കമേഴ്‌സ്യല്‍ ബ്രേയ്ക്ക്‌

കെ.വൈ.എ /ചുറ്റുവട്ടം No image

      ആദ്യമായി ആ വാര്‍ത്ത പുറത്തുവിടുകയാണ്. കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രതിസന്ധി ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒഴിഞ്ഞുപോയ കഥ. ഈ നാടകത്തിന് മൂന്നു ഭാഗം. ഭാഗങ്ങള്‍ക്കിടയില്‍ രണ്ട് കമേഴ്‌സ്യല്‍ ബ്രേക്കുകള്‍. ബ്രേക്കുകളില്‍ അണിയറയില്‍ നടക്കുന്നതെന്തെന്ന് ഊഹിക്കാനേ കഴിയൂ. അഭിനേതാക്കള്‍: അവതാരക എന്ന അവതാരം, ഇടംവലം സഖാവ്, വടംവലി ചാണക്യന്‍, മന്ത്രിസാര്‍ അഥവാ മാന്ത്രികന്‍, അബ്കാരി എന്ന വില്ലന്‍.
***
സ്വാഗതം, ഈ ചര്‍ച്ചയിലേക്ക്. ഞെട്ടിക്കുന്ന വാര്‍ത്തയാണ് നാം കേള്‍ക്കുന്നത്. കോഴയാണ് വിഷയം. ചര്‍ച്ചക്ക് സ്റ്റുഡിയോയില്‍ അബ്കാരി സാറും സഖാവും ചാണക്യനുമുണ്ട്. മന്ത്രിസാറിനെ ടെലിഫോണില്‍ പ്രതീക്ഷിക്കുന്നു. ആദ്യം അബ്കാരി സാറിനോട്.
- സാര്‍ എന്താണ് താങ്കള്‍ ഉന്നയിക്കുന്ന ആരോപണം?
- ഞങ്ങള്‍ മന്ത്രിക്ക് കോഴ കൊടുത്തു. അഞ്ചു കോടി ചോദിച്ചിരുന്നു; ഒരു കോടി കൊടുത്തു.
- ഇതിന് തെളിവുണ്ടോ? മൊഴി കൊടുക്കുമോ?
- ഉണ്ട്. ആര്‍ക്കു മുമ്പിലും മൊഴി കൊടുക്കും.
- ശരി. മന്ത്രിസാര്‍ ടെലിഫോണ്‍ ലൈനിലുണ്ട്. സര്‍, കേള്‍ക്കാമോ?
- ചോദിക്കൂ. എന്നിട്ടു പറയാം.
- ഒരുകോടി അങ്ങേക്ക് കോഴ തന്നതിന്റെ തെളിവുണ്ടെന്നാണ്... സാര്‍, മന്ത്രിസാര്‍, ടെലിഫോണ്‍ കണക്ഷനില്‍ എന്തോ തകരാറുണ്ടെന്ന് തോന്നുന്നു; തിരിച്ചു വരാം. അബ്കാരി സാറിനോട് തന്നെ വീണ്ടും... അബ്കാരി സാറും എന്തിനോ പുറത്തിറങ്ങിയെന്ന് തോന്നുന്നു. ദയവുചെയ്ത് ഞാന്‍ ലൈനില്‍ തുടരുകയാണ്... ഇടക്കൊരു കമേഴ്‌സ്യല്‍ ബ്രെയ്ക്ക്.
***
-പരിപാടിയിലേക്ക് വീണ്ടും സ്വാഗതം. അബ്കാരിസാര്‍, താങ്കളോട് ചോദിക്കാനിരുന്നതാണ്. അപ്പോഴേക്കും താങ്കള്‍ കസേരവിട്ട് പോയിരുന്നു...
-ഉവ്വ്. ബ്രേയ്ക്കായിരുന്നു. കമേഴ്‌സ്യല്‍ ബ്രെയ്ക്ക്.
-അപ്പോള്‍ പറയൂ, സാര്‍, എന്ത് തെളിവാണ് താങ്കളുടെ പക്കലുള്ളത്? കോഴക്ക് എന്താണ് തെളിവ്?
- കോഴയോ? എന്തു കോഴ?
- ഒരു കോടി? അഞ്ചു കോടി ചോദിച്ചു?
- അതേ, ഓണത്തിന് ഒരു കോടി കൊടുത്തു. അഞ്ച് വേണമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഞങ്ങള്‍ ചങ്ങാതിമാരാണേയ്.
- അപ്പോള്‍ കോഴ എന്നു പറഞ്ഞത്?
- നാക്കൊന്ന് കുഴഞ്ഞതാണ്. കോടി എന്നുപറഞ്ഞത് കോഴയായതാ. വെളിവില്ലായിരുന്നു. ഓണക്കോടി കൊടുക്കുന്നത് തെറ്റാണോ?
