കുഞ്ഞുവാവക്ക്....
ഫെബിന്‍ ഫാത്തിമ /ആരോഗ്യം
2014 ഡിസംബര്‍
മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ മെച്ചപ്പെട്ടതായിരിക്കും. മുലപ്പാല്‍ കുഞ്ഞിന് രോഗപ്രതിരോധശേഷി നല്‍കുന്നതിനാല്‍
മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ മെച്ചപ്പെട്ടതായിരിക്കും. മുലപ്പാല്‍ കുഞ്ഞിന് രോഗപ്രതിരോധശേഷി നല്‍കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് എക്‌സിമ, ആസ്തമ പോലുള്ള അലര്‍ജി രോഗങ്ങള്‍, വയറിളക്കം, ന്യുമോണിയ തുടങ്ങിയവ പിടിപെടാന്‍ സാധ്യത കുറവാണ്.
മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളുടെ ബുദ്ധിവികാസവും ആശയങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയും ഐക്യുവും കൂടുതലായിരിക്കും. മാത്രമല്ല, കുഞ്ഞുങ്ങള്‍ക്ക് അമ്മയുമായി അടുത്ത ബന്ധം പുലര്‍ത്താനും കഴിയുന്നു.
ആറുമാസം വരെ കുഞ്ഞിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ഒരു തരത്തിലും മലിനമാകാത്ത മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകഘടകങ്ങള്‍ പെട്ടെന്നു ദഹിക്കാനും രക്തത്തിലേക്കു വലിച്ചെടുക്കാനും പറ്റിയ രൂപത്തിലുള്ളതാണ്. കുഞ്ഞിന്റെ എല്ലുകളുടെയും മസിലുകളുടെയും വളര്‍ച്ചക്കുവേണ്ട കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ മുലപ്പാലില്‍ ഉണ്ട്. കൂടാതെ ഇരുമ്പ്, പ്രോട്ടീന്‍, കൊഴുപ്പ്, ഊര്‍ജം നല്‍കുന്ന കാര്‍ബോ ഹൈഡ്രേറ്റ്, ലവണങ്ങള്‍ ഇവയും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു.
പൊടിപ്പാല്‍, മൃഗങ്ങളുടെ പാല്‍ ഇവ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും. ഈ കുട്ടികള്‍ക്ക് ഭാവിയില്‍ കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍ ഇവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
നവജാത ശിശുവിനെ ഒരു മണിക്കൂറിനകം മുലയൂട്ടണം. സാധാരണ പ്രസവമാണെങ്കില്‍ പ്രസവമുറിയില്‍ വെച്ചുതന്നെ അരമണിക്കൂറിനു ശേഷം മുലയൂട്ടാം. സിസേറിയനാണെങ്കില്‍ നാലുമണിക്കൂറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടാം. മാസം തികയാതെ പ്രസവിക്കുന്ന അമ്മയുടെ പാലിന് കൂടുതല്‍ രോഗപ്രതിരോധ ശക്തി ഉണ്ട്. ഇത് കുഞ്ഞിന് രോഗപ്രതിരോധ ശേഷി നല്‍കും. കുഞ്ഞ് പാല്‍ വലിച്ചു കുടിക്കുന്നില്ലെങ്കില്‍ പിഴിഞ്ഞെടുത്ത് പാല്‍ തുള്ളിതുള്ളിയായി നല്‍കാവുന്നതാണ്.
ആദ്യമുണ്ടാകുന്ന നേര്‍ത്തതും മഞ്ഞനിറത്തിലുള്ളതുമായ പാല്‍ (കൊളസ്ട്രം) ഒരു കാരണവശാലും പിഴിഞ്ഞുകളയാതെ കുഞ്ഞിന് നല്‍കണം. കുഞ്ഞിന് വേണ്ടിയുള്ള ആദ്യത്തെ സമ്പൂര്‍ണാഹാരമാണ് ഇത്. കൂടാതെ ഈ പാലില്‍ അടങ്ങിയ ആന്റിബോഡികള്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി നല്‍കും. കൊളസ്ട്രം കുഞ്ഞിന്റെ ദഹനം എളുപ്പമാക്കും. സുഗമമായി മലവിസര്‍ജ്ജനം ചെയ്യാനും സഹായിക്കും.
സിസേറിയന്‍ കഴിഞ്ഞ് നാലു മണിക്കൂറിനകം കുഞ്ഞിനെ മുലയൂട്ടാം. ഇത് അനസ്‌തേഷ്യ നല്‍കിയതിന്റെ പ്രശ്‌നം ഉണ്ടാക്കില്ല. രക്തം നഷ്ടപ്പെട്ടതും മറ്റും മുലയൂട്ടലിനെ ബാധിക്കില്ല. ആദ്യ ദിവസങ്ങളില്‍ അമ്മമാര്‍ക്ക് മുലയൂട്ടാന്‍ സഹായം ആവശ്യമാണ്. സിസേറിയന്‍ കഴിഞ്ഞ അമ്മമാരെ ചെരിച്ചുകിടത്തി മുലയൂട്ടിപ്പിക്കാം. ഒരു സ്തനത്തിലെ പാല്‍ കുടിച്ചു കഴിഞ്ഞാല്‍ മറുഭാഗത്തേക്ക് ചെരിഞ്ഞുകിടന്ന് അടുത്ത സ്തനത്തില്‍നിന്നും കുഞ്ഞിന് പാല്‍ നല്‍കാം.
