വായിക്കാതെ പോകുന്ന ഡയറിക്കുറിപ്പുകള്‍

പ്രമീള No image

നാലു നോവലുകള്‍, മൂന്ന് കഥാ സമാഹാരങ്ങള്‍, രണ്ട് കവിതാ സമാഹാരങ്ങള്‍, രണ്ട് ബാല കഥാ സമാഹാരങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹ്യ നീതി വകുപ്പില്‍ പാനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ സൂപര്‍വൈസറായി ജോലി ചയ്യുന്നു - പ്രമീള. പി

      ഒരു വീട്ടുവേലക്കാരിയായ ഞാന്‍ ഡയറിക്കുറിപ്പെഴുതാറുണ്ടെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മുഖത്തെ പരിഹാസച്ചിരി എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്. ഏഴാംക്ലാസ് വരെ മിടുക്കിയായി പഠിച്ച എനിക്ക് എഴുത്തും വായനയും വളരെ ഇഷ്ടമാണ്. മലയാളഭാഷയെ പാകപ്പെടുത്തിയെടുക്കാനും സ്വായത്തമാക്കാനും മലയാളത്തിലെ മുഴുവന്‍ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചില്ലുകളും കൂട്ടക്ഷരങ്ങളും അറിഞ്ഞാല്‍ മതിയെന്നാണെനിക്ക് തോന്നുന്നത്. എന്ത് കിട്ടിയാലും വായിക്കുന്ന എന്നെ അമ്മ മുമ്പൊക്കെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. പലചരക്ക് കടയില്‍നിന്ന് കൊണ്ടുവരുന്ന സാധനപ്പൊതികളുടെ ചണനാരുകൊണ്ടുള്ള കെട്ടഴിച്ച് സാധനങ്ങള്‍ അതാത് പാത്രത്തിലാക്കാന്‍ തിടുക്കപ്പെട്ട് കടലാസ്സു തുണ്ടുകള്‍ അടുപ്പിനരികിലെ കരിയിലക്കൂട്ടത്തിലിടുന്നത് എന്റെ ജോലിയായിരുന്നു. അടുപ്പില്‍ കരിയില കത്തിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കടലാസ്സ് നിവര്‍ത്തി ആദ്യം അതിലെ ചിത്രങ്ങള്‍ നോക്കി രസിച്ചതിന് ശേഷം വായനയിലേക്ക് കടക്കും. ചെന്തീവെളിച്ചം കുറയുമ്പോഴായിരിക്കും കരിയില കത്തിക്കരിഞ്ഞത് ബോധ്യമാവുക. ആഴ്ചപ്പതിപ്പിലെയും മാസികകളിലെയും കടലാസു താളിലെ അപൂര്‍ണമായ കഥകള്‍ക്ക് പൂര്‍ണത കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കും. എന്റെ തലയില്‍ കിഴുക്ക് തന്നുകൊണ്ട് അമ്മ പറഞ്ഞിരുന്നത് പെണ്ണ് കെനാ കാണുന്നെന്നാണ്. കിനാവ് കാണുന്നത് ഒരു നല്ല സ്വഭാവമല്ലെന്ന് അമ്മയാണ് എന്നെ പഠിപ്പിച്ചത്. പക്ഷേ, എന്റെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി കിനാവ് എന്റെ മനസ്സില്‍ കുടിയേറിക്കൊണ്ടിരുന്നു. എന്റെ കിനാക്കളില്‍ ചിലതൊക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാരികളുമായി പങ്കുവെക്കാറുണ്ടായിരുന്നു.
പകല്‍ നടന്ന സംഭവങ്ങളൊക്കെ ഞാന്‍ കുറിച്ചുവെക്കുമായിരുന്നു. എനിക്കതിനുള്ള സമയവും സൗകര്യവും ഏറെയൊന്നുമില്ലായിരുന്നു. അടുത്ത വീട്ടിലെ സ്‌കൂള്‍ കുട്ടികള്‍ എഴുതി ഉപേക്ഷിച്ച നോട്ടുബുക്കിലെ എഴുതാത്ത പേജുകള്‍ കീറിയെടുത്ത് ഞാന്‍ ഒരുപാട് പേജുകളുള്ള വലിയ ബുക്കാക്കും. സത്യമായ കാര്യങ്ങള്‍ മാത്രം എഴുതിവെച്ച ആ പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ കൊടുക്കുന്നത് എന്റെ കൂട്ടുകാരികള്‍ക്ക് മാത്രമായിരുന്നു. അവരത് മാവിന്‍ ചുവട്ടിലിരുന്നും കുളിക്കടവിലിരുന്നും വായിച്ച് പൊട്ടിച്ചിരിക്കും. 'ഓ, ഇത് കഥപോലുണ്ടല്ലോ' എന്നൊക്കെ പറയുകയും ചെയും. പക്ഷേ, കഥ ഒരിക്കലും സത്യമായിരിക്കില്ലെന്ന് എന്റെ വീട്ടിനടുത്ത ഒരു സാഹിത്യകാരി എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ എഴുതാറുള്ളത് സത്യം തന്നെയാണ്. എനിക്ക് കഥയെഴുതാന്‍ അറിയില്ല.
ഏഴാംക്ലാസ് കഴിഞ്ഞതില്‍ പിന്നെ എന്റെ പഠനവും പരീക്ഷണവും അടുക്കളയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു. അതിന് ഞാന്‍ എന്റെ വീടും അടുത്ത ഒന്ന് രണ്ട് വീടുകളും ഉപയോഗപ്പെടുത്തി. ആറുവര്‍ഷത്തെ ജോലിപരിചയം കൊണ്ട് ഞാന്‍ ആ വിഷയത്തില്‍ അപാരമായ കഴിവ് വളര്‍ത്തിയെടുത്തെന്ന് ബോധ്യമായത് പതിനെട്ട് വയസ്സ് പൂര്‍ത്തിയായി എന്റെ വിവാഹം കഴിഞ്ഞതിനു ശേഷമാണ്. വൃത്തിയിലും പാചകത്തിലും എന്റെ അമ്മായിയമ്മ എനിക്ക് നൂറില്‍ നൂറ് മാര്‍ക്ക് തന്നു. വൃത്തിയും സുഗന്ധവും ആരെയും ആകര്‍ഷിക്കുന്ന ഘടകമാണെന്നും എനിക്ക് മനസ്സിലായത് എന്റെ അമ്മായിയമ്മയുടെ പെരുമാറ്റത്തില്‍ നിന്നാണ്. പേനില്ലാത്ത എന്റെ തലമുടിയില്‍ അമ്മായിയമ്മ വെറുതെ പേനുണ്ടോ എന്ന് നോക്കിക്കൊണ്ടിരുന്നത് എന്റെ തലമുടിയുടെ സുഗന്ധം കൊണ്ടായിരിക്കണം. ഞാന്‍ കാച്ചിയെടുത്ത വെളിച്ചെണ്ണയായിരുന്നു ഉപയോഗിച്ചിരുന്നത്.
