മനുഷ്യര്‍ രണ്ടു തരം - വീടുവെച്ചവരും വീടുവെക്കാനുള്ളവരും.
വീടുവെക്കാനുള്ളവര്‍ രണ്ടുതരം - വിവിധ ആപ്പീസുകളില്‍ വിവിധ അപേക്ഷകള്‍ കൊടുത്ത്
മനുഷ്യര്‍ രണ്ടു തരം - വീടുവെച്ചവരും വീടുവെക്കാനുള്ളവരും.
വീടുവെക്കാനുള്ളവര്‍ രണ്ടുതരം - വിവിധ ആപ്പീസുകളില്‍ വിവിധ അപേക്ഷകള്‍ കൊടുത്ത് വിവിധ അനുമതികള്‍ കാത്തിരിക്കുന്നവരും, അപേക്ഷ കൊടുക്കാന്‍ ധൈര്യം സംഭരിച്ചുകൊണ്ടിരിക്കുന്നവരും. ഇപ്പറഞ്ഞ രണ്ടാം ഗണത്തില്‍ പെടുന്നവരാണ് മണല്‍ കിട്ടാന്‍ കാത്തിരിക്കുന്നവരും മണലിനായി അപേക്ഷ കൊടുക്കാന്‍ കാത്തിരിക്കുന്നവരും.
ഈയിടെയായി എല്ലാവര്‍ക്കും ആശ്വാസം. കാരണം പൗരന്മാരുടെ സകല പ്രശ്‌നങ്ങളും തീര്‍ക്കാന്‍ പോകുന്ന മൂന്നു നിയമങ്ങള്‍ അടുത്ത കാലത്ത് നിലവില്‍ വന്നിരിക്കുന്നു.
ഒന്ന്, വിവരാവകാശനിയമം. രണ്ട്, സേവനാവകാശ നിയമം. മൂന്ന്, പരാതി പറഞ്ഞാല്‍ കേള്‍ക്കപ്പെടാനുള്ള നിയമം. മണലപേക്ഷ എവിടെ തുടങ്ങി എന്നറിയാന്‍ വിവരാവകാശം. ഫയല്‍ നീക്കിക്കിട്ടാന്‍ സേവനാവകാശം. അതും നടന്നില്ലെങ്കില്‍ പരാതി അവകാശം.
വീട്ടപേക്ഷ കൊടുക്കുന്നതിന് മുമ്പ് നിങ്ങള്‍ വാടക വീട്ടിലാണ്. അപേക്ഷ കൊടുത്ത് എട്ടുവര്‍ഷം കഴിഞ്ഞിട്ടും അങ്ങനെ തന്നെ. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ മുമ്പില്ലാത്ത ആശ്വാസത്തിലാണ്. കാരണം നിങ്ങള്‍ക്കറിയാം ഏതു സമയത്തും അപേക്ഷ എവിടെയുണ്ടെന്ന വിവരം നിങ്ങള്‍ക്ക് കിട്ടും; ഏതു സമയത്തും സേവനാവകാശമെന്ന നിലക്ക് നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടു കാണിച്ചു തരും; ഏതുസമയത്തും നിങ്ങള്‍ക്ക് പരാതിക്കെട്ടഴിച്ച് ആപ്പീസിലെ തിരുഫയലിലേക്ക് ഇട്ടുകൊടുക്കാം.
***
- അമ്മേ, രാവിലെ ചായക്ക് എന്തൊക്കെ?
- എളുപ്പം എടുക്കമ്മേ, വിശക്കുന്നു.
- എത്ര നേരമായി കാത്തിരിക്കുന്നു; ഇതുവരെ ആയില്ലേ?
മൂന്നു ചോദ്യങ്ങളും ശ്രദ്ധിച്ചില്ലേ? മൂന്നു നിയമങ്ങളാണവ.
''ചായക്ക് എന്തൊക്കെ?'' - വിവരാവകാശം.
''എളുപ്പം എടുക്കമ്മേ'' - സേവനാവകാശം
''എത്ര നേരമായി ഇരിക്കുന്നു!'' - പരാതിയവകാശം.
