പെണ്ണ് പര്‍ദയിട്ടാലും വസ്ത്രമുരിഞ്ഞാലും വിവാദമാണ്. പര്‍ദയിട്ടാല്‍ ഈ പൊരിവെയിലത്ത് ഇങ്ങനെ മൂടിപ്പൊതിഞ്ഞു നടക്കണോ
പെണ്ണ് പര്‍ദയിട്ടാലും വസ്ത്രമുരിഞ്ഞാലും വിവാദമാണ്. പര്‍ദയിട്ടാല്‍ ഈ പൊരിവെയിലത്ത് ഇങ്ങനെ മൂടിപ്പൊതിഞ്ഞു നടക്കണോ എന്നു ചോദിക്കുന്നവര്‍ ഫാഷന്‍ വസ്ത്രമിട്ടു നടന്നാല്‍ അതിനെതിരെയും കാടിളക്കും. യഥാര്‍ഥത്തില്‍ പെണ്ണ് എന്താണണിയേണ്ടത്? അതു തീരുമാനിക്കുന്നതില്‍ പുരുഷന് അഭിപ്രായസ്വാതന്ത്ര്യമുണ്ടോ?
സമീപകാലത്തു നടന്ന ലെഗ്ഗിങ്സ് വിവാദമാണ് ഈ വിഷയത്തെ വീണ്ടും കുത്തിപ്പൊക്കിയത്. ആണിനും പെണ്ണിനും അവരവര്‍ എന്തു ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ഇന്നത്തെ കേരളീയ സമൂഹത്തിന്റെ വസ്ത്രധാരണരീതി വല്ലാതെ വശംകെട്ടിരിക്കുന്നു. ഇതില്‍ എടുത്തുപറയേണ്ടതാണ് ലെഗ്ഗിങ്‌സ് (leggings). കുറച്ചുമുമ്പ് സോഷ്യല്‍മീഡിയയില്‍ ഒരു വിദേശി യുവതി വാഹനമിടിച്ചു തെറിച്ചുവീഴുന്ന ഫോട്ടോ വൈറലായിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഉയര്‍ന്നു മലക്കംമറിഞ്ഞ് വീഴുന്ന അവരുടെ മേല്‍വസ്ത്രം പറക്കുമ്പോള്‍ വിവസ്ത്രയായി കാണപ്പെടുന്നതായാണ് ദൃശ്യം. അത് ഷെയര്‍ ചെയ്തയാള്‍ കൊടുത്ത കമന്റാകട്ടെ ''ഒരു വഴിക്കുപോവുമ്പോള്‍ എന്തെങ്കിലുമൊക്കെ ഇട്ടുപോവുന്നതാണ് നല്ലതെ''ന്നും! പോസ്റ്റ് ചെയ്തയാള്‍ അടിവസ്ത്രമൊന്നും ധരിക്കാത്ത പോലെയാണ് വീഡിയോയില്‍ കാണുന്നത്. അതിനയാളെ കുറ്റം പറയാനുമാവില്ല. എന്നാല്‍ വാസ്തവത്തില്‍ ആ യുവതി ലെഗ്ഗിങ്സ് ധരിച്ചിരുന്നു!
ഇപ്പോള്‍ ഈ വിഷയം വിവാദമാക്കിയത് സാഹിത്യകാരന്‍ ബാബു കുഴിമറ്റം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാദ പ്രസ്താവനയാണ്. അദ്ദേഹം പോസ്റ്റില്‍ പറഞ്ഞത് അമ്പലമുക്കില്‍ വച്ച് തുണിയുടുക്കാതെ ആകാരവടിവു വെളിവാക്കുന്ന യുവതിയെ കണ്ട് തന്റെ ഡ്രൈവറുടെ ശ്രദ്ധ തെറ്റി കാറൊന്നു പാളിയെന്നാണ്. തനിക്കും വൈകാരിക പ്രശ്‌നമുണ്ടാക്കുന്ന തരത്തിലായിരുന്നു ആ സ്ത്രീയുടെ വസ്ത്രധാരണമെന്ന് അദ്ദേഹം കുറിച്ചു. ഇത് വിവാദമായതോടെ നിരവധിപേര്‍ പ്രതിഷേധമറിയിച്ചെങ്കിലും താന്‍ പറഞ്ഞത് സത്യമാണ് എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ബാബു കുഴിമറ്റത്തെ അനുകൂലിച്ചവരില്‍ ഒരാള്‍ പ്രതികരിച്ചത് ഈ വേഷം നിരോധിച്ചില്ലെങ്കില്‍ നീലച്ചിത്രക്കാര്‍ തെണ്ടി കുത്തുപാളയെടുക്കുമെന്നാണ്‍ ഈ ഫോട്ടോ കണ്ടിട്ട് നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍ പോസ്റ്റ്മാനെതിരേ കല്ലെറിഞ്ഞാല്‍ മതിയെന്നു പറഞ്ഞ് കുറേ ചിത്രങ്ങളും വലിച്ചെറിഞ്ഞു മുഖപുസ്തക ചുവരിലേക്ക്.
