സമാധാനം പ്രാപിച്ച ആത്മാവ്

താഹിറ. സി No image

      അല്ലയോ, സമാധാനം പ്രാപിച്ച ആത്മാവേ, നീ നിന്റെ നാഥനിലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തിനേടിയവനായും മടങ്ങിച്ചെല്ലുക. അങ്ങനെ നിന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊളളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. (അല്‍ ഫജര്‍: 27-30)
ചരിത്രത്തില്‍ ആദ്, ഇറം, സമൂദ് പോലുള്ള പ്രസിദ്ധ സമൂഹങ്ങള്‍ സ്വീകരിച്ച കര്‍മരീതിയും അവരുടെ പരിണിത ഫലവും എന്തായിരുന്നുവെന്ന് വിശദീകരിച്ച ശേഷം മറുവശത്ത് സത്യവിശ്വാസികളായ ജനതയുടെ സ്ഥിതി എന്താണെന്ന് അല്ലാഹു ഖുര്‍ആനിലൂടെ വിശദീകരിക്കുകയാണ്. ശങ്കയോ സംശയമോ അണു അളവുമില്ലാതെ നല്ല മനസ്സോടെ ആരെയും പങ്കാളിയാക്കാതെ ഏകദൈവത്തെ തന്റെ നാഥനായും പ്രാചകന്മാര്‍ കൊണ്ടുവന്ന മതത്തെ തന്റെ മതമായും അംഗീകരിച്ച മനുഷ്യനെയാണ് 'നഫ്‌സും മുത്വ്മഇന്ന' എന്ന് പറയുന്നത്. അല്ലാഹു സൂറത്തുറഅ്ദില്‍ പറയുന്നു: ''മനസ്സ് മടങ്ങിയവരെ അവന്‍ അവങ്കലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു.'' അതായത് വിശ്വസിക്കുകയും അല്ലാഹുവിന്റെ സ്മരണകൊണ്ട് തങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുകയും ചെയ്യുന്നവരേ, അറിഞ്ഞിരിക്കുക അല്ലാഹുവിന്റെ സ്മരണകൊണ്ടാണ് ഹൃദയങ്ങള്‍ സമാധാനമടയുന്നത്. മരണവേളയിലും മരണാനന്തര ജീവിതത്തിലുമെല്ലാം തന്നെ ഈ മഹാഭാഗ്യവാന്മാര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സ്വാഗതവും സന്തോഷവാര്‍ത്തയും ലഭിക്കുന്നതായിരിക്കും. ഈ അവസ്ഥയെ സൂറത്തുല്‍ 'അന്‍ആമില്‍' 'മനോവിശാലത' എന്നാണ് സൂചിപ്പിച്ചത്.
ഒരു മനുഷ്യന്‍ യഥാര്‍ഥ വിശ്വാസിയായി ജീവിക്കുമ്പോള്‍ ധാരാളം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും. അതൊക്കെയും അല്ലാഹുവിന് തന്നോട് വല്ല കോപവും ഉള്ളതുകൊണ്ട് നല്‍കുന്നതല്ല. മറിച്ച്, തന്റെ വിശ്വാസം എത്രത്തോളമുണ്ട് എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. ബുദ്ധിമുട്ട് വരുമ്പോഴേക്കും തന്റെ ഈമാന്‍ ചാഞ്ചല്യപ്പെട്ട് പോകുന്നുണ്ടോ എന്നറിയാനാണ് അല്ലാഹു പരീക്ഷിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ടത് പ്രവാചകന്മാരാണ്. പരീക്ഷണം കൂടുന്തോറും അവരുടെ ഈമാന്‍ വര്‍ധിക്കുന്നതാണ് നാം കണ്ടത്. മുഹമ്മദ് നബി ജനിക്കുമ്പോള്‍ തന്നെ പിതാവില്ല. ജനിച്ച് കുറച്ച് കഴിയുമ്പോഴേക്കും മാതാവും മരിച്ചു. സംരക്ഷകനായ പിതാമഹനും അധികം വൈകാതെ തന്നെ മരണപ്പെട്ടു. ഒരു മനുഷ്യന്‍ അനാഥനായി ജനിക്കുന്നതിനേക്കാള്‍ കവിഞ്ഞ ഒരു പരീക്ഷണവുമില്ല. എന്നിട്ടും വളരെ കരുത്തനായി അല്ലാഹുവിന് പൂര്‍ണ വിധേയപ്പെട്ട് ലോകജനതക്ക് വഴികാട്ടിയായും അവലംബമായും റസൂല്‍ (സ) മരണം വരെ ജീവിച്ചു. ഇനി മക്കളുടെ കാര്യം നോക്കുകയാണെങ്കിലോ, ആണ്‍കുട്ടികളെല്ലാം അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചു. ഇങ്ങനെ ചെറുപ്പം തൊട്ടേ അവലംബമാകേണ്ടവര്‍ അകാലത്തില്‍ ചരമമടഞ്ഞിട്ടും അദ്ദേഹത്തിന്റെ വിശ്വാസത്തിന് ഒരു പോറലുമേറ്റില്ല എന്നുമാത്രമല്ല അനുദിനം അത് വര്‍ധിച്ചുകൊണ്ടിരുന്നു.
