പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നവര്‍
പുഞ്ചിരിമായാതെ താളംപിടിച്ച് പാടിക്കൊണ്ടിരിക്കുന്ന 10 വയസ്സുകാരന്റെ ചുണ്ടില്‍ നിറഞ്ഞത് കേട്ടതും കേള്‍ക്കാനുളളതുമായ
അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം....
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പിന്‍വള്ളം..
നെഞ്ചിലെ അനുരാഗ............
പുഞ്ചിരിമായാതെ താളംപിടിച്ച് പാടിക്കൊണ്ടിരിക്കുന്ന 10 വയസ്സുകാരന്റെ ചുണ്ടില്‍ നിറഞ്ഞത് കേട്ടതും കേള്‍ക്കാനുളളതുമായ പാട്ടിനേക്കാള്‍ മാധുര്യമായിരുന്നു. അവന്‍ ഇത്രയും നാള്‍ ആരുടെയും മുഖത്തേക്ക് നോക്കി സംസാരിച്ചിട്ടില്ല, ചുറ്റുമുള്ളതൊന്നും തന്നെ ബാധിക്കുകയേയില്ല; എന്ന അവസ്ഥയില്‍ അലക്ഷ്യമായി ഇരിക്കുന്ന അവന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ആഘോഷമായിരുന്നു അത്. ഇതുപോലെ തന്റേതു മാത്രമായ ഒരു തലത്തില്‍നിന്ന് മാറി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് കുഞ്ഞുമനസ്സുകളുണ്ടിവിടെ. ഇവിടെയെന്നു പറഞ്ഞാല്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷനടുത്ത് ''സ്‌മൈല്‍'' (Sensory Motor Intelligent Language Expression) എന്ന് പേരിട്ടിരിക്കുന്ന കൊച്ചുലോകത്ത്.
ഭിന്നശേഷിയുള്ള ഒരുപാട് കുഞ്ഞുമക്കളുടെ പ്രിയപ്പെട്ട അമ്മയും സഹോദരിയും കൂട്ടുകാരിയും അതിനുമപ്പുറം ആരെല്ലാമോ ആണ് സൈനബ ടീച്ചര്‍. എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന ടീച്ചറുടെ വാക്കുകളില്‍ മാത്രമല്ല ആ സ്‌നേഹമുളളത്. സ്‌മൈലിന്റെ ഗേറ്റ് കടന്ന് അവിടെയെത്തുന്ന ആര്‍ക്കും സൈനബടീച്ചറും സഹപ്രവര്‍ത്തകരും അവരോട് കാണിക്കുന്ന സ്‌നേഹം അനുഭവിച്ചറിയാം.
സൈനബ ടീച്ചര്‍ ബിരുദത്തിനുശേഷം വളരെ താല്‍പര്യത്തോടെ തെരഞ്ഞെടുത്തതായിരുന്നു ബാലസേവിക ട്രൈനിംഗ് കോഴ്‌സ്. കോഴ്‌സിനിടക്ക് ഒരുപാട് ഭിന്നശേഷിയുള്ള കുട്ടികളുമായി ഇടപഴകിയിരുന്നു. അതിനിടയിലാണ് കെ.വി ശ്രീധരന്‍ സാറിന്റെ നിര്‍ദേശപ്രകാരം ഒരു മുന്‍പരിചയവുമില്ലാതെ സ്പീച്ച് തെറാപ്പി ചെയ്യാന്‍ തുടങ്ങിയത്. കുട്ടികളോടുള്ള അതിയായ സ്‌നേഹം കാരണമായിരിക്കാം അതവരില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കാണിച്ചുതുടങ്ങി. ഇതാണ് എന്റെ ഫീല്‍ഡ് എന്ന് സൈനബ ടീച്ചര്‍ തിരിച്ചറിഞ്ഞത് അന്നുമുതലാണ്.
ബാലസേവികയില്‍ സംസ്ഥാന റാങ്ക് ജേതാവുകൂടിയായ സൈനബ ടീച്ചര്‍ കോഴ്‌സു കഴിഞ്ഞ് ജില്ലാ പുനരധിവാസ കേന്ദ്രത്തിലും മിംസ് ഹോസ്പിറ്റലിലും ഈരണ്ടു വര്‍ഷം വീതം ജോലി ചെയ്തു.
