വസഹോദരങ്ങള്‍ ഒരു കിണറ്റില്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു. ശേഷം വിവിധ മനുഷ്യരുടെ കൈകളിലൂടെ അദ്ദേഹം ഈജിപ്തില്‍ അടിമയായി വില്‍ക്കപ്പെടുന്നു. ഈ യാത്രയില്‍ യൂസുഫ് അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഭീകരമായിരിക്കാം. ചെല്‍ഡ് ഹുഡ് ട്രോമ (ഇവശഹറവീീറ ൃേമൗാമ) അഥവാ ബാല്യകാല പീഡനങ്ങള്‍ എന്ന പേരില്‍ ഇന്ന് മന:ശാസ്ത്രജ്ഞര്‍ പറയുന്ന ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നു യൂസുഫിന്റെ ചരിത്രം. ഈജിപ്തില്‍ യൂസുഫിനെ വാങ്ങിയത് ഒരു പ്രഭുവായിരുന്നു. തന്റെ യൗവനത്തിന്റെ തുടക്കത്തിലാണ് യൂസുഫ് ഈ വീട്ടിലേക്കെത്തുന്നത്. ലോകമനുഷ്യരില്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു യൂസുഫിന്റെ ആന്തരികവും ബാഹ്യവുമായ സൗന്ദര്യം. അല്ലാഹു യൂസുഫിനെ ഏറ്റവും പരീക്ഷിച്ചതും ഈ മേഖലയില്‍ തന്നെയായിരുന്നു. പ്രഭുവിന്റെ ഭാര്യ യൂസുഫില്‍ ആകൃഷ്ടയാകുകയായിരുന്നു. അവള്‍ യൂസുഫിനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. ഈ സന്ദര്‍ഭം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നതിങ്ങനെ: 'യൂസുഫ് താമസിച്ചിരുന്ന വീടിന്റെ നായിക അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമം തുടങ്ങി. ഒരു ദിവസം വാതിലടച്ചിട്ട് അവള്‍ പറഞ്ഞു. 'വരൂ' യൂസുഫ് പറഞ്ഞു. 'അല്ലാഹുവില്‍ ശരണം! അവനാണ് എന്റെ നാഥന്‍, എനിക്ക് നല്ല പാര്‍പ്പിടം നല്‍കിയവന്‍ (എന്നിട്ട് ഞാന്‍ ഇപ്പണി ചെയ്യുകയോ!)' ഇത്തരം അധര്‍മികള്‍ ഒരിക്കലും വിജയം പ്രാപിക്കുകയില്ല. അവള്‍ അദ്ദേഹത്തെ പിടികൂടാന്‍ തുനിഞ്ഞു. തന്റെ നാഥന്റെ ദൃഷ്ടാന്തം കണ്ടിരുന്നുവെങ്കില്‍ അദ്ദേഹം അവനെയും പിടികൂടാന്‍ തുനിഞ്ഞേനെ. ഇങ്ങനെ ഉണ്ടായ നീചവും ലജ്ജാവഹവുമായ ചെയ്തികളില്‍നിന്ന് നാം അദ്ദേഹത്തെ അകറ്റുന്നതിന് വേണ്ടി. അദ്ദേഹം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരില്‍ പെട്ടവനായിരുന്നു. (12:23-24). ഈ സന്ദര്‍ഭത്തില്‍ യുസുഫ് സ്വന്തത്തെ തന്റെ നാഥനില്‍ സമര്‍പ്പിക്കുന്നു. തന്റെ കഴിവും ദൗര്‍ബല്യങ്ങളും അറിവും അറിവില്ലായ്മയുമെല്ലാം റബ്ബിന്റെ മുന്നില്‍ സമര്‍പ്പിച്ച് സഹായത്തിനര്‍ഥിക്കുന്നു. ഇതാണ് അല്ലാഹുവിലുള്ള യഥാര്‍ഥ സമര്‍പ്പണം! പതറിപ്പോകുന്ന പരീക്ഷണഘട്ടങ്ങളില്‍ അല്ലാഹുവില്‍ സര്‍വവും ഭരമേല്‍പ്പിക്കുന്ന യഥാര്‍ഥവിശ്വാസിയുടെ മാതൃക ഖുര്‍ആന്‍ ഇവിടെ വരച്ചുകാട്ടുന്നു. തന്റെ മേല്‍ ഭവിച്ച പരീക്ഷണത്തില്‍ ദൈവസഹായത്താല്‍ യൂസുഫ് വിജയിക്കുന്നു. ശേഷം തനിക്കു വഴങ്ങിത്തന്നില്ലെങ്കില്‍ യൂസുഫിനെ തുറങ്കിലടക്കുമെന്ന് പ്രഭുപത്‌നി പ്രഖ്യാപിക്കുന്നു. ഈ സമയം യൂസുഫ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു.