പണ്ട് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് പറഞ്ഞ കാര്യം ഒന്നുകൂടി തുറന്നടിച്ചു പറയുകയാണ് സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ബുക് മാര്‍ക്ക് സെക്രട്ടറി കൂടിയായ ബാബു കുഴിമറ്റം ചെയ്തത്. ഒ.വി വിജയന്റെ ധര്‍മപുരാണം തുടങ്ങുന്നത് ''പ്രജാപതിക്കു തൂറാന്‍മുട്ടി'' എന്നു പറഞ്ഞുകൊണ്ടാണല്ലോ. അതിനെയാരും അശ്ലീലമായി കണ്ടില്ല. കഥാകാരനായ ബാബുവും നിഷ്‌കളങ്കമായി താന്‍ കണ്ട കാഴ്ച തുറന്നെഴുതി- അതും സ്വന്തം ഫേസ്ബുക്ക് ചുവരില്‍! ഇത് സ്വാഭാവികമായും സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് ഇടംനല്‍കി. മാത്രമല്ല, സദാചാരവിരുദ്ധരായ ഹാക്കര്‍മാര്‍ അദ്ദേഹത്തെ വേട്ടയാടി. വൈറസുകളയച്ച് ആക്രമിച്ചു. പാസ്‌വേര്‍ഡ് മാറ്റിയിട്ടും രക്ഷയില്ലാതായി. ഒടുവിലദ്ദേഹം അറിയിച്ചു, വ്യാജ ഫെമിനിസ്റ്റുകളുടെ അണുബാധ തടയുവാന്‍ തന്റെ ഭാര്യയും കുറേ നല്ല വീട്ടമ്മമാരും കവയിത്രിമാരും ചേര്‍ന്ന് പുതിയൊരു വനിതാസംഘടനക്കു രൂപംനല്‍കുകയാണെന്ന്. പെരുമാള്‍ മുരുകന്റെ നിസ്സഹായത താനിപ്പോള്‍ അനുഭവിച്ചറിയുന്നു എന്ന് പറഞ്ഞുകൊണ്ട് കഥാന്ത്യത്തില്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചു അദ്ദേഹം.
എന്താണീ ലെഗ്ഗിങ്‌സ്?
വിദേശത്ത് സ്ത്രീകള്‍ അടിവസ്ത്രമായി ഉപയോഗിക്കുന്ന വസ്ത്രമാണ് ലെഗ്ഗിങ്സ്. സര്‍ക്കസിലെ കലാകാരികളെ കണ്ടിട്ടില്ലേ. ജെട്ടി മാത്രമേ അണിഞ്ഞിട്ടുള്ളൂവെന്നു തോന്നും കണ്ടാല്‍. അവരും ലെഗ്ഗിങ്സ് ധരിച്ചിട്ടുണ്ട്. തണുപ്പു കൂടുതലുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ വസ്ത്രത്തിനടിയില്‍ തെര്‍മല്‍ ലെഗ്ഗിങ്‌സ് അണിയാറുണ്ട്. ഡാന്‍സ് ചെയ്യുമ്പോള്‍ കാലുകള്‍ കാണാതിരിക്കാന്‍ ഇതിടുന്നു. എഴുപതുകളില്‍ മോഡേണ്‍ ലെഗ്ഗിങ്‌സ് രൂപകല്‍പന ചെയ്ത പട്രീഷ്യാ ഫീല്‍ഡ് (Patricia Field) എന്ന അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ലൈംഗിക ഉത്തേജക വസ്ത്രമായാണ് ഇത് ആവിഷ്‌കരിച്ചതെന്നു കാണാം. ലെഗ്ഗിങ്‌സ് ധരിച്ച സ്ത്രീകള്‍ അക്ഷരാര്‍ഥത്തില്‍ അരയ്ക്കു താഴെ നഗ്നരായി നടക്കുകയാണെന്നു പറഞ്ഞത് തിരുവിതാംകൂര്‍ രാജകുടുംബാംഗവും പ്രശസ്ത ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരിയുമായ ഗൗരി ലക്ഷ്മിബായി എന്ന സ്ത്രീയാണ്. ഒരു അടിവസ്ത്രം മാത്രമിട്ടു നിരത്തില്‍ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ തന്നെ അദ്ഭുതപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു.