എന്റെ ഭര്‍ത്താവിന്റെ പേര് രാമചന്ദ്രന്‍ എന്നായിരുന്നു. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെയും കൂട്ടി വീട്ടില്‍ പോയ ദിവസം ഞാന്‍ ചന്ദ്രേട്ടനെ എന്റെ സമ്പാദ്യങ്ങളത്രയും സൂക്ഷിച്ച കൊച്ചു തകരപ്പെട്ടി കാണിച്ചു കൊടുത്തു. ഞാന്‍ എന്റെ ഭര്‍ത്താവിനെ ചന്ദ്രേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അമ്മ കേള്‍ക്കേ ഞാന്‍ ചന്ദ്രേട്ടന്‍ എന്ന് വിളിക്കാറില്ല. അമ്മക്ക് ഭര്‍ത്താവിനെ എട്ടന്‍ എന്ന് വിളിക്കുന്നതിനോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. ഏട്ടന്‍ ആങ്ങളയാണെന്നും ഭര്‍ത്താവിനെ അങ്ങനെ വിളിക്കരുതെന്നും അമ്മ പറയാറുണ്ടായിരുന്നു. എന്റെ പെട്ടിയിലുണ്ടായിരുന്ന സാധനങ്ങളൊക്കെ കൗതുകത്തോടെ ചന്ദ്രേട്ടന്‍ എടുത്തുനോക്കി. കുപ്പിവളകളും മാലകളും റിബ്ബണും പിന്നെ ഞാന്‍ എഴുതിവെച്ച നോട്ടുബുക്കുകളും ചന്ദ്രേട്ടന്‍ സൂക്ഷ്മമായി പരിശോധിച്ചു. നോട്ടുബുക്കുകള്‍ക്കുള്ളിലെ വരികള്‍ അദ്ദേഹം വായിക്കുന്നുവെന്ന് തോന്നിയപ്പോള്‍ എനിക്ക് നാണം വന്നു. എന്റെ കൈവിരലുകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ചന്ദ്രേട്ടന്‍ പറഞ്ഞു: 'നല്ല കൈയക്ഷരം.''
കമ്പനിയില്‍ ജോലിയുള്ള എന്റെ ഭര്‍ത്താവ് പത്താംക്ലാസ് പാസായവനും നല്ല ഒരു വായനക്കാരനുമായിരുന്നു. ഒരു ദിവസം അദ്ദേഹം ജോലി കഴിഞ്ഞുവരുമ്പോള്‍ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നു. ഞാന്‍ പൊതിയഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു:'ഇനി നീ പൂച്ചക്കുഞ്ഞിനെക്കുറിച്ചും പശുക്കുഞ്ഞിനെക്കുറിച്ചും നായക്കുട്ടിയെക്കുറിച്ചുമെഴുതേണ്ട. എന്നെക്കുറിച്ച് എഴുതിയാല്‍ മതി. ''
ചുവന്നു മിനുത്ത പുറംചട്ടയില്‍ സ്വര്‍ണനിറത്തില്‍ അരികുകളുള്ള ഡയറി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ എന്നും ഉറങ്ങുന്നതിന് മുമ്പ് ഡയറിയെഴുതും, മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തുന്നതിനിടയിലും എന്റെ ഡയറിയെഴുത്ത് ചില ദിവസങ്ങളില്‍ മുടങ്ങിയതല്ലാതെ പൂര്‍ണ്ണമായും നിര്‍ത്തിയിരുന്നില്ല. എല്ലാവര്‍ഷവും രണ്ട് ഡയറിയെങ്കിലും ചന്ദ്രേട്ടന്‍ എനിക്ക് സമ്മാനിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുപത് വര്‍ഷത്തോളം അത് തുടര്‍ന്നു. അസുഖം വന്ന് അദ്ദേഹം മരിച്ചതില്‍ പിന്നെ എന്റെ ഡയറിയെഴുത്ത് മതിയാക്കാമെന്ന് വെച്ചതാണ്. പക്ഷേ, അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു.'നീ ഡയറി എഴുതാതിരിക്കരുത്. എന്റെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും എനിക്ക് ജോലി ചെയ്യേണ്ടിവന്നു. ആണ്‍തുണയില്ലാതെ ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ കഠിനമായിരിക്കുമെന്നും അത്തരം സ്ത്രീകളുടെ അനുഭവങ്ങള്‍ക്ക് പല പ്രത്യേകതകളും ഉണ്ടായിരിക്കുമെന്നും എന്റെ അടുത്ത വീടുകളിലെ കമലേടത്തിയുടെയും നന്ദിയേടത്തിയുടേയും അത്തരം ചില സ്ത്രീകളുടെയും ജിവിതംകൊണ്ട് മനസ്സിലാക്കിയിരുന്നു. എനിക്കും അത്തരം ചില അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. കമലേടത്തി ഭര്‍ത്താവിന്റെ കൊള്ളരുതായ്മകൊണ്ട് അവരെ ഉപേക്ഷിച്ചതാണെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചവള്‍ എന്നാണ് അവരെപ്പറ്റി പലരും പറയാറ്. സത്രീകള്‍ കുറെയൊക്കെ ക്ഷമിക്കണമെന്ന് അവരുടെ മുമ്പില്‍ വെച്ച് കുത്തുവാക്കായി എന്റെ അമ്മായിയമ്മ പല പ്രാവശ്യം പറയുന്നത് കേട്ടിട്ടും അവര്‍ മിണ്ടാതിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവര്‍ ക്ഷമയുള്ളവരാണെന്നതിന് അതുതന്നെ തെളിവാണ്. എന്തൊക്കെ ക്ഷമിക്കണം, ക്ഷമിക്കാതിരിക്കണം എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നത് എനിക്കറിയാം.
