ഭര്‍ത്താവുദ്യോഗസ്ഥന്മാരില്‍ ഒരാളെക്കുറിച്ചല്‍പം

നസീം പുന്നയൂര്‍ No image

      വാകത്താനത്തെ പുരാതന കുടുംബമായ കുരിശുമൂലയില്‍ ഫിലിപ്പോസച്ചന്റെ മകന്‍ ജോയിക്കുട്ടിയാണ് എടവകയിലെ ശവക്കുഴിവെട്ടുകാരന്‍ വര്‍ക്കിയുടെ മകള്‍ ബെറ്റിയെ കല്യാണം കഴിച്ചത്. ബെറ്റി കുവൈത്തില്‍ ജോലിചെയ്തു ലക്ഷങ്ങള്‍ നേടുന്ന ഒരു നഴ്‌സായതുകൊണ്ടു മാത്രമല്ല, ജോയിക്കുട്ടിയെ ഗള്‍ഫില്‍ കൊണ്ടുപോവുകയും അതുവഴിയവന്റെ തെമ്മാടിത്തരത്തിനും താന്തോന്നിത്തരത്തിനും ഒരറുതിവരുമെന്ന് കരുതിയും കൂടിയാണ്.
അതേസമയം ശവക്കുഴിവെട്ടുകാരന്‍ വര്‍ക്കിക്കുമുണ്ടായിരുന്നു ഈ വിവാഹത്തിലൂടെ ലക്ഷ്യങ്ങള്‍. എടവകയിലെ ശവക്കുഴിവെട്ടുകാരന്‍ എന്ന ചീത്തപ്പേര് ഒരു പരിധി വരെ ബെറ്റിയുടെ കുവൈത്ത് ദിനാറുകൊണ്ട് തേച്ചുമായ്ച്ചുകളയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും കുരിശുമൂലയില്‍ കുടുംബവുമായുള്ള ഒരു ബന്ധംമൂലം സൊസൈറ്റിയില്‍ തന്റെ സ്റ്റാറ്റസ് ഉയര്‍ത്താമെന്നും വര്‍ക്കി മനസ്സിലാക്കി. ബെറ്റിയുടെ കുവൈത്തു ദിനാറും കുരിശുമൂലത്തറ വാട്ടുകാരുമായുള്ള വിവാഹബന്ധവും ഇടവകയിലെ ശവക്കുഴിവെട്ടുകരനെന്ന ചീത്തപ്പേരും കഴുകിക്കളഞ്ഞു ശുദ്ധിയാക്കാമെന്ന് വര്‍ക്കിച്ചനുറപ്പുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞാലുടന്‍ വരന്‍ ജോയിക്കുട്ടിയെ കുവൈത്തിലേക്ക് കൂടെക്കൂട്ടുമെന്ന വാക്ക് നൂറുശതമാനം ബെറ്റി പാലിച്ചു. വാകത്താനത്തിന്റെ നാലതിര്‍കടന്നു പുതുലോകം കാണാത്ത ജോയിക്കുട്ടിക്ക് കുവൈത്ത് ഒരത്ഭുതലോകം തന്നെയായിരുന്നു. ആ അത്ഭുതലോകത്തു കഴിയവെ അവന്‍ അപ്പച്ചന്റെ വാക്കുകള്‍ ഓര്‍ത്തു. അപ്പച്ഛന്റെ ആജ്ഞക്കനുസരിച്ച് ജീവിക്കാന്‍ അവന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയായിരുന്നു.
ബെറ്റിക്കു ജോലി പല ഷിഫ്റ്റുകളായിട്ടാണ്. കാലത്തും ഉച്ചതിരിഞ്ഞും രാത്രിയും ഷിഫ്റ്റുകള്‍ മാറിമാറി വരും. ബെറ്റി ജോലിക്കുപോയാല്‍ വീട്ടില്‍ ജോയിക്കുട്ടി തനിച്ചാണ്. ഉണ്ടും ഉറങ്ങിയും ടി.വി കണ്ടും കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചും അയാള്‍ സമയം കഴിച്ചു. ജോലി ചെയ്യാതെയുള്ള ഈ ജീവിതം അയാള്‍ ഏറെ ആസ്വദിച്ചു.
