തേന്‍തുള്ളി പോലൊരു കത്തും, അതില്‍ നിന്നിറ്റുവീണ കണ്ണീരും
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരേടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിവര്‍ത്തുന്നത്. 1984 ല്‍
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരേടാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിവര്‍ത്തുന്നത്. 1984 ല്‍ പാലക്കാട് ജില്ലയിലെ എരിമയൂര്‍ ഹൈസ്‌കൂളില്‍ പ്രൈമറി വിഭാഗത്തിലാണ് ഞാന്‍ സ്ഥലം മാറി ജോലി ചെയ്തിരുന്നത്. സ്ഥലപരിമിതി മൂലം എല്‍.പി.വിഭാഗം മാതൃ വിദ്യാലയത്തിന്റെ കുറച്ചകലെയാണുള്ളത് ഘ ആകൃതിയിലുള്ള ഒരു പഴയ ഓടിട്ട കെട്ടിടം. എട്ടു ഡിവിഷനുകളിലായി പ്രവര്‍ത്തിക്കുന്നു. സ്‌ക്രീനൊന്നുമില്ലാത്തതിനാല്‍ ഓരോ ബോര്‍ഡുകളാണ് ഒരോ ക്ലാസ്സു മുറിയെയും വേര്‍തിരിക്കുന്നത്. കുട്ടികളെ ഒന്നിച്ചു കാണാനും ഒരു വലിയ വടികൊണ്ട് മേശപ്പുറത്തടിച്ച് വലിയ ശബ്ദമുണ്ടാക്കി കുട്ടികളെ ഒന്നിച്ച് നിശബ്ദരാക്കാനും കൂടി അതുകൊണ്ട് സൗകര്യമുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഒരു അറബി ടീച്ചറുണ്ട് ഗവണ്‍മെന്റ് സ്‌കൂളായതിനാല്‍ മിക്കവരും സ്ഥലവാസികളല്ല. അറബി ടീച്ചര്‍ അവിടത്തുകാരിയാണ്. അതിന്റെയൊരു അതിരുകടന്ന സ്വാതന്ത്ര്യം അവര്‍ കാണിക്കാറുമുണ്ട്. ഒരാള്‍ അങ്ങിനെയും എന്നമട്ടില്‍ എല്ലാവരും അതിനെ കണ്ടു.
ഞങ്ങളെപ്പോഴും എന്റെ ക്ലാസ്സിലിരിക്കും. ഒഴിവു പിരീഡു വന്നാല്‍ പോയിരിക്കാന്‍ ഞങ്ങള്‍ക്ക് ഒരിടം പ്രത്യേകമില്ലാത്തതിനാല്‍ ചിലര്‍ ഒരുമിച്ചൊരു ക്ലാസ്സില്‍ ചിലപ്പോള്‍ ഒത്തുകൂടുന്നതുകാണാം. എനിക്കതിഷ്ടമല്ല. ചെറിയ ക്ലാസ്സുകളായതിനാല്‍ കഥകളും പാട്ടുകളും മേമ്പൊടി ചേര്‍ത്ത് പഠനം രസകരമാക്കാന്‍ ശ്രമിക്കാറുണ്ട്. എന്റെ ക്ലാസ്സില്‍ നിന്നും കഥകളോ പാട്ടുകളോ കേട്ടാല്‍ അടുത്ത ക്ലാസ്സിലെ സീതാലക്ഷ്മി ടീച്ചര്‍ അവരുടെ കുട്ടികളോടു പറയും. കുട്ടികളേ നിങ്ങള്‍ അങ്ങോട്ടു തിരിഞ്ഞിരിക്കൂ.
ഞാന്‍ കൗതുകത്തോടെ ടീച്ചറെ നോക്കും, ടീച്ചര്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തും. എനിക്ക് പാട്ടുപാടാനും കഥപറയാനുമൊന്നും അറിയില്ല റഹീമേ, എന്റെ കുട്ടികളെങ്കിലും കഥയറിയട്ടെ! കുട്ടികള്‍ക്ക് സന്തോഷമാണ്. ഒരു ചേയ്ഞ്ച്. ഒരിക്കല്‍ ഞങ്ങള്‍ നടന്നുപോകുമ്പോള്‍ സീതാലക്ഷ്മി ചോദിച്ചു. റഹീമേ, നീ കഥയെഴുതാത്തതെന്ത്? നിന്റെ സംസാരം കേള്‍ക്കുമ്പോള്‍ കഥ കേള്‍ക്കുന്ന പോലെയുണ്ട്.