അവകാശങ്ങളെല്ലാം നിയമത്തിലുള്‍പെട്ടു കഴിഞ്ഞതിനാല്‍ അവ നിഷേധിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് 'ചായക്ക് എന്തൊക്കെ' എന്ന ചോദ്യത്തിന് മറുപടി പറഞ്ഞേ തീരൂ. 'പുട്ടും കടലയും' എന്നു പറയാം. ''ദോശയും ചമ്മന്തീം'' എന്നുമാവാം. ആദ്യത്തേത് പറഞ്ഞിട്ട് രണ്ടാമത്തേത് വിളമ്പിയാലും പ്രശ്‌നമില്ല. തെറ്റായാലും, എന്തെങ്കിലും വിവരം കൊടുത്തേ പറ്റൂ. എത്രയും വേഗം കൊടുത്തില്ലെങ്കില്‍ പിഴയുണ്ട്. ''ഒരു പുട്ടോ ദോശയോ'' (പ്രസക്തമല്ലാത്തത് വെട്ടിക്കളയുക) അമ്മയുടെ വിഹിതത്തില്‍ നിന്ന് കുറവു വരുത്തേണ്ടതാകുന്നു'' എന്ന് നിയമം അനുശാസിക്കുന്നു.
ഒരു രംഗം പരിശോധിക്കാം.
-അമ്മേ, രാവിലെ ചായക്ക് എന്തൊക്കെ?
-പോയി പല്ലു തേച്ച് വാടാ. എട്ടുമണിവരെ പോത്തുപോലെ കിടന്നുറങ്ങീട്ട് ചോദിക്കുന്നു. പുട്ടിന് കുറച്ച് പഴം വാങ്ങിക്കൊണ്ടുവരാന്‍ ഒരുത്തനേം കാണുന്നില്ല. എന്നിട്ടിപ്പോ... അതെങ്ങനെ? നിന്റച്ഛന്‍ അതിലും വലിയ ഉറക്കമല്ലേ?
ഈ മറുപടിയില്‍, പോത്തുകള്‍ക്കെതിരായ അപവാദമൊഴിച്ചാല്‍ വേറെ അസത്യങ്ങള്‍ ഒന്നുമില്ല. ഔപചാരിക ശൈലിയിലല്ലെങ്കില്‍ പോലും, ഉത്തരം നല്‍കിയ സ്ഥിതിക്ക് മേല്‍നടപടിക്കു വകയില്ല.
ഇനി മറ്റൊരു രംഗം.
- എളുപ്പം എടുക്കമ്മേ. വിശക്കുന്നു.
- അവിടിരി! ഇപ്പോ എടുക്കാനൊന്നും മനസ്സില്ല. ഉച്ചക്ക് എണീറ്റ് വന്നിങ്ങിരുന്നാ മതീല്ലോ...
ഇത്രയും ഡയലോഗിനിടക്ക് അമ്മ പുട്ടും ചായയും മേശപ്പുറത്ത് നിരത്തിയിട്ടുണ്ടാകും. പക്ഷേ, അതുകൊണ്ടൊന്നും ശിക്ഷാനടപടി ഒഴിവാകില്ല. സേവനം വാക്കാല്‍ നിഷേധിച്ചു എന്നത് തന്നെ കാരണം. സേവനാവകാശം നിഷേധിച്ചാല്‍ നടപടി ഉണ്ടാകും. അച്ഛന്‍ എന്ന സര്‍ക്കാര്‍, അമ്മ എന്ന ജീവനക്കാരിയോട് വിശദീകരണം ചോദിക്കും.
പകരം അമ്മ, ''ഇതാ ഉടനെ തരാം'' എന്ന് പറഞ്ഞിട്ട് ''സേവനം'' പിന്നെയും വെച്ചുതാമസിപ്പിച്ചിരുന്നെങ്കില്‍ നിയമത്തിനു മുമ്പില്‍ സുരക്ഷിതയായേനെ. സര്‍ക്കാറാപ്പീസുകള്‍ ഏതു
നിയമത്തിനു മുന്നിലും പിടിച്ചുനില്‍ക്കുന്നത് ഈ സൂത്രം കൊണ്ടാണ്. അതുതന്നെ പിന്നീടുള്ള ''പരാതി കേള്‍ക്കല്‍ അവകാശ''ത്തിന്റെയും കാര്യം. പരാതി കേള്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. കേട്ട് മറ്റേ ചെവി വഴി പുറത്ത് വിട്ടാല്‍ സുരക്ഷിതമായി.