എന്നാള്‍ ബെറ്റി ചിന്തിച്ചതിങ്ങനെയാണ്, മെച്ചപ്പെട്ട ജോലി ചെയ്യാന്‍ ജോയിക്കുട്ടിക്ക് മുന്തിയ വിദ്യാഭ്യാസമൊന്നും ഇല്ലെങ്കിലും ഉള്ള വിദ്യാഭ്യാസംവെച്ച് കിട്ടാവുന്ന ഒരു ജോലി തപ്പിടിക്കണം. അങ്ങനെയാണ് ബെറ്റി തന്റെ കൂടെ ജോലിചെയ്യുന്ന ഒരു മെയില്‍ നെഴ്‌സ് തുടങ്ങിയ ഫാന്‍സി ഷോപ്പിന്റെ മാനേജരായി ജോയിക്കുട്ടിക്കൊരു ജോലി തരപ്പെടുത്തിയത്. വിവരം ജോയിക്കുട്ടിയെ അറിയിച്ചപ്പോ അയാള്‍ പ്രതികരിച്ചതിങ്ങനെയാണ്.
'എനിക്കെന്തിനാ ഇനിയിപ്പൊ ഒരു ജോലി, നമുക്ക് രണ്ടാള്‍ക്കും ജീവിക്കാനുള്ളതും അതിലേറെയും നീ സമ്പാദിക്കുന്നുണ്ടല്ലോ. ഇനി ഞാനും കൂടെ ജോലിചെയ്തു ബുദ്ധിമുട്ടണോ.'
ബെറ്റി അതിന് മറുപടി ഒന്നും പറഞ്ഞില്ല. ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായാണദ്ദേഹം കരുതുന്നത്. ജോലി ചെയ്യാതെ തന്റെ തണലില്‍ ഒരു ഭര്‍ത്താവുദ്യോഗസ്ഥനായി കഴിയാനാണ് പുള്ളിയുടെ പരിപാടിയെന്ന് മനസ്സിലായി.
ജോയിക്കുട്ടിയുടെ മറ്റൊരു പ്രത്യേകത ഇവിടെ നടക്കുന്നതെല്ലാം നാട്ടിലേക്ക് അപ്പച്ഛനെ വിളിച്ചറിയിക്കുക എന്നതായിരുന്നു. അതിനുവേണ്ടിതന്നെ നല്ലൊരു സംഖ്യ ചിലവാകും. ഒരു ദിവസം ബെറ്റിക്കൊരു ടെലഫോണ്‍ വന്നു അത് ജോയിക്കുട്ടിയുടെ അപ്പച്ഛന്റെയായിരുന്നു. 'മോളെ നീയൊരു കാര്യം മനസ്സിലാക്ക്. എന്റെ മോനെ നിനക്ക് ഭര്‍ത്താവായി തന്നതും അവനെ കുവൈത്തിലേക്കയച്ചതും അവിടെ കണ്ടവന്റെ പണിയെടുക്കാനൊന്നുമല്ല. ഞങ്ങളുടെ കുടുംബക്കാര്‍ മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുള്ളൂ അല്ലാതെ മറ്റുള്ളവന്റെ പണിയെടുത്തിട്ടില്ല. അതു മറക്കണ്ട.'
വീണ്ടും അപ്പച്ചന്‍ പലതും പറഞ്ഞു. എല്ലാ ഓര്‍മ്മപ്പെടുത്തലുകളും താക്കീതായിരുന്നു.
ബെറ്റിക്കൊരു കാര്യം മനസ്സിലായി - എവിടെയൊക്കെയോ താളംപിഴച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും വളരെ ശ്രദ്ധിച്ചും സൂക്ഷ്മതയോടെയും മുന്നേറിയവളാണ് താന്‍. അതുകൊണ്ടുതന്നെ എവിടെയും ഇന്നുവരെ താളംതെറ്റിയിട്ടില്ല. പക്ഷെ ഇവിടെ താന്‍ ജീവിതത്തിലേക്ക് ഒരു തുണയെ െതരഞ്ഞെടുക്കുമ്പോള്‍ മാത്രം തനിക്കു താളം തെറ്റിയില്ലേ - ബെറ്റിക്കു സംശയമായി.
