പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്
ഫാത്തിമാ ബീവി. എം
2014 ഡിസംബര്‍
വിവാഹ മോചനങ്ങള്‍ സര്‍വസാധാരണമാകുന്ന ഇക്കാലത്ത് വിവാഹ പൂര്‍വ സംവാദ (premaritel counselling)ത്തിന്റെ ആവശ്യകത വളരെ വ്യക്തമാണ്. മുമ്പ്
വിവാഹ മോചനങ്ങള്‍ സര്‍വസാധാരണമാകുന്ന ഇക്കാലത്ത് വിവാഹ പൂര്‍വ സംവാദ (premaritel counselling)ത്തിന്റെ ആവശ്യകത വളരെ വ്യക്തമാണ്. മുമ്പ് പാശ്ചാത്യ രാജ്യങ്ങളിലായിരുന്നു ഈ പ്രവണത കൂടുതലായി കാണപ്പെട്ടത്. ഇപ്പോള്‍ നമ്മുടെ കൊച്ചു കേരളവും ഇക്കാര്യത്തില്‍ ഏറെ മുന്‍പന്തിയില്‍ തന്നെ. വ്യക്തമായ കാരണങ്ങള്‍ എന്നൊക്കെ പറഞ്ഞ് ചികഞ്ഞുനോക്കിയാല്‍ കണ്ടെത്താവുന്ന കാരണങ്ങള്‍ വളരെ ചെറുതായിരിക്കാം. ഒരു കറിക്ക് ഉപ്പ് കൂടുന്നതില്‍ നിന്നോ, രുചി കുറയുന്നതില്‍ നിന്നോ ആയിരിക്കാം കാരണങ്ങള്‍ക്ക് തുടക്കമിടുന്നത്. വിദ്യാഭ്യാസം കുറഞ്ഞ പെണ്‍കുട്ടികളാണ് ദുരിതമനുഭവിക്കുന്നതില്‍ ഏറെയും. വളരെ ചെറിയ കാരണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പ്രശ്‌നങ്ങള്‍ക്ക് ഭര്‍ത്താവിനോ അവരുടെ വീട്ടുകാര്‍ക്കോ പങ്കുണ്ടായിരിക്കാം. സ്വയം ഉണ്ടാക്കിയെടുത്ത കാരണങ്ങളും ഇല്ലാതില്ല.
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മികമായ അറിവും ലഭ്യമാക്കണം. എങ്കിലേ അവള്‍ക്ക് വിജയിക്കാനാവൂ. ഭൗതികവിദ്യാഭ്യാസം മാത്രമാണ് ഒരു പെണ്‍കുട്ടി മുഖ്യമായും സ്വായത്തമാക്കുന്നതെങ്കില്‍ അവള്‍ക്ക് ഒരുപക്ഷേ ധാരാളം പണം ലഭിച്ചേക്കാം. എന്നാല്‍ ആത്മീയതയില്‍ അധിഷ്ഠിതമായ വിവരം മാത്രമാണുള്ളതെങ്കില്‍ അവള്‍ക്ക് ഈ മായാലോകത്തിന്റെ കൃത്വിമത്വം കണ്ടുപിടിക്കാന്‍ പറ്റുകയേയില്ല. അവള്‍ പല കുഴിയിലും ചാടിപ്പോവും. പെട്ടെന്ന് പറ്റിക്കപ്പെടും. അതിനാലാണ് രണ്ടും ചേര്‍ന്നൊരു വിദ്യാഭ്യാസത്തിന് പ്രസക്തിയുണ്ടന്ന് പറയുന്നത്.
ആണ്‍മക്കളുള്ള ഉമ്മമാര്‍ ചെറുപ്പം മുതലേ അവര്‍ക്ക് സ്ത്രീകളെ ബഹുമാനിക്കേണ്ടവിധം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അവരുടെ പെണ്‍മക്കള്‍ എങ്ങനെ അവരുടെ ഭര്‍തൃവീടുകളില്‍ സന്തോഷമായി ജീവിക്കുന്നുവോ അതുപോലെ മരുമക്കളോടും പെരുമാറണം. വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന് വരുന്ന പെണ്‍കുട്ടി എല്ലാ സ്വന്ത ബന്ധങ്ങളെയും പിരിഞ്ഞാണ് വരുന്നതെന്നുള്ള ചിന്ത മനസ്സിലുണ്ടായിരിക്കണം. പുതിയ കുടുംബവും സ്വന്തം കുടുംബവും ഇഴചേര്‍ത്ത് കൊണ്ടുപോയാല്‍ മാത്രമേ ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാതിരിക്കൂ.
നമ്മുടെ പെണ്‍കുട്ടികളും പ്രശ്‌നക്കാരാകാറുണ്ട്. നല്ലൊരു ഭര്‍ത്താവിനെ കിട്ടിക്കഴിഞ്ഞാല്‍ അവള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരെ വേണ്ട. അതും ശരിയല്ല. അവള്‍ ആലോചിക്കേണ്ടത് ഈ നല്ല ഭര്‍ത്താവിനെ എനിക്ക് തന്നത് ഈ കുടുംബമാണെന്നല്ലേ. അതിനാല്‍ അവരോടുള്ള സ്‌നേഹവും ബഹുമാനവും എന്നും അവളുടെ മനസ്സിലുമുണ്ടാകണം.
