സൗഹൃദ ചിന്തകള്‍
ടി.സി ഒതുക്കുങ്ങൾ അൽ ജാമിഅ ശാന്തപുരം /കാമ്പസ്
2014 ഡിസംബര്‍
സൗഹൃദങ്ങള്‍ ജീവിതത്തിന്റെ സൗഭാഗ്യമാണ്. സദ്‌വൃത്തരായ ആത്മമിത്രങ്ങളെ കിട്ടുന്നത് ഭാഗ്യവാന്മാര്‍ക്കാണ്. നന്മയിലേക്ക് പ്രേരിപ്പിച്ചും തിന്മയില്‍ നിന്നെതിര്‍ത്തും ജീവിതത്തെ
സൗഹൃദങ്ങള്‍ ജീവിതത്തിന്റെ സൗഭാഗ്യമാണ്. സദ്‌വൃത്തരായ ആത്മമിത്രങ്ങളെ കിട്ടുന്നത് ഭാഗ്യവാന്മാര്‍ക്കാണ്. നന്മയിലേക്ക് പ്രേരിപ്പിച്ചും തിന്മയില്‍ നിന്നെതിര്‍ത്തും ജീവിതത്തെ സമ്പന്നമാക്കുന്ന ചങ്ങാത്തങ്ങള്‍ ഏവരുടെയും ചിരകാലാഭിലാഷമാണ്. വഴികളില്‍ വെളിച്ചമായി നില്‍ക്കുന്ന അത്തരം ചങ്ങാത്തങ്ങള്‍ കൈവരിക്കാന്‍ സാധിച്ചാല്‍ എത്ര സുന്ദരമായിരിക്കും. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ക്ഷാമമുള്ള കാലമാണിത്.
അറിയാതെ കൈവരുന്ന ചില ബന്ധങ്ങള്‍ ആത്മബന്ധമായിത്തീരുന്നു. നല്ല ഓര്‍മകള്‍ നല്‍കുകയും ഓര്‍മകള്‍ പങ്കിടാന്‍ പറ്റുകയും ചെയ്യുന്ന സൗഹൃദങ്ങളാണ് ജീവിതത്തിന്റെ കാതല്‍. നമുക്ക് നന്മ മാത്രം വരണേ എന്നാഗ്രഹിക്കുന്ന, നമ്മെക്കുറിച്ച് നല്ലതു മാത്രം കേള്‍ക്കാന്‍ കൊതിക്കുന്ന, ശരീരംകൊണ്ട് കൂടെയില്ലെങ്കിലും മനസ്സുകൊണ്ട് കൂടെയുണ്ടാവുന്ന മനസ്സ്-അതാണ് നല്ല ചങ്ങാത്തം. സന്തോഷങ്ങളില്‍ നമ്മോടൊത്തുണ്ടാകുവാന്‍ ആ മനസ്സാഗ്രഹിക്കുന്നു. ഹൃദ്യമായ സ്‌നേഹബന്ധങ്ങള്‍ ഇങ്ങനെയാണ്. നമ്മുടെ സുഹൃത്തുക്കള്‍ ഇങ്ങനെയാണോ എന്ന് പരിശോധിക്കുതിലേറെ പ്രധാനം, ഞാനും നിങ്ങളും ഇങ്ങനെയാണോ എന്നുനോക്കുന്നതാണ്. കാരണം നമ്മള്‍ കുറെ ആളുകളുടെ സുഹൃത്തുക്കളാണല്ലോ. നല്ല സൗഹൃദങ്ങള്‍ കുറെ വേണമെന്നില്ല, കുറച്ചാണെങ്കിലും അതീവ ഹൃദ്യമായിരിക്കും അവ.
സൗഹൃദങ്ങള്‍ സത്യവിശ്വാസിയുടെ കരുത്താണ്. പ്രവാചകന്‍ മുഹമ്മദ് (സ)ക്ക് പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ താങ്ങും തണലുമായി കൂട്ടുനിന്നതും സൗറില്‍ സഹചാരിയായതുമെല്ലാം ആത്മാര്‍ഥ സുഹൃത്തായ അബൂബക്കര്‍ (റ) ആയിരുന്നു. അബ്ദുല്ലാഹിബ്‌നു റവാഹ എന്ന സ്വഹാബി സുഹൃത്തുക്കളെ കണ്ടാല്‍ പറയുമായിരുന്നു: ''വരൂ, നമുക്കല്‍പനേരം നമ്മുടെ വിശ്വാസം പുതുക്കാം.'' ഈമാനിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കുന്ന ഇബ്‌നുത്വാഹയുടെ രീതിയറിഞ്ഞപ്പോള്‍ നബി (സ) പറഞ്ഞു: ''മലക്കുകള്‍ അഭിമാനം കൊള്ളുന്ന കേന്ദ്രത്തെ അദ്ദേഹം ഇഷ്ടപ്പെടുന്നു.'
വിശ്വാസികള്‍ തമ്മിലുള്ള അടുപ്പവും ആത്മബന്ധവും നന്മകള്‍ വളര്‍ത്തുന്നതായിരിക്കണം. നമ്മുടെ അടുപ്പവും സംസാരവും കൂട്ടുകാരുടെ ഭക്തി മെച്ചപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ നാം ഭാഗ്യവാന്മാരാണ്.