ഒരിക്കല്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ജോയിക്കുട്ടി ചോദിച്ചു. 'ബെറ്റിക്കെന്നാ ശമ്പളം കിട്ടും' അവള്‍ തനിക്കു കിട്ടുന്ന ശമ്പളം പറഞ്ഞു. 'ന്റെ കര്‍ത്താവെ, അത്രേം കിട്ടോ. അപ്പോ എനിക്കും നിനക്കും മാത്രമല്ല നമ്മുടെ കുടുംബങ്ങള്‍ക്കും കഴിയാനുളളതു നിനക്കൊറ്റക്കൊരാള്‍ക്ക് കിട്ടും. പിന്നെ ഞാനെന്തിനാ ജോലി ചെയ്യുന്നത്'
വല്ലാത്തൊരു പൊട്ടിച്ചിരിയോടെയാണയാള്‍ അതുപറഞ്ഞത്. പക്ഷെ ബെറ്റിക്ക് ആ ചിരിയില്‍ പങ്ക് ചേരാനായില്ല.
അവളുടെ മനസ്സുതെററിയ കണക്കുകൂട്ടലുകളെക്കുറിച്ചോര്‍ത്തു വ്യാകുലപ്പെടുകയായിരുന്നു.
'നീ ഈ പണമൊക്കെ എന്നാ പെണ്ണെ ചെയ്യുന്നത്.' ജോയിക്കുട്ടി ചോദിച്ചു.
'ഞാനെന്റെ അക്കൗണ്ടിലിടും പിന്നെ അത്യാവശ്യത്തിന് ചെലവാക്കും' ബെറ്റി പറഞ്ഞു.
'എന്നാലിനി ആ പതിവ് പറ്റില്ല. നിനക്കു കിട്ടുന്ന ശമ്പളം നീ നേരെ എന്റെ അടുത്ത് കൊണ്ടുവന്നു തരണം. എന്നിട്ട് നിനക്കാവശ്യത്തിനുളള പണം ഞാന്‍ നിനക്കു തരും. അതാണല്ലോ അതിന്റെയൊരു ശരി... കാരണം ഞാന്‍ നിന്റെ കെട്ടിയോനാണല്ലൊ..'
വീണ്ടും ജോയിക്കുട്ടി ചിരിച്ചു. അവള്‍ ഭര്‍ത്താവിനെ ഒന്നു തുറിച്ചുനോക്കി.
കണ്ണെത്താത്ത ദൂരത്തീ മരുഭൂമിയില്‍ വന്നു കിടന്നു രാപ്പകലില്ലാതെ താന്‍ കഷ്ടപ്പെട്ട് അധ്വാനിക്കുക. എന്നിട്ടാ പണം അപ്പാടെ കൈപറ്റാന്‍ ഭര്‍ത്താവിവിടെ വന്നു ഒരു ജോലിയും ചെയ്യാതെ കഴിയുക. അയാളുടെ ഈ നിലപാടുകാണുമ്പോള്‍ തോന്നും താനധ്വാനിക്കുന്ന പണം എണ്ണി വാങ്ങാന്‍ വേണ്ടി മാത്രമാണ് അയാള്‍ കുവൈത്തില്‍ വന്നിരിക്കുന്നത്.
ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയുടെ ശമ്പളം കൈപറ്റാനും അതുസൂക്ഷിക്കാനും ഭര്‍ത്താവിനവകാശമുണ്ടെന്ന് പറഞ്ഞാല്‍ അതുനിഷേധിക്കാനാവില്ല.
പക്ഷെ അതു ചോദിക്കുന്നതും വാങ്ങുന്നതിനുമൊക്കെ ചില രീതികളില്ലെ.
ഇതു ഭാര്യയുടെ വിസയില്‍ ഗള്‍ഫില്‍ വരിക. എന്നിട്ട് യാതൊരു ജോലിയും ചെയ്യാതെ ഭാര്യയുടെ ശമ്പളം കണക്കുപറഞ്ഞു വാങ്ങുക.
ഇതു ജോയിക്കുട്ടിയുടെ സ്വന്തം അഭിപ്രായത്തിനു ചെയ്യുന്നതല്ല. അയാളുടെ പിന്നില്‍ ആരോ ഇതൊക്കെ ചെയ്യിക്കുന്നുണ്ട്. അതാരാണ്.
അടുത്ത ദിവസം തന്നെ ബെറ്റിക്കതിന്റെ സൂചന ലഭിച്ചു.
