കാര്‍ഗിലില്‍ ഓര്‍മകളുമായി ഒരുമ്മ

കെ. അത്തീഫ് കാളികാവ് No image

      മഴ തിമര്‍ത്തു പെയ്ത ആ ജുലൈ മാസം ഇന്നും ഫാത്തിമ സുഹറയുടെ ഉള്ള് പൊള്ളിക്കുകയാണ്. അന്നത്തെ ഒരു സന്ധ്യാ സമയത്താണ് വൈധവ്യത്തിന്റെ വേദനയില്‍ ഉള്ളുലഞ്ഞ് കഴിഞ്ഞിരുന്ന ആ മാതൃ ഹൃദയത്തെയും കുടുംബത്തെയും നാടിനെയും ഒന്നടങ്കം സങ്കടക്കണ്ണീരില്‍ മുക്കി മകന്‍ അബ്ദുല്‍ നാസര്‍ കാര്‍ഗിലിലെ മഞ്ഞുമലകളില്‍ മാതൃരാജ്യത്തിനായി വീരചരമം പ്രാപിച്ചത്. ഒന്നര പതിറ്റാണ്ട് കാലത്തെ മകന്റെ വേര്‍പാടിന്റെ നീറുന്ന വേദനകള്‍ക്കിടയിലും നാടിനായി ജീവനര്‍പ്പിച്ച മകന്റെ അണയാത്ത ഓര്‍മകളാണ് ഈ ഉമ്മക്ക് ഇന്നും കൂട്ട്.
കാര്‍ഗിലിലെ ദ്രാസില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ 1999 ജൂലെ 22-നാണ് നാസര്‍ മരണപ്പെടുന്നത്. സൈന്യത്തില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങുമ്പോള്‍ അടുത്ത വരവിന് വിവാഹം നടത്താമെന്ന് സ്‌നേഹം പൊതിഞ്ഞ വാക്കുകളാല്‍ ഉമ്മക്ക് ഉറപ്പ് നല്‍കിപ്പോയതായിരുന്നു ഇരുപത്തിമൂന്നുകാരനായ നാസര്‍. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യന്‍സേനയുടെ എംബ്ലം കൊത്തിയ പെട്ടിയില്‍ എംബാം ചെയ്ത മകന്റെ മഞ്ഞുകണം പോലത്തെ നനുത്ത ചേതനയറ്റ ശരീരമാണ് കാളികാവ് ചെങ്കോട്ടിലെ പൂതന്‍കോട്ടില്‍ വീട്ടില്‍ വന്നുചേരുന്നത്.
അതിര്‍ത്തിയിലെ യുദ്ധത്തില്‍ രാജ്യത്തിനായി പിടഞ്ഞു മരിച്ച ജവാന്‍ നാസറിന്റ ഓര്‍മകള്‍ നാടിന്റെ മങ്ങാത്ത സ്മരണകളാണെങ്കില്‍ ജീവിതം തുടങ്ങുംമുമ്പ് മരണത്തിലേക്ക് നടന്ന് നീങ്ങിയ അരുമ മകന്റെ വേര്‍പാട് ഉമ്മ ഫാത്തിമ സുഹറക്ക് ഇന്നും നെഞ്ചകത്ത് തീര്‍ത്താല്‍ തീരാത്ത വേദനയാണ.്
പഠനത്തില്‍ മിഠുക്കനായിരുന്നു നാസര്‍. പത്താം ക്ലാസ് ഡിസ്റ്റിങ്ഷനോടെ ജയിച്ച ശേഷം ഉപരിപഠനത്തിലായിരുന്നു. മലപ്പുറം ജില്ലാ യൂത്ത് ഹോസ്റ്റല്‍ അംഗമായിരുന്ന നാസറിന് ഏറെ ഇഷ്ടം വായനയും ട്രക്കിങ്ങുമായിരുന്നു. പര്‍വ്വതങ്ങളും മലമടക്കുകളും പതിവായി കയറിയിറങ്ങിയിരുന്ന നാസറിന് സാഹസികതയായിരുന്നു കൂട്ട്. യൂത്ത് ഹോസ്റ്റല്‍ സംഘടിപ്പിച്ച നിരവധി ട്രക്കിങ്ങിലൂടെ സംസ്ഥാനത്തേയും അയല്‍ സംസ്ഥാനങ്ങളിലേയും മലമടക്കുകളും പര്‍വതക്കെട്ടുകളും കടന്ന് സഞ്ചരിച്ച നാസര്‍ രാജ്യരക്ഷക്കായി സൈനിക സേവനം നടത്തുന്ന മോഹം ഉള്ളില്‍ സൂക്ഷിച്ചുപോന്നു. കൂട്ടുകാരോടെല്ലാം ഈ ആഗ്രഹം പലപ്പോഴായി പറഞ്ഞു. സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം വീട്ടുകാരോടും ഇടക്ക് പങ്കുവെച്ചു. ഉമ്മ ഫാത്തിമ സുഹറയുടെ പാതി സമ്മതത്തോടെ നാസര്‍ ഒടുവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുകയായിരുന്നു.