'നാഥാ.., ഈയാളുകള്‍ എന്നോടാവശ്യപ്പെടുന്ന സംഗതികളെക്കാള്‍ എനിക്ക് അഭികാമ്യമായിട്ടുള്ളത് തടവറയാകുന്നു. (യൂസുഫ്: 34) തന്റെ സ്വാതന്ത്ര്യത്തെക്കാളും തെറ്റിനെ ഭയപ്പെടുന്ന ഒരു മഹാമനുഷ്യനെ നാം ഇവിടെ കാണുന്നു. നിസ്സഹായത അല്ലാഹുവിന് മുമ്പില്‍ തുറന്നുപറഞ്ഞ് കേഴുന്ന അടിമയെ ഇവിടെ കാണാം. വര്‍ഷങ്ങളോളം നിരപരാധിയായി യുസുഫ് ജയിലില്‍ കഴിയുന്നു. തന്റെ നിറയൗവനത്തില്‍ അല്ലാഹുവിന്റെ മറ്റൊരു പരീക്ഷണം. ഉത്തമവ്യക്തിത്വമായിട്ടാണ് യുസുഫ് ജയില്‍വാസികള്‍ക്കിടയിലും അറിയപ്പെടുന്നത്. 'താങ്കള്‍ ഒരു നല്ല മനുഷ്യനെന്ന് ഞങ്ങള്‍ കാണുന്നല്ലോ' എന്ന തടവറയിലെ യുവാക്കളുടെ സംസാരം ഇത് വ്യക്തമാക്കുന്നു. യുസുഫ് തന്റെ സത്യപ്രബോധനം ആരംഭിക്കുന്നതും ജയിലില്‍ നിന്ന് തന്നെയാണ്. തന്റെയടുക്കല്‍ സ്വപ്‌നവ്യാഖ്യാനം ചോദിച്ചുവന്ന യുവാക്കളോട് ലളിതവും സന്ദര്‍ഭോചിതവുമായാണ് യൂസുഫ് ഇബ്‌റാഹീമിന്റെയും യഅ്കൂബിന്റെയും സത്യദീന്‍ അവതരിപ്പിക്കുന്നത്. പ്രബോധകനായ വിശ്വാസിക്ക് ഇതില്‍ ഒരുപാട് മാതൃകയുണ്ട്. വീണ്ടും കാലങ്ങളോളം ജയിലില്‍ കഴിച്ചുകൂട്ടുന്നു യൂസുഫ്. രാജാവ് കണ്ട സ്വപ്‌നം വ്യാഖ്യാനിക്കുന്നതിലൂടെയാണ് യൂസുഫ് പിന്നീട് ജയില്‍ മോചിതനാകുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പായി യൂസുഫ് തന്റെ നിരപരാധിത്വം ജനങ്ങള്‍ക്ക് മുമ്പാകെ തെളിയിക്കുന്നു. തന്റെ സത്യസന്ധത തെളിയിച്ച യുസുഫ് പറയുന്നു. 'ഞാന്‍ എന്റെ മനസ്സിനെ നിരപരാധിയാക്കുന്നില്ല. മനസ്സ് തിന്മയിലേക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ റബ്ബിന്റെ കാരുണ്യം ലഭിച്ചവനൊഴിച്ച്.' നന്മയും തിന്മയും സ്വന്തം കഴിവും കഴിവുകേടുമായി കരുതുന്നവര്‍ മനസ്സിരുത്തി വായിക്കേണ്ടതാണീ സൂക്തങ്ങള്‍. യുസുഫുമായി സംസാരിച്ച രാജാവ് അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് നിയമിക്കുന്നു. ശേഷം നാം കാണുന്നത് യുസുഫിന്റെ ഇഹലോക വിജയത്തിലേക്കുളള പ്രത്യക്ഷമായ യാത്രയാണ്. തന്റെ സഹോദരന്മാരെ കണ്ടുമുട്ടുന്നതും മാതാപിതാക്കളോടൊത്ത് മിസ്വ്‌റില്‍ സന്തുഷ്ടനായി കഴിയുന്നതുമായ യൂസുഫിന്റെ ദുരിതപൂര്‍ണവും പ്രഷുബ്ധവുമായ ജീവിതാനുഭവങ്ങളെ വിലയിരുത്തുന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. 'എന്റെ റബ്ബ് സൂക്ഷ്മവും സമര്‍ഥവുമായ നടപടികളിലൂടെ അവന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നു എന്നതത്രെ സത്യം. നിസ്സംശയം, അവന്‍ സര്‍വജ്ഞനും യുക്തിമാനുമല്ലോ. എന്റെ നാഥാ, നീ എനിക്ക് അധികാരം നല്‍കി. സംഭവങ്ങളുടെ സൂക്ഷ്മാവസ്ഥയും പരിണാമവും ഗ്രഹിക്കുവാന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു. വാനഭുവനങ്ങളുടെ സ്രഷ്ടാവേ, ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി നീ മാത്രമാകുന്നു. എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളോട് ചേര്‍ക്കുകയും ചെയ്യേണമേ' (യൂസുഫ്: 100-101). തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ പഴിക്കുകയല്ല യൂസുഫ് ചെയ്യുന്നത്, മറിച്ച്, അല്ലാഹുവിന്റെ അപാരമായ സംഭവങ്ങളുടെ ക്രമീകരണത്തെയോര്‍ത്ത് അത്ഭുതപ്പെടുകയും സ്തുതിക്കുകയുമാണ് ചെയ്യുന്നത്. പ്രയാസത്തിനൊടുവില്‍ എളുപ്പമുണ്ട് എന്ന ഖുര്‍ആന്‍ വചനമാണ് യൂസുഫിന്റെ ചരിത്രത്തിലൂടെ പുലരുന്നത്. മഹാനായ സൂഫി കവി ജലാലുദ്ദീന്‍ റൂമി പറയുന്നു: 'മുറിവുകളിലൂടെയാണ് നിങ്ങളില്‍ പ്രകാശം എത്തിച്ചേരുന്നത്.' ജീവിതത്തിന്റെ വലിയൊരു ഭാഗം പ്രയാസങ്ങളിലും പരീക്ഷണങ്ങളിലൂടെയും കടന്ന് പോകുന്ന യുസുഫ് ഒടുവില്‍ അല്ലാഹുവിന്റെ പ്രകാശത്താല്‍ ഇഹത്തിലും പരത്തിലും പ്രഭാപൂരിതമാകുന്നതാണ് നാം ഇവിടെ കാണുന്നത്. അല്ലാഹുവിന്റെ വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയരാവുന്നവരാണ് നാം. അല്ലാഹു പരീക്ഷിക്കുന്നത് തന്റെ ഇഷ്ടദാസന്മാരെയാണ് താനും. പരീക്ഷണങ്ങള്‍ മനുഷ്യനെ ശുദ്ധീകരിക്കാനാണ്. ക്ഷമയോടെയും ദൈവസ്മരണയോടെയും പരീക്ഷണത്തെ മറികടക്കുന്നവനാണ് യഥാര്‍ത്ഥ വിജയി. രോഗം, ദാരിദ്ര്യം, അപകടങ്ങള്‍, യുദ്ധം, ഏകാന്തത, അനീതി തുടങ്ങി വിവിധങ്ങളായ പരീക്ഷണങ്ങളിലൂടെ കടന്ന് പോകുന്നവരെ സഹതാപത്തോടെ നോക്കികാണുകയല്ല നാം ചെയ്യേണ്ടത്. പരീക്ഷണത്തെ വിജയകരമായി മറികടക്കുന്നതിലൂടെ സ്വന്തത്തെ ശുദ്ധീകരിച്ചെടുക്കാം എന്ന സന്തോഷവാര്‍ത്തയാണ് നല്‍കേണ്ടത്. പരലോക ഭവനത്തെക്കുറിച്ച പ്രതീക്ഷയും പരീക്ഷണങ്ങളെ ഭംഗിയായി ക്ഷമിക്കുന്ന യഅ്ഖൂബ് നബിയെയും സുറ:യൂസുഫില്‍ കാണുന്നു. ക്ഷമ ഭംഗിയാണ് എന്ന സന്ദേശം കൂടി ഇതിലൂടെ ചരിത്രം ഉണര്‍ത്തുന്നു. സത്യനിഷേധികള്‍ മാത്രമേ ദൈവവിധിയില്‍ നിരാശരാവൂ എന്ന യഅ്ഖൂബ് നബിയുടെ സന്ദേശവും മനുഷ്യര്‍ക്ക് പാഠമാകേണ്ടതുണ്ട്. റബ്ബിന്റെ കാരുണ്യത്തിലുള്ള നിരാശയാണ് മനുഷ്യനെ സകല തിന്മയിലേക്കും നയിക്കുന്നത്. പരമകാരുണികനായ റബ്ബിനെ നിഷേധിക്കലാണത്. പരീക്ഷണ ഘട്ടങ്ങളില്‍ അല്ലാഹുവിന് പകരം മറ്റുള്ളവരെ സ്വീകരിക്കേണ്ടിവരുന്നത് റബ്ബില്‍ നിരാശരാവുമ്പോഴാണല്ലോ. വ്യാജദൈവങ്ങളും ഔലിയാക്കളും മഖാമുകളും നമ്മുടെ നാട്ടില്‍ കൂടുന്നതും റബ്ബിലുള്ള നിരാശകാരണമാണ്. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍ പീഡനങ്ങളനുഭവിച്ചവര്‍ക്കും അനീതികള്‍ക്കിരയാക്കപ്പെട്ടവര്‍ക്കും, സ്വദേശം വെടിയേണ്ടിവന്നവര്‍ക്കും ഏകാന്തരാക്കപ്പെട്ടവര്‍ക്കും ജീവിതത്തിന്റെ വിവിധങ്ങളായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും ശുഭവാര്‍ത്ത അറിയിക്കുന്നു ഈ അധ്യായം.