ഒര ദിവസം ബെറ്റിക്കൊരു ടെലഫോണ്‍ വന്നു. അതു ജോയിക്കുട്ടിയുടെ അച്ഛന്റെതായിരുന്നു.
മുഖവുരയൊന്നുമില്ലാതെ തന്നെ അമ്മനച്ഛന്‍ മരുമകളോട് പറഞ്ഞു. 'എടി പെങ്കൊച്ചെ, നീ എന്നാ കരുതി എന്റെ കൊച്ചനെ അങ്ങ് അറബ് നാട്ടില്‍കൊണ്ടുപോയിട്ടു അവനെക്കൊണ്ട് പണിയെടുപ്പിച്ചു സമ്പാദിക്കാമെന്നോ ആ പൂതിവേണ്ട കേട്ടോ - ഞങ്ങളുടെ തറവാട്ടില്‍ ഒരാളും അന്യരുടെ പണിയെടുത്തിട്ടില്ല. ഞങ്ങള്‍ മറ്റുള്ളവരെ വെച്ചു പണിയെടുപ്പിച്ചിട്ടെയുള്ളൂ, മനസ്സിലായോ-'
ബെറ്റി മനസ്സിലായെന്നൊ ഇല്ലെന്നൊ പറഞ്ഞില്ല. ഒന്നും പറയാന്‍ കഴിയാത്തവിധം അവള്‍ സ്തംഭിച്ചു നില്‍ക്കവെ മറ്റൊരു ഭീക്ഷണി കൂടി.
'ആ -പിന്നെ ഒരു കാര്യം; നിനക്കു ശമ്പളം കിട്ടിയാല്‍ ആ പണം നീ ജോയിക്കുട്ടിയുടെ കൈയില്‍ കൊടുക്കണം. നിനക്കു ചെലവിനുള്ളത് അവന്‍ തരും.'
ബെറ്റി ഒന്നും പറഞ്ഞില്ല. അവള്‍ക്കതു കേട്ടപ്പോള്‍ ചിരിയാണ് വന്നത്. അപ്പൊ ഇതിനു പിന്നിലൊക്കെ അദ്ദേഹമാണ്. ജോയിക്കുട്ടിയുടെ അപ്പച്ഛന്‍. അപ്പച്ഛന്റെ ആജ്ഞക്കനുസരിച്ച് ചലിക്കുന്ന ഒരു വെറും പാവ മാത്രമാണ് തന്റെ ഭര്‍ത്താവെന്ന് ബെറ്റിക്ക് ബോധ്യമായി.
ഒന്നാം തിയ്യതി വൈകീട്ട് ജോലികഴിഞ്ഞ് വരുന്ന ബെറ്റിയെ കാത്തു ജോയിക്കുട്ടി വീട്ടുപടിക്കല്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ ജോയിക്കുട്ടി ചോദിച്ചു. 'ശമ്പളം കിട്ടിയില്ലെ-'
അവള്‍ ഒന്നും പറയാതെ വാനിറ്റി ബാഗില്‍ നിന്ന് ഒരു കവര്‍ എടുത്തു അയാള്‍ക്ക് കൊടുത്തു. 'എന്റെ ശമ്പളം മുഴുവനുമുണ്ട്'
'അപ്പൊ നീ ചിലവിനൊന്നുമെടുത്തില്ല. 'അതിനു മറുപടി പറയാതെ ബെറ്റി അകത്തേക്ക് പോയി.
ജോലിയൊന്നും ചെയ്യാതെ ഭാര്യയുടെ ചിലവില്‍ കഴിയുക മാത്രമല്ല ഭാര്യ അധ്വാനിക്കുന്നത്രയും കണക്കു പറഞ്ഞു വാങ്ങുകയും ചെയ്യുക. ഭര്‍ത്താവ് പറയുന്നതെന്നും അനുസരിക്കുന്ന ഒരു പാവം ഭാര്യയാണ് താനെന്ന് മുഖത്തുനോക്കി പറയാമായിരുന്നു. അങ്ങിനെ പറഞ്ഞാല്‍ അയാള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ വേണ്ടെന്നുവെച്ചു. ഈ കുവൈത്തില്‍ മലയാളികള്‍ക്കിടയില്‍ മാത്രമല്ല. ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന നാട്ടുകാരുടെ അടുത്തും 'ബെറ്റി സിസ്റ്റര്‍ക്ക്'നല്ലൊരു പേരുണ്ട്. കല്യാണം കഴിഞ്ഞു ഭര്‍ത്താവുമായി വഴക്കുണ്ടാക്കി എന്നൊരു ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ സ്വയം ക്ഷമിച്ചു. ഇതു ഏതുവരെ നീണ്ടുപോകുമെന്നറിയാലൊ -
താന്‍ കൊടുത്ത പണം എന്തു ചെയ്‌തെന്ന് ബെറ്റി മനപ്പൂര്‍വ്വം ചോദിച്ചില്ല. വീട്ടാവശ്യത്തിനുള്ള സാധങ്ങള്‍ വാങ്ങാനും മറ്റും തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് കൊണ്ട് അത്തരം കാര്യങ്ങള്‍ക്കും അയാളെ ആശ്രയിക്കേണ്ടി വന്നില്ല.
