തേവാരത്തെ ശശി

നസീം പുന്നയൂര്‍ /അനുഭവം No image

      1980-ലെ മെയ് മാസ മധ്യാഹ്നം. ഈത്തപ്പനയോലകളില്‍ വെയില്‍ചീളുകള്‍ പരന്നൊഴുകുന്നു. ചൂട് 50 ഡിഗ്രിക്കും 52 ഡിഗ്രിക്കും ഇടയിലാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.
പുറംജോലിക്കാര്‍ക്ക് മധ്യാഹ്ന ജോലി സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിരുന്നു. റോഡില്‍ കാല്‍നടക്കാരില്ല. വല്ലപ്പോഴും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ മാത്രം. അജ്മാനിലെ ഞങ്ങളുടെ കടയുടെ ഗ്ലാസ് വാതില്‍ തള്ളിത്തുറന്ന് അയാള്‍ അകത്തു കടന്നു. താടിയും മുടിയും നീട്ടിവളര്‍ത്തി അഴുക്കുപുരണ്ട വസ്ത്രവുമായി ഒരു ചെറുപ്പക്കാരന്‍. അയാള്‍ എന്നെ സൂക്ഷിച്ചുനോക്കി. തീക്ഷ്ണമായ മിഴികള്‍ മുമ്പെവിടെയോ കണ്ടുമറന്ന പോലെ.
ഓര്‍മക്കു മുന്നില്‍ മറവിയുടെ മാറാല. ''എടാ, നിനക്കെന്നെ മനസ്സിലായില്ലേ?'' കനത്ത ശബ്ദം. ഈ ശബ്ദവും ഞാനെവിടെയോ കേട്ടുമറന്നിട്ടുണ്ടോ. എന്നിലെ മൗനം അയാളെ അസ്വസ്ഥനാക്കിയെന്ന് തോന്നുന്നു.
'എടാ..., ഞാന്‍ ശശി; തേവാരത്തെ ശശി.''
''ശശി. തേവാരത്തെ ശശി.''
ഞാന്‍ ഓര്‍മയില്‍നിന്ന് തപ്പിയെടുത്തു. അതുപറയുമ്പോഴേക്കും അയാളെന്നെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു. ''ശശി, നിനക്കെന്തുപറ്റി. എന്തു വേഷമാണിത്?'' എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. അയാള്‍ തേങ്ങിക്കരയുകയാണ്. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ.
ഈ അവസ്ഥയില്‍ ശശിയോട് എന്തെങ്കിലും ചോദിക്കുന്നത് ഉചിതമല്ലെന്ന് തോന്നി. ഞാന്‍ ശശിയെ നേരെ കൂട്ടിക്കൊണ്ടുപോയത് പാകിസ്താനിയുടെ ബാര്‍ബര്‍ഷോപ്പിലേക്കാണ്. താടിയും മുടിയും വെട്ടി, കുളിപ്പിച്ച് പുത്തന്‍ ഡ്രസ്സ് ധരിപ്പിച്ചപ്പോള്‍ പഴയ തേവാരത്തെ ശശിയുടെ രൂപം തിരിച്ചുകിട്ടി. ശശി പലപ്പോഴും തന്റെ അനുഭവങ്ങള്‍ എന്നോട് പറയാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വിലക്കി.
''നീ വയറ് നിറയെ എന്തെങ്കിലും കഴിക്കൂ, എന്നിട്ട് സുഖമായൊന്നുറങ്ങൂ. ഉറങ്ങിക്കഴിയുമ്പോള്‍ ക്ഷീണമെല്ലാം തീരും.'' ശശി അതനുസരിച്ചു.