എന്റെ ഡയറിക്കുറിപ്പുകള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ തരുന്നതിന് മുമ്പുള്ള ഒരു മുഖവുരയാണ് ഞാന്‍ ഇതുവരെ പറഞ്ഞത്. ഡയറിക്കുറിപ്പ് എന്നെ ന്യായീകരിക്കാനോ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനോ അല്ല. സത്യം ചിലപ്പോള്‍ കഥയാണെന്ന് തോന്നിപ്പോകാം. അങ്ങനെ ഒരിക്കലും തോന്നിപ്പോകരുത്. എന്റെ അഞ്ചു ദിവസങ്ങളിലെ അനുഭവങ്ങളാണ് ഈ ഡയറിക്കുറിപ്പുകള്‍.
1-8-2011 തിങ്കള്‍
ഇന്ന് രാവിലെ 8.30-ന് ഡോക്ടര്‍ നരേന്ദ്രനാഥിന്റെ വീട്ടില്‍ പോയി. അദ്ദേഹം ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്ന് വിരമിച്ച ഒരു മനോരോഗ ചികിത്സകനാണ്. ഇപ്പോഴുമദ്ദേഹം അല്‍പം തിരക്കുള്ള ഡോക്ടറാണ്. ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബമാണ് ഡോക്ടറുടേത്. ഭാര്യ ഉമാദേവി, മക്കള്‍ ശരത്ത്, ശ്രാവണ, സനൂപ്. ശരത് ഡോക്ടറായി ജില്ലയിലെ തൊട്ടടുത്ത ഗ്രാമത്തിലെ PHC യില്‍ ജോലി ചെയ്യുന്നു. ശ്രൈവണ വിവാഹം കഴിഞ്ഞ് ബംഗളൂരുവില്‍ താമസിക്കുന്നു. ഇളയ മകന്‍ BDS ന് പഠിക്കുന്നു. ഇതിന് മുമ്പൊരു ദിവസം ഞാന്‍ ഡോക്ടറുടെ വീട്ടില്‍ പോയിരുന്നു. ഡോക്ടറുടെ വീട്ടില്‍ സഹായത്തിനൊരാള്‍ വേണമെന്ന് പറഞ്ഞ് എന്നെ സമീപിച്ച ടൈലര്‍ രാജേട്ടന്റെ കൂടെയാണ് ഞാന്‍ പോയത്. ഞാന്‍ ചെല്ലുന്നതും കാത്ത് ഉമച്ചേച്ചി നടുവകത്തെ സെറ്റിയിലിരിക്കുകയായിരുന്നു. അവര്‍ എന്നെ കണ്ടപാടെ എഴുന്നേറ്റ് വന്ന് എന്റെ കൈപിടിച്ച് അടുക്കളയിലേക്ക് നടന്നു. അടുക്കള ആകെ അലങ്കോലമായി കിടക്കുകയായിരുന്നു.
ഞാന്‍ പാത്രങ്ങള്‍ പെറുക്കിയെടുത്ത് കഴുകാന്‍ തുടങ്ങി. അത് നോക്കിക്കൊണ്ട് ഉമച്ചേച്ചി അടുക്കളയിലിട്ട കസേരയിലിരുന്നു. പാത്രങ്ങള്‍ കഴുകിവെച്ച് ഇനിയെന്ത് ചെയ്യണമെന്നാലോചിച്ച് ഒരു നിമിഷം നിന്നപ്പോള്‍ ഉമച്ചേച്ചി എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു: 'സന്തോഷം'.
അവരുടെ വസ്ത്രം നനഞ്ഞിരുന്നു. രാവിലെ അശ്രദ്ധമായി എന്ത് ജോലിയാണാവോ അവര്‍ ചെയ്തത്? ഞാന്‍ അടുക്കളയില്‍ നിന്നുയരുന്ന ദുര്‍ഗന്ധത്തിന്റെ ഉറവിടമേതെന്നറിയാന്‍ മൂക്ക വിടര്‍ത്തി ഓരോ മൂലയും പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ഉമച്ചേച്ചി പറഞ്ഞു. 'ഫ്രിഡ്ജില്‍ മാവുണ്ട്. നമുക്ക് ദോശയുണ്ടാക്കാം.''
വേയ്‌സ്റ്റ് ബോക്‌സിലെ ചീഞ്ഞളിഞ്ഞ ഭക്ഷണ പദാര്‍ഥങ്ങളും മുട്ടത്തോടുകളുമാണ് ദുര്‍ഗന്ധത്തിന് കാരണമെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അതെടുത്ത് പിറകുവശത്തെ തെങ്ങിന്‍ചുവട്ടില്‍ കുഴിച്ചിട്ടു.
ഞാന്‍ അടുക്കളയില്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്തുകൊണ്ട് പോകുകയായിരുന്നു. ഞാന്‍ വന്നതിന് ശേഷം ഡോക്ടര്‍ മൂന്നാമത്തെ പ്രാവശ്യമായിരുന്നു ഫ്രിഡ്ജ് തുറക്കാന്‍ വരുന്നത്.
ഡോക്ടറെ പ്രത്യേക ഭാവത്തില്‍ നോക്കി തലയാട്ടിക്കൊണ്ട് ഉമച്ചേച്ചി ഗ്യാസ് സ്റ്റൗവിനരികില്‍ നിന്ന എന്നോട് പറഞ്ഞു:
'ഇത് നമുക്ക് ആ സ്റ്റോര്‍ റൂമില്‍ ഇടാം.'ഗ്യാസ് സ്റ്റൗ എന്റെ കൈയില്‍ തന്ന് അവര്‍ സിലിണ്ടര്‍ നിരക്കിക്കൊണ്ട് സ്‌റ്റോര്‍ റൂമിലേക്ക് നടന്നു. ഞാന്‍ അവര്‍ക്ക് പിന്നില്‍ പേടിയോടെയാണ് നടന്നത്. സ്‌റ്റോര്‍ റൂമിലെ മേശയ്ക്കടിയില്‍ സിലിണ്ടര്‍ വെച്ച് അവര്‍ പറഞ്ഞു: 'ഇവിടെ വെക്കാം.'' അടുക്കളയില്‍ നിന്ന് ഗ്യാസ് മാറ്റിയതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ഞാന്‍ ദോശയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഓരോ ദോശയും കൈയ്യിലെടുത്ത നോക്കിക്കൊണ്ട് പറഞ്ഞു: 'ഇത്ര നൈസായി ദോശയുണ്ടാക്കാന്‍ എനിക്കറിയില്ല.' നാലഞ്ചു ദോശ നിന്നിടത്തുനിന്നു തന്നെ തിന്നതിനു ശേഷം അവര്‍ പറഞ്ഞു. 'ഇനി ചട്‌നിയുടെ കൂടെ തിന്നാം.''
