പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍
ആകാശവും ഭൂമിയും അടുത്ത ആത്മബന്ധം സ്ഥാപിച്ച നാളുകളായിരുന്നു റമദാനില്‍. സമാധാന ദൂതുമായി മാലാഖമാര്‍ ഇറങ്ങിയ
ആകാശവും ഭൂമിയും അടുത്ത ആത്മബന്ധം സ്ഥാപിച്ച നാളുകളായിരുന്നു റമദാനില്‍. സമാധാന ദൂതുമായി മാലാഖമാര്‍ ഇറങ്ങിയ അനുഗ്രഹീത രാത്രികള്‍. പൊടിപിടിച്ചും ജഡപിടിച്ചും ചേറ്പുരണ്ടും കിടന്ന വിശ്വാസിയെ റമദാന്‍ സ്ഫുടം ചെയ്‌തെടുത്തു. വിശപ്പും ദാഹവും സഹിച്ച് ആഹാരവും ആര്‍ഭാടവും ത്യജിച്ച് ദൈവകല്‍പനക്ക് കീഴ്‌പ്പെട്ട് പകലുകള്‍ കഴിച്ചു കൂട്ടി. റമദാനിലെ പകലുകളെക്കാള്‍ പ്രാധാന്യമായിരുന്നു രാവുകള്‍ക്ക്. ഖുര്‍ആന്‍ പാരായണത്തിന് ഏറെ പ്രാമു
ഖ്യമുണ്ടായിരുന്നു. മഹത്വമേറിയ ആ രാവിലൊന്നില്‍ തന്നെയായിരുന്നു വിശുദ്ധ ഖുര്‍ആന്‍ പിറന്നത്. റമദാനില്‍ തന്നെ നോമ്പ് നിര്‍ബന്ധമാക്കിയതും അക്കാരണം കൊണ്ടുതന്നെ. ഖുര്‍ആന്റെ ഒരു വാര്‍ഷികമായാണ് റമദാന്‍ എല്ലാ വര്‍ഷവും കടന്നു വരുന്നത്. ദയാപരനായ ദൈവം അവന്റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും ഒട്ടേറെ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ദിനരാത്രങ്ങള്‍. പാപക്കറ പറ്റിയ അടിമയെ അതില്‍നിന്ന് മോചിപ്പിച്ച് തേച്ചുമിനുക്കി 'റയ്യാന്‍' എന്ന കവാടത്തിലൂടെ പ്രവിശാലമായ സ്വര്‍ഗത്തിലേക്ക് ആനയിക്കുകയായിരുന്നു റമദാനില്‍. വളരെയേറെ ഓഫറുകള്‍ പ്രഖ്യാപിച്ച നിമിഷങ്ങളും മണിക്കൂറുകളുമാണ് കഴിഞ്ഞു പോയത്. നരക മുക്തിയും പാപവിമുക്തിയും നല്‍കി സ്വര്‍ഗ്ഗീയാരാമങ്ങളിലേക്ക് അടിയാറുകളെ എത്തിക്കാന്‍ ആകാശ ലോകത്തെ ഒരു സംവിധാനം!
ഇഅ്തികാഫിലൂടെ അല്ലാഹുവിന്റെ ഭവനത്തില്‍ വിരുന്ന് പാര്‍ത്ത വിശ്വാസി തിന്മകളുടെ ചേറില്‍നിന്ന് വന്നണഞ്ഞത് നന്മയുടെ തീരത്തേക്കാണ്. ഒരിക്കല്‍ പള്ളിമിമ്പറില്‍ കയറുമ്പോള്‍ പ്രവാചകന്‍ 'ആമീന്‍' പറഞ്ഞു. അനുചരന്മാര്‍ കാര്യം തിരക്കിയപ്പോള്‍ 'റമദാന്‍ സമാഗതമായപ്പോള്‍ പാപമോചനം ഇരന്ന് വാങ്ങാന്‍ കഴിയാത്തവര്‍ ശപിക്കപ്പെടട്ടെ എന്ന് ജിബ്‌രീല്‍ മാലാഖ പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് ഞാന്‍ ആമീന്‍ ചൊല്ലിയത്.''