പിന്നീട് കേള്‍വിയും ശ്രദ്ധയും കൃത്യമല്ലാത്ത കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി സൈനബടീച്ചര്‍ കോഴിക്കോട് തന്നെ 1996-ല്‍ റോഷി സ്‌കൂള്‍ സ്ഥാപിച്ചു. ടീച്ചര്‍ സര്‍വശിക്ഷാ അഭിയാനിലേക്ക് റിസോഴ്‌സ് പേഴ്‌സണായി ജോലി കിട്ടി പോകുമ്പോള്‍ ഒരു കുട്ടിയില്‍ നിന്ന് തുടങ്ങിയ സ്‌കൂള്‍ 46 കുട്ടികളിലെത്തിയിരുന്നു. യഥാര്‍ഥത്തില്‍ അവിടെ വെച്ചാണ് ഏത് ഏരിയയിലുള്ള കുട്ടികളെയും കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കരസ്ഥമാക്കിയത്. അതിനുവേണ്ടിയുള്ള എല്ലാ ട്രെയിനിംഗും 10 വര്‍ഷത്തിനിടക്ക് എസ്.എസ്.എ നല്‍കുകയും ചെയ്തിരുന്നു. ടീച്ചര്‍ അതോടൊപ്പം ഇലക്ട്രോണിക് ഡിപ്ലോമയും കരസ്ഥമാക്കി. എസ്.എസ്.എയുടെ കീഴില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പിന്നീട് ഒരു ഓട്ടിസം സെന്റര്‍ ആരംഭിച്ചപ്പോള്‍ അവിടെയും സൈനബയുടെ സാന്നിധ്യമുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിചരണത്തിനിടക്ക് അവിടത്തെ പരിമിതികളും അസൗകര്യങ്ങളും ചെയ്യുന്ന പ്രവൃത്തിയില്‍ പൂര്‍ണസംതൃപ്തി നല്‍കിയില്ല. അങ്ങനെയാണ് ജോലി രാജിവെച്ച് തന്നാലാവുന്ന രീതിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാവുന്ന ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചതും സ്‌മൈല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന സ്ഥാപനം പിറവിയെടുക്കുന്നതും.
ശാരീരികമോ ബുദ്ധിപരമോ ആയ പരിമിതികള്‍ മൂലം പ്രയാസമനുഭവിക്കുന്ന ഒരുപാട് കുട്ടികള്‍ നമുക്കിടയിലുണ്ട്. കാഴ്ചസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, ചലനപരിമിതി മൂലം പ്രയാസമനുഭവിക്കുന്നവര്‍, അശ്രദ്ധയും അമിത പ്രവര്‍ത്തനങ്ങളും മൂലം അടങ്ങിയിരിക്കാന്‍ കഴിയാത്തവര്‍ തുടങ്ങി വിവിധ പരിമിതികള്‍ മൂലം പഠനപ്രവര്‍ത്തനങ്ങളില്‍ വേണ്ടരീതിയില്‍ ഇടപെടാന്‍ കഴിയാത്തവരാണിവര്‍. ഓരോ കുട്ടിയുടെയും സവിശേഷ കഴിവുകളും പരിമിതിയും തിരിച്ചറിഞ്ഞെങ്കിലെ ഓരോരുത്തര്‍ക്കും ഫലപ്രദമായ പരിശീലനം നല്‍കാനാവൂ. അതിനാല്‍ ഒരു കുട്ടിക്ക് ഒരു ടീച്ചര്‍ എന്ന രീതിയിലുളള പഠനാന്തരീക്ഷമാണ് സ്‌മൈല്‍ നല്‍കുന്നത്. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി ഓരോ കുട്ടിയും പരിഗണിക്കപ്പെടുമ്പോള്‍ അവരിലെ മാറ്റങ്ങളും തിരിച്ചറിവുകളും വളരെ വലുതാണ്.
ഓട്ടിസം ഒരു രോഗമല്ല. അത് ഒരു അവസ്ഥയാണ്. അത്തരക്കാര്‍ കഴിവുള്ളവരുമാണ്. സ്വന്തം കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് അവരെ വഴിനടത്തുക എന്നത് വ്യക്തിഗത പരിശീലനത്തിലൂടെയും group discussion ലൂടെയും സാധ്യമാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് ടീച്ചര്‍. നിലവില്‍ സ്‌മൈലിലെത്തുന്ന 60 കുട്ടികളില്‍ മിക്കവരും ഓട്ടിസം ബാധിച്ചവരാണ്. ഓരോ കുട്ടിയും ആദ്യമായി മുഖത്തുനോക്കി അഭിസംബോധന ചെയ്യുമ്പോള്‍, പാട്ടുകള്‍ പാടുമ്പോള്‍ നൊന്തുപെറ്റ മാതാവിനുപോലും കിട്ടാത്ത നിര്‍വൃതിയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വളരെ ആവേശത്തോടെയാണ് സൈനബ ടീച്ചര്‍ പറഞ്ഞത്. സംസാരിക്കാന്‍ പ്രയാസമുളള കുട്ടികള്‍ നിരന്തരപരിശ്രമത്തിലൂടെ ആദ്യാക്ഷരം ചൊല്ലിത്തരുന്നതും കേള്‍വിശക്തി പതുക്കെ ശരിയായിവരുന്നവര്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം തങ്ങളുടേത് തന്നെയാവുന്നതും ടീച്ചര്‍ക്ക് അടക്കാനാവാത്ത സന്തോഷമാണ് നല്‍കുന്നത്.
