ദുരിതക്കയത്തിലെ നീന്തല്‍ താരം
യു.കെ മുഹമ്മദലി
2014 ഡിസംബര്‍
ഉമ്മയുടെ കൈപിടിച്ച് ജമീന അന്നും പുഴക്കടവിലെത്തി. നാണം കുണുങ്ങി ഒഴുകുന്ന പുഴ അവളുടെ ചെവിയില്‍ മധുരമായി മന്ത്രിച്ചു, 'എന്റെ കൂടെ വരുന്നോ? ഒത്തിരി ഒത്തിരി
ഉമ്മയുടെ കൈപിടിച്ച് ജമീന അന്നും പുഴക്കടവിലെത്തി. നാണം കുണുങ്ങി ഒഴുകുന്ന പുഴ അവളുടെ ചെവിയില്‍ മധുരമായി മന്ത്രിച്ചു, 'എന്റെ കൂടെ വരുന്നോ? ഒത്തിരി ഒത്തിരി കഥകള്‍ പറഞ്ഞു തരാം. 'പുഴയുടെ സുഖശീതളമായ മടിത്തട്ടില്‍ ഇരുന്ന് കഥ കേള്‍ക്കാന്‍ അവളുടെ മനസ്സ് വല്ലാതെ കൊതിച്ചു. പുഴയുടെ മനോഹാരിത നെഞ്ചിലേറ്റിയ കൊച്ചു കുസൃതിക്കാരിയുടെ ഇളം മനസ്സില്‍ അന്നു തൊട്ടേ കുരുന്നു മോഹങ്ങള്‍ മൊട്ടിട്ടു. 'ഒരു നാള്‍ എനിക്ക് പുഴ നീന്തി അക്കരെയെത്തണം.''
വീടിന് തൊട്ടുമുമ്പില്‍ ചാലിയാറിലെ മുണ്ടശ്ശേരിക്കടവില്‍ വസ്ത്രം അലക്കുവാനെത്തുന്ന ഉമ്മ ഖദീജയോടൊപ്പം അവള്‍ പതിവായി വന്നുതുടങ്ങി. ഉമ്മ വസ്ത്രമലക്കുമ്പോള്‍ ചുറ്റും നീന്തിത്തുടിച്ച ജമീന ഇടക്ക് ഉമ്മയുടെ കൈപിടിച്ച് ചെറിയ അകലങ്ങളിലേക്ക് നീന്തിത്തുടങ്ങി. അങ്ങനെ നീന്തലില്‍ ഉമ്മ ആദ്യ ഗുരുവായി.
കുളിക്കടവില്‍ ഉമ്മ വരാത്ത ദിവസങ്ങളില്‍ ഉപ്പ അബ്ദുല്ലയും പിതൃസഹോദരന്‍ അസ്‌കര്‍ അലിയും ചിലപ്പോള്‍ പിതൃസഹോദരിമാരും ജമീനക്ക് കൂട്ടിനുണ്ടാകും. കൂടുതല്‍ അകലങ്ങളിലേക്ക് നീന്താന്‍ ഉപ്പ പകര്‍ന്നുതന്ന ധൈര്യമാണ് പ്രേരണയായത്. മുതിര്‍ന്നവര്‍ ചാലിയാറിന്റെ മറുകരയിലേക്ക് നീന്തി കക്ക വാരിയെടുത്താണ് തിരിച്ചെത്താറുള്ളത്. പുഴയുടെ മറുകരയിലേക്ക് നീന്തിയെത്തണമെന്ന മോഹം അപ്പോഴും അവസരം കാത്തുകിടന്നു.
വാഴക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജമീന ആദ്യമായി ചാലിയാര്‍ നീന്തി അക്കരെയെത്തുന്നത്. അന്നത്തെ ദിവസം ഒരു സാ്രമാജ്യം വെട്ടിപ്പിടിച്ച പ്രതീതിയായിരുന്നു മനസ്സ് നിറയെ. പിന്നീടത് പതിവ് ചര്യയായി. മറ്റുള്ളവരെപ്പോലെ അവളും പുഴയുടെ അക്കരെനിന്ന് കക്ക വാരി മുണ്ടശ്ശേരി തറവാട്ടിലേക്ക് നീന്തി എത്തി.