ഇങ്ങനെ ജീവിച്ചിരിക്കുമ്പോള്‍ കരുത്തനായതുപോലെ മരണവേളയിലും അല്ലാഹു അവനോട് ശാന്തിയുടെയും സമാധാനത്തിന്റെയും വാക്കുകള്‍ പറയുമെന്നാണ് മുകളിലെ സൂക്തം സൂചിപ്പിച്ചത്. 'സമാധാനം പ്രാപിച്ച ആത്മാവേ, നീ നിന്റെ നാഥങ്കലേക്ക് തൃപ്തനായി മടങ്ങിക്കൊള്ളുക. നിനക്ക് അവിടെ ധാരാളം പ്രതിഫലവും അനുഗ്രഹവും ഒരുക്കിവെച്ചിട്ടുണ്ട്.' എത്ര ശക്തനെയും കീഴടക്കുന്നതാണ് മരണം. മരണത്തില്‍നിന്ന് ആര്‍ക്കും ഒളിച്ചോടാനാവില്ല. അല്ലാഹു ജീവന്‍ നല്‍കിയ ഏതൊരു സൃഷ്ടിയും ഒരു നാള്‍ മരിക്കും. മനുഷ്യന്റെതല്ലാത്ത ജീവജാലങ്ങളെ മനുഷ്യന്റെ ആവശ്യത്തിന് സൃഷ്ടിച്ചതാണ്. അവയുടെ ജീവിതത്തിനും മരണത്തിനും പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല. എന്നാല്‍ മനുഷ്യന്റെ സൃഷ്ടിപ്പിനും ജീവിതത്തിനും കൃത്യമായ ലക്ഷ്യവും ഉദ്ദേശ്യവുമുണ്ട്. അതുകൊണ്ട് മനുഷ്യന്റെ ജീവിതം പോലെ തന്നെ മരണവും അര്‍ഥമുള്ളതാണ്.
ഒരു സത്യവിശ്വാസി മരിക്കുമ്പോള്‍ നാമാരും ഭയപ്പെടേണ്ട ആവശ്യമില്ല. അവന്‍ അവന്റെ ദൈവത്തിങ്കലേക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും മടങ്ങിയവനാണ്. അവന് അവിടെ ലഭിക്കുന്ന സല്‍ക്കാരമോര്‍ത്ത് നാം സന്തോഷിക്കുകയാണ് വേണ്ടത്. ഹള്‌റത്ത് ബറാഅ്ബ്‌നു ആസിബ് നിവേദനം ചെയ്യുന്നു. ഒരു അന്‍സാരിയുടെ മൃതദേഹം മറവ് ചെയ്യാന്‍ തിരുമേനിയോടൊന്നിച്ച് ഞങ്ങള്‍ ശ്മശാനത്തിലെത്തി. ഖബര്‍ തയ്യാറായിട്ടുണ്ടായിരുന്നില്ല. ഞങ്ങളവിടെ കാത്തിരുന്നു. നബി (സ) വടികൊണ്ട് നിലത്ത് കോറിക്കൊണ്ട് അവിടെ ഇരുന്നു. അല്‍പനേരം കഴിഞ്ഞ് നബി (സ) ശിരസ്സുയര്‍ത്തി ഇങ്ങനെ പറഞ്ഞു: 'ഖബറിലെ ശിക്ഷയില്‍നിന്ന് അല്ലാഹുവില്‍ ശരണം തേടുക. വിശ്വാസി ഇഹലോകവാസം വെടിയുമ്പോള്‍ സൂര്യശോഭയുള്ള മുഖങ്ങളുമായി മാലാഖമാര്‍ വരും. അവരങ്ങനെ കണ്ണെത്താദൂരം വരെ നിരന്ന് ഇരിക്കുമ്പോഴാണ് മലക് അസ്‌റാഈല്‍ പ്രത്യക്ഷപ്പെടുക. പരിശുദ്ധവും സദ്ഗുണ സമ്പന്നവുമായ ആത്മാവേ അല്ലാഹുവിന്റെ കാരുണ്യത്തിലേക്കും മാപ്പിലേക്കും