അയ്യര്‍ ദി ഗ്രേറ്റ്'' സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ വൈകുണ്ഡം സൂര്യനാരായണ അയ്യര്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറത്ത് അതീന്ദ്രിയ
അയ്യര്‍ ദി ഗ്രേറ്റ്'' സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ വൈകുണ്ഡം സൂര്യനാരായണ അയ്യര്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറത്ത് അതീന്ദ്രിയ ജ്ഞാനമുള്ള വ്യക്തിയായാണ് പ്രത്യക്ഷപ്പെടുന്നത്. അയ്യര്‍ വീട്ടിലിരുന്ന് ടി.വി കാണുന്ന രംഗമുണ്ട്. ഒരു ബേബിഫുഡ് കമ്പനിയുടെ പരസ്യമാണ് ടി.വിയില്‍. ടിന്നിലടച്ചുവെച്ച ബേബിഫുഡ് സന്തോഷത്തോടെ കഴിക്കുന്ന കുട്ടിയുടെ മുഖം പെട്ടെന്ന് വക്രീകരിക്കപ്പെട്ട രീതിയില്‍ തോന്നുകയാണ് അയ്യര്‍ക്ക്. തന്റെ തല പിളര്‍ക്കുന്നപോലെ തോന്നി അദ്ദേഹത്തിന്. ബേബിഫുഡില്‍ എന്തോ കുഴപ്പമുണ്ട്. അപകടകരമായ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമ്പോള്‍ തല പിളര്‍ക്കുന്നപോലെയാണ് അയ്യര്‍ക്കനുഭവപ്പെടാറ്. ഉടന്‍ അയ്യര്‍ പ്രസ്തുത ബേബിഫുഡിന്റെ സാമ്പിള്‍ ശേഖരിച്ച് ലാബ് പരിശോധനക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നു. ഞെട്ടിക്കുന്നതായിരുന്നു ഫലം. വിഷലിപ്തമായ ഒട്ടനവധി കെമിക്കല്‍സിന്റെ സംയുക്തമായിരുന്നു ആ ബേബിഫുഡ്. അവിടന്നങ്ങോട്ട് കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു. ബേബിഫുഡ് കമ്പനിക്കാര്‍ അയ്യരെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങുന്നില്ല. പ്രതികാരമെന്നോണം അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ ആസൂത്രിതമായ ഒരു ബോംബ് സ്‌ഫോടനത്തിലൂടെ നശിപ്പിക്കുകയാണ് ബേബി ഫുഡ് മാഫിയ. തലനാരിഴക്കാണ് അയ്യര്‍ രക്ഷപ്പെടുന്നത്. മന്ത്രിമാരുള്‍പ്പെടെയുള്ള രാഷ്ട്രീയ മേലാളന്മാര്‍ ഈ മാഫിയയുടെ ചൂട്ടുപിടുത്തക്കാരായാണ് സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്.
മാഗി ന്യൂഡില്‍സുമായി ബന്ധപ്പെട്ടുയരുന്ന സമീപകാല വിവാദങ്ങള്‍ വായിക്കുമ്പോള്‍ ''അയ്യര്‍ ദി ഗ്രേറ്റ്'' സിനിമ തന്നെ ആദ്യം മനസ്സിലെത്തുക സ്വാഭാവികം.
സ്വിസ് ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മാഗി ന്യൂഡില്‍സില്‍ ഉപഭോക്താക്കളെ ഞെട്ടിക്കുംവിധം ഈയത്തിന്റെയും (ലെഡ്) അജ്‌നമോട്ടോവിന്റെയും (മോണോ സോഡിയം ഗ്‌ളൂട്ടാമേറ്റ്) സാന്നിധ്യം വളരെ കൂടുതലാണെന്നാണ് വിദഗ്ധ രാസപരിശോധനയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ വി.കെ. പാണ്ഡെ എന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥന്റെ ക്രിയാത്മകമായ ഇടപെടലാണ് അമ്പരപ്പിക്കുന്ന ഈ രാസപരിശോധനാ ഫലത്തിനുപിന്നില്‍. ഏഴോളം സംസ്ഥാനങ്ങള്‍ മാഗിക്ക് വിലക്കേര്‍പ്പെടുത്തി. കേരളം, സിവില്‍ സപൈ്‌ളസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെയുള്ള മാഗിവില്‍പന നിര്‍ത്തിവെച്ചു. ബിഗ്ബസാര്‍, നീലഗിരീസ് തുടങ്ങിയ ചില്ലറ വില്‍പനശാലകളും മാഗിയെ കൈയൊഴിഞ്ഞു. സൈനിക മേധാവികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് പട്ടാള കാന്റീനുകളില്‍നിന്ന് മാഗി അപ്രത്യക്ഷമായി. നെസ്‌ലെ ബ്രാന്‍ഡിനുതന്നെ ഉപഭോക്താക്കളുടെ ഉത്കണ്ഠ കണക്കിലെടുത്ത് മാഗി ന്യൂഡില്‍സ് താല്‍ക്കാലികമായി വിപണിയില്‍നിന്ന് പിന്‍വലിക്കാനും ഉല്‍പാദനം നിര്‍ത്തിവെക്കാനും തയാറാകേണ്ടിവന്നു. ഒടുക്കം