ഇവരൊന്ന് കുളിച്ചു വസ്ത്രം മാറിയിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് എനിക്ക് തോന്നി. ചട്‌നിയരച്ച് പാത്രത്തിലാക്കി വെക്കുമ്പോള്‍ അവര്‍ അതില്‍ നിന്ന് ഒരു സ്പൂണ്‍ ചട്‌നിയെടുത്ത് വായിലേക്കൊഴിച്ച് രുചിച്ചുകൊണ്ട് പറഞ്ഞു.
'നല്ല ഒന്നാന്തരം ചട്‌നി.''
ഞാന്‍ ചിരിച്ചു. ഞാന്‍ ജോലി ചെയ്യാന്‍ വന്ന നാലാമത്തെ വീടായിരുന്നു ഡോക്ടറുടേത്. എന്റേതല്ലാത്ത കാരണങ്ങളാല്‍ ഞാന്‍ മൂന്ന് വീടുകളും ഒഴിവാക്കിയതാണ്. അവിടെ നിന്നൊക്കെ എന്റെ പാചകത്തെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞിരുന്നതിനാല്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
'നീ ഇവിടെത്തന്നെ സ്ഥിരമായി നില്‍ക്കണം.'' എന്റെ മകള്‍ അടുത്തുതന്നെ പ്രസവത്തിന് വരുന്നുണ്ട്. അവര്‍ പറഞ്ഞു.
'അയ്യോ, എനിക്ക് പ്രസവരക്ഷ ചെയ്യാനൊന്നും അറിയില്ല.'' എന്റെ നിസ്സഹായത നേരത്തെ പറയുന്നതാണ് നല്ലതെന്ന് തോന്നി.
'അതൊക്കെ അറിയാവുന്നതുപോലെ മതി.'' അവര്‍ വിടാനുള്ള ഭാവമില്ലായിരുന്നു.
'അതിനൊക്കെ അറിയുന്നവര്‍ തന്നെ വേണം.'' ഞാന്‍ ഒഴിഞ്ഞുമാറി.
'ഇവിടെ വന്നവരാരും അധികം നില്‍ക്കില്ല.'' അവര്‍ വളരെ പതിയെയാണത് പറഞ്ഞത്. ഞാന്‍ അമ്പരപ്പോടെ അവരുടെ മുഖത്ത് നോക്കി.
'ഡോക്ടര്‍ അത്ര പോരാ!'' അവര്‍ എന്റെ വളരെ അടുത്ത് വന്നുനിന്നാണ് പറഞ്ഞത്.
ഇവിടെ വീട്ടുജോലിക്കുവരുന്നവര്‍ ചികിത്സക്കല്ലല്ലോ വരുന്നതെന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പുറത്ത് മീന്‍കാരന്റെ വിളികേട്ടപ്പോള്‍ അവര്‍ മീന്‍ വാങ്ങാന്‍ പോയി. അവര്‍ പിന്നീട് കുളിച്ച് വസ്ത്രം മാറിവന്ന് ചായകുടിക്കാനിരുന്നു. അവര്‍ ചായകുടിക്കുമ്പോള്‍ ഡോക്ടറെ വിളിച്ചില്ല. എന്നോട് ചായ കുടിക്കാന്‍ അവര്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഞാനൊരു പ്ലേറ്റില്‍ രണ്ട് ദോശയെടുത്ത് ഗ്ലാസില്‍ ചായയുമായി അടുക്കളയിലേക്ക് നടക്കുമ്പോള്‍ അവര്‍ പറഞ്ഞു:
'നീ എന്തിനാ അങ്ങോട്ട് പോകുന്നത്? ഇവിടെ ഇരിക്ക്.''
എനിക്ക് വല്ലാത്തൊരസ്വസ്ഥത തോന്നി സാധാരണ പണക്കാര്‍ ഇത്തരത്തില്‍ പെരുമാറാറില്ല.
ഞാന്‍ അടുക്കളയിലിരുന്നുതന്നെയാണ് ചായ കുടിച്ചത്.
എന്റെ മീന്‍ കറിയും സാമ്പാറും സനൂപിനും ഡോക്ടര്‍ക്കും നന്നായി ഇഷ്ടപ്പെട്ടെന്ന് ഉമച്ചേച്ചി പറഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ല.
മുറികളും അടുക്കളയും അടിച്ചുവാരി തുടച്ചുകഴിയുമ്പോഴേക്കും നാലുമണി കഴിഞ്ഞിരുന്നു. മുറ്റം അടിച്ചുവാരിക്കഴിഞ്ഞ് വീട്ടിലേക്ക് പോകാമെന്നു കരുതി ഞാന്‍ പിറകുവശത്തെ കോലായില്‍ നിന്നും ഈര്‍ക്കില്‍ ചൂലെടുത്ത് ഗ്രില്‍സ് വാതില്‍ തുറന്ന് മുറ്റത്തിറങ്ങി. പിന്‍വശത്തെ മുറ്റം നിറയെ ചപ്പുചവറുകള്‍ കൂടിക്കിടക്കുന്നു.
ഡോക്ടറുടെ പരിശോധനമുറി വരാന്തയോട് ചേര്‍ന്നതായിരുന്നു. മുറ്റത്തിന്റെ അരികിലും മൂലയിലും നിറയെ സിഗരറ്റു കുറ്റികള്‍. ഡോക്ടറെ കാണാന്‍ വന്നവരിലാരൊക്കെയോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളായിരിക്കാം. ഒരു ഡോക്ടറുടെ വീട്ടില്‍ വന്ന് യാതൊരു മര്യാദയുമില്ലാതെ സിഗരറ്റ് വലിക്കുന്നവരെക്കുറിച്ചോര്‍ത്ത് ഞാന്‍ പല്ലിറുമ്മി. മര്യാദകെട്ട വര്‍ഗങ്ങള്‍.
ഞാന്‍ കാലും മുഖവും കഴുകി അടുക്കളയില്‍ ചെന്ന് ചായയുണ്ടാക്കി പാത്രത്തിലൊഴിച്ചു. പിന്നീട് വീട്ടിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു ഞാന്‍.
'നീ നാളെ നേരത്തെ വരണേ'' ഉമച്ചേച്ചി പറഞ്ഞു.