എന്റെ നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ശശി. വന്നേരി ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സുവരെ ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചത്. മികച്ച ഫുട്‌ബോള്‍ കളിക്കാരനും ഒരുവിധം നന്നായി പാടാന്‍ കഴിവുള്ളവനുമായിരുന്നു അയാള്‍. അതുകൊണ്ട് സഹപാഠികള്‍ക്കിടയില്‍ അയാള്‍ ഹീറോ ആയി. അതിനിടെ ഒരു ദിവസം എല്ലാവരേയും നടുക്കിക്കൊണ്ട് ശശി ഒരു പ്രഖ്യാപനം നടത്തി:
'നാളെ മുതല്‍ ഞാന്‍ സ്‌കൂളില്‍ വരില്ല.'' കാരണം ചോദിച്ചപ്പോള്‍ അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. പിന്നീട് ഞങ്ങള്‍ അറിഞ്ഞു, ശശി അവന്റെ അച്ഛന്റെ കടയില്‍ സ്വര്‍ണ്ണപ്പണി പഠിക്കാനിരിക്കുകയാണ്.
ശശിയുടെ അച്ഛന്‍ തേവാരത്തെ വാസുവിന് പൂഴിക്കളയില്‍ ജ്വല്ലറിയുണ്ടായിരുന്നു. കാലം കടന്നുപോയി. വിദ്യാഭ്യാസാനന്തരം ഞാന്‍ ഗള്‍ഫിലേക്ക് പോയി. ഗള്‍ഫിലെ ആദ്യ കാലങ്ങളിലൊക്കെ ഞാന്‍ ശശിയുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പിന്നീടെപ്പോഴോ ആ ബന്ധം അറ്റുപോയി. ഞാന്‍ ആദ്യ തവണ ഗള്‍ഫില്‍നിന്നും ലീവിനു വന്നപ്പോള്‍ ശശി എന്റെ അടുത്തു വന്ന് ഏറെ സന്തോഷത്തോടെ അറിയിച്ചു.
'ഞാനും ഗള്‍ഫുകാരനാകാന്‍ പോകുകയാണെടാ. മസ്‌കത്തിലേക്ക് ഞാനൊരു വിസക്ക് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഒരു സ്വര്‍ണ്ണക്കടയുടെ വിസയാണ്. എന്താണ് നിന്റെ അഭിപ്രായം?''  'അതേതായാലും നന്നായി. നിനക്ക് സ്വര്‍ണ്ണപ്പണി അറിയാവുന്നതാണല്ലോ''
ഞാന്‍ ധൈര്യംകൊടുത്തു. ലീവ് കഴിഞ്ഞ് ഷാര്‍ജയിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനറിഞ്ഞു, ശശി മസ്‌കത്തിലേക്ക് പോയെന്ന്. പിന്നീട് വിവരമൊന്നുമറിഞ്ഞില്ല.
അന്വേഷിച്ചില്ല, അതാണ് സത്യം. എന്നിട്ടിപ്പോള്‍...
സന്ധ്യ കഴിഞ്ഞശേഷമാണ് ശശി ഉറക്കമുണര്‍ന്നത്.
'ഉറക്കം സുഖമായില്ലേ?''
ചോദ്യത്തിനുത്തരം പറയാതെ ശശി എന്നെ നോക്കിയിരുന്നു.
''ശശി ഡ്രസ്സ് മാറ്റൂ. നമുക്കൊന്ന് പുറത്തിറങ്ങിവരാം.''
ശശി തലയാട്ടി.
നിയോണ്‍ വിളക്കിന്റെ പ്രകാശം നിറഞ്ഞുനിന്ന അജ്മാന്‍ നഗരത്തിലൂടെ ഞങ്ങള്‍ നടന്നു. നാദാപുരക്കാരന്‍ ഇബ്രാഹീമിച്ചയുടെ കഫ്ത്തീരിയയില്‍ കയറി ചായകുടിക്കുമ്പോള്‍ ഇച്ചയുടെ ചോദ്യം: ''ഇതാരപ്പാ കക്ഷി പുതുസാ?''
ഞാന്‍ ആണെന്നര്‍ഥത്തില്‍ തലയാട്ടി.