കേന്ദ്രസര്‍ക്കാറും മാഗി നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. മാഗിയുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന കുറ്റത്തിന്മേല്‍ ഇതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലാ കോടതി. നെസ്‌ലെയു ടെ മറ്റൊരു ഉല്‍പന്നമായ പാല്‍പ്പൊടിയില്‍ പുഴുക്കളുടെ ലാര്‍വ കണ്ടെത്തിയെന്നതാണ് തമിഴ്‌നാട്ടില്‍നിന്നുള്ള പുതിയ വാര്‍ത്ത. ആരെയും ആകര്‍ഷിക്കുംവിധം രണ്ടു പക്ഷികളും കൂടും കുഞ്ഞുങ്ങളുമൊക്കെ ചിഹ്നങ്ങളാക്കി ഇന്ത്യയിലെതന്നെ നമ്പര്‍വണ്‍ ബ്രാന്‍ഡായി ഞെളിഞ്ഞുനിന്നിരുന്ന നെസ്‌ലെയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറ രഹസ്യങ്ങള്‍ ഓരോന്നായി ചുരുളഴിയുന്ന കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ടി.വി തുറന്നാല്‍ എന്തെല്ലാം പുകിലുകളായിരുന്നു. അമിതാബ് ബച്ചനും മാധുരിയും പ്രീതിയും തുറന്ന ചിരിയോടെ നമ്മോട് മധുരമായി മൊഴിഞ്ഞു. നിങ്ങളുടെ കുട്ടികള്‍ ഇനി മാഗി കഴിച്ച് വളരട്ടെ.'' ചില രക്ഷിതാക്കള്‍ വലിയവായില്‍ പൊങ്ങച്ചം വിളമ്പുന്നത് കേട്ടിട്ടില്ലെ: എന്റെ കുട്ടിക്ക് കഞ്ഞിയും ചോറും ചായയുമൊന്നും തീരെ ഇഷ്ടമല്ല. മാഗിയും ഒരു ബോട്ടില്‍ പെപ്‌സിയുമാണ് അവന്റെ ബ്രേക്ക്ഫാസ്റ്റ്.'' എന്ത് വിഷം കൊടുത്തായാലും ഉപഭോക്താക്കളെ പിഴിഞ്ഞ് തടിച്ചുവീര്‍ക്കുന്ന ബഹുരാഷ്ട്ര കമ്പനികളും നേരാംവണ്ണം അവയെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കാത്ത ഗവണ്‍മെന്റുകളും മാത്രമല്ല കുറ്റക്കാര്‍ എന്നു സാരം. നമ്മുടെ വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണസമ്പ്രദായത്തെ പാടെ മാറ്റിമറിച്ച്, വര്‍ണചിത്രങ്ങള്‍ പതിച്ച ടിന്നുകളിലും കണ്ണഞ്ചിക്കുന്ന പ്ലാസ്റ്റിക് കവറുകളിലും ബദല്‍ കണ്ടെത്തിയ നമ്മുടെ സാംസ്‌കാരിക അധപ്പതനം തന്നെയാണ് നെസ്‌ലെ പോലുള്ള ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് നമ്മുടെ അടുക്കളയില്‍ കയറി നിരങ്ങാന്‍ അവസരമൊരുക്കിയത്.
കേരളത്തിന്റെ കാര്യം തന്നെയെടുക്കാം. പണ്ട് നമ്മുടെ വീടുകളില്‍ സുലഭമായിരുന്നു നാരുകളാല്‍ സമൃദ്ധമായ ചേനയും ചേമ്പും കാച്ചലുമൊക്കെ. അതൊന്നും ഇന്നാര്‍ക്കും വേണ്ട. മഴക്കാലങ്ങളില്‍ തളിര്‍ത്തുവരുന്ന പത്തോളം പോഷകസമൃദ്ധമായ ഇലക്കറികളുണ്ട് നമ്മുടെ നാട്ടില്‍. ആരും കഴിക്കാതെ മണ്ണിലുണങ്ങിത്തീരാനാണ് അവയുടെയെല്ലാം വിധി. ആര്‍ക്കും ഒന്നിനും സമയമില്ല. പാക്കറ്റുകളില്‍ ലഭ്യമാകുന്ന മാഗിയും മറ്റുമൊക്കെ പ്രിപ്പയര്‍ ചെയ്യാന്‍ സൗകര്യമുണ്ട് എന്നതാണ് സമയമില്ലാത്ത രക്ഷിതാക്കളുടെ വരട്ടുന്യായം. മുതിര്‍ന്നവര്‍ക്കിടയിലെ ദുശ്ശീലങ്ങളായ മദ്യത്തിനും പുകവലിക്കും മയക്കു മരുന്നിനുമെല്ലാമെതിരായി നടക്കുന്ന സാംസ്‌കാരിക പോരാട്ടങ്ങള്‍ തീര്‍ച്ചയായും
പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെ. ഒപ്പം വളര്‍ന്നുവരുന്ന കുട്ടികളെ ശ്രദ്ധിക്കാനും നമുക്ക് കഴിയണ്ടേ. ഇന്ന് വിപണിയില്‍ ലഭ്യമായ ഒട്ടനവധി മിഠായികള്‍, ക്രീം കേക്കുകള്‍, ഐസ്‌ക്രീം, ബിസ്‌കറ്റുകള്‍, ചീറ്റോസ്, കുര്‍കുറെ, ലെയ്‌സ്, ചോക്കോസ്, ഡെസര്‍ട്ടുകള്‍, ടിന്നിലടച്ച പഴച്ചാറുകള്‍, ബോട്ടിലിലെ കളര്‍പാനീയങ്ങള്‍ എന്നിവയെല്ലാം വിഷലിപ്തമായ മായങ്ങളുടെ കൃത്രിമ രുചിക്കൂട്ടുകള്‍ മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്.