എന്നാല്‍ കംഫര്‍ട്ടായി തോന്നുന്ന വസ്ത്രം പെണ്ണിനു ധരിച്ചുകൂടേ എന്നു ചോദിക്കുന്നവരുണ്ട്. സത്യത്തില്‍ സ്ത്രീയുടെ സുരക്ഷയും മാന്യതയും കരുതിയാണ് ഇസ്‌ലാം അവരോട് മാന്യമായി വസ്ത്രധാരണം നടത്താന്‍ ആവശ്യപ്പെടുന്നത്. ആങ്ങളക്ക് പെങ്ങളോടുള്ള സ്‌നേഹം, കരുതല്‍. ഇത് എല്ലാ മതക്കാരും നിഷ്‌കര്‍ഷിക്കുന്നു. നിഴലടിക്കുന്ന മാന്യമല്ലാത്ത വസ്ത്രത്തില്‍ അകത്തേക്കു പോകരുതെന്ന് പുറത്ത് ബോര്‍ഡ് വെച്ച ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. സദാചാരം മതങ്ങളെല്ലാം പ്രോല്‍സാഹിപ്പിക്കുന്നു എന്നതിനാലാണിത്. ആണ്‍കുട്ടികളും വള്‍ഗറായ വസ്ത്രമണിയാറില്ലേ എന്നു ചോദിക്കുന്ന ഫെമിനിസ്റ്റുകളുണ്ട്. പൊക്കിളിനു താഴെ വീണു കിടക്കുന്ന പാന്റ്‌സിനുള്ളിലൂടെ ജട്ടി പുറത്തുകാണുന്ന വസ്ത്രധാരണം അല്‍പം മുമ്പ് ഫാഷനായി ചിലരൊക്കെ കൊണ്ടുനടന്നിരുന്നു. അതും വിമര്‍ശിക്കപ്പെടേണ്ടതു തന്നെ. എന്നാല്‍ സാമാന്യേന പുരുഷന്‍ ഇന്‍ ചെയ്ത് ടൈ കെട്ടി നടക്കുന്നത് മാന്യതയാവുമ്പോള്‍ പെണ്ണിന്റെ മാന്യത വസ്ത്രം കുറയുന്നതിനനുസരിച്ച് കൂടിവരുന്നതാണ് എന്നു വന്നിരിക്കുന്നു. ഇതിനു പെണ്ണിനെ മാത്രം കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല. അവളെ ചൂഷണം ചെയ്ത് ഉപഭോഗവസ്തുവാക്കി മാര്‍ക്കറ്റ് ചെയ്യുന്നത് പുരുഷാധിപത്യ വിപണിയാണ്. അതുകൊണ്ടാണ് ഷേവിങ് ക്രീമിന്റെ പരസ്യത്തില്‍ പോലും സ്ത്രീ വരുന്നത്.
വസ്ത്രമാണോ പീഡനത്തിനുത്തരവാദി?
