ഉന്നത വിദ്യാഭ്യാസത്തില്‍ നമ്മുടെ രാജ്യവും സംസ്ഥാനവും ഇന്നേറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍
നിങ്ങളുടെ മകള്‍ക്ക്/ മകന് ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതിന് ഒരു ദിവസം നിങ്ങള്‍ എത്ര സമയം ചെലവഴിക്കാറുണ്ട്? പ്രത്യേകിച്ച് ഗുണമില്ലെന്ന് സ്വയം ബോധ്യപ്പെട്ടിട്ടും ഒരു ഹരത്തിനു വേണ്ടി നിങ്ങള്‍ എത്ര സമയം ടി.വിക്കു മുന്നില്‍ ഇരിക്കാറുണ്ട്? ഇതിന്റെ പകുതിയോ അതിലും കുറഞ്ഞ സമയമോ ചിലവഴിക്കാന്‍ സന്നദ്ധരാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പി.എച്ഛ്.ഡിയോ പി.ജിയോ കരസ്ഥമാക്കാനാകും. ചടഞ്ഞിരുന്ന് പഠിക്കുന്നതിന്റെ മുഷിപ്പും മറ്റു തിരക്കുകള്‍ക്കിടയിലെ വേവലാതിയുമില്ലാതെ ഡോക്ടറേറ്റ് നേടാനും അഭ്യസ്തവിദ്യരുടെ ഗണത്തില്‍ പെടാനുമാകും. പഠിക്കണമെന്നാഗ്രഹമുണ്ടായിട്ടും സാഹചര്യങ്ങള്‍ വിലങ്ങു തീര്‍ത്തവര്‍ക്ക്, വിവാഹത്തോടെ ഭാരിച്ച കുടുംബജീവിതം തലയിലേറ്റി നഷ്ട സ്വപ്‌നങ്ങള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്ക്... വലിയ സാധ്യതയാണ് ഇപ്പോള്‍ തുറന്ന് കിടക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തില്‍ നമ്മുടെ രാജ്യവും സംസ്ഥാനവും ഇന്നേറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയുടെ കണക്കു പ്രകാരം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളതും പ്രതിവര്‍ഷം പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുള്ളതും ഇന്ത്യയിലാണ്. അതുകൊണ്ടാണ് വരുംകാലത്ത് അമേരിക്കക്കും ചൈനക്കും ഇന്ത്യ ഭീഷണിയാകും എന്ന് അനുമാനിക്കപ്പെടുന്നത്. നളന്ദ (Nalanda), വിക്രംശില (Vikramshila), ധരണികോട്ട (Dharanikota), തക്ഷശില (Takshashila) തുടങ്ങിയ വയായിരുന്നു പ്രാചീന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തിയതോടെ ബ്രിട്ടീഷുകാര്‍ ലണ്ടന്‍ യൂനിവേഴ്‌സിറ്റിയുടെ കരിക്കുലം ആസ്പദമാക്കി കല്‍ക്കത്ത യൂനിവേഴ്‌സിറ്റി, മദ്രാസ് യൂനിവേഴ്‌സിറ്റി, ബോംബെ യൂനിവേഴ്‌സിറ്റി എന്നിവ കൊണ്ടുവന്നു. സ്വതന്ത്രമാകുമ്പോഴേക്കും 27 യൂനിവേഴ്‌സിറ്റികളും 695 കോളേജുകളുമുണ്ടായിരുന്നു ഇന്ത്യയില്‍. 1968 കോത്താരി കമീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം യൂനിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവില്‍ വന്നു. ഇന്ന് 46 കേന്ദ്ര സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റികളും വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ അധീനതയിലുള്ള 327 യൂനിവേഴ്‌സിറ്റികളും 135 ഡീംഡ് യൂനിവേഴ്‌സിറ്റികളും 216 സ്വകാര്യ യൂനിവേഴ്‌സിറ്റികളുമടക്കം മൊത്തം 724 സര്‍വകലാശാലകളാണ് ഇന്ത്യയിലുള്ളത്. ഇവ കൂടാതെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് നടത്തുന്ന IIT, IIM, IISER പോലുള്ള 82 ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും, സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങളും വേറെയുമുണ്ട്. ഇവയിലെല്ലാം കൂടി 212 സ്ഥാപനങ്ങള്‍ ഇന്ന് ഓപണ്‍, വിദൂര വിദ്യാഭ്യാസം നല്‍കുന്നുണ്ട്. എസ്.എസ്.എല്‍.