അധികൃതരുടെ കണ്ണ് വെട്ടിച്ച് അന്നും ചിലര്‍ പുഴയുടെ അടിത്തട്ടിലേക്ക് സ്‌ഫോടക വസ്തു (തിര) കത്തിച്ചെറിഞ്ഞ് മീന്‍ പിടിക്കാറുണ്ടായിരുന്നു. കരകളെ പ്രകമ്പനം കൊള്ളിച്ച സ്‌ഫോടനത്തിന്റെ ഇടിമുഴക്കം കേട്ട് കോരുവലയുമായി കുട്ടികള്‍ ഓടിയെത്തുമ്പോള്‍ ജമീനയും കൂട്ടത്തിലുണ്ടാവും. ചാലിയാറിന്റെ ആഴങ്ങളില്‍ മുങ്ങിത്തപ്പി അവളും മീന്‍ വാരിയെടുത്തു. വെള്ളത്തില്‍ മുങ്ങാംകുഴിയിടുന്ന പരിശീലനവും അങ്ങനെ സിദ്ധിച്ചു. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്ത കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ ജമീനയുടെ കഴിവുകള്‍ കണ്ടെത്തി നീന്തലില്‍ കാര്യമായ പരിശീലനം നല്‍കാന്‍ അധ്യാപകര്‍ക്കും സാധിച്ചില്ല. നിത്യജോലിക്ക് പോയിരുന്ന പിതാവിന്റെ ഏക വരുമാനം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബത്തിന് ഇക്കാര്യം ചിന്തിക്കുവാനേ കഴിഞ്ഞതുമില്ല.
ഒമ്പതില്‍ പഠിച്ചുകൊണ്ടിരിക്കെ പിതാവിന്റെ ആകസ്മിക മരണം കുടുംബത്തെ അനാഥമാക്കി. ഒപ്പം ജമീനയുടെ പഠനവും താളംതെറ്റി. നാട്ടുകാര്‍ സാധ്യമായ രൂപത്തില്‍ കുടുംബത്തെ സഹായിച്ചു. എങ്കിലും ചില ദിവസങ്ങളില്‍ പട്ടിണി മുഖാമുഖം കണ്ടു. പല ദിവസങ്ങളിലും സ്‌കൂളില്‍ പോകാന്‍ സാധിച്ചില്ല. എങ്കിലും അറിയാവുന്ന രീതിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പനയും ഡാന്‍സും പഠിപ്പിച്ച് ചില്ലറ കാശ് സ്വരൂപിച്ചെടുത്ത് ഉമ്മയെ സഹായിക്കാനും ജമീന സമയം കണ്ടെത്തി.
2004-ല്‍ മംഗലാപുരത്തുകാരനായ മുഹമ്മദ് സിദ്ദീഖുമായി ജമീനയുടെ വിവാഹം നടന്നു. പിതാവിന്റെ മരണശേഷം അനാഥമായ കുടുംബത്തിന് മുഹമ്മദ് സിദ്ദീഖിന്റെ സാന്നിധ്യം ഏറെ ആശ്വാസം പകര്‍ന്നു. കിടക്ക നിര്‍മാണവും, നാടന്‍ ജോലികളുമായി കഴിയുന്ന അദ്ദേഹം താമസം വാഴക്കാട്ടേക്ക് മാറ്റിയതും അനുഗ്രഹമായി. ഏത് വിഷയത്തിലും പ്രോത്സാഹനവും പിന്തുണയുമായി നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവാണ് 'നീന്തല്‍'' മേഖലയിലും ജമീനക്ക് പുതിയ പാത കാണിച്ചുകൊടുത്തത്. മികച്ച പരിശീലനം ലഭിച്ചാല്‍ ഭാര്യക്ക് കൂടുതല്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുമെന്ന് അയാള്‍ മനസ്സിലാക്കി.
2010-ല്‍ മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍ സംഘടിപ്പിക്കപ്പെട്ട നീന്തല്‍ പരിശീലന ക്യാമ്പിലും ശ്രദ്ധേയമായ മുന്നേറ്റം പ്രകടിപ്പിച്ചു. 2013 ഒക്ടോബറില്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ വെച്ചു നടന്ന ദേശീയ നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ രണ്ടാംസ്ഥാനവും റിലേ മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടിയതോടെ കേരളത്തിന് പുറത്തും ഈ നാട്ടുമ്പുറത്തുകാരി ശ്രദ്ധിക്കപ്പെട്ടു.
ഇതിനിടെ പത്രമാധ്യമങ്ങളിലും ചാനലുകളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന 'മുങ്ങിമരണ വാര്‍ത്തകള്‍'' ജമീനയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ജലാശയങ്ങളില്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്തുവാന്‍ തനിക്കെങ്ങനെ കഴിയുമെന്ന് അവള്‍ ചിന്തിച്ചു. 2014 ജൂലായില്‍ തിരുവനന്തപുരത്ത് വെച്ചുനടന്ന ജീവന്‍ സുരക്ഷാ നീന്തല്‍ പരിശീലന (ലൈഫ് ഗാര്‍ഡ് സ്വിസിമ്മിംഗ്) ക്യാമ്പില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരം ജമീന തന്റെ ഭാഗ്യമായി കരുതുന്നു. പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് ഈ രംഗത്തും അവള്‍ മികവ് തെളിയിച്ചു. വെള്ളത്തില്‍ മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്താനും പ്രഥമശുശ്രൂഷ നല്‍കാനും പരിശീലനം ലഭിച്ചതോടെ സാമൂഹിക സേവന മേഖലയിലും തന്റെ സാന്നിധ്യം ഉറപ്പുവരുത്താന്‍ സാധിച്ചതായി ജമീന പറഞ്ഞു.