പ്രായമായ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും വരെ പീഡനത്തിനിരയാവുന്നത് മാന്യമായ വസ്ത്രം ധരിക്കാത്തതിനാലാണോ എന്നു ചോദിക്കുന്നവരുണ്ട്. പര്‍ദയണിഞ്ഞവര്‍ പീഡനത്തിനിരയായ സംഭവങ്ങള്‍ വിരളമാണ്. മാനഭംഗക്കേസുകളില്‍ വികല വസ്ത്രധാരണം വലിയൊരു റോള്‍ വഹിക്കുന്നു. പുരുഷനെ തെറ്റിനു പ്രേരിപ്പിക്കുന്ന വസ്ത്രധാരണമാണ് താന്‍ ചെയ്തിരിക്കുന്നതെന്ന് അത്തരം സ്ത്രീകള്‍ക്ക് അറിയാം. എല്ലാ കണ്ണുകളും തന്നിലേക്കെത്തണമെന്ന വിചാരത്തോടെയാണ് സെക്‌സി വേഷങ്ങള്‍ സ്ത്രീ ധരിക്കുന്നത്. ഒരുപക്ഷേ, നോക്കി മാര്‍ക്കിട്ടാല്‍ മതി ഇടപെടേണ്ട എന്ന് അവള്‍ വിചാരിക്കുന്നുണ്ടാവും. അത് അവളുടെ സ്വാതന്ത്ര്യം. ഏതായാലും പീഡനത്തിനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കുന്നതല്ലേ കരണീയം? പീഡനക്കേസുകളില്‍ വൃദ്ധകളെയും കൊച്ചു കുഞ്ഞുങ്ങളെയുമൊക്കെ മാനഭംഗപ്പെടുത്തുന്നത് ലഹരിക്കടിപ്പെട്ടവരുമാണെന്ന് കാണാന്‍ കഴിയും. അവിടെ വസ്ത്രമല്ല പ്രശ്‌നം. അവരുടെ മാനസികനിലയാണ്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും വസ്ത്രം തന്നെ വില്ലന്‍.
ഇറുകിയതും ശരീരത്തോട് ഒട്ടിനില്‍ക്കുന്നതുമായ വസ്ത്രങ്ങള്‍ സ്ത്രീക്ക് യോജിച്ചതല്ലെന്ന് കുലീന കുടുംബത്തിലെ സ്്രതീകള്‍ തന്നെ പറയുന്നു. ബാബു കുഴിമറ്റത്തെ അനുകൂലിച്ച് ഓമന ശ്രീറാം എന്ന വീട്ടമ്മ പറഞ്ഞത് ''എന്തോ മഹിമ പോലെ സാധാരണ വസ്ത്രത്തിനടിയില്‍ ചില സാഹചര്യങ്ങളില്‍ ധരിക്കുന്നത് ഇവിടുത്തെ മാന്യ മഹിളകള്‍ സ്ഥിരംവേഷമാക്കി''യെന്നാണ്. മറ്റൊരു എഴുത്തുകാരി നിരീക്ഷിച്ചത് ബാബു കുഴിമറ്റത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിനെതിരേ ചിലരെഴുതിയ കമന്റുകളാണ് ആ പോസ്റ്റിനെക്കാള്‍ സ്ത്രീവിരുദ്ധമായത് എന്നാണ്. ഫേസ്ബുക്ക് എന്നത് കപട സദാചാരബോധത്തില്‍ കുരുങ്ങിയ മലയാളിയുടെ അടക്കിവച്ച തൃഷ്ണകള്‍ ഛര്‍ദിക്കാനുള്ള വേദിയായി മാറിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
കാറ്റത്തുയരുന്ന, സൈഡ് ഓപണായ ടോപ്പുകളും ചപലവികാരക്കാരെ ആകര്‍ഷിക്കും. ഫാഷനില്ലാതെ കറുത്ത പര്‍ദയുമിട്ടു നടക്കാനാണോ പറയുന്നത് എന്ന ചോദ്യമുയരാം. പര്‍ദ പോലും ഇന്ന് ഫാഷനബിളാണ്. അതിനാലാണല്ലോ വിവിധ വര്‍ണങ്ങളില്‍ നൂറോളം ഇനം പര്‍ദകള്‍ മാര്‍ക്കറ്റിലിറങ്ങുന്നത്. ഇറുകിയതും സൈഡ് ഓപണുമായ പര്‍ദകള്‍ ഇന്ന് വിപണിയിലുണ്ട്. ഇത് ഇസ്‌ലാമികമല്ല. പര്‍ദ എന്ന പേരിലല്ല കാര്യം. വസ്ത്രം അതിന്റെ ധര്‍മം നിര്‍വഹിക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. മാറു കാട്ടി മുഖം മറച്ച് നടക്കുന്ന സ്ത്രീകള്‍ നഗരങ്ങളില്‍ ഷോപ്പിങിനു വരുന്നത് അരോചകമായ കാഴ്ചയാണ്. ചിലപ്പോള്‍ ഫാമിലി ഷോപ്പിങിനു വരുമ്പോള്‍ പ്രായമായ സ്ത്രീ ദേഹമാകെ മൂടിയിട്ടുണ്ടാവും. എന്നാല്‍ കൂട്ടത്തിലെ യുവതികളും പെണ്‍കുട്ടികളും സര്‍വസ്വതന്ത്രകളുമായിരിക്കും. ഒരുപക്ഷേ നരയും ചുളിവും കാണാതിരിക്കാനാവാം ആ വൃദ്ധകള്‍ നിഖാബണിഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ യുവത്വമെത്തിയ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തില്‍ അവര്‍ ശ്രദ്ധിക്കില്ലേ?