അജ്മാന്‍ മ്യൂസിയത്തിന്റെ മുന്നിലെ ബെഞ്ചിലിരുന്നു. സുദീര്‍ഘമായൊരു മൗനത്തിനൊടുവില്‍ തേവാരത്തെ ശശി കഥയുടെ കെട്ടഴിച്ചു.
അറുപതിനായിരം കൊടുത്താണ് മസ്‌കത്തിലേക്ക് വിസ ഏര്‍പ്പാട് ചെയ്തത്. ജ്വല്ലറിയില്‍ ജോലി. ഇരുപതിനായിരം ഇന്ത്യന്‍ രൂപ ശമ്പളം. താമസവും ഭക്ഷണവും കമ്പനി വക. ഇതായിരുന്നു കരാര്‍.
എന്നാല്‍ വിമാനമിറങ്ങിയപ്പോള്‍ ഒരു കാര്യം വ്യക്തമായി, ജ്വല്ലറി എന്നൊന്നില്ല. അത് വെറും സങ്കല്‍പം മാത്രമാണ്. ജോലി സ്‌പോണ്‍സറുടെ തോട്ടത്തിലെ ഒട്ടകങ്ങളെയും ആടുകളെയും മേക്കലാണ്. സലാലയില്‍നിന്നും ഏറെ ദൂരെ വിശാലമായ ഈത്തപ്പനത്തോട്ടത്തിന്റെ നടുവില്‍ ഒട്ടകങ്ങളും പശുക്കളും ആടുകളും നിറഞ്ഞ വലിയൊരു ഫാമിലാണ് പണി.
കാലത്ത് അഞ്ചരമണിക്ക് ജോലിക്കിറങ്ങിയാല്‍ വൈകീട്ട് ആറുമണിവരെ ഒട്ടകങ്ങളേയും പശുക്കളേയും ആടുകളെയും തീറ്റുക, അവയെ കഴുകി വൃത്തിയാക്കുക. അതിനു പുറമെ തോട്ടത്തിലെ ഈത്തപ്പന, വാഴ തുടങ്ങിയവ നനക്കുക. പുതിയ ഈത്തപ്പന തൈകള്‍ നടാന്‍ കുഴിവെട്ടുക തുടങ്ങി ചെയ്താലും ചെയ്താലും തീരാത്ത പണികള്‍. ശശിക്ക് ജോലികളൊന്നും ചെയ്ത് പരിചയമില്ലാത്തതുകൊണ്ടുതന്നെ അയാളുടെ കൈകാലുകള്‍ പൊട്ടി. ശക്തമായ ചൂടുകാരണമാകാം മുടികൊഴിഞ്ഞു. ശരീരം കറുത്തു. ഭക്ഷണകാര്യമായിരുന്നു ഏറെ കഷ്ടം. ആഴ്ചയിലൊരിക്കല്‍ അറബിയുടെ പണിക്കാര്‍ ഒരു ഔദാര്യം കണക്കെ കൊണ്ടുവരുന്ന പരിപ്പ്, ഉണക്കറൊട്ടി, മീന്‍ടിന്ന് (മച്ചിടപ്പ) എന്നിവയാണ് ഭക്ഷണം. ശശിയുടെ കൂടെ ജോലിചെയ്തിരുന്നത് ഒരു ബംഗാളിയാണ്. അയാള്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. മലയാളികളെ തീരെ ഇഷ്ടമില്ല അയാള്‍ക്ക്. ശശിയോട് അയാള്‍ ഏറെ അകല്‍ച്ചയോടെയാണ് പെരുമാറിയിരുന്നത്.
ഭാഷ അറിയില്ലെങ്കിലും ആംഗ്യഭാഷയില്‍ എന്തെങ്കിലും ആശയവിനിമയം നടത്താമെന്നുവെച്ചാല്‍ അയാള്‍ ഒഴിഞ്ഞുമാറും.