30-34 പ്രായപരിധി വിഭാഗത്തിലാണ് ജമീന മത്സരത്തിനിറങ്ങുന്നത്. 32 വയസ്സുള്ള തന്നോട് അടങ്ങിയൊതുങ്ങി വീട്ടില്‍ ഇരിക്കുവാന്‍ പറയുന്നവരുണ്ടെന്ന കാര്യം അവള്‍ മറച്ചുവെക്കുന്നില്ല. വീട്ടുകാരുടെ പരിപൂര്‍ണ പിന്തുണയുള്ളതിനാല്‍ മറ്റ് വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് മാത്രം.
2014 ഒക്ടോബറില്‍ തൊടുപുഴയില്‍ വെച്ച് നടന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അഞ്ച് ഇനങ്ങളിലും ഒന്നാം സ്ഥാനം ജമീനക്ക് സ്വന്തം. 50, 150, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50, 150 മീറ്റര്‍ ബാക് സ്േ്രടാക്ക് (പിറകോട്ട് നീന്തല്‍) എന്നീ അഞ്ച് ഇനങ്ങളിലായിരുന്നു എതിരാളികളെ ഒട്ടു പിന്നിലാക്കി ജമീന ഒന്നാം സ്ഥാനം നേടിയത്.
സംസ്ഥാന- ദേശീയ മത്സരങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായെങ്കിലും ഒരു സ്വകാര്യദുഃഖം ജമീനയെ നിരന്തരം പിന്തുടരുന്നുണ്ട്. 2013-ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന അന്താരാഷ്ട്ര നീന്തല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ നിമിത്തം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 നവംബര്‍ അവസാന വാരം കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സംഘടിപ്പിക്കുന്ന ദേശീയ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ജമീന അതിനുള്ള തീവ്രപരിശീലനം തുടങ്ങിക്കഴിഞ്ഞു.
തുടര്‍പഠനവും നീന്തല്‍ പരിശീലനവും കുടുംബജീവിതത്തില്‍ ഒട്ടും പോറല്‍ ഏല്‍പ്പിക്കാതെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് 32-കാരിയായ ജമീന. പ്രതിസന്ധികള്‍ കാണുമ്പോള്‍ വഴിമാറി നടക്കുന്നതിന് പകരം സധൈര്യം നേരിടാനുള്ള തന്റേടവും ആത്മവിശ്വാസവുമാണ് പ്രചോദനമാവുന്നത്.
കാസര്‍കോഡ് ജില്ലയിലെ മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നീന്തല്‍ അധ്യാപികയായി നിയമനം ലഭിച്ചത് അടുത്ത കാലത്താണ്. ജോലിക്കിടയില്‍ വീണുകിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മത്സരങ്ങളില്‍ പങ്കാളിയാകാനും ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന ഏക മകന്‍ അര്‍സല്‍ നസീബും ഉമ്മയെപ്പോലെ കായിക പ്രതിഭയാകാനുള്ള ശ്രമത്തിലാണ്. ഉമ്മ നീന്തല്‍ക്കാരിയെങ്കില്‍ മകന്‍ ഓട്ടക്കാരനാണെന്ന വ്യത്യാസം മാത്രം.
മതിയായ പ്രോത്സാഹനമോ പരിശീലനമോ ലഭിക്കാതെയാണ് ജമീന നീന്തല്‍ പ്രതിഭയായി മാറിയത്. ജീവിത യാഥാര്‍ഥ്യങ്ങളുടെ കുത്തൊഴുക്കില്‍ മറുകര പറ്റാന്‍ അവര്‍ക്ക് നീന്തല്‍ക്കാരിയാകേണ്ടി വന്നു എന്നു പറയുന്നതാകും ശരി. പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും നേട്ടങ്ങളില്‍ ഒട്ടും അഹങ്കരിക്കാത്ത ഈ നാട്ടുമ്പുറത്തുകാരിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുമ്പില്‍ അസാധ്യം എന്ന വാക്ക് തീര്‍ത്തും അപ്രസക്തമാവുകയാണ്.