എന്നാല്‍ പെണ്ണ് മാത്രമല്ല കുറ്റക്കാരി. നികിത ലംബയെ പോലെ മാന്യമായി വസ്ത്രമണിഞ്ഞിട്ടും മാനഭംഗത്തിനിരയായവരുമുണ്ട് ഇന്ത്യയില്‍. ബലാല്‍സംഗം ചെയ്തയാള്‍ തന്നെ വലിച്ചുകൊണ്ടുപോവുമ്പോള്‍ സഹോദരാ എന്താണ് നിങ്ങളീ ചെയ്യുന്നത് (''Bhaiya, kya hua?') എന്ന് അഭിസംബോധന ചെയ്തിട്ടും രക്ഷപ്പെടാത്തവര്‍. ഭാര്യയെയും സഹോദരിയെയും തിരിച്ചറിയാത്ത കാമഭ്രാന്തന്മാരുടെ ഇരകള്‍. ഇത് നമ്മുടെ സമൂഹത്തിന്റെ സദാചാര തകര്‍ച്ചയുടെ ഫലമാണ്. ഗോവന്‍ മന്ത്രി ദീപക് ധവലികാറിന് അയച്ച കത്തില്‍ നികിത പറയുന്നു: ''കുറ്റവാളിയാകാനുള്ള ഒരു സാഹചര്യവും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ എന്റെ കാലുകള്‍ പുറത്ത് കാണിച്ചിരുന്നില്ല. ആണ്‍ സുഹൃത്തിനൊപ്പം പുറത്ത് കറങ്ങുകയായിരുന്നില്ല. മദ്യപിച്ചിരുന്നില്ല.''
2012ല്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബസ്സില്‍ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി മുകേഷ് സിങും പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുകയായിരുന്നു. മാന്യയായ പെണ്ണ് രാത്രി 9നു ശേഷം റോഡിലിറങ്ങില്ലെന്നും മോശമായ വസ്ത്രം ധരിക്കില്ലെന്നുമൊക്കെ അയാള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കൂടെ മറ്റൊന്നു കൂടെ പറഞ്ഞു, പെണ്ണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്ന്! ഒരു ബലാല്‍സംഗവീരന് പറയാവുന്ന ന്യായീകരണങ്ങളല്ല അത്. എന്നാല്‍ അതു പറയാനുള്ള ധൈര്യം അയാള്‍ക്കു കിട്ടിയത് നമ്മുടെ സമൂഹത്തിന്റെ സ്ത്രീവിരുദ്ധതക്കു തെളിവാണ്.
യേശുദാസ് വില്ലനായപ്പോള്‍!
തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ഇന്തോ-അറബ് സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയിലായിരുന്നു യേശുദാസ് വസ്ത്രധാരണം സംബന്ധിച്ച തന്റെ അഭിപ്രായം പങ്കുവെച്ചത്. പ്രസംഗത്തിനിടെ യേശുദാസ് പറഞ്ഞു: ''സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. നമുക്ക് ദൈവം തന്നിട്ടുള്ള കണ്ണ് എല്ലാ വസ്തുക്കളേയും കണ്ടുരസിക്കാനുള്ളതാണ്. ജീന്‍സ് ഇട്ടിട്ടുണ്ടെങ്കില്‍ ജീന്‍സിന് അപ്പുറവുമുള്ളതും ശ്രദ്ധിക്കാന്‍ തോന്നും. ആ ഒരു സിദ്ധിയാണ് നമുക്കുള്ളത്. അതുകൊണ്ട് നമുക്ക് പറ്റിയ രീതിയിലുള്ള, മറച്ചുവെക്കേണ്ടത് മറച്ചുവെച്ചുകൊണ്ടുള്ള വസ്ത്രധാരണമാണ് വേണ്ടത്.'' അതോടെ ദാസേട്ടന്റെ ഒരു ഓട്ടോഗ്രാഫിനു വേണ്ടി മോഹിച്ചുനടന്ന മങ്കമാരുടെ കണ്ണില്‍ അദ്ദേഹം സ്ത്രീവിരുദ്ധനായി. ദാസേട്ടന്റെ പാട്ടുകള്‍ക്ക് പഴയ ഗന്ധര്‍വനാദമില്ലെന്ന് അവര്‍ പറയാന്‍ തുടങ്ങി. ഇത് വല്ലാത്തൊരു സ്ഥിതിവിശേഷമാണ്. പെണ്ണിന് ഉടുക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുള്ളപോലെ അദ്ദേഹത്തിന് തന്റെ അഭിപ്രായം പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്നത് അംഗീകരിക്കേണ്ടിയിരുന്നു.