അവതാരക ഞെട്ടിയില്ല. ആര് എന്ത് പറഞ്ഞാലും ഞെട്ടില്ലെന്ന് ഉറപ്പുള്ളവരെയാണ് ആ തസ്തികയിലെടുക്കാറ്. കമേഴ്‌സ്യല്‍ ബ്രേക്ക് ഫലവത്തായെന്ന് അവരും അറിയുന്നു. അവര്‍ വിഷയം ഒന്നുമാറ്റി അവതരിപ്പിച്ചു- അവതാരകക്ക് വേണ്ട മറ്റൊരു യോഗ്യത അതത്രെ.
- ശ്രീ വടംവലി ചാണക്യന്‍, സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ കോഴ ആരോപണത്തിനു പിന്നില്‍ ആരാണെന്നാണ് താങ്കള്‍ കരുതുന്നത്?
- അത് ഞാന്‍ പറയേണ്ടതില്ലല്ലോ.
- എന്നുവെച്ചാല്‍, താങ്കളുടെ ഭരണമുന്നണിക്കാര്‍ തന്നെയാണെന്നാണോ? അതോ പ്രതിപക്ഷമോ? ശ്രീമാന്‍ ഇടംവലം സഖാവ് എന്തുപറയുന്നു?
- വിഷയം ആരോപണത്തിനു പിന്നിലെ താല്‍പര്യങ്ങളല്ലല്ലോ. കോഴയാണ് വിഷയം. അതിന് തെളിവുണ്ടെന്നാണ്...
- വ്യക്തമാണ് ശ്രീ സഖാവ്. ശ്രീ ചാണക്യന്‍?
- ഈ സര്‍ക്കാര്‍ സ്ഥാനമേറ്റതുമുതല്‍ ആരോപണങ്ങളും തുടങ്ങിയിട്ടുണ്ട്. ആരാണ് അതിനുപിന്നിലെന്നും ഞങ്ങള്‍ക്കറിയാം.
- അത് വെളിപ്പെടുത്താമോ?
- എല്ലാവര്‍ക്കും അറിയാവുന്നതു പോലെ, പ്രതിപക്ഷ...
- താങ്കളിലേക്ക് തിരിച്ചുവരാം. ശ്രീ ഇടംവലം, പ്രതിപക്ഷമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍ എന്നാണ് ഭരണ കക്ഷി നേതാവ് ഉന്നയിച്ച ഗുരുതരമായ ആരോപണം. താങ്കളും അത് കേട്ടിരിക്കുമല്ലോ. താങ്കളുടെ മറുപടി?
-എനിക്ക് മൂന്ന് കാര്യങ്ങളാണ് പറയാനുള്ളത്. ഒന്നാമതായി, ഭരണകക്ഷിക്കാര്‍ക്കെതിരെ ആരോപണം വന്നതിനു പിന്നില്‍ ഭരണകക്ഷികള്‍ തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. രണ്ടാമതായി...
- താങ്കളിലേക്ക് തിരിച്ചുവരാം. ശ്രീ വടംവലി, ഭരണകക്ഷിയിലെ മറ്റു കക്ഷികളാണ് ആരോപണത്തിന് പിന്നിലെന്നത് ശരിയാണോ?... ഇതാ മന്ത്രിസാര്‍ ലൈനിലുണ്ട്. മന്ത്രിസാര്‍, താങ്കള്‍ കേട്ടിരിക്കുമല്ലോ ആരോപണം. എന്തുപറയുന്നു? കോഴവിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ?
- അതെ, വിവാദം ഗൂഢാലോചനയാണ്. വ്യാജ ആരോപണമാണ്...
- വളരെ നന്ദി, മന്ത്രിസാര്‍. ദയവായി ലൈനില്‍ തുടരൂ. ശ്രീ ഇടംവലം, ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയല്ലേ?
- എന്നെ മുഴുവന്‍ പറയാന്‍ അനുവദിക്കൂ. എനിക്കു നാലുകാര്യങ്ങളാണ് പറയാനുള്ളത്...
- നമുക്ക് സമയം കുറവാണ്...
-ഒന്നാമതായി, അബ്കാരികള്‍ പണം കൊടുക്കേണ്ടവരാണ്. പക്ഷേ, ഇവിടെയും വ്യത്യാസമുണ്ട്. ഇടതുഭരണത്തില്‍ അബ്കാരികള്‍ പണം കൊടുത്താല്‍ അത് കോഴയാവില്ല. ബൂര്‍ഷ്വാ ഭരണത്തില്‍ നല്‍കുന്ന അവിഹിതദാനത്തിന്റെ പേരാണ് കോഴ. അധ്വാനകക്ഷിയുടെ ഭരണത്തില്‍, മദ്യപാനശീലം കാരണം അധ്വാന മൂല്യത്തിനു സംഭവിക്കുന്ന ഇടിവുണ്ടല്ലോ- ആ ഇടിവിന് മൂലധന ശക്തികള്‍ നല്‍കേണ്ട നഷ്ടപരിഹാരമാണ് അബ്കാരികളില്‍ നിന്ന് ഈടാക്കുന്നത്. അത് കോഴയല്ല. രണ്ടാമതായി...
- നമുക്ക് സമയമില്ല. താങ്കളുടെ കക്ഷിയാണ് കോഴവിവാദത്തിനു പിന്നില്‍ എന്ന ആരോപണത്തെപ്പറ്റി?