ജോലി കഴിഞ്ഞാല്‍ അയാള്‍ തൊട്ടപ്പുറത്തെ തോട്ടത്തിലെ അയാളുടെ നാട്ടുകാരായ ബംഗാളികളുടെ ക്യാമ്പുകളിലേക്ക് പോകും. പിന്നെ തിരിച്ചുവരുന്നത് പാതിരാ കഴിഞ്ഞായിരിക്കും. അപ്പോഴേക്കും താനുറങ്ങിക്കഴിഞ്ഞിരിക്കും.
ഒട്ടും പരിചയമില്ലാത്ത കടുത്ത ജോലിചെയ്ത് ശരിയായ ഭക്ഷണമില്ലാതെ ശാരീരികമായും മാനസികമായും ആകെ തകര്‍ന്നിരുന്ന അവസരത്തിലാണ് ഒട്ടകങ്ങള്‍ക്ക് തീറ്റ കൊണ്ടുവന്നുരുന്ന ഹക്കീം എന്ന പാകിസ്്താനിയോട് തന്റെ ദുരന്തകഥ വിവരിച്ചത്. അയാള്‍ രക്ഷിക്കാമെന്നേറ്റു. ലോറിയിലെ ഗോതമ്പു ചാക്കുകള്‍ക്കിടയില്‍ കിടന്ന ശശിക്ക് മസ്‌കത്തിന്റെ ബോര്‍ഡര്‍ കടന്ന് ദുബൈയുടെ മണ്ണിലേക്കെത്തിയപ്പോള്‍ ഏറെ ആശ്വാസം തോന്നി. ദുബൈയിലും അബൂദാബിയിലും ഷാര്‍ജയിലുമൊക്കെയായി തന്റെ നാട്ടുകാരും ബന്ധുക്കളും നിരവധിയുണ്ട്. എങ്ങനെയെങ്കിലും അവരുടെ അടുത്തെത്തിയാല്‍ താന്‍ രക്ഷപ്പെടും. അവര്‍ തനിക്കഭയം തരും.
അങ്ങനെ ഏറെ കഷ്ടപ്പെട്ട് ശശി ദുബൈയിലെ സോനാബസാറില്‍ നാട്ടുകാരുടെ അടുത്തെത്തി. പക്ഷെ, നാട്ടുകാരുടെ പെരുമാറ്റവും ഭാവവും അയാളുടെ പ്രതീക്ഷ തകര്‍ത്തു.
മസ്‌കത്തില്‍നിന്ന് ചാടിപ്പോന്ന ശശിയെ അവര്‍ എന്തോ ഭീകരമായ തെറ്റുചെയ്ത കുറ്റവാളിയെപ്പോലെയാണ് കണ്ടത്.
ശശിക്കഭയം കൊടുത്താല്‍ ഞങ്ങളും അകത്താകുമെന്നവര്‍ ഭയന്നു. അവര്‍ ശശിയോട് തുറന്നുപറയുകയും ചെയ്തു.
ഇനി എന്തു ചെയ്യും?
അവസാനത്തെ അഭയവും കൈമോശം വന്ന നിരാശയില്‍ ശശി ഇറങ്ങിനടന്നു.
ചോദിച്ചറിഞ്ഞ് അയാള്‍ അജ്മാനില്‍ ഞങ്ങളുടെ സ്ഥാപനത്തിലെത്തി. അജ്മാനിലെ സ്വര്‍ണക്കടയുടമ ചന്ദ്രന്‍ എന്റെ സുഹൃത്താണ്.
സുഹൃത്തിനോട് ഞാന്‍ ശശിയുടെ അവസ്ഥ വിവരിച്ചു. ശശിക്കൊരു ജോലി കൊടുക്കാമെന്ന് അയാള്‍ പറഞ്ഞു. വിശ്വസ്തനായൊരു മലയാളിയുടെ കീഴില്‍ ചെയ്തുപരിചയിച്ച ജോലി തന്നെ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ശശിക്കേറെ സന്തോഷവും സമാധാനവുമുണ്ടായി.
