വര്‍ഷകാല പച്ചക്കറി
കേരളത്തില്‍ വര്‍ഷകാലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ തടസ്സം മഴയാണ്. ഇതിന് പരിഹാരം ഇക്കാലത്ത് ഉല്‍പ്പാദിപ്പിക്കാവുന്ന മുളക്,
കേരളത്തില്‍ വര്‍ഷകാലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ തടസ്സം മഴയാണ്. ഇതിന് പരിഹാരം ഇക്കാലത്ത് ഉല്‍പ്പാദിപ്പിക്കാവുന്ന മുളക്, വഴുതന, വെണ്ട, തക്കാളി തുടങ്ങിയ ഇനങ്ങള്‍ ചട്ടിയില്‍ വിത്ത് പാകി മുളപ്പിച്ചതിന് ശേഷം ഗ്രോബാഗ്, പ്ലാസ്റ്റിക് ചാക്ക്, ചെടിച്ചട്ടി എന്നിവയില്‍ നട്ട് സൂര്യപ്രകാശം ലഭിക്കുന്ന ടെറസ്സിന്റെ സൈഡില്‍ വെക്കുക എന്നതാണ്. ഗ്രോബാഗില്‍ പോട്ടിങ്ങ് മിശ്രിതം (മണ്ണ്, മണല്‍, ചാണകപ്പൊടി) എന്നിവയുടെ കൂടെ വേപ്പിന്‍പിണ്ണാക്ക് കൂടി ചേര്‍ക്കുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അഴുകിയ ചാണകം, കുതിര്‍ത്ത കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത ലായനി ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. കീടങ്ങളെ തടയാന്‍ വെള്ളുത്തുള്ളി, വേപ്പെണ്ണ, സോപ്പ് വെള്ളം എന്നിവ ചേര്‍ത്ത ലായനി തളിച്ച് കൊടുക്കേണ്ടതാണ്.
മഴമറ ഷെഡ്: ചെലവ് കുറഞ്ഞതും ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്നതുമാണ് മഴമറ. ഇതിന്റെ പ്രത്യേകത കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും ടെറസ്സിന്റെ മുകളിലും സ്ഥാപിക്കാം എന്നതാണ്. തുറസ്സായ സ്ഥലത്തെ കൃഷി രണ്ട് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുതലായതിനാല്‍ പച്ചക്കറി ഉല്‍പാദനവും കൂടും. നേരത്തെ കായ്ക്കുന്നുവെന്നതും രോഗകീടബാധ കുറവാണെന്നതും മഴമറ കൃഷിയുടെ പ്രത്യേകതയാണ്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറയ്ക്കകത്തെ കൃഷിയെ ബാധിക്കുന്നില്ല. ഗ്രോബാഗ്, ചാക്ക് എന്നിവ ഉപയോഗിച്ച് കൃഷിചെയ്യാം.
മുള, ജി.ഐ പൈപ്പ് എന്നിവ ഉപയോഗിച്ച് കൂടാരം ഉണ്ടാക്കാം. 200 മൈക്രോ കനമുള്ള പോളിത്തീന്‍ ഷീറ്റ് ആണ് മറക്കാന്‍ ഉപയോഗിക്കേണ്ടത്. മധ്യത്തില്‍ നാല് മീറ്ററും അരികില്‍ മൂന്ന് മീറ്ററും പൊക്കമാണ് മഴമറയുടെ അളവ്.
മറക്കകത്ത് ചൂടും ആര്‍ദ്രതയും ക്രമീകരിക്കാന്‍ സാധിക്കുന്നുവെന്നതാണ് പച്ചക്കറികൃഷിയിലെ വിജയരഹസ്യം. താപനിലയിലുണ്ടാവുന്ന വ്യതിയാനം കീടരോഗങ്ങളെ ചെറുക്കുന്നതോടൊപ്പം പച്ചക്കറി ഉല്‍പ്പാദനത്തെയും സ്വാധീനിക്കുന്നു.