ഓ... ഒരു കാര്യം വിട്ടുപോയി. നിനക്ക് പൈസ അതത് ദിവസം വേണോ? അതോ മാസത്തില്‍ മതിയോ?'' 'എനിക്ക് അതത് ദിവസം തന്നെ വേണം'' ഞാന്‍ പറഞ്ഞു.
അങ്ങോട്ടുമിങ്ങോട്ടും ഒരു ബാധ്യതയും ബാക്കിവെക്കേണ്ടതില്ലെന്നാണെന്റെ അഭിപ്രായം.
ആഗസ്റ്റ് 21 ചൊവ്വ
ഇന്ന് ഞാന്‍ ഡോക്ടറുടെ വീട്ടില്‍ എത്തുമ്പോള്‍ ഉമച്ചേച്ചി എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വരാന്തയില്‍ തൂണിനരികില്‍ ഗേറ്റിലേക്ക് കണ്ണും നട്ട് അവര്‍ വെറുതെ നിന്നതായിരിക്കില്ല. അവര്‍ അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
'നീ ഇഡ്ഡലി ഉണ്ടാക്കിക്കഴിഞ്ഞ് ഡോക്ടറുടെ മുറിയൊക്കെ ഒന്നു അടിച്ചുവാരി തുടക്കണം. ആള്‍ സ്ഥലത്തില്ല.''
ഞാന്‍ ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കി മേശപ്പുറത്തു വെച്ചു. ചായയുണ്ടാക്കി ഗ്ലാസിലൊഴിച്ചു വെച്ചു.
ഉമച്ചേച്ചി ചായ കുടിക്കുന്നതിനു മുമ്പ് എന്നെ ക്ഷണിച്ചു. 'എനിക്ക് കുറച്ചു കഴിഞ്ഞു മതി'' ഞാന്‍ ചൂലെടുത്ത് ഡോക്ടറുടെ പരിശോധനമുറിയിലേക്ക് നടന്നു. സാമാന്യം വലിപ്പമുള്ള മുറിയുടെ ചുവരില്‍ വര്‍ണ്ണഭംഗിയുള്ള ചിത്രങ്ങള്‍. കൂടുതലും സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു. മുറിയുടെ ഒരു ഭാഗത്ത് സാമ്പിള്‍ മരുന്ന് സൂക്ഷിച്ച റാക്ക്. റാക്കിനും വാതിലിനുമിടയിലെ മൂലയില്‍ അനേകം സിഗരറ്റു കുറ്റികള്‍. ഞാന്‍ ഇന്നലെ മുറ്റത്തു കണ്ട സിഗരറ്റ് കുറ്റികള്‍ സന്ദര്‍ശകര്‍ മര്യാദയില്ലാതെ വലിച്ചെറിഞ്ഞതല്ലെന്നും ഒരു മനോരോഗ ചികിത്സകന്‍ ഹൃദയത്തിലേക്ക് വലിച്ചു കയറ്റിയ പുകക്കൂനകളുടെ അടയാളമാണെന്നുമുള്ള വസ്തുത എന്നെ അമ്പരപ്പിച്ചു. ഞാന്‍ മുറി അടിച്ചു വാതിത്തുടച്ച് അടുക്കളയിലേക്ക് നടന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഉമച്ചേച്ചി കുളികഴിഞ്ഞ് ഒരു അടിപ്പാവടയും ബ്ലൗസുമിട്ട് നില്‍ക്കുകയായിരുന്നു. അവര്‍ ധരിച്ച പാവാടയുടെ മുന്‍വശത്തെ കീറല്‍ വളരെയധികം താഴ്ന്നിരുന്നു. ഞാന്‍ ഒറ്റത്തവണയേ അങ്ങോട്ട് നോക്കിയുള്ളൂ. കുറച്ച് കഴിഞ്ഞ് അവര്‍ സാരിയുടുത്ത് വന്നു.
കാറിന്റെ ശബ്ദം കേട്ടപ്പോള്‍ ഉമച്ചേച്ചി പറഞ്ഞു: 'ഓ... വന്നു, ഒന്ന് വാതില്‍ തുറന്നുകൊടുക്ക്.''
ഞാന്‍ ഓടിപ്പോയി വാതില്‍ തുറന്നു. ഡോക്ടര്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി താങ്ങിപ്പിടിച്ച് ആയാസപ്പെട്ട് അകത്തേക്ക് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒതുങ്ങിനിന്നു. ഡോക്ടറുടെ മുഖം ശരിക്കും കണ്ടത് അപ്പോഴാണ്. അസ്വസ്ഥതയുടെ ചാലുകള്‍ വീണ നെറ്റിത്തടം. ചുവന്ന കണ്ണുകള്‍, കറുകറുത്ത ചുണ്ടുകള്‍
ഡോക്ടര്‍ കടന്നുപോയപ്പോള്‍ വല്ലാത്തൊരു ഗന്ധം മൂക്കിലടിച്ചുകയറി. എന്റെ അയലത്തെ വീട്ടിലെ തെങ്ങുകയറ്റക്കാരന്‍ ഗോപാലന്‍ ചേട്ടന്‍ സന്ധ്യക്ക് ശേഷം വീടിന്റെ മുമ്പിലൂടെ നടന്നുപോകുമ്പോള്‍ ഇതേ മണമാണ്. വൈകുന്നേരം ജോലികഴിഞ്ഞ് വെട്ടുകത്തിയും കൈയില്‍ പിടിച്ച് പോകുമ്പോള്‍ വേറൊരു മണമായിരിക്കും. അമ്മ പറയും അത് തെങ്ങിന്റെ വാടമണമാണെന്ന്. പക്ഷേ, ഏത് നേരത്തും ഗോപാലന്‍ ചേട്ടന് സൗമ്യഭാവമായിരിക്കും. അസ്വസ്ഥതകളുടെ ചാലുകളില്ലാത്ത പ്രശാന്തഭാവം.
'ഇത് വാങ്ങാന്‍ പോയതായിരുന്നോ? കഴിഞ്ഞ ആഴ്ച കൊണ്ടുവന്നതൊക്കെ തീര്‍ന്നോ? ഉമച്ചേച്ചി ചോദിച്ചത് കേട്ടഭാവം നടിക്കാതെ ഡോക്ടര്‍ മുറിയിലേക്ക് നടന്നു.