മാസങ്ങള്‍ ചിലത് കഴിഞ്ഞു. ശശി ജോലിയോടും പരിസരത്തോടുമൊക്കെ ഇണങ്ങിച്ചേര്‍ന്നു. ചെയ്യുന്ന ജോലിയില്‍ അയാള്‍ ആത്മാര്‍ഥത കാണിക്കുന്നുവെന്ന് ചന്ദ്രന്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്കുമേറെ സമാധാനമായി. ആഴ്ചയില്‍ ഒന്നുരണ്ടു തവണയെങ്കിലും അയാള്‍ എന്റെയടുത്ത് വരും. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. ബാല്യകാലസ്മരണകള്‍ പങ്കുവെക്കും. ഒരിക്കല്‍ സംസാരമധ്യേ വിരഹത്തിന്റെ നനവുള്ള സ്വരത്തില്‍ ശശി മൊഴിഞ്ഞു: ''ഞാന്‍ ഗള്‍ഫിലേക്ക് പുറപ്പെടുന്ന സമയത്ത് എന്റെ ഭാര്യക്ക് ഒമ്പത് മാസം ഗര്‍ഭമായിരുന്നു. മോനിപ്പോള്‍ വയസ്സ് രണ്ടരയായി. എനിക്കെന്റെ മോനെ കാണാന്‍ കൊതി തോന്നുന്നു.'
''സാരമില്ല, നമുക്ക് നാട്ടിലേക്ക് പോകാം. അതിനു മുമ്പ് ജോലിചെയ്ത് കുറച്ച് പണമുണ്ടാക്ക്. പിന്നെ നിന്റെ പാസ്‌പോര്‍ട്ടും വിസയുമൊന്നും കൈവശമില്ലല്ലോ. അതൊക്കെ ഉണ്ടാക്കിയാലല്ലേ നാട്ടില്‍ പോകാന്‍ പറ്റൂ.''
ഞാന്‍ ശശിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ സാന്ത്വനവാക്കുകളൊന്നും ശശിക്കുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
അയാള്‍ ഇടക്കിടെ നാട്ടില്‍ പോകേണ്ട കാര്യം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ ഒരുദിവസം ഞാന്‍ ശശിയെയും കൂട്ടി ഇന്ത്യന്‍ എംബസിയില്‍ പോയി.
എംബസിയില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'രണ്ടുമാസത്തിനകം യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. പൊതുമാപ്പില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് യാതൊരു പിഴയോ ശിക്ഷയോ കൂടാതെ സ്വദേശത്തേക്കു തിരിച്ചുപോകാന്‍ കഴിയും.'
വിവരമറിഞ്ഞപ്പോള്‍ ശശിക്കും സന്തോഷമായി. പിന്നീടയാളുടെ ചിന്ത മുഴുവന്‍ നാട്ടില്‍ പോകുന്നതിനെകുറിച്ചായിരുന്നു.
അതിനിടെ ശശിക്ക് പുതിയ ചില സുഹൃത്തുക്കളെ ലഭിക്കുകയും അല്‍പസ്വല്‍പം മദ്യപാന പരിപാടി തുടങ്ങുകയും ചെയ്ത വിവരം ഞാനറിഞ്ഞു. ഒരിക്കല്‍ ഞാനതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ശശി അത് നിഷേധിച്ചു.
പിന്നീട് ഞാനതിനെക്കുറിച്ചു തിരക്കിയില്ല. ഒരു ദിവസം ശശി എന്നോട് പറഞ്ഞു: 'ദുബൈയില്‍നിന്നും ബോംബെക്ക് ലാഞ്ചുപോകുന്നു. അതില്‍ പോയാല്‍ ഏഴു ദിവസംകൊണ്ട് ബോംബെയില്‍ എത്തും.'