എല്ലാ ശനിയാഴ്ചയും സാമൂഹീകരണത്തിന് പ്രാധാന്യം നല്‍കി കുട്ടികളെല്ലാം ഒന്നിച്ചിരിക്കും. അവിടെയവര്‍ കാത്തിരിക്കാനും പിണങ്ങാനും ഇണങ്ങാനും പങ്കുവെക്കാനും പാട്ടുപാടാനുമെല്ലാം അവര്‍ പഠിക്കുന്നു. ഒരു ദിവസം അവരുടെ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് കുട്ടികളെ പുറത്തേക്ക് ബസ്സില്‍ കൊണ്ടുപോവാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ടിക്കറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ മക്കളെ കയറ്റി പ്ലാനിറ്റോറിയം കാണിക്കാന്‍ കൊണ്ടുപോയത്. അവരില്‍ പലരും ആദ്യമായായിരുന്നു ബസ്സില്‍ കയറിയത്. അവര്‍ നന്നായി സഹകരിച്ചു. ത്രീ ഡി ഫിലിം അന്നവര്‍ ആദ്യമായി കണ്ടു. അവിടം ഒരുപാട് ആസ്വദിച്ചതിന് ശേഷമാണ് ആ കുട്ടിക്കൂട്ടം തിരിച്ച് വണ്ടി കയറിയത്. അതുപോലെ അവരോടൊത്ത് ഉൗട്ടിയിലും വിനോദയാത്രപോയത് വേറിട്ട അനുഭവമായിരുന്നെന്ന് സൈനബടീച്ചര്‍ പറയുന്നു.
കോഴിക്കോട് പാറോപ്പടിയില്‍ നാല് കുട്ടികളുമായി തുടങ്ങിയ പദ്ധതി ചുവടുവെച്ച് ഒന്നര വര്‍ഷം മുമ്പാണ് സിവില്‍ സ്റ്റേഷനടുത്തെത്തിയത്. സ്‌പെഷ്യല്‍ എഡ്യുക്കേറ്റഡ് ആയ ഒരു കൂട്ടം അധ്യാപകരും സാമൂഹികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും മറ്റുളളവരുടെ പ്രയാസങ്ങള്‍ തങ്ങളുടേതുകൂടിയാണെന്ന് വിശ്വസിക്കുന്ന സുമനസ്സുകളും ചില സംഘടനകളുടെയും വ്യക്തികളുടെയും ഇടയ്ക്കുകിട്ടുന്ന സഹായങ്ങളുമാണ് ഇതെല്ലാം പുണ്യപ്രവര്‍ത്തനമായി കാണുന്ന സ്‌മൈലിനെ നിവര്‍ത്തി നിര്‍ത്തുന്നത്. പാവപ്പെട്ട ചിലര്‍ കുട്ടികളുടെ പ്രയാസംകൂടി തലയിലേറ്റി ഇവിടെയെത്തുമ്പോള്‍ അവരോടെങ്ങനെ ഫീസ് വാങ്ങുമെന്ന് കരുതി സൗജന്യമായി പരിശീലനം നല്‍കാനാണ് ആഗ്രഹം. എങ്കിലും നിവൃത്തികേടുകൊണ്ട് ചെറിയ ഫീസ് വാങ്ങേണ്ടി വരുന്നെന്ന് പ്രയാസത്തോടെ സൈനബ ടീച്ചര്‍ പറയുന്നു. ബി.ടെക് ബിരുദധാരിയായ മകനും കുടുംബവുമെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നുവെങ്കിലും ഭാരിച്ച കെട്ടിട വാടകയും സഹപ്രവര്‍ത്തകരുടെ വേതനവും വലിയ ബാധ്യത തന്നെയാണ് ഇവര്‍ക്ക്.
അതുകൊണ്ട് തന്നെ സ്ഥാപനത്തിന്റെ നിലനില്‍പിനും ഇനിയും സഹായഹസ്തങ്ങള്‍ ഉണ്ടായെങ്കിലെന്ന് ആശിച്ചിരിക്കുകയാണ് സൈനബ ടീച്ചര്‍.
smile charitable trust/ 33825628434/ SBI N 0016659