ഈയിടെയായി ജോയിക്കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന പ്രകടമായ ചില മാറ്റങ്ങളും പുതിയ കൂട്ടുകെട്ടുകളും ബെറ്റി പ്രത്യേകം ശ്രദ്ധിച്ചു.
പലപ്പോഴും അയാള്‍ വീട്ടില്‍ വരിക രാത്രി വൈകിയാണ്. അതും മൂക്കറ്റം മദ്യപിച്ചിട്ട് ഇതിനെക്കുറിച്ചെന്തെങ്കിലും ചോദിച്ചാല്‍ അയാള്‍ ബെറ്റിയുടെ നേരെ തട്ടിക്കയറും. ഞാന്‍ എനിക്കിഷ്ടമുള്ളതു ചെയ്യും അതിനെ ആരും ചോദ്യം ചെയ്യണ്ട എന്ന നിലപാടാണയാളുടേത്.
അതിനിടെ ഒരിക്കല്‍ ബെറ്റിയുടെ ഹാന്റ്ബാഗില്‍ സൂക്ഷിച്ചിരുന്ന എ.ടി.എം. കാര്‍ഡ് കാണാതായി. ജോയിക്കുട്ടിയല്ലാതെ അതാരും എടുക്കില്ലെന്ന് ബെറ്റിക്കുറപ്പുണ്ടായിരുന്നു. അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജോയിക്കുട്ടി വഴക്കുതുടങ്ങി. അയാള്‍ വീട്ടിലെ ടി.വിയും ഫോണുമൊക്കെ എടുത്തെറിഞ്ഞു. അടുത്ത ഫഌറ്റിലെ താമസക്കാര്‍ ബഹളം കേട്ടെത്തി. അവര്‍ അയാളെ അനുനയിപ്പിക്കാന്‍ ചെന്നപ്പോള്‍ അവരുടെ നേരെ തിരിഞ്ഞയാള്‍.
ഈ സംഭവം ബെറ്റിക്ക് വല്ലാത്ത നാണക്കേടുണ്ടാക്കി. വര്‍ഷങ്ങളായി അന്തസ്സോടെ ജോലി ചെയ്തു ജീവിച്ച തനിക്കു സമൂഹത്തില്‍ നല്ലൊരു പേരുണ്ടായിരുന്നു. ആ പേര് ഈ മനുഷ്യന്‍ കാരണം നഷ്ടപ്പെടുകയാണല്ലോ.
ഒരു ദിവസം ഐ.സി.യുവില്‍ ബെറ്റിക്കു തിരക്കുപിടിച്ച ജോലിയായിരുന്നു. അപ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്.
'ഹലോ, ബെറ്റി നേഴ്‌സല്ലെ'
'അതെ... നിങ്ങളാരാ...'
'ഞാന്‍ ആരാണെന്ന് നേരില്‍ പറയാം. സിസ്റ്റര്‍ ഡ്യൂട്ടി കഴിഞ്ഞുവീട്ടില്‍ തന്നെ കാണില്ലെ. ഞാനവിടെ വരാം.'
പിന്നീടെന്തെങ്കിലും ചോദിക്കാനോ പറയാനൊ കഴിയുംമുമ്പ് ടെലഫോണ്‍ കട്ട് ചെയ്തു.