ദാസേട്ടന്റെ പ്രസ്താവന വിവാദമായ കാലത്ത് അദ്ദേഹത്തെ അനുകൂലിച്ച് ചലച്ചിത്ര നടിമാര്‍ ഉള്‍പ്പെടെ രംഗത്തുവന്നുവെന്നത് ശ്രദ്ധേയമാണ്. പെണ്ണിനു യോജിച്ച വേഷമല്ല ജീന്‍സെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ശരീരം പൂര്‍ണമായി മറയ്ക്കുന്ന ജീന്‍സില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആണെന്നായിരുന്നു ഒരു വിദ്യാര്‍ഥിനി പ്രതികരിച്ചത്. ചിലര്‍ ജീന്‍സ് ഉണ്ടാക്കുന്ന രോഗാവസ്ഥ ചൂണ്ടിക്കാട്ടി.
വസ്ത്രവും ആരോഗ്യവും
ജീന്‍സായാലും ലെഗ്ഗിങ്‌സ് ആയാലും നാം ധരിക്കുന്നത് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രമാണോ എന്നതാണ് പ്രധാനം. കൂടുതല്‍ വായുസഞ്ചാരമുള്ളതും ഇറുക്കമില്ലാത്തതുമായ വസ്ത്രമാണ് സ്ത്രീപുരുഷന്മാര്‍ ധരിക്കേണ്ടത് എന്ന വാദത്തെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല. ഏലൂരിലെ ആയുര്‍വേദ ഡോക്ടറായ ഡോ. മീര പറയുന്നു: ജീന്‍സ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതേക്കുറിച്ച് എത്രപേര്‍ക്ക് അറിയാം. ജീന്‍സ് പോലെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഉദരസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ''ടൈറ്റ് പാന്റ്‌സ് സിന്‍ഡ്രോം'' എന്നാണ് ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അറിയപ്പെടുന്നത്. ഇറുകിക്കിടക്കുന്ന വസ്ത്രം ധരിക്കുമ്പോള്‍ ആവശ്യത്തിനുള്ള രക്തയോട്ടം നടക്കുന്നില്ല. അടിവയറില്‍ സമ്മര്‍ദ്ദം കൂടുമ്പോള്‍ ഭക്ഷണം ദഹിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. നെഞ്ചെരിച്ചിലിനും ഇത് ഇടയാക്കും. സ്ഥിരമായി ഇറുകിയ വസ്ത്രം ധരിക്കുന്നത് വന്ധ്യതയ്ക്കും കാരണമായേക്കാം. പുരുഷ•ാരിലാണ് ജീന്‍സിന്റെ ഉപയോഗം മൂലം വന്ധ്യത കൂടുതലായും കണ്ടുവരുന്നത്. ജീന്‍സ് ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ താപനില വര്‍ധിക്കുന്നു. ഇക്കാരണത്താല്‍ വിയര്‍പ്പുമൂലമുള്ള ഫംഗസ് ബാധയും ഉണ്ടാകാനിടയുണ്ട്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍ ഇടുപ്പില്‍ നിന്ന് തുടയെല്ലിലേക്കിറങ്ങുന്ന സംവേദനനാഡി ഞെരുങ്ങുകയും തദ്ഫലമായി തുടയെല്ലിനു വേദനയുണ്ടാവുകയും നില്‍ക്കുമ്പോള്‍ കാലുകള്‍ കുഴഞ്ഞുപോവുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. ടൈറ്റ് വസ്ത്രങ്ങള്‍ ചര്‍മത്തിനും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.