സി മുതല്‍ ഗവേഷണം വരെ നീളുന്നതാണ് ഇവ നല്‍കുന്ന കോഴ്‌സുകള്‍. പഠിതാക്കള്‍ക്ക് സൗകര്യപ്രദമായ സമയത്തോ, പോസ്റ്റല്‍ വഴിയോ, അല്ലെങ്കില്‍ ഒഴിവ് ദിവസങ്ങളില്‍ സ്ഥാപനങ്ങളില്‍ നിന്ന് അധ്യാപകരുടെ മേല്‍നോട്ടത്തിലോ അല്ലാതെയോ പഠിക്കലായിരുന്നു രീതി. ഇന്റര്‍നെറ്റ്, മറ്റു വിവര സാങ്കേതിക വിദ്യകള്‍, വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സാറ്റലൈറ്റ് കാമ്പസുകള്‍, ചാനലുകള്‍ എന്നിവയുടെ വരവോടെ വിദൂര വിദ്യാഭ്യാസം കൂടുതല്‍ സൗകര്യപ്രദമായിത്തീര്‍ന്നിട്ടുണ്ട് ഇപ്പോള്‍. ഇവിടെയും പണം തട്ടുന്ന വ്യാജന്മാരും നിലവാരമില്ലാത്ത കോഴ്‌സുകളും വ്യാജ യൂനിവേഴ്‌സിറ്റി ബിരുദങ്ങളും പെരുകിയതോടെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) വിദൂര വിദ്യാഭ്യാസം നല്‍കുന്ന ഇഗ്‌നോ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളോടും സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പൊതു ചെലവ് കുറച്ച്‌കൊണ്ട് ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ പ്രോത്സാഹിപ്പിക്കുക എന്ന നിര്‍ദ്ദേശം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചത് 1960-ലാണ്. 1985-ല്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ (IGNOU) വരവോടു കൂടി സാമ്പത്തികവും, ചരിത്രപരവും മറ്റുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, ഇടക്ക് വെച്ച് വിവിധ കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവര്‍ക്കും, വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കും വിദൂര ദിക്കുകളില്‍ താമസിക്കുന്നവര്‍ക്കും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും പ്രായഭേദമന്യേ വളരെ ലളിതമായ രീതിയില്‍ മികച്ച ഉന്നതവിദ്യാഭ്യാസം നല്‍കുക എന്നതായി മാറി നയം. ഇന്ന് എല്ലാവര്‍ക്കും എത്തിപ്പിടിക്കാവുന്ന വിദ്യാഭ്യാസ രീതിയായി വിദൂര വിദ്യാഭ്യാസം മാറിയിരിക്കുന്നു.
1991 ലെ IGNOU ആക്ട് പ്രകാരം വിദൂര വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചതോടെ വിദൂര വിദ്യാഭ്യാസം വഴി പഠിക്കാന്‍ എത്തുന്നവരുടെ പ്രവേശനാനുപാതം വര്‍ധിച്ചിരിക്കുന്നു.
അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗ്രാഫ് എത്ര മുകളിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നില്‍ തന്നെയാണ് കേരളം. സ്ത്രീകളുടെ മുന്നേറ്റമാണ് ഇവിടങ്ങളിലെല്ലാം അത്ഭുതപ്പെടുത്തുന്നത്. ഇന്ന് പ്രീ-പ്രൈമറി തൊട്ട് ഗവേഷണ രംഗം വരെയുള്ള പഠന രംഗങ്ങളില്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് 30 ശതമാനം സ്ത്രീ പ്രവേശനാനുപാതം കൂടിയിരിക്കുകയാണ്. 2012-13 ഉന്നതവിദ്യാഭ്യാസ സര്‍വ്വ അനുസരിച്ച് 44.2 ശതമാനം സ്ത്രീകളും ഉന്നത വിദ്യാഭ്യാസം നേടാനെത്തുന്നവരാണ്. അതുകൊണ്ട് തന്നെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ (2012-17) സ്ത്രീ വിദ്യാഭ്യാസത്തിനും, വിദൂര വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. ഇന്ന് ദല്‍ഹിയിലും, ഹൈദരാബാദിലും, അലീഗഡിലും ഉന്നതവിദ്യാഭ്യാസം തേടിപ്പോകുന്ന നമ്മുടെ പുതുതലമുറയില്‍ റഗുലര്‍ പഠനത്തോടൊപ്പം വിദൂരവിദ്യാഭ്യാസം വഴി മറ്റൊരു ഡിഗ്രിയോ, പി.ജി.യോ, ഡിപ്ലോമയോ, സര്‍ട്ടിഫിക്കറ്റോ നേടുന്നവരാണധികവും. അത് അവരുടെ അക്കാദമിക ജീവിതത്തിന് കൂടുതല്‍ മിഴിവും മികവും നല്‍കുന്നു. പുതുതലമുറയിലെ കുരുന്നുകള്‍ ഏറക്കുറെ പൂര്‍ണമായും ഇംഗ്ലീഷ് മീഡിയവല്‍ക്കരിക്കപ്പെട്ടതോടെ അവരെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരവും അവര്‍ പോലും അറിയാതെ ഉയര്‍ന്നിരിക്കുന്നു. ഇത്തരം രക്ഷിതാക്കള്‍ മനസ്സ് വെച്ച് ദിവസേന ഒരു മണിക്കൂറോ, അര മണിക്കൂറോ സമയം കണ്ടെത്തിയാല്‍ ആര്‍ക്കും അനായാസം നേടാവുന്നതേയുളളൂ വിദൂര വിദ്യാഭ്യാസം വഴിയുള്ള പത്ത്, പ്ലസ് ടു, ബിരുദ, ബിരുദാനന്തര യോഗ്യതകള്‍.