ബെറ്റിയുടെ മനസ്സിലാശങ്കയായി. അവള്‍ ഒരുവിധം ജോലി അവസാനിപ്പിച്ചു വീട്ടിലെത്തി. വീട്ടിലെത്തുമ്പോള്‍ ഒരു ചെറുപ്പക്കാരനവിടെ കാത്തുനില്‍ക്കുന്നു.
ഞാന്‍ മുകുന്ദന്‍. എറണാകുളമാണ് സ്വദേശം. ഇവിടെയൊരു കമ്പനിയില്‍ ജോലിചെയ്യുന്നു. ഞാനിപ്പൊ വന്നത് എന്റെ കൈയില്‍നിന്നും നിങ്ങളുടെ ഭര്‍ത്താവ് വിസ തരാമെന്നും പറഞ്ഞ് പതിനായിരം റിയാല്‍ വാങ്ങിയിട്ടുണ്ട്. മാസം നാലായി ഇപ്പൊ വിസയുമില്ല പണവുമില്ല. സിസ്റ്ററുടെ പേരുപറഞ്ഞാ അയാള്‍ പണം വാങ്ങിയത്. അതുകൊണ്ട് ഇക്കാര്യത്തില്‍ സിസ്റ്റര്‍ തന്നെ ഒരു പരിഹാരമുണ്ടാക്കണം'
'എന്റെ ഭര്‍ത്താവ് വിസക്ക് പണം വാങ്ങുകയോ? അതും എന്റെ പേര് പറഞ്ഞിട്ട്' ബെറ്റി അമ്പരപ്പോടെ ചോദിച്ചു. 'എന്റെ കൈയില്‍നിന്നു മാത്രമല്ല എന്നെപ്പോലെ പലരുടെ കൈയില്‍നിന്നും വാങ്ങിയിട്ടുണ്ട്. ഓരോരുത്തരായി ഇങ്ങെത്തിക്കോളും'
ബെറ്റിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ശരീരവും മനസ്സും ആകപ്പാടെ തരിച്ച അവസ്ഥയിലായിരുന്നു.
'മര്യാദക്കു എന്റെ പണം തന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ഹോസ്പിറ്റലിലറിയിക്കും. ഹോസ്പിറ്റലറിഞ്ഞാലത്തെ വിശേഷം പറഞ്ഞുതരണ്ടല്ലോ....'
അയാള്‍ ഒരു ഭീഷണി മുഴക്കിക്കൊണ്ടാണ് പോയത്.
അയാള്‍ മുന്നറിയിപ്പ് നല്‍കിയത് പോലെതന്നെ അടുത്ത ദിവസവും അതിനടുത്ത ദിവസവും ചിലര്‍ വീട്ടില്‍ വന്നു.
എല്ലാവരുടെയും പ്രശ്‌നം ജോയിക്കുട്ടി വിസക്ക് പണം വാങ്ങിയതു തന്നെയായിരുന്നു. അവര്‍ പറയുന്ന കണക്ക് വെച്ച് നോക്കുമ്പോള്‍ ലക്ഷക്കണക്കായ റിയാല്‍ താന്‍ കടം വീട്ടേണ്ടിവരും.
ഈ പണമൊക്കി ജോയിക്കുട്ടി എന്തുചെയ്തു.. ഇതിനെക്കുറിച്ചയാളോട് ചോദിച്ചപ്പോള്‍ ബെറ്റിയോട് ചാടിക്കയറുകയായിരുന്നു.
തനിക്കിഷ്ടമുള്ളതൊക്കെ താന്‍ ചെയ്യും. അതിനാരും ചോദ്യം ചെയ്യണ്ട എന്ന നിലപാടായിരുന്നു അയാളുടേത്.
ബെറ്റിക്ക് ആലോചിച്ചിട്ട് യാതൊരു സമാധാനവും കിട്ടിയില്ല. ഇത്രയും വലിയ സംഖ്യ താനെങ്ങിനെ കടം വീട്ടും.
ഹോസ്പിറ്റലില്‍ വിവരം അറിഞ്ഞാല്‍ തന്റെ ജോലി തന്നെ നഷ്ടപ്പെട്ടെന്നു വരും.
ഏറെ ഭയത്തോടും ആശങ്കയോടും കൂടിയാണ് ബെറ്റി ഓരോ ദിവസവും തളളിനീക്കിയത്.