ഇന്‍ബോക്‌സില്‍ കളി വേണ്ട
ടച്ച് സ്‌ക്രീന്‍ മൊബൈലും ടാബും വിദ്യാര്‍ഥികളുടെ കൈയില്‍ പോലുമുള്ള കാലമാണിത്. ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആരുടെയെങ്കിലും ഒരു ''ലൈക്ക്'' കിട്ടാന്‍ ദാഹിക്കുകയാണവര്‍. ഒരുപക്ഷേ വീട്ടില്‍ ''ലൈക്ക്'' കിട്ടാത്തതാവും പ്രശ്‌നം! ആഭാസങ്ങള്‍ പ്ലേറ്റിലാക്കി തീന്‍മേശയില്‍ വെച്ചുകൊടുക്കുകയാണ് ഇന്റര്‍നെറ്റ്. പത്രപ്രവര്‍ത്തകയായ ഒരു യുവതി അടുത്തിടെ തനിക്കുണ്ടായ അനുഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു. അവരുടെ ചാറ്റ്‌ബോക്‌സിലേക്ക് ലൈംഗികാവയവത്തിന്റെ ഫോട്ടോയെടുത്ത് അയച്ചു ഒരു മാന്യന്‍! മധ്യവയസ്‌കന്‍. തലയില്‍ കഷണ്ടി കയറിയിട്ടും അയാളുടെ കാമാന്ധത മാറിയിട്ടില്ല. യുവതി അത്യാവശ്യം ബോള്‍ഡായതിനാല്‍ പതറിയില്ല. താനിതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രദര്‍ശിപ്പിക്കുമെന്നു പറഞ്ഞതോടെ അയാള്‍ വെട്ടിലായി. കൈവിട്ട കല്ലുപോലാണല്ലോ ചാറ്റ് ബോക്‌സിലെ കളികള്‍. ഡിലീറ്റ് ചെയ്യാനാവില്ല. സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലായ ടിയാന്‍ കെഞ്ചി, സോറി.. ഇനി ഉണ്ടാവില്ല, ഇനി അയക്കില്ല, മാപ്പ്....
വിവാഹിതനായ അയാളോട് അവള്‍ ദയ കാണിച്ചു. സൈബര്‍ സെല്ലിന് പരാതി നല്‍കിയില്ല. താന്‍ കാരണം തന്നെ പോലുള്ള ഒരു പാവം സ്ത്രീ കണ്ണീരു കുടിക്കേണ്ടല്ലോ എന്നോര്‍ത്ത്. ഈ അനുഭവമുള്ള സ്ത്രീകള്‍ ഏറെ കാണും.
എസ്.എസ്.എല്‍.സി പാസായപ്പോഴേക്ക് മക്കള്‍ക്ക് ടച്ച് സ്‌ക്രീന്‍ മൊബൈല്‍ വാങ്ങിക്കൊടുക്കാന്‍ വെമ്പുന്ന നമ്മുടെ രക്ഷിതാക്കള്‍ ഓര്‍ക്കുന്നില്ല, കുട്ടികളെ കാത്ത് ചാറ്റ് ബോക്‌സില്‍ കിടക്കുന്നതെന്താണെന്ന്. പെണ്ണിന്റെ പേരിലുള്ള ഫേക് പ്രൊഫൈലില്‍ പോലും പത്തോ ഇരുപതോ സ്‌ക്രാപ്പുകളാണ് ദിവസവും എത്തുന്നത്. ഹായ്, സുഖമാണോ?, സുന്ദരിയാണല്ലോ!, ഹൗ ആര്‍ യു, സെക്‌സ് ചാറ്റിങിന് താല്‍പര്യം ഉണ്ടോ?, ഫോണ്‍ നമ്പര്‍ എത്രയാ... ഇങ്ങനെ ഉമിനീരൊലിപ്പിച്ചെത്തുന്നവരില്‍ കിളവ•ാരും കാണും. സമൂഹത്തില്‍ മാന്യതയുള്ളവര്‍, ഉയര്‍ന്ന ജോലിയുള്ളവര്‍, കെട്ടിക്കാറായ പെണ്‍മക്കളുള്ളവര്‍ എല്ലാമുണ്ട് ഇതില്‍. പെണ്‍കുട്ടികളെ വള്ക്കാന്‍ ഇതുപോലുള്ള വൃത്തികെട്ട ചിത്രങ്ങളിടുന്നവരെ നേരിടാനുള്ള ഒറ്റമൂലിയാണ് സ്‌ക്രീന്‍ ഷോട്ട്. അതോടെ ആ പകല്‍മാന്യന്റെ ജീവിതം തകര്‍ന്നടിയും. ഒരുപക്ഷേ, ഇത്തരക്കാരുടെ വലയില്‍ വീഴുന്ന സ്ത്രീകളുമുണ്ടായേക്കാം. പരിചയപ്പെട്ട ഉടനെ വീട്ടിലാരൊക്കെയുണ്ട്, ഇ-മെയില്‍ ഐ.