കറുത്ത പൊന്ന് വിളയിക്കാന്‍
ഒന്ന് മനസ്സ് വെച്ചാല്‍ വീട്ടാവശ്യത്തിനും ആദായത്തിനും വേണ്ട കുരുമുളക് വീടിന്റെ പരിസരത്ത് തന്നെ കൃഷിചെയ്യാവുന്നതേയുള്ളൂ. കുരുമുളക് വില വര്‍ധിച്ചതോടെ കുരുമുളക് കൃഷി വീണ്ടും സജീവമാവുകയാണ്. എങ്കിലും പഴയതുപോലെ വളരുന്നില്ലെന്നും രോഗബാധ കൂടുന്നുവെന്നും അഭിപ്രായമുണ്ട്. എന്നാല്‍, മണ്ണിനെ കൂടുതല്‍ വളക്കൂറുള്ളതാക്കിയും നല്ലയിനം തൈകള്‍ നട്ടും പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധയും നല്‍കിയാല്‍ ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
നടാന്‍ ഉപയോഗിക്കുന്ന വള്ളികള്‍ അല്ലെങ്കില്‍ തൈകള്‍ നല്ല ഉല്‍പാദനശേഷിയുള്ളതും വിളവുതരുന്നതുമായിരിക്കണം. നല്ല പുഷ്ടിയോടെ വളരുന്ന നീളംകൂടിയ, തിരിയുള്ളതും രോഗപ്രതിരോധ ശക്തിയുമുള്ള വള്ളികളാണ് തെരഞ്ഞെടുക്കേണ്ടത്. മാതൃവൃക്ഷങ്ങള്‍ക്ക് അഞ്ച് മുതല്‍ പന്ത്രണ്ട് വര്‍ഷം വരെ പ്രായമുണ്ടായിരിക്കണം.
വെള്ളം കെട്ടിനില്‍ക്കാത്ത നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടമായിരിക്കണം നടാനായി തെരഞ്ഞെടുക്കേണ്ടത്. കുഴി എടുത്തശേഷം മണ്ണ്, ജൈവവളം (ചാണകപ്പൊടി) എന്നിവ ചേര്‍ത്ത് താങ്ങുകാലില്‍ നിന്ന് അരമീറ്റര്‍ വിട്ട് നടാന്‍ ഉപയോഗിക്കേണ്ട വള്ളികള്‍ നടാം. മണ്ണിന്റെ അമ്ലരസം കുറക്കാന്‍ കുമ്മായം വിതറണം. നല്ല മഴയുള്ള ജൂണ്‍ - ജൂലൈ സമയത്താണ് നടാന്‍ നല്ലത്. നടാന്‍ ഉപയോഗിക്കേണ്ട വള്ളികള്‍ വേനല്‍കാലത്ത് ഒരു കുറ്റിയില്‍ ചുറ്റിവെക്കുക. മണ്ണില്‍ കലര്‍ന്ന് വേരുകള്‍ വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
നേരിട്ട് മരത്തിന്റെ ചുവട്ടില്‍ നടുന്നതിനു പകരം ജനുവരി-ഫെബ്രുവരി മാസത്തില്‍ നടാനുള്ള വള്ളികള്‍ മുറിച്ചെടുത്ത് പോളിത്തീന്‍ കവറുകളില്‍ വെച്ച് പിടിപ്പിച്ച് തൈകള്‍ തയ്യാറാക്കാം. അത്തരം കവറുകളില്‍ മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കണം. മൂന്ന് മുതല്‍ അഞ്ച് വള്ളികള്‍ വരെ ഒരു പോളിത്തീന്‍ കവറില്‍ നടാം. ഇത്തരം തൈകള്‍ നല്ല മഴ ലഭിക്കുന്ന സമയത്ത് പോളിത്തീന്‍ കവറുകള്‍ ബ്ലേഡ് കൊണ്ട് മുറിച്ച് മാറ്റിയതിനു ശേഷം മരത്തിന്റെ സമീപത്ത് കുഴിയെടുത്ത് (പോളിത്തീന്‍ കവര്‍ മാറ്റുമ്പോള്‍ വേരുകള്‍ ഇളകരുത്) നടാവുന്നതാണ്.