ഇവിടെയാണ് premaritel counselling ന്റെ ആവശ്യകത. തീര്‍ച്ചയായും പുതിയ തലമുറയിലെ ആണിനും പെണ്ണിനും ഇത് ആവശ്യമാണ്. എങ്ങനെ ഭര്‍ത്താവിനോടും ഭര്‍ത്താവിന്റെ വീട്ടുകാരോടും പെരുമാറണമെന്ന് പെണ്ണിനും എങ്ങനെയാണ് ഭാര്യയോടും ഭാര്യവീട്ടുകാരോടും പെരുമാറേണ്ടതെന്ന് ആണിനും ഒരു വഴികാട്ടിയായിരിക്കും. premaritel counselling വഴി വിവാഹമോചനങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. അതിലൂടെ സന്തോഷകരമായ ഒരു ജീവിതം പടുത്തുയര്‍ത്താന്‍ അവര്‍ക്ക് കഴിയും.
ഒരു ഭര്‍ത്താവും ഭാര്യയും ബന്ധുക്കളുമായി കൗണ്‍സലിംഗിന് വന്നിരുന്നു. അവര്‍ വിവാഹിതരായിട്ട് ആറുമാസം കഴിഞ്ഞതേയുള്ളൂ. ഭര്‍ത്താവിന്റെ പരാതി അവള്‍ക്ക് എന്തോ മാനസിക പ്രശ്‌നമുണ്ടെന്നാണ്. അവള്‍ ഒന്നും മിണ്ടുന്നില്ല, വീട്ടുകാരോട് മിണ്ടുന്നില്ല എന്നൊക്കെയാണ്. പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ അവള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഭര്‍ത്താവിനോടും ഭര്‍ത്താവിന്റെ വീട്ടുകാരോടും എങ്ങനെ പെരുമാറണമെന്ന് അവള്‍ക്ക് അറിയില്ല. അവള്‍ക്ക് എന്തെങ്കിലും മിണ്ടാന്‍ പേടിയാണ്. കാരണം താന്‍ എന്തെങ്കിലും പറഞ്ഞാല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമോ എന്ന ഭയം. ഇങ്ങനെ ഒന്നും മിണ്ടാതിരിക്കുന്ന ഭാര്യയെക്കുറിച്ച് ഭര്‍ത്താവും വീട്ടുകാരും വിചാരിക്കുന്നത് അവള്‍ക്ക് എന്തോ മാനസിക പ്രശ്‌നമുണ്ടെന്നാണ്.
വിവാഹത്തിന് മുമ്പ് ഒന്നോ രണ്ടോ Counselling ഇരുകൂട്ടര്‍ക്കും കൊടുത്തിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്രത്തോളം സങ്കീര്‍ണ്ണമാകുമായിരുന്നില്ല.
കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന കല്ല്യാണങ്ങളില്‍ ഭര്‍ത്താവിന്റെ വിദ്യാഭ്യാസ യോഗ്യത ഭാര്യയുടേതില്‍ നിന്നും കുറവായിരിക്കും. അത് അവര്‍ക്കിടയില്‍ അഹങ്കാരമോ വിയോജിപ്പോ ഉണ്ടാക്കും. സത്‌സ്വഭാവത്തിനോടൊപ്പം വിദ്യാഭ്യാസപരമായും മതപരമായും ഒത്തുപോകുന്നവരായിരിക്കണം ആണിന്റെയും പെണ്ണിന്റെയും വീട്ടുകാര്‍. അങ്ങനെയുള്ള വിവാഹങ്ങളുടെ വിജയ സാധ്യത വളരെ കൂടുതലാണ്.
വിവാഹം കഴിക്കുന്ന ഭാര്യയും ഭര്‍ത്താവും എല്ലാ രീതിയിലും തങ്ങള്‍ ഒന്നാണെന്ന് വിചാരിക്കണം. അവരുടെ ഇടയില്‍ മൂന്നാമതൊരാള്‍ വരുന്നത് അത് സ്വന്തം വീട്ടുകാരാണെങ്കില്‍ പോലും അവരോട് വേണ്ടരീതിയില്‍ ഇടപഴകാന്‍ അറിഞ്ഞിരിക്കണം. പരസ്പരം യോജിച്ചുപോയെങ്കില്‍ മാത്രമെ ജീവിതം വിജയകരമായി മുന്നോട്ട് നയിക്കാനാവുകയുള്ളുവെന്ന് അവര്‍ മനസ്സിലാക്കണം. പരസ്പരം ജീവിത പങ്കാളിയെ ബഹുമാനിക്കാനും പഠിക്കണം.
വിവാഹം കഴിക്കാന്‍ പോകുന്ന ആണിനും പെണ്ണിനും sexual awareness ഉണ്ടായിരിക്കണം. കല്ല്യാണം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും സെക്‌സില്‍ ഏര്‍പ്പെടാത്ത ഒരു ഭര്‍ത്താവും ഭാര്യയും ഒരിക്കല്‍ വന്നിരുന്നു. പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ അവള്‍ക്ക് ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ ഭയമാണ്. കാരണം കൂട്ടുകാരികള്‍ പറഞ്ഞു കൊടുത്തിരിക്കുന്നത് ഇതു വളരെ വേദനാജനകമാണ്. ആ ഭയത്തില്‍ അവള്‍ ഭര്‍ത്താവുമായി ബന്ധപ്പെടുന്നില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിന് premaritel counselling വളരെ അത്യാവശ്യമാണ്.
നിങ്ങളാരുമാകട്ടെ വിദ്യാര്‍ഥിനിയോ കുടുംബിനിയോ വിവാഹിതരോ അവിവാഹിതരോ ആരായാലും
നിങ്ങളെ അലട്ടുന്ന മാനസിക പ്രശ്‌നങ്ങള്‍
ഡോക്ടര്‍ക്ക് എഴുതുക.
ഡോക്ടര്‍ക്ക്
ആരാമം മാസിക
ഹിറ സെന്റര്‍
മാവൂര്‍ റോഡ്
കോഴിക്കോട്-4