വിദൂര വിദ്യാഭ്യാസം വഴിയുള്ള സ്‌കൂള്‍ പഠനം
കേരളാ പബ്ലിക് സര്‍വീസ് കമ്മീഷനും (KPSC) കേരളത്തിലെ സര്‍വകലാശാലകളും അംഗീകരിച്ച വിദൂര വിദ്യാഭ്യാസ രീതിയിലും പ്രൈവറ്റ് രജിസ്‌ട്രേഷനിലുമായി ഇന്ന് ഇന്ത്യയില്‍ 45 സ്ഥാപനങ്ങള്‍ പത്താം ക്ലാസ് (SSLC) യോഗ്യതാ പരീക്ഷകളും, 68 സ്ഥാപനങ്ങള്‍ പ്ലസ് ടു യോഗ്യതാ പരീക്ഷകളും നടത്തുന്നുണ്ട്.
1. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിംഗ്
കഴിഞ്ഞ അഞ്ച് വര്‍ഷമായി 2.71 മില്യന്‍ പഠിതാക്കള്‍ പ്രവേശനം നേടി ലോക ശ്രദ്ധ നേടിയ ഇആടഋ യുടെ സ്ഥാപനമാണ് National School of Open Schooling. പത്താം ക്ലാസ് (Secondary) പ്ലസ് ടു (Senior Secondary) തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ (Vocational Education Courses) അഭിരുചി (Life Skill Development) തുടങ്ങിയ കോഴ്‌സുകള്‍ക്ക് പുറമെ സര്‍വ്വശിക്ഷാ അഭിയാന്‍ സഹായത്തോടെ നാല്, എട്ട് തുല്യതാ കോഴ്‌സുകളും നടത്തുന്നുണ്ട്. ഹയര്‍സെക്കന്ററി കോഴ്‌സില്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നിവയെല്ലാം നല്‍കുന്നുണ്ടെന്നത് NIOS ന്റെ മാത്രം പ്രത്യേകതയാണ്. അതത് പ്രദേശങ്ങളിലെ മാതൃഭാഷകളില്‍ തന്നെ പരീക്ഷ എഴുതാനും ഇതില്‍ സൗകര്യമുണ്ട്. വീഡിയോ, ഡിജിറ്റല്‍ പഠനോപകരണങ്ങളും ഇവിടെ ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ ജില്ലകളിലും രണ്ടിലധികം പഠന സെന്ററുകള്‍ക്ക് പുറമെ, അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ പഠന കേന്ദ്രങ്ങളുണ്ട്. ഓരോ വര്‍ഷവും അഞ്ചര ലക്ഷം വിദ്യാര്‍ഥികള്‍ സ്ഥിരം പഠിതാക്കളാണ്. NIOS ന്റെ സര്‍ട്ടിഫിക്കറ്റ് ലോകമൊട്ടാകെ അംഗീകരിച്ചിട്ടുള്ളതുമാണ്. ഇന്ത്യയില്‍ ഉന്നത പഠനത്തിനും ഗവണ്‍മെന്റ് ജോലികള്‍ക്ക് അപേക്ഷിക്കാനും ഈ സര്‍ട്ടിഫിക്കറ്റുകള്‍ മതിയാകും.
2. തുല്യതാ പ്രോഗ്രാം
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന 4,7,10 ക്ലാസ് തുല്യതാ പരീക്ഷയാണ് മറ്റൊന്ന്. ഈ തുല്യതാ പ്രോഗ്രാമിന്റെ പരീക്ഷ സംസ്ഥാന പൊതുവിദ്യാഭ്യാസ ബോര്‍ഡാണ് നടത്താറെങ്കിലും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല. തൊട്ടടുത്തുള്ള സാക്ഷരതാ മിഷന്‍ സ്ഥാപനങ്ങള്‍ വഴിയോ, അല്ലെങ്കില്‍ ഹൈസ്‌കൂളുകള്‍ മുഖേനയോ ഇതിന് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.
3. കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍
സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷനല്‍ റിസര്‍വ് ആന്റ് ട്രെയിനിംഗ് 1999, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി തുടക്കമിട്ട ഹയര്‍ സെക്കന്ററി പഠന പദ്ധതിയാണ് കേരള സംസ്ഥാന ഓപ്പണ്‍ സ്‌കൂള്‍. ഓപ്പണ്‍ റഗുലര്‍, ഓപ്പണ്‍ പ്രൈവറ്റ് എന്നീ രണ്ട് സ്‌കീമുകളിലാണ് ഇവിടത്തെ ഹയര്‍സെക്കന്ററി രജിസ്‌ട്രേഷന്‍. പ്രൈവറ്റ് സ്‌കീമില്‍ ഹ്യുമാനിറ്റീസും കൊമേഴ്‌സിനും മാത്രമേ രജിസ്‌ട്രേഷന്‍ ചെയ്യാനാവൂ. മാതൃഭാഷയായ മലയാളത്തിലും പരീക്ഷ എഴുതാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. www.openschool.kerala.gov.in, 04712340323, 2341883, 0471 2348581.
(തുടരും)