ഡോക്ടര്‍ പി.ഡി സുമേഷിന്റെ 'മരുന്ന് ഭക്ഷണമാക്കുന്ന മലയാളി'' എന്ന ലേഖനം മലയാളിയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മലയാളികള്‍ ആരോഗ്യരംഗത്ത് ബോധവാന്മാരാണെങ്കിലും
ഡോക്ടര്‍ പി.ഡി സുമേഷിന്റെ 'മരുന്ന് ഭക്ഷണമാക്കുന്ന മലയാളി'' എന്ന ലേഖനം മലയാളിയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മലയാളികള്‍ ആരോഗ്യരംഗത്ത് ബോധവാന്മാരാണെങ്കിലും രോഗങ്ങള്‍ക്ക് ഇവിടെ ഒരു കുറവുമില്ല. മഴക്കാലമായാല്‍ മാവേലി സ്‌റ്റോറിനെക്കാള്‍ വലിയ തിരക്കാണ് മരുന്നുഷോപ്പുകളില്‍ കാണുന്നത്.
പല 'ഗിഫ്റ്റുകളും' വാഗ്ദാനം നല്‍കി ഡോക്ടര്‍മാരില്‍ സമ്മര്‍ദം ചെലുത്തി ആരോഗ്യരംഗത്ത് നേട്ടം കൊയ്യുന്നത് മരുന്നുകമ്പനികളാണ്. യൂറോപ്പിലും മറ്റും നിരോധിച്ച പല വേദനസംഹാരികളും മരുന്നുകളും ഇന്നും ഇന്ത്യയില്‍ സുലഭമായി വില്‍ക്കുന്നു. ഇവയില്‍ പലതും മനുഷ്യന്റെ കിഡ്‌നി, കരള്‍, മറ്റ് ആന്തരാവയവങ്ങള്‍ക്കും ദ്രോഹകരമാണ്. മറ്റ് രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ കേരളത്തില്‍ കുട്ടികള്‍ക്ക് പോലും കുറിച്ച് കൊടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ധൂര്‍ത്തിനെതിരെ
ചുരുങ്ങിയ വാക്കുകളില്‍ ചിന്താര്‍ഹമായിരുന്നു ഒക്ടോബര്‍ മാസം മുഖമൊഴി. ഇന്ന് ഏതുകോണിലും ധൂര്‍ത്തിലും ധൂര്‍ത്തും അതിലേക്ക് വഴിനടത്തുന്ന ആഭാസങ്ങളും സജീവ ചര്‍ച്ചയാണ്. പക്ഷെ 'എന്നെ തല്ലണ്ടമ്മാവാ' എന്ന മട്ടിലാണ് കാര്യങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്. എന്തായാലും ആരാമത്തിലെ ലേഖനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുതകും.
അബ്ദുല്‍ അഹദ് തങ്ങളെക്കുറിച്ചുള്ള മകളുടെ ഓര്‍മക്കുറിപ്പുകള്‍ അന്തസ്സാര്‍ന്നതായി. ഇ-മൊഴി പംക്തിയിലെ 'താങ്കള്‍ ക്യൂവിലാണ്' രസകരമായിട്ടുണ്ട്. പ്രാവിറച്ചിയെ പറ്റിയുള്ള ലേഖനവും പഠനാര്‍ഹം തന്നെ.