ഒടുവില്‍ ഒരു ദിവസം ജോലിക്ക് ചെന്നപ്പോള്‍ സൂപ്രവൈസര്‍ പറഞ്ഞു.'ബെറ്റി ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോള്‍ ഓഫീസില്‍ വന്ന് എന്നെ കാണണം'
ബെറ്റി ആകെ വിയര്‍ത്തു തല കറങ്ങുന്നതായി അവര്‍ക്കുതോന്നി.
ബെറ്റി ഇടറുന്ന കാലുകളോടെ സൂപ്പര്‍വൈസറുടെ മുറിയിലേക്ക് കടന്നു.
'ബെറ്റി എന്താ ഇതൊക്കെ നീയും നിന്റെ ഭര്‍ത്താവും കൂടെ വിസക്ക് പണം വാങ്ങി വിസകൊടുത്തിട്ടില്ലെന്നും പറഞ്ഞു നാലഞ്ചു കംപ്ലയിന്റ് എന്റെ അടുത്ത് കിട്ടിയിട്ടുണ്ടല്ലോ. എന്താ താനിവിടെ ജോലി ചെയ്യാന്‍ വന്നതോ -അതോ - വിസ ക്കച്ചവടത്തിന് വന്നതോ?'
ബെറ്റി ഒന്നും പറഞ്ഞില്ല. അവര്‍ക്ക് പലതും പറയണമെന്നുണ്ട്. പക്ഷെ നാവനങ്ങുന്നില്ല. വായില്‍ ഉമിനീര്‍ വറ്റിയപോലെ.
'ബെറ്റി ഇപ്പോള്‍ പൊയ്‌ക്കോ - മേലില്‍ ഇതാവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ എനിക്കുപോലും നിന്നെ സഹായിക്കാനാവില്ല.'
സൂപ്പര്‍വൈസര്‍ സാഫി ഹമീദ് പാക്കിസ്താനിയാണെങ്കിലും മനുഷ്യപറ്റുള്ളവനാണ്. പക്ഷ അവര്‍ക്ക് ചില പരിമിതികളില്ലെ. കംപ്ലയിന്റ് സൂപ്പര്‍വൈസറുടെ പക്കല്‍ ചെല്ലാതെ നേരിട്ടു മാനേജറുടെ അടുത്ത് ചെന്നാലത്തെ സ്ഥിതി എന്താകുമായിരുന്നു.
എല്ലാ രോഷവും മസ്സിലൊതുക്കി പ്രക്ഷുബ്ധമായൊരു മനസ്സുമായാണ് ബെറ്റി വീട്ടില്‍ ചെന്നുകയറിയത്.
ബെറ്റി വീട്ടിലെത്തുമ്പോള്‍ ജോയിക്കുട്ടി വീട്ടില്‍ തന്നെയുണ്ട്. അയാള്‍ ടി.വി കണ്ടുകൊണ്ടിരിക്കുകയാണ്. കൈയില്‍ ഹണിക്കന്‍ ബിയറിന്റെ ടിന്നുമുണ്ട്.
ജോയിക്കുട്ടിയെ കണ്ടപ്പോള്‍ ബെറ്റിക്കരിശം കയറി.
'എന്റെ പേരും പറഞ്ഞു എത്ര പേരുടെ പക്കല്‍നിന്ന് വിസക്ക് പണം വാങ്ങിയിട്ടുണ്ട്.'
ജോയിക്കുട്ടി മറുപടി പറയാതെ ബെറ്റിയെ ഒന്നു തറപ്പിച്ചുനോക്കി.
'എന്റെ ജോലി കളഞ്ഞ് എന്നെ ജയിലാക്കിയാലെ നിങ്ങള്‍ക്ക് സമാധാനമാകൂ അല്ലെ.'
'എടീ, ഞാനെനിക്കിഷ്ടമുള്ളതു ചെയ്യും. നീയാരാടീ അതു ചോദിക്കാന്‍.'
'ഇവിടെ എന്റെ വിസയില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ ഞാനനുവദിക്കില്ല.'
അതു പറഞ്ഞു കഴിഞ്ഞതും ഒട്ടും പ്രതീക്ഷിക്കാതെ ജോയിക്കുട്ടിയുടെ കൈതലം ബെറ്റിയുടെ കവിളില്‍ പതിച്ചു.
അപ്രതീക്ഷിതമായ പ്രഹരം കാരണം ബെറ്റിയുടെ മിഴികളില്‍നിന്ന് പൊന്നീച്ച പാറി.