പ്രത്യേക ദിനങ്ങളിലും സ്റ്റാഫ് മീറ്റിംഗിനും മറ്റും ഞങ്ങള്‍ മാതൃവിദ്യാലയത്തിലൊത്തുകൂടും. എണ്‍പതോളം അധ്യാപകരുണ്ട്. ഒരു സ്റ്റാഫ് മീറ്റിംഗില്‍ അന്ന് വന്ന് സ്‌കൂളില്‍ ചാര്‍ജെടുത്ത ഹെഡ്മാസ്റ്റര്‍ പി.ടി പോള്‍ മാഷ് മീറ്റിംഗിന്റെ അന്ത്യത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു. കേരള വിദ്യാഭ്യാസ ഇന്‍സ്റ്റിട്യൂട്ട് അധ്യാപകര്‍ക്കായി ഒരു സാഹിത്യ രചനാ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും കഥകള്‍ അയക്കണമെങ്കില്‍ അഡ്രസ് പറയാം. കഥാരചന/ ശ്രീ. മത്തായി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പ്രോഗ്രാം/ കേരള വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂട്ട്/ തിരുവനന്തപുരം.
എനിക്കു മുമ്പുതന്നെ സീതാലക്ഷ്മി ടീച്ചര്‍ അഡ്രസ് എഴുതിയെടുത്തിരുന്നു. പോരുന്ന വഴിയില്‍ വെച്ച് എനിക്കത് നല്‍കിക്കൊണ്ട് പറഞ്ഞു: 'ഇനി നാലു ദിവസമേയുള്ളൂ. വേഗം നീയൊരു കഥയെഴുതി അയക്ക്. നീ ശ്രമിച്ചാല്‍ നടക്കും.'
സ്‌കൂള്‍ മാഗസിനിലും മറ്റും ചെറിയ കവിതകളും കഥകളും പണ്ടെഴുതിയിട്ടുണ്ട്. മനസ്സില്‍ പല കഥാബീജങ്ങളുമുണ്ട്. എന്നാല്‍ അതൊക്കെ പണ്ട് ആയിരുന്നില്ലേ. ഒരു ആശങ്ക. അധ്യാപകരായിരിക്കില്ലേ കഥാ മത്സരത്തില്‍ ഉണ്ടായിരിക്കുക.
സീതാലക്ഷ്മിയുടെ നിര്‍ബന്ധം ഒരു പ്രചോദനമായി മാറി. സ്‌കൂളും പരിസരവും ഒരു കുട്ടിയും ചേര്‍ന്ന്് ഒരു കഥയുണ്ടായി പിറ്റേന്ന് അതുമായി സ്‌കൂളിലെത്തി. സീതാലക്ഷ്മി കഥവായിച്ചു. പ്യൂണിനെ വിളിച്ച് അത് പോസ്റ്റ് ചെയ്യാന്‍ ഏല്‍പിക്കുന്നത് ഒരാള്‍ കണ്ടു. അറബി ടീച്ചര്‍. എന്റെ വയറ്റില്‍ ഒരു ആന്തലുണ്ടായി. ധൃതിയില്‍ വന്ന് ടീച്ചര്‍ ആ കവര്‍ പ്യൂണിന്റെ കയ്യില്‍ നിന്ന്് പിടിച്ചെടുത്തു. മറ്റു ചിലരേയും വിളിച്ചു വരുത്തി അത് പരസ്യമായി വായിക്കുകയാണ്. കവര്‍ പൊളിച്ച രീതി കണ്ടപ്പോള്‍ തന്നെ എനിക്കൊരു ഭയം തോന്നി, കഥയും അതുപോലെ കീറുമെന്ന്! പക്ഷെ വായനയും അവലോകനവും കഴിഞ്ഞ് ആ കടലാസുകള്‍ തിരികെ തന്നപ്പോഴേക്കും അന്നത്തെ മെയിലിന്റെ സമയം കഴിഞ്ഞു. ഇനി ഇന്നിത് അയക്കാന്‍ പറ്റില്ല. പിറ്റേന്നു ഞായര്‍. തിങ്കളാഴ്ച അയച്ചാല്‍ പിറ്റേന്നു കിട്ടണം. അയക്കണ്ട എന്നു തീരുമാനിച്ച എന്നില്‍ നിന്നും അത് പിടിച്ചുവാങ്ങി സീതാലക്ഷ്മി പിറ്റേന്നു തന്നെ പോസ്റ്റ് ചെയ്തു.
