പെണ്ണവകാശങ്ങള്‍

വി.മൂസ
2014 ഡിസംബര്‍
വിവാഹം മുഖേന ഭര്‍ത്താവിന് ഭാര്യയായ പെണ്ണിലേക്ക് നിര്‍ബന്ധമായിത്തീരുന്ന പ്രഥമ സാമ്പത്തിക ബാധ്യതയാണ് മഹര്‍ അഥവാ വിവാഹമൂല്യം. വിവാഹസമയത്ത്

      വിവാഹം മുഖേന ഭര്‍ത്താവിന് ഭാര്യയായ പെണ്ണിലേക്ക് നിര്‍ബന്ധമായിത്തീരുന്ന പ്രഥമ സാമ്പത്തിക ബാധ്യതയാണ് മഹര്‍ അഥവാ വിവാഹമൂല്യം. വിവാഹസമയത്ത് സ്ത്രീയോ അവരുടെ വീട്ടുകാരോ കുടുംബക്കാരോ പുരുഷന് നല്‍കുന്ന പണവും ആഭരണവും തികച്ചും അനാചാരവും അനിസ്‌ലാമികവുമാണ്. ഇത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും വിരുദ്ധമാണ്. എന്നാല്‍ പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന വിവാഹമൂല്യം നിര്‍ബന്ധവുമാണ്. 'സ്ത്രീക്ക് അവരുടെ വിവാഹമൂല്യം മനസ്സംതൃപ്തിയോടെ നല്‍കുക. അതില്‍ വല്ലതും അവര്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നുവെങ്കില്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചുകൊള്ളുക'' (അന്നിസാഅ്-4).
സ്ത്രീകളുടെ അവകാശമായ മഹര്‍ അവര്‍ക്ക് വിട്ടുകൊടുക്കണം. മഹര്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഭര്‍ത്താവിന് സ്ത്രീ വിട്ടുകൊടുക്കുകയാണെങ്കില്‍ അതവന് സ്വീകരിക്കാവുന്നതാണ്. മഹര്‍ നിക്കാഹിന്റെ സമയത്തുതന്നെ നല്‍കുന്നതാണുത്തമം. അവളുടെ മാതാവ്, മാതൃസഹോദരികള്‍, സ്വന്തം സഹോദരികള്‍ തുടങ്ങിയവര്‍ക്ക് ലഭിച്ച മഹറിന്റെ മൂല്യം അവള്‍ക്കും നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. മഹറിന് പരിധിയോ പരിമിതിയോ ഇല്ല. രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് മഹര്‍ ക്രമാതീതമായി വര്‍ധിച്ചതായും ജനങ്ങള്‍ക്ക് വിവാഹം തന്നെ പ്രയാസകരമായിത്തീരുകയും ചെയ്തതായി ഖലീഫക്ക് തോന്നി. പള്ളി മിമ്പറില്‍ വെച്ച് സ്ത്രീകള്‍ മഹറിന്റെ അളവ് കുറക്കുന്നതിന്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു. സദസ്സില്‍നിന്ന് ഒരു വൃദ്ധസ്ത്രീ എഴുന്നേറ്റ് പറഞ്ഞു: 'അല്ലാഹു അതിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. പിന്നെ താങ്കളെന്തിനാണ് അതിനെ പരിമിതപ്പെടുത്തുന്നത്. അതിന് താങ്കള്‍ക്കെന്തവകാശം? 'ഒരു സ്വര്‍ണക്കൂമ്പാരം തന്നെ നല്‍കിയാലും'' (നിസാഅ്: 20) എന്നല്ലെ ഖുര്‍ആനിന്റെ പ്രയോഗം?' ഉമര്‍ (റ) പറഞ്ഞു: 'ശരിയാണ്, എനിക്ക് തെറ്റുപറ്റി. ഞാന്‍ ആ കല്‍പന പിന്‍വലിക്കുന്നു.'