അതുകേട്ടയുടന്‍ ഞാന്‍ എതിര്‍ത്തു. ലാഞ്ചുയാത്ര അപകടം നിറഞ്ഞതാണ്. ഒരിക്കലും ലാഞ്ചില്‍ പോകരുത്. രണ്ടുമാസത്തിനകം പൊതുമാപ്പ് വരും. പൊതുമാപ്പുവന്നാല്‍ വിമാനത്തില്‍ തന്നെ നാട്ടില്‍ പോകാമെന്നു ഞാനവനെ ഉപദേശിച്ചു. എന്റെ വാക്കുകള്‍ സശ്രദ്ധം ശ്രവിച്ചതല്ലാതെ ഒരക്ഷരം പോലും അയാള്‍ മറുപടി പറഞ്ഞില്ല.
പിന്നീട് കുറെ ദിവസം ശശി എന്നെ കാണാന്‍ വന്നില്ല. എനിക്ക് വിളിക്കുകയോ ചെയ്തില്ല. തിരക്കുകാരണം എനിക്കയാളുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ദിവസം ശശിയെ തിരക്കി ഞാന്‍ അയാളുടെ താമസസ്ഥലത്തു ചെന്നു.
അപ്പോഴയാളുടെ സുഹൃത്തുക്കളാണ് ആ വിവരം പറഞ്ഞത്, ശശി രണ്ടാഴ്ച മുമ്പ് ലാഞ്ചിനു പുറപ്പെട്ടിരിക്കുന്നു. ആ അറിവ് എന്നില്‍ അമ്പരപ്പുണ്ടാക്കി. അപകടമൊന്നും കൂടാതെ നാട്ടില്‍ എത്തിയാല്‍ മതി. അതായിരുന്നു അപ്പോഴെത്തെ എന്റെ പ്രാര്‍ഥന.
പിന്നീട് ഓരോ ദിവസവും ശശിയുടെ വിവരങ്ങള്‍ക്കായി കാത്തിരുന്നു.
അതിനിടെ ഒരു ദിവസം ശശിയുടെ കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്ത് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയുമായി എന്നെ തേടിയെത്തി; ശശി യാത്രക്കിടെ ലാഞ്ചിയില്‍ വെച്ച് മരിച്ചു! അയാളുടെ ബാഗില്‍നിന്നും കിട്ടിയ ടെലഫോണ്‍ നമ്പര്‍ പ്രകാരം ഷാര്‍ജയില്‍നിന്നും ലാഞ്ചിലെ ജോലിക്കാരന്‍ വിളിച്ചറിയിച്ചതാണീ വിവരം.
ഞങ്ങള്‍ക്കാര്‍ക്കും അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
പക്ഷെ, എല്ലാ സംശയങ്ങളും ദൂരീകരിച്ചുകൊണ്ട് ആഴ്ചകള്‍ക്കുശേഷം ശശിയുടെ സുഹൃത്തിനു മറ്റൊരു ഫോണ്‍കോള്‍. ഷാര്‍ജയിലെ ലാഞ്ചിന്റെ ഓഫീസില്‍ നിന്നായിരുന്ന ആ കോള്‍.
ശശിയുടെ ഒരു ബാഗ് ഓഫീസില്‍ എത്തിയിട്ടുണ്ട്. അത് അത് കളക്ട് ചെയ്യണം എന്നായിരുന്നു ആ ഫോണ്‍ സന്ദേശം.
ഞാനും ശശിയുടെ സുഹൃത്തും കൂടി ഷാര്‍ജയിലെ ലാഞ്ചിന്റെ ഓഫീസില്‍ പോയി ബാഗ് സ്വീകരിച്ചു.
വിറക്കുന്ന കൈകളോടെ ബാഗ് തുറന്നു. ബാഗില്‍ ശശിയുടെ രണ്ടുജോഡി വസ്ത്രങ്ങളും, പിന്നെ മോനുവാങ്ങിയ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top