വീടിനുചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്നു മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ്
വീടിനുചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്നു മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാല വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ പോലുള്ള വിളകള്‍ക്ക് സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളയായും കൃഷിചെയ്യാം.
കയ്പ
ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറി ഇനമാണ് കയ്പ. ആരോഗ്യസംരക്ഷണത്തിന് ഇരുമ്പിന്റെ അംശം അത്യന്താപേക്ഷിതമാണ്. ആഹാരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ വിളര്‍ച്ചയും ക്ഷീണവും ഉണ്ടാവുന്നു. കയ്പ ഒരു അയണ്‍ ടോണിക്കാണ്. 100 ഗ്രാം കയ്പയില്‍ 1.8 മി.ഗ്രാം ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട്. ഇത് രക്തശുദ്ധി വരുത്തുന്നു.
കയ്പയില്‍ പ്രോട്ടീന്‍, കാത്സ്യം, ജീവകം.എ, സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം, പിത്തം, രക്തദോഷം, കൃമി എന്നിവയെ ശമിപ്പിക്കും. കയ്പനീര് അര ഔണ്‍സ് വീതം ദിവസേന രണ്ടുനേരം സേവിച്ചാല്‍ പ്രമേഹം, രക്തവാതം, ചര്‍മരോഗം എന്നിവക്ക് ശമനം ലഭിക്കും.
കൃഷിരീതി
വര്‍ഷകാലത്തും വേനല്‍ക്കാലത്തും കൃഷി ചെയ്യുവാന്‍ പറ്റിയ പച്ചക്കറി ഇനമാണ് കയ്പ. വരികള്‍ തമ്മില്‍ രണ്ടുമീറ്ററും കുഴികള്‍ തമ്മില്‍ ഒരു മീറ്ററും അകലമുണ്ടായിരിക്കണം. 50 സെ.മി വ്യാസത്തിലും 45 സെ.മി ആഴത്തിലും കുഴിയെടുത്ത് ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് മണ്ണൊരുക്കാം. കയ്പയുടെ വിത്തുകള്‍ക്ക് പുറന്തോട് കട്ടിയുള്ളതിനാല്‍ നേരിയ തുണിയില്‍ കെട്ടി ആറ് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ചെറിയ കുഴികളില്‍ വെച്ച് മണ്ണിട്ട് മൂടുക. രാവിലെയും വൈകുന്നേരവും നനച്ചുകൊടുത്താല്‍ നാല് മുതല്‍ ആറ് ദിവസത്തിനകം മുളക്കും. മുളച്ചതിന് ശേഷം നടുകയായിരിക്കും നല്ലത്. ഇങ്ങനെ ചെയ്താല്‍ മുളക്കാത്ത വിത്തുകള്‍ ഒഴിവാക്കാം. മുളച്ച് വന്നാല്‍ പന്തല്‍ ഒരുക്കിക്കൊടുക്കണം. വേനല്‍ക്കാലമാണെങ്കില്‍ കാച്ചി ചുടുന്നതും വര്‍ഷകാലമാണെങ്കില്‍ നട്ടതിനു ശേഷം മണ്ണ് മൂടിക്കൊടുക്കുന്നതും നല്ലതാണ്. രണ്ടാംതവണ മണ്ണിടുമ്പോള്‍ പച്ചിലവളം വെച്ചതിന് ശേഷം ആട്ടിന്‍ കാഷ്ഠം, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ക്കാം. കായ്കള്‍ വളര്‍ന്ന് വരുമ്പോള്‍ പേപ്പര്‍ ഉപയോഗിച്ച് മറച്ചുവെക്കുന്നത് കായീച്ചയുടെ ആക്രമണം തടയുന്നു. ആക്രമണം ബാധിച്ച കായകള്‍ നശിപ്പിച്ചു കളയണം. ചിത്രകീടം, പച്ചത്തുള്ളന്‍ എന്നിവക്കെതിരെ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഫലപ്രദമാണ്. പ്രിയ, പ്രീതി, പ്രിയങ്ക എന്നിവ നല്ലയിനം വിത്തുകളാണ്.
കറിവേപ്പ്
ആര്‍ക്കും സ്വന്തം മുറ്റത്ത് കറിവേപ്പ് തൈ നട്ടുവളര്‍ത്താമെന്നിരിക്കെ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷം കലര്‍ന്ന കറിവേപ്പിലയെ നാമെന്തിന് ആശ്രയിക്കണം?
