വീടെടുക്കാന്‍ എളുപ്പമല്ല
പുതിയ വീടുണ്ടാക്കാന്‍ തീരുമാനിക്കും മുമ്പേ വീടുനിര്‍മാണം അത്യാവശ്യമാണോ എന്നു ചിന്തിക്കണം. എന്നാല്‍ ഭൂമി വാങ്ങണമെന്ന് കൈയില്‍ കാശുള്ളപ്പോഴൊക്കെ ചിന്തിക്കേണ്ടതാണ്.
പുതിയ വീടുണ്ടാക്കാന്‍ തീരുമാനിക്കും മുമ്പേ വീടുനിര്‍മാണം അത്യാവശ്യമാണോ എന്നു ചിന്തിക്കണം. എന്നാല്‍ ഭൂമി വാങ്ങണമെന്ന് കൈയില്‍ കാശുള്ളപ്പോഴൊക്കെ ചിന്തിക്കേണ്ടതാണ്. ഭൂമി വാങ്ങുന്നതും വീടു വെക്കുന്നതും വ്യത്യസ്തമാണ്. ഭൂമിക്ക് പഴകുന്തോറും വില കൂടിക്കൊണ്ടിരിക്കും. ഫാഷന്‍വീട് നാലഞ്ചു കൊല്ലം കൊണ്ട് പഴഞ്ചനാകും. വര്‍ഷം കൂടുന്തോറും വീടിന് വില ഇടിഞ്ഞുകൊണ്ടിരിക്കും. വില്‍ക്കുമ്പോള്‍ പഴക്കത്തിനനുസരിച്ചേ വില ലഭിക്കുകയുള്ളൂ 'പൊളിക്കാനാണ്' എന്നു പറഞ്ഞായിരിക്കും ചിലര്‍ പഴയ വീടുകള്‍ വാങ്ങുക. എന്നിട്ട് പൊളിക്കാന്‍ കരാര്‍ കൊടുത്ത് കല്ലും മരവും വില്‍ക്കും. ചെറിയ വീട് വെറുതെ കൊടുക്കാം, കൊട്ടാരമോ? അതുകൊണ്ട് സമയമാകുമ്പോള്‍ മാത്രം ഗൃഹനിര്‍മാണം തുടങ്ങുക.
പത്തുസെന്റാണ് വാങ്ങിയത് എങ്കില്‍ രണ്ടു മക്കളുള്ള ആളാണെങ്കില്‍ അഞ്ചു സെന്റില്‍ മാത്രം ഒതുക്കി വീടെടുക്കുക. ഒഴിഞ്ഞുകിടക്കുന്ന അഞ്ചുസെന്റ് ഭാവിയില്‍ കുട്ടികള്‍ക്ക് വീടെടുക്കാന്‍ ഉപകരിക്കും. അതിനാല്‍ പ്ലാന്‍ വരക്കുമ്പോള്‍ തന്നെ ഉണ്ടാക്കുന്ന വീടിന്റെ മാത്രമല്ല, ഭാവിയില്‍ വരുന്ന വീടിന്റെ കൂടി കക്കൂസ് കുഴിക്കും കിണറിനും സ്ഥാനം നിര്‍ണയിക്കണം. മൂന്ന് മക്കളുള്ളവര്‍ പന്ത്രണ്ട് സെന്റ് സ്ഥലം വാങ്ങി വലിയ ബംഗ്ലാവ് പരത്തിയുണ്ടാക്കിയാല്‍ പിന്നീട് ഖേദിക്കേണ്ടിവരും. വീടിന് മുറ്റമില്ലാത്തതിന് പുറമെ, വീട് പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും വലിയ വിഷമമുണ്ടാകും. അതുകൊണ്ടുതന്നെ മൂന്ന് മക്കളുള്ളവര്‍ താഴെ ഒരു കിടപ്പുമുറിയും മുകളില്‍ മൂന്ന് മുറിയുമുള്ള വീട് നാല് സെന്റില്‍ ഒതുക്കിപ്പണിതാല്‍ വീടുനിര്‍മാണചെലവ്, വീടുനികുതി എന്നിവ ഗണ്യമായി കുറക്കാന്‍ സാധിക്കും. ഒഴിച്ചിട്ട സ്ഥലത്ത് ചേന, വാഴ, കപ്പ തുടങ്ങിയ ഹൃസ്വകാലവിളകള്‍ നട്ടാല്‍ വീട്ടുചെലവ് കുറയും; ആരോഗ്യം മെച്ചപ്പെടും. അതിരുകളില്‍ ഫലവൃക്ഷങ്ങളും ഔഷധികളും നടാം.