കരയുമ്പോള്‍ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് വേണം മുലയൂട്ടാന്‍. കുഞ്ഞിന്റെ വയര്‍ നിറയുംവരെ പാല്‍ നല്‍കുക. വിശപ്പ് മാറുമ്പോള്‍ കുഞ്ഞ് പാല്‍കുടിക്കുന്നത് നിര്‍ത്തും.
കുഞ്ഞിനെ ഒരു സ്തനത്തിലെ മുഴുവന്‍ പാലും കുടിപ്പിക്കണം. കാരണം, അവസാനം വരുന്ന പാലിലുള്ള കൊഴുപ്പാണ് കുഞ്ഞിന്റെ വിശപ്പടക്കുന്നതും ഭാരം കൂട്ടുന്നതും. ആദ്യത്തെ മാസങ്ങളില്‍ കുഞ്ഞിന് രാത്രിയിലും പാല്‍ നല്‍കണം. ചില കുഞ്ഞുങ്ങള്‍ വേഗത്തില്‍ പാല്‍ കുടിക്കുമ്പോള്‍ ചിലര്‍ സമയമെടുത്താണ് കുടിക്കുക. പതുക്കെപ്പതുക്കെ കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുന്നതിന്റെ സമയം ക്രമീകരിക്കും.
അമ്മ ശരീരം വൃത്തിയായി സൂക്ഷിക്കണം. രാവിലെയും വൈകുന്നേരവും കുളിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. വീട്ടുജോലികള്‍ക്കിടയില്‍ കുഞ്ഞിനു പാല്‍ കൊടുക്കണമെങ്കില്‍ കൈകള്‍ വൃത്തിയാക്കിയ ശേഷമേ നല്‍കാവൂ. വിയര്‍പ്പും പൊടിയും പറ്റിയിട്ടുണ്ടെങ്കില്‍ സ്തനം നന്നായി തുടക്കണം. പുറത്തുപോയി വരുന്നവരാണെങ്കില്‍ സ്തനം വൃത്തിയാക്കിയ ശേഷം മാത്രം പാലൂട്ടുക. വീട്ടില്‍ തന്നെയിരിക്കുന്ന അമ്മമാരാണെങ്കില്‍ എപ്പോഴും സ്തനം വൃത്തിയാക്കേണ്ട ആവശ്യമില്ല.
മുലയൂട്ടുന്നത് ശരിയായ രീതിയിലാണെങ്കില്‍ കുഞ്ഞിന് ആവശ്യമുള്ള പാല്‍ കിട്ടും. നന്നായി പാല്‍ കിട്ടിയാല്‍ കുഞ്ഞ് ശാന്തനാകും. കുഞ്ഞ് പാല്‍ ഇറക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴുന്നെങ്കില്‍ പാല്‍ കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കാം. ദിവസവും ആറുപ്രാവശ്യമെങ്കിലും മൂത്രം പോവുക, കട്ടികുറഞ്ഞ മലം പോകുക ഇതെല്ലാം കുഞ്ഞിന് ആവശ്യമുള്ള പാല്‍ കിട്ടുന്നുവെന്ന് സൂചിപ്പിക്കുന്നു. കുഞ്ഞിന്റെ ഭാരം ഏകദേശം 500 ഗ്രാം മാസം തോറും കൂടുന്നെങ്കില്‍ കുഞ്ഞിന് വേണ്ട പാല്‍ കിട്ടുന്നുണ്ട്.
കുഞ്ഞ് പാല്‍ വലിച്ചു കുടിക്കുമ്പോള്‍ അല്‍പം വായുവും ഉള്ളിലേക്ക് പോകും. പാല്‍ നല്‍കിയ ശേഷം കുഞ്ഞിനെ തോളില്‍ കിടത്തി മെല്ലെ പുറത്തു തട്ടിക്കൊടുത്താല്‍ വായു പുറത്തേക്കു പോകും. ഒരു കൈകൊണ്ട് കുഞ്ഞിന്റെ കഴുത്തിന് താങ്ങുനല്‍കി കുഞ്ഞിന്റെ വയര്‍ അമരുന്ന തരത്തില്‍ തോളില്‍ കമഴ്ത്തിക്കിടത്തുക. മുറുകെ കൂട്ടിപ്പിടിച്ച് കുഞ്ഞിന്റെ പുറത്തു തട്ടിയാല്‍ കുഞ്ഞ് ഏമ്പക്കും വിടും.
അല്ലെങ്കില്‍ അമ്മ കസേരയില്‍ ഇരുന്ന ശേഷം കുഞ്ഞിനെ മടിയില്‍ കമഴ്ത്തിക്കിടത്തണം. കുഞ്ഞിന്റെ ശിരസ്സിന് അമ്മയുടെ കൈകൊണ്ട് താങ്ങുനല്‍കാം. കുഞ്ഞിന്റെ പുറത്ത് തടവിക്കൊടുത്താല്‍ ഗ്യാസ് പുറത്തുപോകും.