ബന്ധങ്ങള്‍ക്കിടയിലുള്ള അതിരുകള്‍ വളരെ നേര്‍ത്തതാണ്. തെറ്റിപ്പോവാനുള്ള സാധ്യതകള്‍ അധികവുമാണ്; വിശേഷിച്ചും ഇക്കാലത്ത്. സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ നന്മയില്‍ തന്നെ നീങ്ങണമെങ്കില്‍ അതീവ ജാഗ്രത ആവശ്യമാണ്. കസ്തൂരി വില്‍പനക്കാരന്‍ കസ്തൂരി തന്നില്ലെങ്കിലും സുഗന്ധം ധാരാളം തരും. കൊല്ലന്റെ ആലയില്‍ നിന്ന് ചൂടും വെണ്ണീരും പുകയുമാണ് സഹിക്കേണ്ടി വരിക. സൗഹൃദങ്ങള്‍ക്ക് നബി (സ) നല്‍കിയ രണ്ട് ഉദാഹരണങ്ങളാണിവ. നമ്മുടെ സുഹൃത്ത് ഇതിലേതാണ്? അവരുടെ സന്ദേശങ്ങളും സംസാരങ്ങളും നമുക്ക് സുഗന്ധം പകരാറുണ്ടോ? തിന്മയുടെ തീപൊള്ളലില്ലാതെ സംരക്ഷിക്കുന്നുണ്ടോ? അഥവാ നമ്മുടെ സുഹൃത്തുക്കള്‍ക്ക് നാം അങ്ങനെയാണോ?
സ്‌നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് പ്രാര്‍ഥന. സുഹൃത്തിന്റെ നന്മക്കായി, വിജയങ്ങള്‍ക്കായി, കുടുംബത്തിനായി, ഭാവി ജീവിതത്തിനായി നാം പ്രാര്‍ഥിക്കുമ്പോള്‍ അത് സ്‌നേഹമാണ്! സ്വകാര്യതയില്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവുമായി പങ്കിടുന്നതിനിടയില്‍ മറ്റൊരാള്‍ക്കു വേണ്ടിയും പറയുമ്പോള്‍ പരസ്പര ഇഷ്ടത്തിന്റെ ഏറ്റവും നല്ല അടയാളമായി അത് മാറുന്നു. അങ്ങനെ പ്രാര്‍ഥിക്കുമ്പോള്‍ മലക്കുകള്‍ മുകളിലിരുന്ന് ആമീന്‍ പറയുമെന്ന് നബി (സ) പഠിപ്പിക്കുന്നു.
ബന്ധങ്ങള്‍ക്ക് സൗന്ദര്യം നഷ്ടപ്പെട്ട കാലമാണ്. ഉപചാരങ്ങള്‍ മാത്രമാണ് ഇന്ന് ബന്ധങ്ങളേറെയും. മനസ്സും മനസ്സും തമ്മിലറിഞ്ഞ ബന്ധങ്ങള്‍ വിരളം. സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ധാരാളമുണ്ടെങ്കിലും ആര്‍ക്കും അതിലൊന്നും വലിയ കാര്യമില്ല. താല്‍പര്യമില്ല.
പോരായ്മകള്‍ പരസ്പരം പറയാന്‍ സാധിക്കണം. തിന്മകളും പോരായ്മകളുമെല്ലാം ചൂണ്ടിക്കാണിച്ച് തിരുത്തണം. അങ്ങനെ തിരുത്തുന്നത് തന്റെ സുഹൃത്ത് പോരായ്മകളില്ലാത്തവനാകണമെന്ന ആഗ്രഹത്തില്‍ നിന്നായിരിക്കണം. അതുള്‍ക്കൊള്ളാന്‍ ഇരുവര്‍ക്കും സാധിച്ചാല്‍ ആ സൗഹൃദം എന്നും നിലനില്‍ക്കും.
ബന്ധങ്ങള്‍ നന്മകൊണ്ടും ഗുണകാംക്ഷകൊണ്ടും പൊതിഞ്ഞു കെട്ടിയ സമ്മാനങ്ങളാവണം. വിമര്‍ശനങ്ങള്‍ പോലും ഇഷ്ടത്തിന്റെ അടയാളങ്ങളാവണം. നന്മകള്‍ അംഗീകരിക്കാനും അഭിനന്ദിക്കാനും തയ്യാറാകുന്നവരുടെ വിമര്‍ശനങ്ങള്‍ അര്‍ഥവത്തായിരിക്കും. നാം അങ്ങനെയുള്ള സുഹൃത്തുക്കളാവുക. പുറമെ പുഞ്ചിരിച്ച് ഉള്ളില്‍ പക വെക്കുന്നവരല്ല, ഉള്ളറിഞ്ഞ് പ്രാര്‍ഥിക്കുന്നവരും ഉടയാത്ത സ്‌നേഹമുള്ളവരുമായ സുഹൃത്തുക്കള്‍...