യാത്രയാവുക.' എന്ന് പറഞ്ഞുകൊണ്ട് സ്‌നേഹമസൃണമായി ആത്മാവിനെ എതിരേല്‍ക്കും. സുഗന്ധപൂരിതമായ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നുപോവും. വഴിമധ്യേ കണ്ടുമുട്ടുന്ന മാലാഖമാരോട് ഈ മലക്കുകള്‍ തങ്ങള്‍ കൊണ്ടുപോകുന്ന ആത്മാവിന്റെ വിശേഷണങ്ങള്‍ ഒര ചെയ്യുന്നതാണ്. ഏഴാകാശങ്ങളും പിന്നിട്ട് മാലാഖമാരുടെ സംഘം ദൈവസന്നിധിയില്‍ എത്തിച്ചേരും. അവിടെ സര്‍വ്വശക്തന്റെ ആജ്ഞപ്രകാരം അവര്‍ പ്രസ്തുത മനുഷ്യന്റെ പേര്‍ സദ്‌വൃത്തരുടെ പട്ടികയില്‍ രേഖപ്പെടുത്തിയ ശേഷം ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരും. പിന്നെ ആത്മാവ് ഭൗതിക ജഡവുമായി സന്ധിക്കും. ശേഷം രണ്ട് മാലാഖമാര്‍ ആഗതരാവും. അവര്‍ ചോദിക്കും.
'നിന്റെ രക്ഷിതാവാര്?' അവന്‍ മറുപടി പറയും. 'എന്റെ രക്ഷിതാവ് അല്ലാഹുവാണ്.' അവര്‍ തുടര്‍ന്ന് ചോദിക്കുന്നു. 'ഏതാണ് നിന്റെ മതം?' അവന്‍ പറയും. 'എന്റെ മതം ഇസ്‌ലാമാണ്.' അവര്‍ ചോദിക്കും: 'ആരാണ് നിനക്കെത്തിച്ചു തന്നത്?' അവന്‍ പറയും. 'മുഹമ്മദ് റസൂലുല്ലാഹ്.' അവര്‍ ചോദിക്കും. 'നീ പ്രവര്‍ത്തിച്ചതെന്ത്?' അവന്‍ പറയും. 'ഞാന്‍ ദൈവ ഗ്രന്ഥം പാരായണം ചെയ്തു. അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.' ഇത്രയും കഴിയുമ്പോള്‍ ഒരശരീരി ഇങ്ങനെ വിളിച്ചുപറയും. 'എന്റെ ദാസന്‍ സത്യം പറഞ്ഞു. വസ്ത്രങ്ങളണിയിക്കുക.' സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു. അവന്റെ ഖബര്‍ വിശാലമാക്കപ്പെടുകയും ചെയ്യും. നന്നായി വസ്ത്രം ധരിച്ച ഒരു സുമുഖന്‍ വന്ന് അവനോട് പറയും ഇതാണ് നിനക്ക് വാദ്ഗത്തം ചെയ്യപ്പെട്ട സുദിനം. നിങ്ങളാരാണ് എന്ന ചോദ്യത്തിനുത്തരമായി പ്രസ്തുത സുമുഖന്‍ ഇങ്ങനെ പറയും. ഞാന്‍ നിന്റെ മുഖം കാണാന്‍ യോഗ്യനും ശുഭവാര്‍ത്ത കേള്‍പ്പിക്കാന്‍ അര്‍ഹനുമാണ്. ഞാന്‍ നിന്റെ സല്‍കര്‍മങ്ങളാണ്. ഖബറിലെ ആ മനുഷ്യന്‍ പറയുകയായി. ''രക്ഷിതാവേ, പുനരുത്ഥാനം വേഗം സംഭവിപ്പിക്കൂ. എനിക്കന്റെ ബന്ധുക്കളും നന്മകളുമായി ബന്ധം സ്ഥാപിക്കാമല്ലോ.'
പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനും ബോസ്‌നിയയുടെ മുന്‍പ്രസിഡന്റുമായ അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ ഉമ്മയുടെ മരണത്തെക്കുറിച്ച് പറയുകയാണ്. ''എന്റെ ഉമ്മ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോയ നാളുകള്‍ എന്റെ ഹൃദയം ദുഃഖം കൊണ്ടും വേദന കൊണ്ടും പുളയുകയായിരുന്നു. അന്നാളുകളില്‍ ഞാന്‍ സൂറ അല്‍ ഫജ്‌റുമായി ഒരു നിമിഷം വേര്‍പ്പിരിയുമായിരുന്നില്ല. സമാധാനം പ്രാപിച്ച ആത്മാവേ, നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക. സൗന്ദര്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ഈ സൂക്തത്തിന്റെ മുമ്പില്‍ ഞാന്‍ നിത്യവും ഏറെ നേരം നില്‍ക്കുമായിരുന്നു. അപ്പോഴെന്റെ കണ്ണുകള്‍ വികാര തീവ്രപതയാല്‍ ജലാര്‍ദ്രങ്ങളായി മാറും. ഈ വിശുദ്ധ വചനത്തേക്കാള്‍ നല്ല സാന്ത്വനവാക്കുകള്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ചലനമറ്റുകിടക്കുന്ന തന്റെ ഓമനപുത്രന്റെ മുഖം ചുംബനങ്ങള്‍കൊണ്ട് പൊതിയാന്‍ വിധി നിര്‍ബന്ധിച്ചാല്‍ ഒരു മനുഷ്യനോട് ഇതിലും കൂടുതല്‍ മനസ്സില്‍ തട്ടുന്ന സാന്ത്വന വാക്കുകള്‍ പറയാന്‍ ആര്‍ക്കു കഴിയും? ഞാന്‍ സ്വയം ചോദിക്കുമായിരുന്നു.
സമാധാനം പ്രാപിച്ച ആത്മാവിനോട് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്നുപറയപ്പെടുന്നതിനു മുമ്പ് എന്റെ അടിമകള്‍ക്കൊപ്പം പ്രവേശിച്ചുകൊള്ളുക എന്നാണ് പറഞ്ഞിരിക്കുന്നത്. സ്വര്‍ഗമെന്നത് സുഖാനന്ദത്തിന്റെ ഏകാന്തമായ ഒരു തുരുത്തല്ല. ഒരേ വിശ്വാസവും ആദര്‍ശവും പങ്കുവെക്കുന്ന, അതിനു വേണ്ടി അധ്വാനപരിശ്രമങ്ങള്‍ നടത്തിയവവര്‍ ഒത്തുചേരുന്ന ആഹ്ലാദകരമായ അവസ്ഥയാണ്. 'നീ എന്നെ സന്മാര്‍ഗത്തിലേക്ക് വഴികാട്ടണം, നീ അനുഗ്രഹിച്ചവരുടെ വഴി, (ഫാത്തിഹ: 6-7) എന്നതാണ് ഭൂമിയിലെ വിശ്വാസിയുടെ വലിയ പ്രാര്‍ഥനകളില്‍ ഒന്ന്. ഒറ്റക്ക് ഞാന്‍ മാത്രമായി ദൈവത്തിന്റെ ഉത്തമദാസനാവുകയല്ല ആദം (അ)യും ഹവ്വാ ബീവിയും മുതലുള്ള ആ ചരിത്ര ശൃംഖലയില്‍ ഒരു കണ്ണിയാക്കണേ എന്നാണ് വിശ്വാസി പ്രാര്‍ഥിക്കുന്നത്. അതിന്റെ തുടര്‍ച്ച അല്ലെങ്കില്‍ ഏറ്റവും വലിയ സാക്ഷാത്ക്കാരമായാണ് അല്ലാഹു സ്വര്‍ഗത്തെ രൂപകല്‍പ്പന ചെയ്യുന്നത്. ''സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നാം സജ്ജനങ്ങളില്‍ പ്രവേശിപ്പിക്കും.'' (അന്‍കബൂത്ത്: 7) സ്വര്‍ഗത്തില്‍ സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും സദ്‌വൃത്തരുടെയും കൂടെ പ്രവേശിപ്പിക്കണേയെന്നാണ് വിശ്വാസിയുടെ പ്രാര്‍ഥന.(അന്നിസാഅ്: ) പങ്കുവെച്ചാല്‍ ഇരട്ടിക്കുന്ന സന്തോഷത്തിന്റെ അല്ലെങ്കില്‍ പങ്കുവെക്കുക എന്നതുതന്നെ സന്തോഷമാകുന്ന ദിവ്യവും പരിശുദ്ധവുമായ സാമൂഹികതയുടെ ഇടമാണ് സ്വര്‍ഗം.
ആത്മാവ് എക്കാലത്തും മനുഷ്യന്റെ അന്വേഷണങ്ങളിലെ ഒരു പ്രഹേളികയാണ്. ആ ആത്മാവിനെ തന്നെ അഭിസംബോധന ചെയ്യുന്ന സുപ്രധാന സൂക്തമാണിത്. ആത്മാവിനെക്കുറിച്ച വ്യക്തതകള്‍ നല്‍കുന്ന അത്യുജ്വലമായ ഒരു വിശദീകരണം കൂടിയാണിത്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top