'നിന്റെ വിസയൊ, എവിടെനിന്ന് കിട്ടിയെടി നിനക്കുവിസ'
വീണ്ടും ജോയിക്കുട്ടിയുടെ കൈയുയര്‍ന്നെങ്കിലും ഉയര്‍ന്ന കൈ ബെറ്റിയുടെ കൈകളില്‍ കിടന്ന് ഞെരിഞ്ഞമര്‍ന്നു.
'കഴുത്തില്‍ ഒരു താലി ചാര്‍ത്തിയതിന്റെ അവകാശത്തില്‍ കെട്ടിയ പെണ്ണിന്റെ ചിലവില്‍ കഴിഞ്ഞ് അവളെ മേക്കിട്ട് കേറാമെന്നാണ് വിചാരമെങ്കില്‍ അതങ്ങു വാകത്താനത്തെ തറവാട്ടിലെ നടക്കൂ... ഇതു കുവൈത്താണ്.'
ബെറ്റിയുടെ ഉയര്‍ന്ന ശബ്ദത്തിനു മുന്നില്‍ ജോയിക്കുട്ടി ഒരു നിമിഷം പകച്ചുനിന്നു.
പിന്നെ പിടി വിടുവിച്ചു. രോഷത്തോടെ ഫര്‍ണീച്ചറുകളും ഫ്‌ളവര്‍പോട്ടുമൊക്കെ തട്ടിമറിച്ചുകൊണ്ട് ഉറക്കെ ആക്രോശിച്ചു.
'ഇവള്‍.. ഇവള്‍... ഈ തേവിടിശ്ശി, ആളു ശരിയല്ല. ഇവള്‍ ഞാനില്ലാത്തപ്പോള്‍...' പിന്നെ കേള്‍ക്കാനറക്കുന്ന കുറെ തെറികള്‍ വിളിച്ചു പറഞ്ഞു.
കേട്ടുനിന്നവര്‍ അതൊന്നും വിശ്വസിച്ചില്ല. വര്‍ഷങ്ങളായി അവര്‍ക്കെല്ലാം ബെറ്റിയെ നന്നായറിയാം.
ഇന്നുവരെ അരുതാത്ത ഒരഭിപ്രായം പോലും ആരും പറഞ്ഞിട്ടില്ല.
'ഞാന്‍.. ഞാന്‍ പറയുന്നതനുസരിച്ചു എന്റെ ഭാര്യ, ഇവള്‍ ജീവിക്കണം... അല്ലെങ്കില്‍ ഞാനിവളെ കൊല്ലും. കുരിശുമൂലയില്‍ കുടുംബക്കാര്‍ക്ക് കൊലപാതകം പുത്തരിയൊന്നുമല്ല.'
കൂടിനിന്നവര്‍ മുഖത്തോടുമുഖം നോക്കി. ചിലര്‍ ബെറ്റിയെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നുമുണ്ട്.
ഒരു ഭാര്യയെന്ന നിലയില്‍നിന്നും ഏറെ താണ് ഒരു പെണ്ണെന്ന നിലയില്‍ ഏറെ സഹിച്ചു.
ഇനി വയ്യ, സഹിക്കുന്നതിനും ഒരതിരില്ലേ.
ബെറ്റി തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവള്‍ അപ്പോള്‍ തന്നെ അപ്പനെ വിളിച്ചു തന്റെ തീരുമാനം അറിയിച്ചു. ആരുടെയും അഭിപ്രായത്തിനൊ മറുപടിക്കൊ അവള്‍ കാത്തുനിന്നില്ല.
അടുത്ത ദിവസം തന്നെ ബെറ്റി ജോയിക്കുട്ടിയുടെ വിസ ക്യാന്‍സല്‍ ചെയ്യാനുള്ള ഏര്‍പാട് ചെയ്തു.
ഇപ്പോള്‍ ജോയിക്കുട്ടി വിസ ക്യാന്‍സല്‍ ചെയ്ത് കുവൈത്തില്‍ നിന്നും നാട്ടില്‍ എത്തിയിരിക്കുകയാണ്.
ബെറ്റി ജോയിക്കുട്ടിയുമായുള്ള വിവാഹത്തില്‍നിന്നും മോചനം ലഭിക്കാന്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top