ചില പ്രദേശങ്ങളില്‍ മഹര്‍ സ്ത്രീകളുടെ പിതാക്കന്മാര്‍ക്കവകാശപ്പെട്ടതാണെന്നാണ് വിചാരം. മഹര്‍ ഉള്‍പ്പെടെ വിവാഹസമയത്ത് വീട്ടുകാരും ബന്ധുക്കളും നല്‍കിയ ആഭരണങ്ങള്‍, പാരിതോഷികങ്ങള്‍, അവള്‍ക്ക് കിട്ടിയ അനന്തര സ്വത്ത്, സ്വന്തം ശമ്പളം തുടങ്ങിയവയെല്ലാം സ്ത്രീക്ക് അവകാശപ്പെട്ടതാണ്. അത് ഭര്‍ത്താവോ മക്കളോ മറ്റുള്ളവരോ ചെലവഴിക്കാനോ വില്‍ക്കാനോ പണയപ്പെടുത്താനോ പാടില്ല. ഇതെല്ലാം ഇസ്‌ലാം നിരോധിച്ചതാണ്. മഹര്‍സംബന്ധമായി അല്‍ബഖറ:137, നിസാഅ്:20-25, മാഇദ:5 എന്നീ സൂറത്തുകളിലൊക്കെ കാണാവുന്നതാണ്. മഹര്‍ സംബന്ധമായ ഒരു പഠനം സഹലുബ്‌നു സഅ്ദില്‍ നിന്ന് ഉദ്ധരിക്കുന്നു. നബിയുടെ സന്നിധിയില്‍ ഒരു സ്ത്രീ വന്ന് ബോധിപ്പിച്ചു: 'ഞാന്‍ എന്നെ അവിടത്തേക്ക് സമര്‍പ്പിച്ചിരിക്കുന്നു. താങ്കള്‍ക്ക് വേണമെങ്കില്‍ എന്നെ ഭാര്യയായി സ്വീകരിക്കാം. ഇല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാം.' നബി(സ) യാതൊന്നും പ്രതികരിച്ചില്ല.
അവള്‍ ദീര്‍ഘനേരം അവിടെത്തന്നെ ഇരുന്നു. അപ്പോള്‍ സദസ്സില്‍നിന്ന് ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: 'തിരുദൂതരെ, അവിടത്തേക്ക് ആവശ്യമില്ലെങ്കില്‍ അവളെ എനിക്ക് വിവാഹം ചെയ്തുതരിക.'' നബി (സ) ചോദിച്ചു: 'മഹര്‍ കൊടുക്കാന്‍ വല്ലതുമുണ്ടോ?' അയാള്‍ പറഞ്ഞു: 'ഇല്ല, എന്റെ കൈയിലൊന്നുമില്ല. ഞാനുടുത്ത മുണ്ടല്ലാതെ.'' നബി (സ): 'അവള്‍ക്കതു കൊടുത്താല്‍ നീ എന്ത് ധരിക്കും. അതിനാല്‍ മറ്റെന്തെങ്കിലും അന്വേഷിക്കുക. ഇനി യാതൊന്നുമില്ലെങ്കില്‍ ഒരു ഇരുമ്പ് മോതിരമെങ്കിലും?'' ഇല്ലെന്നയാള്‍ പറഞ്ഞു. നബി (സ) ചോദിച്ചു: 'നിനക്ക് ഖുര്‍ആന്‍ വല്ലതും അറിയുമോ?'' അയാള്‍: 'അതെ, നബിയെ അറിയാം.'' അറിയുന്ന സൂറകള്‍ അയാള്‍ എണ്ണിപ്പറഞ്ഞു. നബി (സ) പറഞ്ഞു: 'എങ്കില്‍ നിനക്കറിയാവുന്ന ഖുര്‍ആന്‍ മഹറായി അവള്‍ക്കുകൂടി പഠിപ്പിക്കുക. ഞാന്‍ ഖുര്‍ആന്‍ മഹര്‍ നിശ്ചയിച്ചുകൊണ്ട് അവളെ നിനക്ക് വിവാഹം ചെയ്തുതന്നിരിക്കുന്നു.'' (ബുഖാരി മുസ്‌ലിം)
അനസ് (റ) ഉദ്ധരിക്കുന്നു. അബൂത്വല്‍ഹത്ത് ഉമ്മുസുലൈമിനെ വിവാഹാലോചന നടത്തി. അവര്‍ക്ക് അബൂത്വല്‍ഹയെ ഇഷ്ടമായിരുന്നു. പക്ഷെ, അദ്ദേഹം മുസ്‌ലിമായിരുന്നില്ല. അവര്‍ പറഞ്ഞു: 'നിങ്ങള്‍ മുസ്‌ലിമാകുക. എങ്കില്‍ അതാണെന്റെ മഹര്‍. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടുകയില്ല.' അങ്ങനെ ഉമ്മുസുലൈമിന്റെ മഹര്‍ അബൂത്വല്‍ഹയുടെ ഇസ്‌ലാമാശ്ലേഷണമായി മാറി. മഹര്‍ സ്ത്രീയുടെ അവകാശമാണ്.