എം.എ മുഹമ്മദ് മാസ്റ്റര്‍
തണ്ണീര്‍കോട്
ത്യാഗം അനിവാര്യമായ കര്‍മം
ഒക്ടോബര്‍ ലക്കം പി.പി അബ്ദുറഹ്മാന്‍ പെരുങ്ങാടി എഴുതിയ ഹജ്ജിന്റെ ആത്മാവ് ഉപകാരപ്രദമായ വായനാനുഭവമായി. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ ജീവിത സ്മരണകള്‍ ഉണര്‍ത്തുന്ന ഹജ്ജ് ത്യാഗം അനിവാര്യമായ കര്‍മങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിജനമായ മക്ക മരുഭൂമിയില്‍ കഅ്ബാമന്ദിരം പണിതുവെച്ചിടത്തേക്ക് തീര്‍ഥാടകരെ ക്ഷണിച്ച പ്രവാചകന്‍ ഇബ്രാഹീം നബിയുടെ വിളികേട്ട് സഞ്ചാരിയായ പ്രവാചകന്റെ കാല്‍പാടുകള്‍ കാണാനും മണലാരണ്യത്തിലൂടെ ഓടി നടന്ന ഹാജറാ ബീവിയുടെ പാദങ്ങള്‍ പിന്തുടര്‍ന്ന് സ്വഫാമര്‍വക്കിടയില്‍ ഓടാനും പുത്രബലിയുടെ ഓര്‍മകള്‍ ഉര്‍ണത്തുന്ന ബലി നിര്‍വഹിക്കാനും പുറപ്പെടുന്ന വിശ്വാസി മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
റഹീം. കെ
പറവന്നൂര്‍
പിത്തലാട്ടമോ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം
ഒരു പ്രസംഗമധ്യേ ഗാനഗന്ധര്‍വന്‍ യേശുദാസ് പരാമര്‍ശിച്ച 'സ്ത്രീകള്‍ ജീന്‍സിട്ട് പുരുഷന്മാരെ വിഷമിപ്പിക്കരുത്' എന്ന വാചകം ചിലര്‍ക്ക് അനാവശ്യ പ്രയോഗമായി തോന്നി എന്നത് യാഥാര്‍ഥ്യമാണ്. അത് പറയാനുള്ള അദ്ദേഹത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വകവെച്ചു കൊടുത്തുകൊണ്ടു വേണ്ടേ പ്രതികരിക്കാന്‍. ജീന്‍സെന്നല്ല വസ്ത്രം ധരിക്കാന്‍ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ട്. എന്നാലും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും തന്നെയാണുണ്ടാകാറ്. കാരണം അടിസ്ഥാനപരമായി രണ്ടുവര്‍ഗം തന്നെയാണ് ആണും പെണ്ണും. അത് യുക്തിസഹവും ശാസ്ത്രീയവും തന്നെയെന്ന് വിമര്‍ശകര്‍ പോലും മൗനമായും വാചാലമായും സമ്മതിക്കുന്നുണ്ട്. എന്നാല്‍ പുരുഷന്മാര്‍ മുണ്ടുടുത്താല്‍ ആവശ്യാനുസരണം മടക്കി ഉയര്‍ത്തിക്കുത്താറുണ്ട്. പക്ഷെ ഒരു സ്ത്രീ ഒരിക്കലും അങ്ങനെ ചെയ്യാറില്ല.
ഇ.കെ നായനാര്‍ മുമ്പ് മന്ത്രിയായിരിക്കെ സംസാരമധ്യേ നാട്ടിലെ സ്ത്രീപീഡന പരമ്പരയുടെ വിമര്‍ശകരുടെ മുനയൊടിക്കാനായി പറഞ്ഞു: 'പാശ്ചാത്യന്‍ നാടുകളില്‍ ചായ കുടിക്കും പോലെയാണ് വ്യഭിചാരം നടക്കുന്നത്'' എന്ന്. ഇതൊരു ഗുരുതരമായ അഭിപ്രായ പ്രകടനമെങ്കില്‍ യോശുദാസിന്റെത് യുക്തവും പിതൃ-ഗുരുവാല്‍സല്യവും ജന്യവുമായ അഭിപ്രായം മാത്രം.
നാടിന്റെ പല ഭാഗത്തുമെന്നപോലെ പാലക്കാട് മലമ്പുഴ ഉദ്യാനത്തിലെ കാനായി കുഞ്ഞിരാമന്റെ 'യക്ഷി'യും സമൂഹത്തില്‍ സുലഭമായി കാണുന്ന വൃത്തികെട്ട 'മ' പ്രസിദ്ധീകരണ ഫോട്ടോകളും മാസികകളും വീഡിയോകള്‍ വരെ ലഭ്യമാകുമ്പോള്‍, അതിന്റെയൊക്കെ തിക്ത ഇരകളാകുന്നത് നിരപരാധികളായ പെണ്‍കുട്ടികളും പെണ്ണുങ്ങളാണ്. കണ്ണഞ്ചിപ്പിക്കുന്ന ഫാഷന്റെയും അനുകരണത്തിന്റെയും മാസ്മരിക ലഹരിയില്‍ വളരുന്ന, വിവേകം നാമ്പിട്ടതുപോലുമില്ലാത്ത അബലകളും നിഷ്‌കളങ്കരുമായ പെണ്‍മക്കളോട് ഭയത്താലും വാത്സല്യത്താലും ഇങ്ങനെ പറയാതിരിക്കാന്‍ വിവേകവും അനുഭവജ്ഞാനവും നിസ്വാര്‍ഥനുമായ യേശുദാസിനെപ്പോലുള്ള ഒരാള്‍ക്ക് എങ്ങനെ സാധിക്കും.