ഡി പറയൂ, മൊബൈല്‍ നമ്പര്‍ ഏതാണ് എന്നിങ്ങനെ ചോദിക്കുന്നവരെ അവഗണിക്കുക. അത്തരക്കാരെ അണ്‍ഫ്രണ്ട് ചെയ്യുക. ഒരു പരിചയവുമില്ലാത്തവരുമായുള്ള സൗഹൃദം വലിയ വിപത്തിലെത്തിക്കാന്‍ സാധ്യത ഏറെയാണ്. വിവാഹിതനാണെങ്കിലും അണ്‍മാരീഡാണ്, 25 വയസ്സേ ഉള്ളൂ, കംപ്യൂട്ടര്‍ എന്‍ജിനീയറാണ് എന്നെല്ലാം പറഞ്ഞ് വരുന്നവരെ വിശ്വസിക്കരുത്. വിവാഹാലോചനയാണെങ്കില്‍ നേരില്‍ വീട്ടിലോട്ടു വരൂ എന്നു പറയൂ. പൂവാലന്റെ ശല്യം പിന്നെ ഉണ്ടാവില്ല!
ഇസ്‌ലാം എന്തു പറയുന്നു
ഇസ്‌ലാമിക വീക്ഷണത്തിലൂടെ നോക്കുകയാണെങ്കില്‍ പുരുഷനും സ്ത്രീയും നിര്‍ബന്ധമായും മറക്കേണ്ട ശരീരഭാഗങ്ങള്‍ ഏതൊക്കെയെന്നും അത് മറക്കേണ്ട രീതി എങ്ങനെയെന്നും പഠിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ''സത്യ വിശ്വാസിനികളോടും പറയുക, അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യ ഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം. തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവായത് ഒഴികെ. ശിരോവസ്ത്രം മാറിടത്തിനു മീതേ താഴ്ത്തിയിടണം... മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്'' (സൂറ അന്നൂര്‍: 31).
വസ്ത്രമെന്നത് നാണം മറക്കാനുള്ള ഉപാധി മാത്രമല്ല, അത് ഒരു അലങ്കാരം കൂടിയാണ്. മനുഷ്യവര്‍ഗത്തിന് എതിര്‍ലിംഗത്തെ ആകര്‍ഷിക്കാനുള്ള മാര്‍ഗമായും വസ്ത്രത്തെയും ആഭരണങ്ങളെയും കാണാം. ഒരാള്‍ ഏതു വസ്ത്രം തിരഞ്ഞെടുക്കുന്നുവെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ എന്നപോലെ അന്തസ്സിന്റെ പ്രതീകം കൂടിയാണ്. ആ അര്‍ഥത്തില്‍ ലെഗ്ഗിങ്‌സ് നിരോധിക്കണമെന്നു പറയാനാവില്ല. എന്നാല്‍ അത് അന്തസ്സിനു ചേര്‍ന്നതാണോയെന്നു പറയേണ്ടത് സ്ത്രീകള്‍ തന്നെയാണ്. മനുഷ്യന് അലങ്കാരമായി ദുനിയാവില്‍ അല്ലാഹു സൃഷ്ടിച്ചവയില്‍ സ്വര്‍ണക്കൂമ്പാരത്തെക്കാള്‍ മുന്നേ എണ്ണിയത് സ്ത്രീകളെയും സന്താനങ്ങളെയുമാണ്. എന്നാലത് മാംസനിബദ്ധമായ അടുപ്പം തന്നെയാവണമെന്നില്ല. കാരണം മക്കളോട് മനുഷ്യനുണ്ടാവുന്ന വികാരം ഒരിക്കലും അതല്ലല്ലോ.