ആമിറുബ്‌നു റബീഅ ഉദ്ധരിക്കുന്ന ഒരു ഹദീസുകൂടി കാണുക. ഫിസാര്‍ കുടുംബത്തിലെ ഒരു സ്ത്രീ ഒരു ജോടി ചെരുപ്പ് മഹര്‍ നിശ്ചയിച്ചുകൊണ്ട് വിവാഹിതയായി. നബി (സ) അവളോട് ചോദിച്ചു: 'നിന്റെ ശരീരത്തിനും ധനത്തിനും പകരമായി ഒരു ജോഡി ചെരിപ്പുകൊണ്ട് നീ തൃപ്തിപ്പെടുമോ?' അവര്‍ പറഞ്ഞു: 'അതെ.' നബി (സ) അതംഗീകരിച്ചുകൊടുത്തു. (തിര്‍മുദി)
വിവാഹത്തോടനുബന്ധിച്ച് വരന്‍ വധുവിന് നല്‍കേണ്ട ധനമാണ് മഹര്‍. ദാമ്പത്യം ആസ്വദിക്കുന്നതോടെ അത് അവളുടെ അവകാശമായിരിക്കും. മഹറിന്റെ പരിധി എത്രയെന്ന് ഇസ്‌ലാം നിര്‍ണ്ണയിച്ചിട്ടില്ല. മര്യാദയനുസരിച്ച് (മഅ്‌റൂഫ്) നല്‍കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. മുമ്പ് പറഞ്ഞ സംഭവങ്ങളില്‍നിന്ന് മഹര്‍ ഇരുമ്പു മോതിരം, ഖുര്‍ആന്‍ പഠിപ്പിക്കല്‍, ഭര്‍ത്താവിന്റെ ഇസ്‌ലാമാശ്ലേഷണം ആദിയായവയൊക്കെയും ആവാം.
'മൂസാ നബിയുടെ മഹര്‍ എട്ടോ പത്തോ വര്‍ഷം ആടുമേക്കലായിരുന്നു.' (ഖസസ്: 27-28). ഇവിടെയൊക്കെ സ്ത്രീകള്‍ക്ക് പ്രയോജനവും സംതൃപ്തിയുമുണ്ടാകണമെന്നാണ് ഇസ്‌ലാം കണക്കാക്കിയിരിക്കുന്നത്.