അറബി ടീച്ചര്‍ അവിടെ ചോദ്യം ചെയ്യപ്പെടാത്ത വ്യക്തിയാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും തീരുമാനമെടുക്കാനുമൊക്കെ അവര്‍ക്ക് അധികാരമുണ്ട്. ആരുമെതിര്‍ക്കില്ല. അതിന് ധൈര്യമില്ല! സന്തത സഹചാരിയായ ഒരു വടി കൂടെയുണ്ട്. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അടികിട്ടും. അവരുടെ മൂര്‍ച്ചയുള്ള നാവിനെ ഭയന്നാണ് പ്രഹരമേറ്റാലും സഹപ്രവര്‍ത്തകര്‍ മിണ്ടാതിരിക്കുന്നതും. അടിയേറ്റു തിണര്‍ത്ത പാടുമായി കുഞ്ഞുങ്ങള്‍ വീട്ടില്‍ചെന്ന് സങ്കടപ്പെട്ടു പറയും, അറബി ടീച്ചര്‍ തല്ലിയതാണ്. എനിക്കാണ് അതിന്റെ പ്രത്യാഘാതം ഏല്‍ക്കുക. രക്ഷിതാക്കളില്‍ പലരും കരുതിയിരിക്കുന്നത് ഞാനാണീ അറബി ടീച്ചര്‍ എന്നാണ്. എന്റെ വസ്ത്രധാരണ രീതി കണ്ടിട്ടായിരിക്കാം അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഒരു രക്ഷിതാവ് എന്നെ കണ്ടപ്പോള്‍ പറഞ്ഞു. ''ടീച്ചറെ ഇന്നലെ അവന് ചോറുവാരി തിന്നാന്‍ പോലും പറ്റിയില്ല. കയ്യിലെ തിണര്‍പ്പും വേദനയും കാരണം.'
'എന്തുപറ്റി?' - ഞാന്‍ ഉത്ക്കണ്‍ഠയോടെ തിരക്കി. 'അറബി ടീച്ചര്‍ അടിച്ചതാന്നാ പറഞ്ഞെ.'
ഞാന്‍ കുട്ടികളെ അടിക്കാറില്ല. അടിക്കാന്‍ വേണ്ട ഗുരുതരമായ തെറ്റൊന്നും ചെയ്തിട്ടില്ല കുട്ടികള്‍. പലപ്പോഴും അടി കൊള്ളുന്നത് പഠിക്കാതെ വന്നാല്‍, ഹോംവര്‍ക്ക് ചെയ്യാതെ വന്നാല്‍, നേരം വൈകി വന്നാല്‍... അതിനൊക്കെ ഒരു കാരണവുമുണ്ടായിരിക്കും. അതു ചോദിച്ചറിഞ്ഞ് അവര്‍ക്ക് വീണ്ടും അവസരം നല്‍കി പ്രോത്സാഹിപ്പിക്കയാണ് വേണ്ടത്. വീട്ടില്‍ വെച്ച് ചെയ്യാന്‍ കഴിയാത്തത് ക്ലാസ്സില്‍ വെച്ച് ചെയ്യാന്‍ അവസരം നല്‍കണം. തന്റേതല്ലാത്ത കാരണത്താല്‍ ശിക്ഷ ഏറ്റുവാങ്ങുന്ന ഹത ഭാഗ്യരാണ് പല വിദ്യാര്‍ഥികളും.