ഉമച്ചേച്ചി എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
'ആയിരക്കണക്കിന് രൂപയാ നശിപ്പിക്കുന്നെ.'' ഡോക്ടര്‍ പരിശോധനമുറിയിലേക്ക് പോയപ്പോള്‍ ഉമച്ചേച്ചി ഡോക്ടര്‍ കൊണ്ടുവന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്ന് ചെമ്പിന്റെ നിറത്തില്‍ ദ്രാവകമുള്ള ഒരു കുപ്പി പൊക്കിയെടുത്ത് തിരിച്ചും മറിച്ചും നോക്കി. എനിക്ക് ആ കുപ്പിയുടെ ആകൃതി നന്നായി ഇഷ്ടപ്പെട്ടു. ഒരു സ്ത്രീയുടെ ശരീരാകൃതിയുള്ള കുപ്പി.
ഉച്ചയാകുമ്പോഴേക്കും ചോറും കറികളും തയ്യാറാക്കി ഞാന്‍ മേശയില്‍ വെച്ചു. ഉമച്ചേച്ചി ഒരു പ്ലേറ്റെടുത്ത് ചോറും കറികളും വിളമ്പി അതെടുത്ത് അടുക്കളയിലെ സ്റ്റൂളിലിരുന്നു. 'നല്ല കറി'' അവര്‍ അത് പറഞ്ഞുകൊണ്ട് ഒരു ഉരുള ചോറ് എന്റെ നേരെ നീട്ടി. ഞാന്‍ അത്ഭുതത്തോടെ അവരെ നോക്കി. 'നീ തിന്ന് നോക്ക്'' അവര്‍ പറഞ്ഞു.
ഞാന്‍ ശരിക്കും പരിഭ്രമിച്ചു. ഇവര്‍ക്ക് വട്ടായിരിക്കുമോ? ഞാന്‍ സംശയിച്ചു. ഓര്‍മവെച്ച നാള്‍മുതല്‍ ഇതുവരെ ആരും ചോറ് കുഴച്ചുരുട്ടി തന്നിട്ടില്ല.
'ഞാനിത്രയും കറി കൂട്ടിയ ചോറ് തിന്നാറില്ല.'' എനിക്ക് കുറച്ച് കറിയേ വേണ്ടൂ. ഞാന്‍ അടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
അവര്‍ ഭക്ഷണം കഴിച്ച് കൈ കഴുകി ബെഡ്‌റൂമിലേക്ക് പോകുമ്പോള്‍ എന്നോട് പറഞ്ഞു: 'നീ എല്ലാം ഒതുക്കിവെച്ചതിന് ശേഷം എന്റെ മുറിയില്‍ വരണം.''
അടുക്കളയിലും പുറത്തും ചെയ്തുതീര്‍ക്കാന്‍ പറ്റാത്തത്രയും ജോലിയുണ്ട്. അടുക്കള ഒരു വിധം വൃത്തിയാക്കി ആകാംക്ഷയോടെ ഉമച്ചേച്ചിയുടെ മുറിയിലേക്ക് നടന്നു. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ബെഡ്ഡില്‍ കിടക്കുകയായിരുന്നു. അവരുടെ അഴിഞ്ഞ മുടി കട്ടിലില്‍നിന്ന് താഴേക്ക് താണുകിടന്നു. പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവര്‍ ഞാന്‍ ചെന്നത് അറിഞ്ഞിട്ടാകണം എഴുന്നേറ്റ് ബെഡ്ഡിലിരുന്നു. എന്റെ മുഖത്ത് നോക്കിപ്പറഞ്ഞു. നിനക്ക് വേണമെങ്കില്‍ ഇവിടെ വിശ്രമിക്കാം. എന്റെ മനസ്സിലെ അവിശ്വനീയത കണ്ണുകളില്‍ പ്രതിഫലിച്ചതാകണം അവര്‍ പറഞ്ഞു.
'ഇത് എന്റെ മാത്രം മുറിയാണ്.''
അപ്പോള്‍ ഡോക്ടര്‍ക്കും ഉമച്ചേച്ചിക്കും വെവ്വേറെ മുറികളായിരിക്കും. 'നീ ഇവിടെ ഇരിക്ക്'' അവര്‍ കട്ടിലിന്റെ ഓരം കാണിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ സോഫയിലിട്ട തുണി മടക്കിവെക്കുമ്പോള്‍ അവര്‍ പറഞ്ഞു.
'നീയെനിക്ക് അനിയത്തിയെപ്പോലെയാണ്.''
തുണി മടക്കിക്കഴിഞ്ഞ് പോകാന്‍ ഭാവിച്ച എന്നെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
'ഞങ്ങള്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷങ്ങളായി.''
അവര്‍ എഴുന്നേറ്റ് അലമാര തുറന്ന് ഒരു സാരിയെടുത്ത് എന്റെ നേരെ നീട്ടി. 'ഇത് നീയെടുത്തോളൂ''
പിങ്ക് നിറത്തില്‍ സ്വര്‍ണ നക്ഷത്രങ്ങളുള്ള ആ സാരി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
ഇന്ന് ഡോക്ടറുടെ വീട്ടില്‍നിന്ന് വരുമ്പോള്‍ എന്റെ മനസ്സി വല്ലാത്തൊരസ്വസ്ഥത നിറഞ്ഞുനിന്നു.
ഡയറിയെഴുതുമ്പോള്‍ വാരിവലിച്ചെഴുതേണ്ടതില്ലെന്ന് എത്രയോ തവണ എന്റെ ഭര്‍ത്താവ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഇന്നത്തെ കുറിപ്പ് ഇവിടെ നിര്‍ത്തുന്നു.
ആഗസ്റ്റ് മൂന്ന് ബുധന്‍
ഞാന്‍ ഡോക്ടറുടെ വീട്ടിലെത്തുമ്പോള്‍ ഉമച്ചേച്ചി ഉത്സാഹത്തിലായിരുന്നു. അവരുടെ മുഖത്ത് സ്ഥിരമായിരുന്ന ആലസ്യം ഒഴിഞ്ഞതുപോലെ. അടുക്കളയില്‍ പുട്ടിന് കുഴച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ എന്റെ അരികില്‍ വന്നുനിന്നു.
'ചായ കുടിച്ചതിന് ശേഷം ഞങ്ങള്‍ക്ക് ഡ്രസ്സെടുക്കാന്‍ പോകണം. മാന്റെ കല്ല്യാണമുണ്ടെന്ന് പറഞ്ഞിട്ടില്ലേ. മോള്‍ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അവള്‍ കടയില്‍ വന്നോളും.''
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.