നമ്മെ നാം ആക്കുന്നതും രൂപപ്പെടുത്തുന്നതും സാഹചര്യങ്ങളാണ്. സാഹചര്യങ്ങള്‍ നാം-സമൂഹമാണ് ഒരുക്കുന്നത്. അതിലെ ചെറിയ പാളിച്ചകള്‍ പോലും ക്ഷണിച്ചു വരുത്തുന്നത് അഗാധ ഗര്‍ത്തങ്ങളും ദാരുണാന്ത്യങ്ങളുമായിരിക്കും.
ചുക്കാന്‍ ഇബ്രാഹീം മാസ്റ്റര്‍
കൊണ്ടോട്ടി
ജീന്‍സും യേശുദാസും പിന്നെ മലയാളിയും
ജീന്‍സ് പലതരത്തിലുണ്ട്. പല നിറമെന്ന പോലെ അത് വൃത്തിയായും വൃത്തികേടായും ധരിക്കാം. നമുക്കിഷ്ടമുള്ളത് ധരിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും അതു കാണുന്നവര്‍ക്ക് ആദരവും സുഖവും നല്‍കണം. ചില ജീന്‍സ് ചിലര്‍ക്ക് ആഭാസമായി തോന്നുമ്പോള്‍ ആഭാസന്മാര്‍ക്ക് അത് ആനന്ദകരമായി മാറുന്നതും കാണാം. ആഭാസവേഷം, ധരിക്കുന്നവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെങ്കിലും, തങ്ങളെ മറ്റുള്ളവര്‍ അംഗീകരിക്കാനും ആദരിക്കാനും ശഠിക്കരുത്. കുര്‍ത്ത, ഷര്‍ട്ട് ഇതൊക്കെ ജീന്‍സിന് നന്നായി ഇണങ്ങുമെന്നിരിക്കെ പെണ്‍കുട്ടികള്‍ ഷെയ്പ് പ്രദര്‍ശിപ്പിക്കുന്ന ഇറുകിയ ടോപ് ധരിക്കുന്നത് ആഭാസം തന്നെ. ഇത് വളര്‍ത്തുദോഷത്തില്‍ പെട്ടതാണ്. ഈ ജീന്‍സിനെയായിരിക്കാം യേശുദാസ് വിമര്‍ശിച്ചത്. യേശുദാസിന്റെ ഉദേശ്യശുദ്ധിയില്‍ വാക്കുകള്‍ പിഴച്ചതാണ്. ആരുടെയെങ്കിലും നാവോ വാക്കോ പിഴക്കാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. 70 കഴിഞ്ഞ മലയാളിയുടെ സ്വന്തം ഗായകന് മലയാളിപെണ്‍കുട്ടികളെ ഉപദേശിച്ചുകൂടാ എന്ന് ധരിക്കരുത്.
75-80 വര്‍ഷങ്ങള്‍ക്ക് മുമ്പും കേരളത്തിലുളളവര്‍ വസ്ത്രം ധരിച്ചിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇല്ലായിരുന്നു എന്നേയുള്ളു. ആര്‍ഭാടവും ആഭരണവും കാണിക്കാന്‍ ഗള്‍ഫ് പണവും ഐ.ടി പണവും ഇല്ലാതിരുന്ന കാലത്ത്, മുണ്ടും മേല്‍മുണ്ടും മതിയായിരുന്നു. വ്യാപാരവ്യവസായത്തിന്റെ വളര്‍ച്ചയും ഫാഷന്‍ വസ്ത്രങ്ങളും കേരളത്തില്‍ എത്തിച്ചത് നമ്മുടെ സാധാരണക്കാരന്‍ ഗള്‍ഫില്‍ പോയിട്ടാണ്. അവരാണ് സ്ത്രീകള്‍ക്ക് നൈറ്റി, ഹൗസ്‌കോട്ട്, എന്നൊക്കെ പറഞ്ഞ് 'മാക്‌സി' കേരളത്തില്‍ എത്തിച്ചത്. അത് ജാതി-മത-പ്രായ ഭേദമന്യേ എല്ലാ മലയാളി വീട്ടമ്മമാരും സ്വീകരിച്ചു! ഇടാനും ഊരാനുമുള്ള എളുപ്പവും പണിയെടുക്കാനുള്ള സൗകര്യവുമാണ് മാക്‌സിയെ ജനകീയമാക്കിയത്. അതോടെ നമ്മുടെ അമ്മ പെങ്ങന്മാരുടെ വയറും പൊക്കിളും മാറും അന്യപുരുഷന്മാര്‍ക്ക് തുറിച്ചു നോക്കാന്‍ കഴിയാതായി.