ഞങ്ങളുടെ സ്‌കൂളില്‍ ചില ചില്ലറ കച്ചവടക്കാര്‍ വന്നു പോകാറുണ്ട്. തുണികള്‍, കുവപ്പൊടി, ചക്കര, മാമ്പഴം എന്നിവയുമായി അവര്‍ വരും. ഒരിക്കല്‍ ഞാന്‍ വരുമ്പോള്‍ മേശപ്പുറത്ത് ഒരു കുപ്പി തേന്‍ കണ്ടു. തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാവരുടേയും മേശപ്പുറത്ത് തേന്‍ കുപ്പിയുണ്ട്. എല്ലാവരും തേന്‍ വാങ്ങണമെന്നു തീരുമാനിച്ചത് അറബി ടീച്ചറാണ്. ഒന്നിച്ചു വാങ്ങിയാല്‍ പാതിവിലകൊടുത്താല്‍ മതിയത്രെ! നല്ല നാടന്‍ തേനാണ്. അതിന്റെ സുഗന്ധം അവിടെ പരന്നിട്ടുണ്ട്. ഞാന്‍ പഠിപ്പിക്കുമ്പോഴും കുഞ്ഞുങ്ങള്‍ ആ തേന്‍കുപ്പിയില്‍ നോട്ടമിട്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരുടെ മനസ്സുപോലെ ആ തേന്‍ കുപ്പിക്കു ചുറ്റും കുറെ ഈച്ചകളും വലംവെച്ചിരിക്കുന്നു. മണിക്കൂറുകള്‍ കഴിഞ്ഞു. ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്കു തേന്‍ കുടിക്കണോ? കുട്ടികള്‍ എല്ലാവരും ആര്‍ത്തിരമ്പി ''ആ...' ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ ലൈനായി പോയി കൈ കഴുകി വന്നു. ഞാന്‍ ഓരോരുത്തരുടേയും കൈയില്‍ തേന്‍ തുള്ളികള്‍ പകര്‍ന്നു. കുഞ്ഞുനാവിന്‍തുമ്പുകളാല്‍ അവര്‍ നനുനനെ തേന്‍ തുള്ളികള്‍ നുകര്‍ന്നിരിക്കുന്നതു നോക്കി ഞാന്‍ നില്‍ക്കുകയായിരുന്നു. വാതില്‍ക്കല്‍ പോസ്റ്റുമാന്‍ വന്നു നില്‍ക്കുന്നു. ടീച്ചര്‍ക്ക് ഒരു കത്തുണ്ട് ഒരു കവര്‍ നീട്ടിയിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ കവര്‍ പൊളിച്ചുനോക്കി. അതില്‍ നിറയെ തേന്‍ തുള്ളികളായിരുന്നു. അതിലെ അക്ഷരങ്ങള്‍ ഒരു തേന്‍മഴയായി എന്റെ മനസ്സില്‍ പടര്‍ന്നു. എന്റെ മുഖം വികസിക്കുന്നതു കണ്ട സീതാലക്ഷ്മി കത്ത് വാങ്ങി വായിച്ചു. ''കേരള വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ താങ്കളുടെ ചെറുകഥ ''സ്മാരകം' ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. സമ്മാന ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. ഉദ്ഘാടകന്‍ ശ്രീ ടി.എം.ജേക്കബ് (ബഹു.വിദ്യാഭ്യാസ മന്ത്രി) സമ്മാന സമര്‍പ്പണം ശ്രീ. തകഴി ശിവശങ്കരപ്പിള്ള...' എന്റെ കുട്ടികളോടൊപ്പം ഞാനും തേന്‍ നുകര്‍ന്ന സമയമായിരുന്നു അത്!
എറണാകുളത്തുള്ള എന്റെ ഭര്‍ത്താവിനെ വിവരമറിയിച്ചു കത്തെഴുതി. തിരുവനന്തപുരത്ത് എപ്പോഴും പോകാറുള്ള ഒരു ലോക്കല്‍ നേതാവിനെ കണ്ടപ്പോള്‍ ഭര്‍ത്താവ് സ്ഥല വിവരങ്ങള്‍ ചോദിച്ചു. തിരുവനന്തപുരമെന്നു കേട്ടപ്പോള്‍ പലരുടേയും കാര്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കാന്‍ കനത്ത പ്രതിഫലവും വാങ്ങി കക്ഷത്തില്‍ സദാനിവേദനവുമായി നടക്കുന്ന അയാള്‍ക്ക് ഒരു പിടിവള്ളി കിട്ടിയതു പോലെയായി. താനൊന്നു മറിയണ്ട. എല്ലാ കാര്യവും ഞാനേറ്റു, നമുക്ക് ഒന്നിച്ചു പോവാട്ടോ. എം.എല്‍.എ കോര്‍ട്ടേഴ്‌സില്‍ ഫ്രീയായി താമസിക്കാം. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ ഒരു അത്താണി കിട്ടിയ പോലെ എന്റെ ഭര്‍ത്താവ് ആശ്വസിക്കുകയും ചെയ്തു. തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതിനു തലേന്ന് പാലക്കാടുള്ള വീട്ടില്‍ എന്റെ ഭര്‍ത്താവ് എത്തി. എത്തുമ്പോള്‍ ഞാന്‍ നോക്കി, മുഖം വലിയ ഗൗരവത്തില്‍. ഞാന്‍ ചോദിച്ചു: ''ഉം.എന്തുപറ്റി?'