നബി (സ) സൗദയെ വിവാഹം ചെയ്തത് 400 വെള്ളി നാണയം മഹറായി നിശ്ചയിച്ചാണ്. ആയിശ(റ)ക്ക് 500 ദിര്‍ഹം. ഖദീജാബീവിക്കും അത്രതന്നെയായിരുന്നു നല്‍കിയിരുന്നത്. നബിപുത്രി ഫാത്വിമക്ക് അലിയുടെ ഏക സമ്പാദ്യമായിരുന്ന പടയങ്കി നല്‍കാനായിരുന്നു നബി കല്‍പിച്ചത്. നബി നല്‍കിയ മഹറുകളും പെണ്‍കുട്ടികള്‍ക്ക് വാങ്ങിക്കൊടുത്ത മഹറുകളും പഠനവിധേയമാക്കിയാല്‍ സാമാന്യം മെച്ചപ്പെട്ട തുകയാണെന്ന് മനസ്സിലാക്കാം. ജീവനാംശം പോലെത്തന്നെ സാമ്പത്തികമായി കഴിവുള്ള പുരുഷന്മാര്‍ അവരുടെ കഴിവനുസരിച്ചും കുറഞ്ഞവര്‍ അവരുടെ കഴിവനുസരിച്ചും നല്‍കണമെന്നാണ് നബി കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സ്ത്രീകളുടെ കഴിവും കുടുംബവുമനുസരിച്ചാണ് മഹര്‍ നല്‍കേണ്ടത് എന്ന പക്ഷത്തേയും കാണാം.
ജീവനാംശം
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയവയാണ് ജീവനാംശം. ഖുര്‍ആന്‍ പറയുന്നു: 'പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.' (അന്നിസാഅ്: 34) ഭാര്യ ധനികയാണെങ്കിലും ജീവനാംശം നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധ ബാധ്യതയാണ്.
മുആവിയയില്‍ നിന്നുദ്ധരിക്കുന്നു: 'തിരുദൂതരെ, ഞങ്ങളുടെ ഭാര്യമാരോട് ഞങ്ങളുടെ ബാധ്യതകള്‍ എന്തൊക്കെയാണ്?'' നബി (സ) പറഞ്ഞു: 'നീ ആഹരിച്ചാല്‍ അവരെയും ആഹരിപ്പിക്കുക. നീ വസ്ത്രം ധരിച്ചാല്‍ അവരെയും ധരിപ്പിക്കുക. നീ അവരുടെ മുഖത്തടിക്കരുത്. നീ അവരോട് മോശമായി പെരുമാറരുത്. കിടപ്പറയില്‍ നിന്നകറ്റരുത്.'' (അബൂദാവൂദ്)
അവസാന ഹജ്ജ്‌വേളയില്‍ നബിതിരുമേനി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: 'സ്ത്രീകളുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ന്യായമനുസരിച്ച് ഭക്ഷണവും വസ്ത്രവും അവരോടുള്ള ബാധ്യതയാകുന്നു.' (മുസ്‌ലിം)
ന്യായമായ നിലയില്‍ ചെലവിന് നല്‍കുന്നില്ലെങ്കില്‍ മിതമായ നിലക്ക് അയാളുടെ ധനത്തില്‍നിന്നും എടുത്തുപയോഗിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്. ആയിശ (റ) ഉദ്ധരിക്കുന്നു. ഖുറൈശി നേതാവായിരുന്ന അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് മുസ്‌ലിമായ ശേഷം നബിയോട് പരാതി പറഞ്ഞു. 'അബൂസുഫ്‌യാന്‍ പിശുക്കനാണെന്നും എനിക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായത് നല്‍കാറില്ലെന്നും അദ്ദേഹം അറിയാതെ ഞാനയാളില്‍നിന്ന് ധനമെടുത്ത് ചെലവഴിക്കാറുണ്ടെന്നും പറഞ്ഞു.' അപ്പോള്‍ നബി (സ) പറഞ്ഞു: 'നിനക്കും കുഞ്ഞുങ്ങള്‍ക്കും മതിയായത് ന്യായമായ നിലയില്‍ എടുത്തുകൊള്ളുക.'' (ബുഖാരി മുസ്‌ലിം).
ഖുര്‍ആനിലും ഹദീസിലുമൊക്കെ പറഞ്ഞ വാക്കാണ് 'മഅ്‌റൂഫ്'' അഥവാ 'ന്യായമായ നിലയില്‍'' എന്നത്. ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കുന്നത് തന്നെ പുണ്യകര്‍മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media