ഇരട്ടക്കുട്ടികളുടെ അമ്മക്ക് പാല്‍ തികയുന്നതിലും പ്രധാന പ്രശ്‌നം രണ്ടു കുട്ടികളെ പരിചരിക്കുവാനുള്ള സമയക്കുറവാണ്. അമ്മ ക്ഷീണിതയാവുകയും ചെയ്യും. അതുകൊണ്ട് ഇരട്ടക്കുട്ടികളെ മുലയൂട്ടി വളര്‍ത്തണമെങ്കില്‍ കുടുംബാംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇരട്ടക്കുട്ടികള്‍ക്ക് നാലുമാസം വരെ മുലപ്പാല്‍ മാത്രം കൊടുക്കുക. അതു കഴിഞ്ഞാല്‍ കുഞ്ഞിന് കുറുക്കുകള്‍ നല്‍കിത്തുടങ്ങാം. സാധാരണ ആറുമാസത്തിനു ശേഷം നല്‍കുന്ന ഇത്തരം ഭക്ഷണം ഇരട്ടക്കുട്ടികള്‍ക്ക് അല്‍പം നേരത്തെ തുടങ്ങാമെന്നേയുള്ളൂ.
ഇങ്ങനെയൊക്കെ കൊടുക്കാം
കുഞ്ഞിനെ പാലൂട്ടാന്‍ കുഞ്ഞിന്റെ കഴുത്ത് അമ്മയുടെ കൈത്തണ്ടയില്‍ വരത്തക്കവിധം വേണം എടുക്കാന്‍. കുഞ്ഞിന്റെ വയറ് അമ്മയുടെ വയറിനോടും നെഞ്ച് അമ്മയുടെ നെഞ്ചിനോടും ചേര്‍ന്നിരിക്കണം. അമ്മ കുഞ്ഞിന്റെ നേര്‍ക്ക് ആകാതെ കുഞ്ഞിനെ അമ്മയുടെ അടുത്തേക്കാണ് പിടിക്കേണ്ടത്.
കുഞ്ഞിന്റെ കണ്ണുകളിലേക്ക് സ്‌നേഹത്തോടെ നോക്കിക്കൊണ്ടുവേണം മുലയൂട്ടാന്‍. വിരലുകള്‍ കൊണ്ട് കുഞ്ഞിനെ തലോടുന്നതും നല്ലതാണ്. ഇവ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വളര്‍ത്തും. കുഞ്ഞിന്റെ തല ഉള്ളം കൈയില്‍ പിടിച്ചാലും തലയിണയില്‍ വെച്ച് പാലൂട്ടിയാലും കുഞ്ഞ് ശരിയായി പാല്‍ വലിച്ചു കുടിക്കില്ല.
അമ്മയ്ക്കും കുഞ്ഞിനും സൗകര്യപ്രദമായ രീതിയില്‍ ഇരുന്നുവേണം പാല്‍ നല്‍കാന്‍. മുലഞെട്ടുമാത്രം വായില്‍ വച്ചുകൊടുത്താല്‍ കുഞ്ഞ് അവിടം വെച്ച് വലിച്ചുകുടിക്കുന്നതിന്റെ ഫലമായി മുലഞെട്ടു പൊട്ടുകയും അമ്മയ്ക്ക് വേദനയുണ്ടാവുകയും ചെയ്യും. കുഞ്ഞിന് പാല്‍ കിട്ടുകയുമില്ല. മുലഞ്ഞെട്ടിന് ചുറ്റുമുള്ള കറുത്തഭാഗം -മുലക്കണ്ണ് (ഏരിയോള) കുഞ്ഞിന്റെ വാക്കുള്ളില്‍ വരത്തക്കവണ്ണം വേണം കുഞ്ഞിനെ പിടിക്കാന്‍.
കുഞ്ഞിന്റെ മുഖം സ്തനത്തില്‍ തൊടുവിക്കുമ്പോള്‍ കുഞ്ഞ് നന്നായി വായ്തുറക്കും. ആ സമയത്ത് കുഞ്ഞിനെ സ്്തനത്തിനോട് ചേര്‍ക്കുകയാണെങ്കില്‍ കുഞ്ഞിന് നന്നായി പാല്‍ കുടിക്കാന്‍ കഴിയും. കുഞ്ഞിന്റെ താടി സ്തനത്തില്‍ ചേരണം.
കുഞ്ഞ് പാല്‍ കുടിക്കുന്നത് നിര്‍ത്തിയെന്ന് മനസ്സിലായാല്‍ കുഞ്ഞിന്റെ വായ് മുലഞെട്ടില്‍നിന്നും സാവധാനം മാറ്റുക. മുലയൂട്ടിയതിന് ശേഷം കുഞ്ഞുങ്ങളുടെ വായ് വൃത്തിയാക്കേണ്ട. ഓരോ തവണ മുലയൂട്ടിക്കഴിഞ്ഞും സ്തനം ശുചിയാക്കേണ്ട ആവശ്യമില്ല.