വ്രതമാസം വിട പറയുമ്പോള്‍ വ്രതം കൊണ്ട് താനെന്ത് നേടി എന്നു ഓരോ വിശ്വാസിയും ചിന്തിക്കുന്നുണ്ടാവും. ഈ വ്രതശുദ്ധിക്ക് ശേഷമാണ് ഈദുല്‍ ഫിത്വര്‍ കടന്നുവരുന്നത്. ആഘോഷങ്ങള്‍ ഇസ്‌ലാമില്‍ പരിധി വിടാനുള്ള അവസരമല്ല. ആഘോഷവും ആരാധനയായാണ് അത് കാണുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്വ്ര്‍സകാത്ത് എന്ന നിര്‍ബന്ധദാനം നിര്‍വഹിക്കണം. തുടര്‍ന്നാണ് ഈദുഗാഹുകളിലെത്തി പ്രാര്‍ത്ഥിക്കേണ്ടത്. ഈദുഗാഹുകളില്‍ സ്‌നേഹത്തിന്റെ തൂവാലകള്‍ കൈമാറ്റം ചെയ്യപ്പെടണം. ആശംസകളും ആശ്ലേഷങ്ങളും കൊണ്ട് സൗഹൃദം പൂത്തുലയണം. അല്ലാഹുവിന്റെ മഹത്വം ധാരാളമായി വാഴ്ത്തപ്പെടണം. കൂടാതെ സേവന പാതയില്‍ ദൈവികസരണിയില്‍ സഞ്ചരിക്കാനുള്ള തീരുമാനം പുതുക്കണം. പ്രവാചകന്‍ തിരുമേനി (സ) ഈദുഗാഹുകളില്‍ അലി (റ)ന്റെ തോളില്‍ പിടിച്ച് സ്ത്രീകളുടെ അടുക്കലെത്തി സേവന കാര്യങ്ങള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാറുണ്ടായിരുന്നെന്നാണ് ചരിത്രം.
കളികളും വിനോദങ്ങളും ഈദ്‌വേളയില്‍ തിരുനബി അനുവദിച്ചതും ശ്രദ്ധേയം തന്നെ. മനുഷ്യ മനസ്സില്‍ ധര്‍മവും നര്‍മവും ഉണ്ട്. വിനോദവും വിരക്തിയും. അതിരുകവിയാതെ ഇവയെ സമന്വയിപ്പിക്കണം. 'പെരുന്നാളല്ലെ അവര്‍ പാടിക്കൊള്ളട്ടെ' എന്ന് തിരുമേനി തന്റെ അടുത്ത അനുചരനോടു പറഞ്ഞല്ലൊ. മനുഷ്യ മനസ്സ് വായിക്കാനറിയുന്ന പ്രവാചകനായിരുന്നു മുഹമ്മദ് മുസ്തഫാ (സ).
ഈദ് എന്നാല്‍ ആവര്‍ത്തിച്ച് വരുന്നത് എന്നാണര്‍ത്ഥം. നല്ല ദിനങ്ങള്‍ എന്നും മനുഷ്യന്‍ കാണാന്‍ കൊതിക്കുന്നു. നല്ല നാളെ പുലരാന്‍ അവന്‍ കാത്തിരിക്കുന്നു. അതുകൊണ്ട് തന്നെ രണ്ട് ആഘോഷദിനങ്ങള്‍. ഈദുല്‍ ഫിത്വറും ഈദുല്‍ അദ്ഹായും. ഇസ്‌ലാം അംഗീകരിച്ചു നല്‍കി. അതിങ്ങനെ വാര്‍ഷാവര്‍ഷം മടങ്ങിവരികയും ചെയ്യുന്നു. 'അല്ലാഹു നിങ്ങളെ സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ച് പ്രകീര്‍ത്തിക്കുന്നതിനും അവനോട് നന്ദിയുള്ളവരായിത്തീരുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചത്.' (2:185)
പെരുന്നാള്‍ ദിനങ്ങളില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ല. ഫിത്വര്‍ സകാത്ത് എന്ന ധര്‍മം ഒരു ചടങ്ങായി മാറിക്കൂടാ. പട്ടിണിയും പരിവട്ടവുമായി ചുറ്റുവട്ടത്തിലെവിടെയെങ്കിലും ആരെങ്കിലും ഉണ്ടെങ്കില്‍ അവനെത്തേടി നമ്മുടെ ദാനധര്‍മ്മങ്ങള്‍ എത്തണം.
ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ ഒറ്റപ്പെട്ട പലഭാഗത്തും പട്ടിണിപ്പാവങ്ങളുണ്ട്. അവരെ ഈ വേളയില്‍ വിസ്മരിച്ചു കൂടാ. 'മുസ്‌ലിംകളുടെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവന്‍ നമ്മില്‍പെട്ടവനല്ല' എന്ന തിരുവരുള്‍ പ്രസിദ്ധമല്ലൊ. 'ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവനാണ്' എന്നും പ്രവാചകന്‍ (സ) പ്രസ്താവിച്ചിട്ടുണ്ട്. ദൈവത്തിന്റെ ദാസന്‍ എന്ന നിലക്ക് ലോകത്തിന്റെ ഏത് തുരുത്തിലായാലും മാനവികതക്കായി പ്രയത്‌നിക്കണമെന്നാണ് ഈദുല്‍ ഫിത്വറിന്റെ സന്ദേശം. ഈ കാലഘട്ടത്തില്‍ വിശേഷിച്ചും.