ഉറങ്ങാന്‍ രാത്രിമാത്രം ഉപയോഗിക്കുന്ന കിടപ്പുമുറിക്ക് 10-11 അടി വിസ്താരം ധാരാളം മതി. വായുസഞ്ചാരത്തിന് ജനലും വെന്റിലേഷനും (എയര്‍ഹോള്‍) അതിന് യോജിച്ച തരത്തില്‍ നിര്‍മിച്ചാല്‍ മതി. പുതിയ വീടിനെക്കുറിച്ച് നേരത്തെ തന്നെ ചിന്തിക്കാം. ഭൂമി വാങ്ങിയിടാം. ആളുകളുടെ എണ്ണം, ഭാവിയിലെ വിപുലീകരണം എന്നിവ കണ്ട് പ്ലാന്‍ തീരുമാനിക്കണം.
17-20 വയസ്സില്‍ ഗള്‍ഫില്‍ പോയ പലരും നാല്‍പതും അമ്പതും വയസ്സിനു ശേഷമാണ് വീടുവെക്കുന്നത്! അപ്പോഴേക്ക് കുട്ടികള്‍ മുതിര്‍ന്നിരിക്കും. ഈ മുതിര്‍ന്ന മക്കളെ കണ്ട് പിതാവ് ആയുഷ്‌കാലം സമ്പാദിച്ചതു മുഴുവന്‍ വീടു നിര്‍മ്മാണത്തിനു ചെലവഴിക്കുന്നു. അന്നന്ന് സുഖിച്ചിരുന്നാല്‍ ഗള്‍ഫിലെ വരുമാനം നിന്നുപോകും.
തറവാട്ടുവീട്ടില്‍ സൗകര്യം പോരാതാവുമ്പോള്‍ മാത്രം സ്വന്തം വീടുവെക്കുക. അതും കൂടുതല്‍ ഭൂമി വാങ്ങിയിട്ട് കഴിയുന്നത്ര ചെലവു ചുരുങ്ങിയ വീടുകള്‍ എന്ന ചിന്തയാണ് നല്ലത്. ഒരു കോമ്പൗണ്ടില്‍ രണ്ടോ മൂന്നോ വീട് ഭാവിയില്‍ വരുന്നത് സ്വപ്‌നം കണ്ട് ഗൃഹനിര്‍മാണം തുടങ്ങാന്‍ സമ്പന്നര്‍ ശ്രദ്ധിക്കേണ്ടതാണ്. 30-40 സെന്റ് വാങ്ങി ഏഴുസെന്റില്‍ ഒരു സ്വപ്‌നഭവനം! പിന്നീട് മൂന്നുമക്കളും നമ്മുടെ വയസ്സുകാലത്ത് ഒരു പറമ്പില്‍ വീടുവെച്ചാല്‍ വീണ്ടും മറ്റൊരു രൂപത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരാം! കൂറ്റന്‍ വീട് പെയിന്റടിക്കാനും വമ്പന്‍ നികുതിയും ബില്ലുകളും അടക്കാനും പ്രശ്‌നമാകും.
നമ്മളുണ്ടാക്കിയ കൂറ്റന്‍ ബാല്‍ക്കണികളും കോണ്‍ക്രീറ്റ് ചാരുപടികളും എല്ലാം നാളെ മണ്ണിനെ വിഷമയമാക്കും. സെറാമിക് ടൈലുകളും ആവശ്യാനുസരണം മാത്രം ഉപയോഗിക്കുക. പണമുള്ളവര്‍ മരടൈലുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.