തിരുവനന്തപുരത്ത് പോകാം എന്നൊക്കെ പറയുന്നത് എന്തു ബുദ്ധിമുട്ടുള്ള കാര്യമാണ്. നേരത്തെ എത്തണം. അവിടെ താമസിക്കണം. വലിയ പാടാണ് സമ്മാനമൊന്നും പോയി വാങ്ങാന്‍ പറ്റുകയില്ല.
എന്റെ മനസ്സ് തളര്‍ന്നു പോയി എന്തിനാണ് വിധി എനിക്കീ സമ്മാനം വെച്ചു നീട്ടിയത്? അതിന്റെ വിലയറിയാത്തവരുടെ സാമീപ്യത്തില്‍?
എന്റെ വിവശത ഏറെ നേരം കണ്ടു നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പൊട്ടിച്ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു. നീയെന്താ എന്നെപ്പറ്റി മനസ്സിലാക്കിയേ? എം.എല്‍.എ കോര്‍ട്ടേഴ്‌സില്‍ മുറി ബുക്കു ചെയ്തു കഴിഞ്ഞു. എല്ലാ സൗകര്യവും ചെയ്തു തന്നത് നമ്മുടെ നേതാവ് ആണ്. അവനും ഭാര്യയും കുടെ വരുന്നുണ്ട്.
അതെന്തിനാ? ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. കുരിശാണ് എന്നാലും എനിക്കു സമ്മതിക്കേണ്ടിവന്നു. എനിക്ക് അത് ഒട്ടും ഇഷ്ടമായില്ല. ഒന്നാമത് എം.എല്‍.എ കോര്‍ട്ടേഴ്‌സിലെ താമസം. പിന്നെ അയാളെന്ന ഒരു ഇത്തിള്‍ക്കണ്ണി.
ഞങ്ങളുടെ സംഘം തിരുവനന്തപുരത്തെത്തി. കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്ര. പോകുന്ന വഴി ആലപ്പുഴയെത്തിയപ്പോള്‍ മെയിന്‍ റോഡരികിലെ ഒരു വലിയ ഗേറ്റിലും റോഡിനിരുവശത്തും ഗേറ്റിന്റെ ഉള്ളില്‍ പന്തലിലും കൊടി തോരണങ്ങളും മറ്റും അലങ്കരിക്കുന്നതു ശ്രദ്ധയില്‍പെട്ടു. ഒരു മിന്നായം പോലെ ഒരു വാചകശകലവും എന്റെ മനസ്സില്‍ എന്തൊ ഒരസ്വസ്ഥത ആ നിമിഷം മുതല്‍ തുടങ്ങിയതാണ്. തിരുവനന്തപുരത്തെത്തിയപ്പോള്‍ ഞാന്‍ വളരെ നിര്‍ബന്ധിച്ചു പറഞ്ഞു. എസ്.ബി.വി.ബി.എച്ച്.എസ്ല്‍ വെച്ചാണ് പരിപാടി. അതെവിടെയെന്ന് കണ്ടുപിടിക്കണം.
കുടെയുള്ള മാര്‍ഗ്ഗദര്‍ശി പറഞ്ഞു ടീച്ചറെ, ഈ തിരുവനന്തപുരത്ത് ഞാനറിയാത്ത ഒരു സ്ഥാപനവുമില്ല. നിങ്ങളെ ഞാന്‍ നാളെ പരിപാടിക്ക് എത്തിച്ചു തന്നാല്‍ പോരെ?
പിറ്റേന്നു രാവിലെയും ഞാനാവര്‍ത്തിച്ചു ഉച്ചക്കു ശേഷമല്ലേ പരിപാടി. ടീച്ചറൊന്നു ക്ഷമിക്ക്. രാവിലെ പത്തുമണിയായപ്പോള്‍ എന്റെ നിര്‍ബന്ധം സഹിക്കാഞ്ഞ് അവര്‍ അന്വേഷണമാരംഭിച്ചു. ഒന്നെര മണിക്കൂറിനുശേഷം വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ടപ്പോഴാണറിയുന്നത്. അത് ആലപ്പുഴ വെച്ചാണ് എന്ന്. സ്‌കൂളില്‍ പേരിനോടൊപ്പം സ്ഥലപ്പേര് എഴുതാന്‍ വിട്ടുപോയതും തിരുവനന്തപുരത്തുനിന്നും അറിയിക്കപ്പെട്ടപ്പോള്‍ അതവിടെയാണെന്നു ധരിച്ചതും ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യങ്ങളില്ലാത്തതും യാത്ര തന്നെ ഒരു ചൂഷകന്റെ മേല്‍നോട്ടത്തിലാക്കിയതും ഒക്കെ വിനയായി.