കറിവേപ്പിന് ഒരുപാട് ഔഷധഗുണങ്ങളുണ്ട്. ഇവയുടെ ഇലകളില്‍ അടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് സുഗന്ധത്തിനു കാരണം. കാല്‍ വിണ്ടുകീറല്‍, ദഹനക്കേട്, അതിസാരം എന്നിവക്ക് ഉത്തമ ഔഷധമാണിത്.
കറിവേപ്പിന്റെ വേരില്‍ നിന്ന് പൊട്ടിമുളക്കുന്ന തൈകള്‍ ഇളക്കി നട്ടും കായ്കള്‍ ശേഖരിച്ച് നട്ടും ഇതു വളര്‍ത്താം. രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് ജൈവവളവും മേല്‍മണ്ണും നിറച്ച് മധ്യത്തില്‍ തൈകള്‍ നടുന്നതാണ് ഉത്തമം. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നട്ടാല്‍ ഇലകള്‍ നന്നായി ഉണ്ടാവും. വേര് പിടിച്ച് കിട്ടുംവരെ നന്നായി നനക്കണം. തൈകള്‍ വളര്‍ന്ന് ഒരു മീറ്റര്‍ ഉയരമെത്തി മുകുളം നുള്ളിക്കളഞ്ഞാല്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാവും. വര്‍ഷത്തില്‍ രണ്ട് തവണ ജൈവവളം നല്‍കേണ്ടതാണ്. കീടങ്ങളുടെ ആക്രമണം കണ്ടാല്‍ ജൈവ കീടനാശിനി തളിക്കുക.
ചീര
എല്ലാ കാലത്തും കൃഷി ചെയ്യാന്‍ പറ്റിയ ഒരു വിളയാണ് ചീര. എന്നാല്‍ ശക്തമായ മഴ ഉള്ളപ്പോള്‍ കൃഷിചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒരു സെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ച് ഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ മറ്റോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് നല്ലത്. ചീരവിത്ത് ഉറുമ്പ് കൊണ്ടുപോവാതിരിക്കാന്‍ റവയുമായി ചേര്‍ത്ത് വേണം വിതക്കാന്‍. മൂന്ന് ആഴ്ച പ്രായമായാല്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം നല്ലവണ്ണം കിളക്കണം. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ അടിവളമായി നല്‍കണം. ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ എടുത്ത് വേണം തൈകള്‍ നടാന്‍. രണ്ട് തൈകള്‍ തമ്മില്‍ അരയടി അകലം നല്‍കാന്‍ ശ്രദ്ധിക്കണം. തൈകള്‍ പറിച്ചുനട്ട് 20-25 ദിവസത്തിനകം വിളവെടുപ്പ് നടത്താം. ഓരോ വിളവെടുപ്പിന് ശേഷവും ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് മണ്ണ് കയറ്റിക്കൊടുക്കണം. വെണ്ണീര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കണ്ണാറ ലോക്കല്‍, അരൂണ്‍, കൃഷ്ണശ്രീ എന്നിവയാണ് നല്ലയിനം വിത്തുകള്‍. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. പുകയിലക്കഷായം, വേപ്പിന്‍കുരു സത്ത് എന്നീ ജൈവകീടനാശിനികള്‍ ഫലപ്രദമാണ്.
ജൈവകീടനാശിനികള്‍
വേപ്പെണ്ണ എമല്‍ഷന്‍
60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് ചെടികളില്‍ തളിക്കാം. പയറിലെ മുഞ്ഞ, ചിത്രകീടം എന്നിവയെ നിയന്ത്രിക്കാനിത് ഉപകരിക്കും.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരു തുണിയില്‍ കിഴിയാക്കി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ പന്ത്രണ്ട് മണിക്കൂര്‍ മുക്കിവെക്കുക. അതിനു ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് ലായനി തയ്യാറാക്കാം. വെണ്ടയിലെ കായ്തുരപ്പന്‍ പുഴൂവിനെ നിയന്ത്രിക്കാന്‍ ഈ കീടനാശിനി മതി.
വേപ്പിന്‍ പിണ്ണാക്ക്
വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നതിലൂടെ ചെടിയുടെ വേര് ആക്രമിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാന്‍ കഴിയും. ഒരു ചതുരശ്ര മീറ്ററിന് 100 ഗ്രാം എന്ന ക്രമത്തില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കണം.
ഗോമൂത്രം- കാന്താരി മിശ്രിതം
ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി അരച്ചു ചേര്‍ക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ക്കുക. ഈ മിശ്രിതം പത്ത് ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിക്കാം. കയ്പയിലേയും പടവലത്തിലേയും ഇലയും കായും തിന്നുന്ന പുഴുക്കളെ ഇതുവഴി നിയന്ത്രിക്കാം.