ഡ്രസ്സെടുക്കാന്‍ ഡോക്ടര്‍ പോകാത്തതെന്തെന്നാലോചിക്കുകയായിരുന്നു ഞാന്‍.
ഡോക്ടര്‍ അവര്‍ പോയിക്കഴിഞ്ഞതിന് ശേഷം പല തവണ അടുക്കളയില്‍ വന്നു. ഒരിക്കല്‍ ചൂടുവെള്ളമെടുക്കാന്‍, പിന്നീട് തണുത്ത വെള്ളമെടുക്കാന്‍. ഒരിക്കല്‍ വന്നത് എന്നോട് കുശലം ചോദിക്കാനാണ്. ഞാന്‍ അടുക്കളയുടെ ജനലുകളും വാതിലുകളും പൂര്‍ണമായും തുറന്നുവെച്ചു. ഭക്ഷണം തയ്യാറാക്കിയതിന് ശേഷം ഞാന്‍ പിറകുവശത്തെ വരാന്തയുടെ ഗ്രില്‍സ് തുറന്ന് മുറ്റത്തിറങ്ങി. തേങ്ങ പറിക്കാന്‍ വന്ന ആള്‍ കൊത്തിയിട്ട ഓലയെടുത്ത് വേലിക്കരികിലിട്ടതിനു ശേഷം ഞാന്‍ അടുക്കളയില്‍നിന്ന് കത്തിയെടുത്തു. എന്നെ കണ്ട ഡോക്ടറുടെ മുഖത്ത് അസ്വസ്ഥതയുടെ ചാലുകള്‍ കൂടുതല്‍ തെളിഞ്ഞുനിന്നു.
ഓലകൊത്തിയെടുത്ത് ഈര്‍ക്കിലെടുക്കുമ്പോള്‍ ഞാനാലോചിച്ചു. ചില വീടുകളിലെ അസുഖകരമായ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ഒഴിവാക്കാനും മറികടക്കാനും ഞാന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധ നടപടികളിലൊന്നാണിത്. കുടുംബവഴക്കും കുറ്റംപറച്ചിലും, രഹസ്യ സ്വഭാവമുള്ള എന്തെങ്കിലും വിഷയങ്ങളും പുറത്തെവിടെയെങ്കിലും അറിഞ്ഞാല്‍ പഴി കേള്‍ക്കേണ്ടിവരുന്നത് വീട്ടുജോലിക്കാരായിക്കും. അങ്ങനെ പറയുന്ന വേലക്കാരികളുടെ കൂട്ടത്തില്‍ എന്നെ കൂട്ടുന്നത് എനിക്കിഷ്ടമല്ല. മദ്യപിച്ചും, പുകവലിച്ചും അകത്തിരിക്കുന്ന ആള്‍ മനഃശാസ്ത്ര വിധഗ്ദനാണെന്നോര്‍ക്കേ എനിക്ക് ചിരിവന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ചുമച്ചുകൊണ്ട് എ്‌ന്നെ വിളിക്കാന്‍ വന്നു.
'ഒന്ന് ഭക്ഷണമെടുത്ത് തരൂ.''
ഞാന്‍ തിടുക്കത്തില്‍ എഴുന്നേറ്റ് സോപ്പിട്ട് കൈകഴുകി മേശ തുടച്ചു. ഭക്ഷണം എടുത്തുവെക്കുമ്പോള്‍ ഡോക്ടര്‍ എന്റെ അരികില്‍ വന്നു നിന്നു. 'ഇപ്പോള്‍ ഇവിടെ നല്ല നീറ്റുണ്ട്.' ഡോക്ടര്‍ നന്നായി മദ്യപിച്ചിട്ടുണ്ട്.
ഞാന്‍ മേശയ്ക്കരികില്‍നിന്ന് മാറി നടക്കാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ എനിക്കഭിമുഖമായി നിന്നുകൊണ്ട് പെട്ടെന്ന് എന്റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു. എന്നെ അയാളിലേക്കടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ പിറകോട്ട് മാറി. കൈകള്‍ വിടുവിക്കാന്‍ തിടുക്കപ്പെടുമ്പോള്‍ അയാള്‍ പറഞ്ഞു. (ഇപ്പോള്‍ നാരങ്ങപ്പാല്, ജോഡിക്ക് രണ്ട്, ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്ന കളി കളിക്കുന്ന കുട്ടികളെപ്പോലെയായിരുന്നു ഞാനും ഡോക്ടറും.
'ഒരു കിസ്സ് മാത്രം മതി.'' ഞാന്‍ പിറകോട്ട് മാറി നിശ്ചലയായി നിന്നു. ചില നിമിഷങ്ങളില്‍ എന്നെ ഒരു നിശ്ചലാവസ്ഥ കീഴടക്കാറുണ്ട്. കിസ്സ് എന്ന വാക്ക് എനിക്കിഷ്ടമായിരുന്നില്ല. ചില വാക്കുകളും ചില പേരുകളും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. 'ചുംബനം', 'ഉമ്മ', എന്നീ പദങ്ങളെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്റെ കളിക്കൂട്ടുകാരി സുശീലയുടെ അമ്മ വെള്ളയപ്പം വില്‍ക്കുന്ന ഒരു സ്ത്രീയായിരുന്നു. സുശീല ഒരു ദിവസം മൂവന്തി നേരത്ത് ഒരു ചെത്തുകാരന്‍ കേളച്ചന്റെയടുത്ത് എന്നും പോകുന്നതുപോലെ കള്ളുവാങ്ങാന്‍ ചെന്നു. സുശീല കുട്ടിയായിരിക്കുമ്പോഴേ കള്ളു വാങ്ങാന്‍ പോകാറുള്ളതാണ്. പതിനാറു വയസ്സായ സുശീലയിലെ കുട്ടിത്തത്തെ മറന്നുകൊണ്ട് കേളച്ചന്‍ കള്ളുകൊടുക്കുമ്പോള്‍ അവളോട് ചോദിച്ചത്രെ-
'ഒരുമ്മ തര്വോ' എന്ന്.