നട്ടുകഴിഞ്ഞാല്‍ കുഴിയില്‍ വെള്ളം നില്‍ക്കരുത്. മരത്തില്‍ പടര്‍ത്തുന്നതിന് ചേര്‍ത്ത് കെട്ടിക്കൊടുക്കണം. സൂര്യപ്രകാശം ലഭിക്കുന്നതിന് താങ്ങുമരത്തിന്റെ ഇലകള്‍ വെട്ടുക. ആദ്യത്തെ മൂന്ന് വര്‍ഷം നനച്ചു കൊടുക്കുകയും വര്‍ഷത്തില്‍ ഒരു തവണ വളം നല്‍കുകയും വേണം.
ദ്രുതവാട്ടവും ഇല മഞ്ഞളിപ്പും ആണ് കുരുമുളക് വള്ളിയെ ബാധിക്കുന്ന രോഗങ്ങള്‍. ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുകയും ചുവട്ടില്‍ വീഴ്ത്തുകയും ചെയ്യുക. വള്ളികള്‍ കൂടുതല്‍ ഉയരത്തില്‍ വളര്‍ന്നാല്‍ വിളവെടുപ്പ് നടത്താന്‍ പ്രയാസമാണ്. വള്ളികള്‍ താങ്ങുമരത്തിന്റെ ജലാംശം വലിച്ചെടുക്കുന്നതുകൊണ്ട് താങ്ങുമരത്തിന്റെ വളര്‍ച്ചയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉയരം കുറഞ്ഞ മുരുക്ക് പോലത്തെ താങ്ങുകള്‍ വെച്ച്പിടിപ്പിക്കുന്നതാണ് നല്ലത്. പ്ലാവില്‍ വള്ളികള്‍ എളുപ്പം കയറിപ്പോകുന്നത് കാണാം. അത്തരം താങ്ങുകള്‍ വെച്ച് പിടിപ്പിക്കുകയും കുറച്ച് ഉയരം എത്തിയാല്‍ മുകള്‍ ഭാഗത്തെ ചില്ലകള്‍ വെട്ടികൊടുത്ത് സൂര്യപ്രകാശം ലഭ്യമാക്കുകയും ചെയ്താല്‍ നല്ലതുപോലെ കുരുമുളക് ഉണ്ടാവും. പറിച്ചെടുക്കാനും പ്രയാസമുണ്ടാവില്ല.
അധികം വിളവ് തരുന്ന പന്നിയൂര്‍ 1, 2 ഇനങ്ങളും കരിമുണ്ട് ഉള്‍പ്പെടെ ഒട്ടേറെ നാടന്‍ ഇനങ്ങളും ഉണ്ട്. ചുരുക്കത്തില്‍ ഓരോ വീട്ടിലും ഏതാനും തൈകള്‍ വെച്ച് പിടിപ്പിച്ച് നമുക്കാവശ്യമായ കുരുമുളക് ലഭ്യമാക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്. ആദ്യത്തെ മൂന്ന് നാല് വര്‍ഷം മാത്രമേ കാര്യമായി ശ്രദ്ധിക്കേണ്ടതുള്ളൂ. പിന്നീട് ഓരോ വര്‍ഷവും അതില്‍നിന്ന് കുരുമുളക് ലഭിച്ച് കൊളളും.
മഴക്കാലത്തും വഴുതന
വലിയ പരിചരണം കൂടാതെ വളര്‍ത്താവുന്ന ഒരു ദീര്‍ഘകാല പച്ചക്കറിയാണ് ഔഷധ ഗുണമുള്ള വഴുതന.