തിരുവനന്തപുരത്തുനിന്നും സംഘാടകര്‍ക്കു വിവരം ലഭിച്ചു. തിരിച്ച് ഞങ്ങള്‍ ആലപ്പുഴയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സന്ധ്യയുടെ ഇരുളിമയില്‍ ഒരു ശരറാന്തല്‍ വിളക്കുമായി സംഘാടകര്‍ ഞങ്ങളേയും കാത്തിരുന്നു. വിലപ്പെട്ട കൈകളില്‍ നിന്നും ആ സമ്മാനം ഏറ്റു വാങ്ങാനുള്ള ഭാഗ്യം നഷ്ടപ്പെട്ട ഞാന്‍ കണ്ണീരിറ്റു വീഴുന്ന ആ ക്ഷണകത്ത് അവരെത്തന്നെ തിരിച്ചേല്‍പിച്ചു. തകഴിയെ കാണാന്‍ എനിക്കു കൊതിയുണ്ടായിരുന്നു. പക്ഷെ അവിടെനിന്നും ഇനിയും കുറെ ദൂരം പോകേണ്ടതുണ്ട് എന്നതിനാല്‍ അതും വേണ്ടെന്നു വെച്ചു. വര്‍ധിച്ചു വരുന്ന ഇരുളിനെ കീറിമുറിച്ചുകൊണ്ട് എന്റെ ഭര്‍ത്താവ് വെറുതെ പറഞ്ഞ വാക്കുകള്‍ എന്റെ ചെകിട്ടത്ത് വന്നലക്കുന്നതുപോലെ, സമ്മാനമൊന്നും വാങ്ങാന്‍ പറ്റില്ല. അറംപ്പറ്റിയതുപോലെയായി ആ വാക്കുകള്‍. എന്റെ മനസ്സില്‍ ആ മഹാ സാഹിത്യകാരന്റ വാത്സല്യം നിറഞ്ഞു മുഖം തെളിഞ്ഞുവന്നു.
സമ്മാനത്തുക ചേര്‍ത്തുകൊണ്ടൊരു മോതിരം എന്റെ ഭര്‍ത്താവ് വാങ്ങിത്തന്നു. പക്ഷെ, അതു കാണുമ്പോഴൊക്കെ ഒരു വലിയ അസ്വസ്ഥത എന്നില്‍ പടരുന്നതായി അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ എന്റെ വീട്ടില്‍ കയറിവന്ന് പായാരം പറഞ്ഞ ഒരു വിധവക്ക് ഞാനത് നല്‍കി. ആ മോതിരം കിട്ടിയപ്പോള്‍ അവരുടെ സന്തോഷം നിറഞ്ഞ മുഖം എന്റെ മനസ്സിന്റെ അസ്വസ്ഥതകളെ എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞു.
അടുത്ത വര്‍ഷവും ഞാനൊരു കഥ അയച്ചു. ആ വര്‍ഷവും എന്റെ കഥ തന്നെ തിരഞ്ഞെടുത്തു കൊണ്ടറിയിപ്പുവന്നു. പക്ഷെ, ഞാന്‍ പോയില്ല. സമ്മാനത്തുക അയച്ചു തരികയാണുണ്ടായത്. ആയിടക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മത്സരത്തിനു കൃതികള്‍ ക്ഷണിച്ചു. എന്റെ അനുഭവം വെച്ച് 'പുഴുക്കുത്തുകള്‍' എന്ന പേരില്‍ ഒരു കഥ അയച്ചു കൊടുത്തു. അതിനു രണ്ടാം സ്ഥാനം കിട്ടിയതായി പേപ്പറില്‍ വായിച്ചു. പിന്നെ ഞാന്‍ എഴുതിയതൊന്നും കഥകളായിരുന്നില്ല: അതൊക്കെ ജീവിതങ്ങളായിരുന്നു, പച്ചയായ ജീവിതങ്ങള്‍!