കേളച്ചനില്‍ നിന്ന് 'ഉമ്മക്കം' എന്ന വാക്ക് കേള്‍ക്കേണ്ടി വന്നതുതന്നെ അറപ്പുള്ള ഓര്‍മയാണവള്‍ക്ക്. അതുകൊണ്ട് നാട്ടിന്‍പുറത്തുള്ളവരുടെ ഉമ്മക്കം എന്ന വാക്കിനെ എനിക്ക് വെറുപ്പാണ്. ഉമ്മയെന്ന പദം മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തെയും വാത്സല്യത്തെയും സൂചിപ്പിക്കുന്നതാണ്. പവിത്രമായ ചുംബനം പ്രണയത്തെ സൂചിപ്പിക്കുന്ന ഒരു പദമായതുകൊണ്ടുതന്നെ ആ വാക്കിനോട് എന്തോ ഒരടുപ്പമാണ്. വയലാറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും പി. ഭാസ്‌കരന്റെയും കവിതകളിലും സിനിമാ ഗാനങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന മനസ്സിനെ ആര്‍ദ്രമാക്കുന്ന പദം. സിഗരറ്റും മദ്യവും മണക്കുന്ന ഡോക്ടറുടെ വായില്‍നിന്നും വീണ 'കിസ്സ്'' എന്ന വാക്കിനെയും ഡോക്ടറെയും ശക്തിയി കുടഞ്ഞെറിഞ്ഞുകൊണ്ട് ഞാന്‍ മാറിനിന്നു. നാല്‍പത്തിയഞ്ചു കഴിഞ്ഞ എന്റെ മെലിഞ്ഞു വിളര്‍ത്ത ശരീരത്തില്‍ ആകര്‍ഷണീയമായ എന്താണാവോ നിറഞ്ഞുനില്‍ക്കുന്നത്.
ഡോക്ടര്‍ പരാജിതനെപ്പലെ കസേരയില്‍ കുനിഞ്ഞിരുന്ന് ഭക്ഷണം കഴിച്ചെഴുന്നേറ്റപ്പോള്‍ ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ തീന്‍മേശ വൃത്തിയാക്കി.
ആഗസ്റ്റ് നാല് വ്യാഴം
ഇന്ന് പ്രത്യേകിച്ചൊന്നും ഡോക്ടറുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ചോറും കറികളും വെച്ചു. പാത്രം കഴുകി നിലം തുടച്ചു. ഉമച്ചേച്ചി വളരെ സന്തോഷത്തോടെ എന്നോടിടപെട്ടു.
ആഗസ്റ്റ് അഞ്ച് വെള്ളി
സമയം വൈകുന്നേരം മൂന്നുമണി. ഞാന്‍ ചോറും കറികളും വെച്ച് അടുക്കള വൃത്തിയാക്കി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലും വെറുതെയിരിക്കുന്നത് ഇഷ്ടമല്ലാത്തതിനാലും മുന്‍വശത്തെ പൂന്തോട്ടത്തിലെ കള പറിക്കാനും ചെടികള്‍ മാറ്റി നടാനും തുടങ്ങി. ഡോക്ടറുടെ മുറിക്ക് പുറത്ത് നാലഞ്ചാളുകള്‍ ഇരിക്കുന്നുണ്ട്. ഇരിക്കുന്നവരുടെ മുഖങ്ങളില്‍ മ്ലാനതയും ആലസ്യവും നിറഞ്ഞു നിന്നു. കുറച്ചു മുമ്പ് അടുക്കള ഭാഗത്തുവന്ന് കഞ്ഞിവെള്ളം ചോദിച്ച മധ്യവയസ്‌കയായ സ്ത്രീയും അവരുടെ മകളും ഊഴം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായെന്ന് തോന്നു. മകള്‍ക്ക് ഭര്‍ത്താവ് ഗള്‍ഫില്‍ പോയതിന് ശേഷം വന്ന അസുഖമാണെന്ന് അവര്‍ പറഞ്ഞിരുന്നു. ഞാന്‍ ചോദിക്കാതെ അവര്‍ പറഞ്ഞതാണ്.
അമ്മയും മകളും ഡോക്ടറുടെ മുറിയില്‍ കയറി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അമ്മ പുറത്തിറങ്ങി വന്നു. അവര്‍ എന്റെ അടുത്ത് വന്നുനിന്ന് മഞ്ഞപൂക്കളുള്ള റോസാ ചെടിയില്‍നിന്ന് ഒരു ഇല നുള്ളിയെടുത്ത് എനിക്ക് കാണിച്ചുതന്നു. ഇലയില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന ഒരു പുഴു. പെട്ടെന്ന് ഒരലര്‍ച്ച കേട്ട് ഞാനും ആ സ്ത്രീയും ഞെട്ടിത്തെറിച്ചു. 'എടാ, നീ ഏതുതരം ഡോക്ടറാണടാ. കാര്യങ്ങള്‍ ചോദിച്ചറിയാനാണെന്നും പറഞ്ഞ് നീ എന്റെ നെഞ്ചത്തെ തുണി നീക്കി പരിശോധിക്കണോ?'' യുവതി ഒച്ചവെച്ചു. ചേതിക്കരികില്‍ ചാരിവെച്ച ഈര്‍ക്കില്‍ ചൂലെടുക്കാന്‍ ഭാവിച്ച അവളെ അമ്മ തടഞ്ഞു. ഡോക്ടര്‍ ഇംഗ്ലീഷിലെന്തോ പറഞ്ഞ് വാതിലടച്ചു.
എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണോ എന്ന് ചോദിച്ചുകൊണ്ടാ സാരി നീക്കിയത്. എനിക്ക് മനസ്സിന് അല്‍പം കുഴപ്പമുണ്ടെന്നതു നേരാ. അത്രക്ക് സ്‌നേഹമുള്ള ഭര്‍ത്താവിനെ പിരിഞ്ഞത് കൊണ്ടാവാം. ഇയാളുടെ ചികിത്സകൊണ്ട് മനസ്സും ശരീരവും കേടാക്കണ്ട. വാ നമുക്ക് പോകാം. ആ വാക്കുകള്‍ ഉന്മാദത്തിന്റെതായിരുന്നില്ല.
അവര്‍ പോകുന്നതും നോക്കി ഞാന്‍ നെടുവീര്‍പ്പുതിര്‍ത്തു. തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്നതും താഴെ കൊഴിഞ്ഞുവീണതുമായ എല്ലാ പൂക്കളും ഉന്മാദം പരത്തുന്നതാണെന്നെനിക്ക് തോന്നി. ഉന്മാദപ്പൂക്കള്‍ വിരിയുന്ന തോട്ടത്തിലെ പരിചരണം മതിയാക്കി വീട്ടുകാരിയോടു പോലും യാത്ര പറയാതെയാണ് ഞാനിന്നു തിരിച്ചുവന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top