വിത്തുകള്‍ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ പറിച്ച് നടാം. പറിച്ച് നടുന്നതിന് മുമ്പ് തൈകളുടെ വേരുകള്‍ 20 ഗ്രാം സ്യൂഡോ മോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അര മണിക്കൂറെങ്കിലും മുക്കിവെക്കുന്നത് നല്ലതാണ്. തുറസ്സായ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളക്കൂറുള്ള മേല്‍മണ്ണും ഒപ്പം ചാണകപ്പൊടിയും ചേര്‍ത്ത് തവാരണകള്‍ തയ്യാറാക്കണം. വേനല്‍കാലത്ത് കുഴികള്‍ എടുത്തും വര്‍ഷകാലത്ത് അല്‍പ്പം കയറ്റിയുമാണ് തവാരണകള്‍ നിര്‍മിക്കേണ്ടത്. തൈകള്‍ നട്ടതിനു ശേഷം പച്ചില വളങ്ങള്‍ ചേര്‍ത്ത് മണ്ണ് കയറ്റി കൊടുക്കണം. തൈകള്‍ വളര്‍ന്ന് വരുമ്പോള്‍ താങ്ങ് കെട്ടികൊടുക്കണം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ പച്ചച്ചാണകവും ഗോമൂത്രവും നാലിരട്ടി വെള്ളം ചേര്‍ത്ത് ഇലകളിലും ചുവട്ടിലും ഒഴിച്ചുകൊടുക്കുക. അല്ലെങ്കില്‍ കുതിര്‍ത്ത കടലപ്പിണ്ണാക്ക് പച്ചച്ചാണകം ചേര്‍ത്ത് വളമായി നല്‍കാം.
സൂര്യ, ശ്വേത എന്നീ ഇനങ്ങള്‍ രണ്ടടി അകലമുണ്ടായിരിക്കണം. നീലിമയും ഹരിതയും പടര്‍ന്ന് വളരുന്ന ഇനങ്ങളായതിനാല്‍ ചാലുകള്‍ തമ്മില്‍ മൂന്ന് അടിയും തൈകള്‍ തമ്മില്‍ രണ്ടടിയും അകലം നല്‍കണം. പടര്‍ന്ന് രണ്ടുമാസം കഴിഞ്ഞ് ഇവ കായ്ക്കുന്നു. മൂപ്പെത്തും മുമ്പാണ് കായകള്‍ പറിക്കേണ്ടത്. 7-8 ദിവസങ്ങള്‍ കഴിഞ്ഞ് പോട്ടിങ്ങ് മിശ്രിതം ചേര്‍ത്ത് ഗ്രോബാഗ്, ചെടിച്ചട്ടി എന്നിവയിലും തൈകള്‍ പറിച്ച് നടാം. തുറസ്സായ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഗ്രോബാഗുകള്‍ സ്ഥാപിക്കണം.
പൊതുവെ വഴുതനയില്‍ കീടങ്ങളുടെ ശല്യം കാണാറില്ല. തണ്ട്, കായ് തുരക്കുന്ന പുഴു, വണ്ട് എന്നിവ പ്രശ്‌നമാവാറുണ്ട്. ഇത്തരം കീടങ്ങളെ പിടിച്ച് നശിപ്പിക്കണം. കീടങ്ങളെ നശിപ്പിക്കാന്‍ വേപ്പിന്‍ കുരുസത്ത് അല്ലെങ്കില്‍ വേപ്പെണ്ണ മിശ്രിതം തളിച്ച് കൊടുക്കാം.
പച്ചയും വെളുപ്പും വയലറ്റും നിറങ്ങളില്‍ കാണപ്പെടുന്ന വഴുതനയെ അലങ്കാര ചെടിയായി വളര്‍ത്താം. വീടിന്റെ മുന്‍വശത്ത് പൂന്തോട്ടത്തില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നട്ടാല്‍ നല്ല കാഴ്ച നല്‍കും. ഒപ്പം ആഹാരത്തിനും.