ചര്‍മസംരക്ഷണത്തിന്റെ പേരുപറഞ്ഞ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നാം സ്‌നേഹപൂര്‍വം ശരീരത്തില്‍ തേപ്പിക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഓയിലും പൗഡറും സോപ്പുമെല്ലാം ഹാനികരമായ രാസപദാര്‍ഥങ്ങളടങ്ങിയവയാണെന്ന പ്രശ്‌നമുയര്‍ത്തി സാമൂഹികപ്രവര്‍ത്തകര്‍ ബോധവത്കരണ കാമ്പയിനുകളും സമരങ്ങളും സംഘടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് കമ്മീഷന്‍ കേസെടുത്ത ശേഷമാണ് ജോന്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പന്നങ്ങളില്‍ അടങ്ങിയ രാസവസ്തുക്കളുടെ പേരുകള്‍ മുഴുവനായും കുപ്പിക്ക് പുറത്ത് അച്ചടിക്കാന്‍ തുടങ്ങിയത്. അതും ഒരു മനുഷ്യനും വായിക്കാനേ പാടില്ല എന്നമട്ടില്‍ തീരെ ചെറിയ അക്ഷരങ്ങളില്‍.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിര്‍ബാധം ഇറക്കുമതി ചെയ്ത് വയറുമുട്ടെ കഴിക്കുന്ന പച്ചക്കറികളിലെ കീടനാശിനിയുടെ അളവിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. അത്രമേല്‍ പറഞ്ഞും കേട്ടും ക്ലീഷെയായിരിക്കുന്നു ''പച്ചക്കറിയിലെ കീടനാശിനി''യെന്ന വാക്യം തന്നെ. റെപ്രാഫെനോഫോസ്, ട്രയാസോഫോസ്, ക്യുനാല്‍ ഫോസ്, എത്തയോണ്‍, മീഥൈല്‍ പാരത്തയോണ്‍, സൈപ്പര്‍മെത്രിന്‍, സൈഹലേത്രിന്‍ തുടങ്ങിയ വായില്‍ കൊള്ളാത്ത പേരുകളുമായെത്തുന്ന മാരക കീടനാശിനികളുടെ സാന്നിധ്യം അന്യസംസ്ഥാന പച്ചക്കറികളില്‍ കണ്ടെത്തിയത് നമ്മുടെ വെള്ളായണി കാര്‍ഷിക കോളജിലെ ലബോറട്ടറി തന്നെയാണ്.
വിവാദമായ വിഷയങ്ങളുണ്ടാകുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന താല്‍ക്കാലിക നിരോധ നാടകങ്ങള്‍ക്കപ്പുറത്ത് സ്ഥായിയായൊരു ചുവടുവെപ്പുപോലും മാറിമാറി വരുന്ന ഗവണ്‍മെന്റുകളില്‍നിന്ന് ഉണ്ടാവുന്നതേയില്ല എന്നതാണ് ഖേദകരം. കുത്തക കമ്പനി മുതലാളിമാരില്‍നിന്ന് ഒഴുകിയെത്തുന്ന പച്ചനോട്ടുകളില്‍ കണ്ണ് മഞ്ഞളിക്കുന്ന രാഷ്ട്രീയ മേലാളന്മാരും ഉദ്യോഗസ്ഥ വൃന്ദങ്ങളും ശരിദിശയിലേക്കുള്ള കരുത്തുറ്റ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍, അഴിമതിക്കറ പുരണ്ട ജനാധിപത്യ വ്യവസ്ഥിതി തന്നെയാണ് വില്ലനെന്നുള്ള പൊതുനിരീക്ഷണത്തി ലേക്കുതന്നെയാണ് ഏത് വിവാദ വിഷയങ്ങളിലെയും സത്യസന്ധമായ അന്വേഷണങ്ങള്‍ ചെന്നവസാനിക്കുന്നത്.