പഴയ കാലത്തും സ്ത്രീ പീഡനങ്ങള്‍ നടന്നിരുന്നു. പാടത്തും പറമ്പത്തും പണിയെടുത്ത അവര്‍ണ്ണര്‍ക്ക് മാറുമറക്കാന്‍ അവകാശമില്ലായിരുന്നതിനാല്‍ 'ഒളികാമറ വെക്കാതെ ജന്മിക്കുട്ടികള്‍ കണ്ടാസ്വദിച്ചു... അന്ന് പീഡനങ്ങള്‍ പുറത്തുപറയാന്‍ പെണ്ണുങ്ങള്‍ക്ക് ധൈര്യമില്ലായിരുന്നു. മാത്രമല്ല പീഡന വാര്‍ത്ത പ്രചരിപ്പിക്കാന്‍ പത്രങ്ങളും ഇല്ലായിരുന്നു. ആണുങ്ങളും എല്ലുമുറിയെ പണിയെടുത്തു തളര്‍ന്നതിനാലും വെറുതെ സമയം കൊല്ലാത്തതിനാലും കാമഭ്രന്തില്ലായിരുന്നു. ഇന്ന് മലയാളി തടിയനങ്ങാതെ ചിക്കനും മട്ടനും നിറവയര്‍ സദ്യയുമായി മിനി സ്‌ക്രീനിനു മുമ്പില്‍ ഇരിക്കുകയാണ്. പെണ്ണിന്റെ തുടയും മാറും പൊക്കിളും കാണാത്ത ഒരു ദിവസവുമില്ല. സ്‌ക്രീനിലെ ഗാനരംഗങ്ങളും മദ്യപാനവും മനുഷ്യരെ സദാചാരത്തില്‍ നിന്നും ധാര്‍മികതയില്‍ നിന്നും വ്യതിചലിപ്പിച്ചിട്ടാണ് പീഡനങ്ങള്‍ വര്‍ധിച്ചത്.
പെണ്‍കുട്ടികള്‍ സ്‌കൂട്ടറും സൈക്കിളും ഓടിക്കട്ടെ. ജീന്‍സും ധരിക്കട്ടെ. പക്ഷേ, വയറും പൊക്കിളും കാണിക്കുന്നത് കൈവിട്ട കളിക്കുള്ള ക്ഷണമായിത്തന്നെ യുവാക്കള്‍ കരുതും. ഷെഡിയിട്ട് ബോഡീലോഷനും പുരട്ടി, മെയ്ക്കപ്പുമിട്ടേ സ്‌പോര്‍ട്‌സ് താരം ഓടാവൂ എന്ന് പറയുന്നത് വിപണിയാണ്. അതില്ലാതെ തന്നെ ബഹ്‌റൈനിലെയും ഇറാനിലെയും യുവതികള്‍ സ്‌പോര്‍ട്്‌സിലും സിനിമയിലും ഇന്ത്യന്‍ യുവതികളെ തറ പറ്റിച്ചിട്ടുണ്ട്.