ഹവില്‍ദാര്‍ ക്ലര്‍ക്കായിട്ടായിരുന്നു നാസറിന് സൈന്യത്തില്‍ നിയമനം ലഭിച്ചത്. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു ആദ്യ നിയമനം. ഒരു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ നാസറിന് പറയാനുണ്ടായിരുന്നത് സൈനിക പരിശീലനത്തിനിടെയുണ്ടായ അനുഭവങ്ങള്‍ മാത്രമായിരുന്നു. കാശ്മീരിലെ മഞ്ഞുമലകളിലെ യാത്ര നാസറിന്റെ ഉള്ളില്‍ ആഗ്രഹമായി നിറഞ്ഞുനിന്നു. ഹ്രസ്വമായ അവധി കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് നാസര്‍ വീണ്ടും സൈനിക ക്യാമ്പിലേക്ക് മടങ്ങി.
അവധി കഴിഞ്ഞ് സൈനിക ക്യാമ്പില്‍ തിരിച്ചെത്തി അധികം കഴിയുംമുമ്പേ കാര്‍ഗിലിലെ പാക് നുഴഞ്ഞകയറ്റം രാജ്യത്തെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങി. അതോടെ സുഹറയുടെയും കുടംബത്തിന്റെയും ഉള്ളില്‍ തീ കനത്തു. ആയിടക്ക് തന്നെ ഉമ്മക്ക് മകന്റെ സന്ദേശം വന്നു, കാശ്മീരിലെ യുദ്ധമുന്നണിയിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ് താനടക്കമുള്ള ജബല്‍ബൂരിലെ സൈനികരെന്ന്. ഉള്ളുരുകിയ പ്രാര്‍ഥനയുടെ നാളുകളായിരുന്നു പിന്നീട്.
ഓപറേഷന്‍ വിജയ് എന്ന് നാമകരണം ചെയ്ത യുദ്ധത്തിനായി കാര്‍ഗിലിലെ ദ്രാസിലായിരുന്നു ഇന്ത്യന്‍ സൈനിക ക്യാമ്പ് ഒരുക്കിയിരുന്നത്. അവിടേക്കാണ് നാസര്‍ അടക്കമുള്ളവരെ മാറ്റി നിയോഗിച്ചത്.
ദ്രാസിലെ മട്ടിയാന്‍ സൈനിക ക്യാമ്പില്‍ സുസജ്ജമായി നാസറും കുട്ടരും പാക് സേനയെ ചെറുക്കാന്‍ ഒരുങ്ങിനിന്നു. ബങ്കറുകളില്‍നിന്നും ആക്രമണവും പ്രതിരോധവും തീര്‍ത്തു പോരുന്നതിനിടെയാണ് ഇവര്‍ക്കിടയിലേക്ക് പാക്ക് സേന പ്രയോഗിച്ച ഷെല്ല് വന്ന് പതിക്കുന്നത്. തുരുതുരെ വന്നു പതിച്ച ഷെല്ലുകള്‍ തലയില്‍ തറച്ച് യുദ്ധമുന്നണിയില്‍ തന്നെ നാസര്‍ പിടഞ്ഞു മരിച്ചു.
സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് തീക്കാറ്റ് പോലെ ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും കാളികാവ് ചെങ്കോട്ടെ പൂതന്‍കോട്ട് വീടിനെയും കണ്ണീരില്‍ മുക്കി ജവാന്‍ നാസര്‍ കാര്‍ഗിലില്‍ യുദ്ധമുഖത്ത് ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍ മരണപ്പെട്ട വാര്‍ത്ത എത്തുന്നത്. സുഹറയെയും കുടുംബത്തെയും സങ്കടക്കടലില്‍ മുക്കിയ നാളുകളായിരുന്നു പിന്നീട്.
രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച ധീരജവാന്റെ കുടംബത്തെ ആശ്വസിപ്പിക്കാന്‍ അന്നത്തെ സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖര്‍ പലരും എത്തി. കുടംബനാഥനായ മുഹമ്മദ് അസുഖം മൂലം മരണപ്പെട്ടതിന്റെ വിഹ്വലതകളില്‍നിന്നും പതിയെ മോചിതമായിത്തുടങ്ങിയ സുഹറക്കും മക്കള്‍ക്കും കൗമാര ദശ കടന്ന് കഴിഞ്ഞിട്ടില്ലാത്ത മകന്റെ വേര്‍പാട് തീരാത്ത വേദനയാണ് നല്‍കിയതെങ്കിലും ഈ ലോകത്തോട് വിടപറഞ്ഞ രാജ്യസ്‌നേഹിയായ മകനെ ഓര്‍ത്ത് അഭിമാനമാണുള്ളത്.
നാടിന്റെ മുഴുവന്‍ കണ്ണീരും സ്‌നേഹവായ്പുകളും ഏറ്റുവാങ്ങി കാളികാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന മകന്റെ ഓര്‍മകള്‍ ഉള്ള് പൊള്ളിക്കാറുണ്ടെങ്കിലും അലംഘനീയമായ വിധിയില്‍ എല്ലാം അര്‍പ്പിച്ചുള്ള പ്രാര്‍ഥനയാണ് സുഹറക്ക് സമാശ്വാസമാവുന്നത്. ഓര്‍മയായെങ്കിലും വീരമൃത്യു വരിക്കുമ്പോള്‍ മകന്‍ ധരിച്ച സൈനിക വേഷങ്ങളും മറ്റുസാമഗ്രികളുമെല്ലാം വീട്ടിലെ ചില്ലലമാരയില്‍ അമൂല്യനിധിപോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് മാതാവ് ഫാത്തിമ സുഹറ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top