-അപ്പോള്‍ ആരോപണം വേഷം മാറിയോ? അഞ്ചാറ് കാര്യങ്ങള്‍ പറയാതെ നിര്‍വാഹമില്ല...
-തീര്‍ച്ചയായും, വ്യക്തമാണ്. ഞാന്‍ തിരിച്ചുവരാം. അബ്കാരിസാര്‍, ഈ കോഴവിവാദത്തിനു പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടെന്ന് കരുതുന്നുണ്ടോ?
- ഞാന്‍ ആദ്യമേ പറയുന്നതാണ്, ഇതെല്ലാം ചില തല്‍പരകക്ഷികള്‍ ഉണ്ടാക്കുന്നതാണെന്ന്. പണം കൊടുത്തതും വാങ്ങിയതും സത്യം തന്നെ. എന്നാല്‍...
- മന്ത്രിസാര്‍ പറയൂ.
- പണം കൊടുക്കുന്നതും വാങ്ങുന്നതുമൊന്നും തെറ്റായ കാര്യമല്ല. ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആരോ കൊടുത്തതുകൊണ്ടു തന്നെയാവും. കൊടുക്കല്‍ വാങ്ങലുകള്‍ ധനതന്ത്രവ്യവഹാരത്തിന്റെ ആധാരങ്ങളില്‍ പെടുമെന്ന് കീന്‍സ് മുതല്‍ ക്രൂഗ്മന്‍ വരെ പറഞ്ഞിട്ടുണ്ട്.
- ശരി, ശരി ഒരു കമേഴ്‌സ്യല്‍ ബ്രെയ്ക്ക് കൂടി.
***
ബ്രെയ്ക്കിനിടക്ക് സ്‌ക്രീനില്‍ പരസ്യങ്ങളും അണിയറയില്‍ രഹസ്യങ്ങളും ധാരാളമായി കൈകാര്യം ചെയ്യപ്പെട്ടു. വീണ്ടും ചര്‍ച്ചയിലേക്ക്.
- മന്ത്രിസാര്‍ പറഞ്ഞത് നമ്മള്‍ കേട്ടു. പണം കൊടുത്തിട്ടുമുണ്ട്, വാങ്ങിയിട്ടുമുണ്ട് എന്ന്. ശ്രീ ഇടംവലം എന്തു പറയുന്നു?
- അന്വേഷണം നടത്തണം.
ശ്രീമാന്‍ വടംവലി ചാണക്യന്‍, ഒറ്റവാക്കില്‍ പ്രതികരണം?
- വിവാദത്തിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്തണം. കുറ്റവാളികളെ പുറത്തുകൊണ്ടുവരണം.
-മന്ത്രിസാര്‍ എന്തുപറയുന്നു?
കുറ്റവാളികളെ പുറത്തുകൊണ്ടുവരരുത്. അകത്തിടുകയാണ് വേണ്ടത്. ഇവിടെ എന്താണ് സംഭവിച്ചത്? എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്...
- നന്ദി, മന്ത്രിസാര്‍. ശ്രീമാന്‍ അബ്കാരി, താങ്കളുടെ പ്രതികരണം?
- മന്ത്രിസാര്‍ പറഞ്ഞത് സത്യമാണ്. അദ്ദേഹം ഒരു തുറന്ന പുസ്തകമാണ്. തുറന്നുവെച്ച പറ്റുകണക്ക് പുസ്തകം. പണം കൊടുത്തവരും വാങ്ങിയവരുമുണ്ട് എന്ന വാദത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. പക്ഷേ...
- പക്ഷേ?
- പണം വാങ്ങിയത് ഞങ്ങള്‍ അബ്കാരികളാണ്. തന്നത് മന്ത്രിയും. മന്ത്രിക്ക് പണത്തിന് ആവശ്യം വന്നപ്പോള്‍ ഞങ്ങള്‍ കടം കൊടുത്തിരുന്നു. അത് ഇപ്പോള്‍ തിരിച്ചു തന്നു.
- അപ്പോള്‍ കോഴ എന്നു പറഞ്ഞത്?
- മദ്യപിച്ച് പറഞ്ഞു പോയതാണ്.
- ആരോപണം?
- മാധ്യമ സൃഷ്ടിയാണ്.
- നന്ദി, ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും.
കഥാംശം: ഇത് ശുഭപര്യവസായിയായ കഥയാണ്. അബ്കാരിക്ക് കൊടുത്തത് തിരിച്ചുകിട്ടി. മന്ത്രിക്ക് തലവേദന മാറി. ഭരണകക്ഷിക്ക് മന്ത്രിയെ വിരട്ടാനായി. പ്രതിപക്ഷത്തിന് ചാക്ക് നഷ്ടപ്പെട്ടില്ല. ചാനലിന് നല്ല 'കമേഴ്‌സ്യല്‍' ബ്രേക്കുകള്‍. ജനത്തിന് വീണ്ടും വിഡ്ഢിയാക്കപ്പെട്ട ആനന്ദം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top