എ.എം. ഖദീജ
പുവാട്ടുപറമ്പ്
ഒരു യാത്രാ വിവരണം
ആരാമം ഒക്ടോബര്‍ ലക്കം കെ.വൈ.എ എഴുതിയ ചുറ്റുവട്ടം വളരെ നന്നായി. ധൂര്‍ത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കും, ധൂര്‍ത്തന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കും അതൊരു പാഠമാകും എന്ന് കരുതാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മുടെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയും മതസംഘടനകളും ധൂര്‍ത്തിനെതിരെ ശബ്ദിക്കുകയാണ്. 'ധൂര്‍ത്ത്' വിവാഹത്തില്‍ മാത്രമാക്കിയത് കൊള്ളാം. അതും പാവപ്പെട്ടവന്റെ കാര്യത്തില്‍ ധൂര്‍ത്ത് എന്താണ്, എന്തിലൊക്കെ ആവാം എന്ന് ഇനിയും വ്യക്തമാകേണ്ടതായുമുണ്ട്. സംഘടന വിവാഹധൂര്‍ത്തിനെതിരെ സെമിനാറുകളും സിമ്പോസിയങ്ങളും ടേബിള്‍ടോക്കുകളും പൊടിപൊടിക്കുമ്പോഴാണ് സാംസ്‌കാരിക കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതന്‍ സാമുദായിക ഐക്യത്തിന്റെ പേരില്‍ ഒരു യാത്ര നടത്തുന്നത്. അളം കേരളത്തില്‍ അല്ല കേട്ടോ, കര്‍ണാടകയില്‍. മുടി പിന്നിക്കെട്ടി പാനപാത്രം കഴുകിവെച്ച് മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പിന്ന് ബാഹ്യശക്തികളുടെ ആവശ്യമില്ലാ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ യാത്ര വിവരണാതീതം തന്നെ. കാരണം തൊട്ടടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ വിശേഷങ്ങള്‍ കേട്ടവരും കണ്ടവരുമാണല്ലോ കര്‍ണാടകയില്‍ യാത്ര നടത്തുന്നത്. അപ്പോള്‍ ഒട്ടും കുറക്കാന്‍ പാടില്ല. കേരളത്തില്‍ 2013 ഏപ്രിലില്‍ ഇദ്ദേഹം നടത്തിയിരുന്ന ഒരു യാത്ര കെട്ടിലും മട്ടിലും സംഘടനയിലും ശ്രദ്ധേയമായിരുന്നല്ലോ. കഥാപാത്രം അന്നത്തെ വണ്ടി തന്നെ. ഇപ്പോഴും വണ്ടിയാണ് താരം. social നെറ്റ്‌വര്‍ക്കിന്റെ സഹായവും ഗംഭീരം. ഇവിടെ ധൂര്‍ത്ത് എന്നത് അന്യം. സംരക്ഷണയാത്രയാണ് മുസ്‌ലിംകളുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ട യാത്ര. അഥസ്തിത-പീഡിത വര്‍ഗത്തിന്റെ സാമൂഹിക സാംസ്‌കാരിക ഉന്നതിക്ക് വേണ്ടിയാണ് യാത്ര എങ്കില്‍ തെറ്റി. പട്ടിണിയും തൊഴിലില്ലായ്മയും കൊണ്ട് നെട്ടോട്ടമോടുന്നവര്‍ സമുദായത്തിനുള്ളില്‍ ഞെരിപിരി കൊള്ളുന്നു എന്നത് ഇദ്ദേഹം അറിയാതെ പോയി. എന്നാല്‍ ശരി കാരണം അറിയാമായിരുന്നെങ്കില്‍ ഇതിങ്ങനെ സംഘടിപ്പിക്കില്ലല്ലോ. മറ്റ് സംഘടനകളും സംഘടനാ നേതാക്കന്മാരും ഇവിടെ സ്വിഫ്റ്റ് കാറില്‍ യാത്രചെയ്താല്‍ രിസാലക്ക് എഴുതാന്‍ ലോഖനമാകും.
ധൂര്‍ത്തിനെതിരെ മഹല്ല് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഒരുപക്ഷെ ഇത് ധൂര്‍ത്തായി കാണില്ലായിരിക്കാം. പാവപ്പെട്ടവന്‍ ആവേശത്താല്‍ നടത്തുന്ന ഒരു കൊച്ചു വിവാഹം മാത്രമാണ് ഇവര്‍ക്ക് ധൂര്‍ത്ത്. ആത്മീയ ചൂഷണവും ആത്മീയ യാത്രയും എപ്പോഴാണാവോ ജനം തിരിച്ചറിയുക?
സൗദ
കോഴിക്കോട്