***
വീടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന്, അതിനുള്ള അപേക്ഷ സമര്‍പ്പിച്ചവരുടെ കൂട്ടത്തിലേക്ക് ഉപ്പായി, സ്ഥാനം മാറിയിട്ട് കുറച്ച് കൊല്ലമായി. (എത്ര കൊല്ലമെന്നറിയാന്‍ വിവരാവകാശച്ചോദ്യം ചോദിച്ചാലോ എന്ന് ആലോചിക്കുന്നുണ്ട്).
സ്ഥലം വാങ്ങല്‍, വീടുണ്ടാക്കാനുള്ള പണം കണ്ടെത്തല്‍, വീടുനിര്‍മാണം എന്നിവയാണ് ഏറ്റവും പ്രയാസമെന്ന് കരുതിയ ഉപ്പായി ഇപ്പോള്‍ പറയുന്നു, ആദ്യ കടമ്പയായ പ്ലാന്‍ പാസാക്കല്‍ തന്നെ പത്തുവീടിന്റെ പണിയാണെന്ന്.
രജിസ്‌ട്രേഷനും പോക്കുവരവും പ്ലാന്‍ വരയും ''സേവനാവകാശ'' പ്രകാരം എല്ലാവര്‍ക്കും കൈമടക്കും കഴിഞ്ഞപ്പോള്‍ വീടിന്റെ ''പാലുകാച്ചലി''നും വെഞ്ചരിപ്പിനും വിളിക്കേണ്ടവരുടെ പട്ടിക മനസ്സുകൊണ്ട് എഴുതിത്തുടങ്ങിയതായിരിന്നു ഉപ്പായി. അപ്പോള്‍ അറിഞ്ഞു, ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടതുണ്ടെന്ന്.
അല്‍പം കൂടി ''സേവനാവകാശം'' അങ്ങുമിങ്ങുമായി കൊടുത്തപ്പോള്‍ അത് ശരിയായി. ധൈര്യത്തോടെ പഞ്ചായത്താപ്പീസിലേക്ക് ചെന്നു. ''ഉടനെ ശരിയാകും''- ''സേവനാവകാശ'' പ്രകാരം കൈമടക്കിയപ്പോള്‍ പ്യൂണ്‍ ഉറപ്പു പറഞ്ഞു.
ഗൃഹപ്രവേശത്തിന് അളിയന്മാരുടെ അളിയന്മാരെ വിളിക്കുന്നത് ലാഭമോ നഷ്ടമോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഓര്‍ത്തത് - പ്ലാന്‍ കിട്ടുമെന്ന് പറഞ്ഞിട്ട് കുറെയായല്ലോ.
ഉപ്പായി ആലോചിച്ചു: വിവരാവകാശം പ്രയോഗിക്കണോ, ''സേവനാവകാശം'' കുറച്ചുകൂടി കൊടുത്തു നോക്കണോ, അതോ ''പരാതി കേള്‍പ്പിക്കല്‍ ഘട്ട''ത്തിലേക്ക് പ്രവേശിക്കണോ?
അവസാനത്തേതാകാമെന്നു വെച്ചു.
പരാതി എഴുതിയുണ്ടാക്കി. ''പരാതി കേള്‍ക്കലാ''ണ് നിയമമെങ്കിലും മുഴുവന്‍ വിവരവും കൃത്യമായി എണ്ണിപ്പറയാന്‍ നല്ലത് രേഖാമൂലം സമര്‍പ്പിക്കലാണല്ലോ.
പോരെങ്കില്‍ ആപ്പീസിലെ ''പരാതി കേള്‍ക്കല്‍'' ഉദ്യോഗസ്ഥന് ചെവി ശരിക്ക് കേട്ടുകൂടാ താനും.
പരാതി സമര്‍പ്പിച്ചു. പുതിയ നിയമങ്ങളുടെ ശക്തി ഉപ്പായിക്ക് ബോധ്യപ്പെട്ടു. മുമ്പായിരുന്നെങ്കില്‍ പരാതിയുമായി ചെന്നാല്‍ ചെവി കേള്‍ക്കുന്നയാള്‍ പോലും പെട്ടെന്ന് ബധിരനാകും. പക്ഷേ ഇപ്പോള്‍, പരാതി എന്നുച്ചരിക്കുമ്പോഴേ ആപ്പീസര്‍ ഇരിക്കാന്‍ പറഞ്ഞു. പരാതി രജിസ്റ്ററില്‍ ഒപ്പുവെപ്പിച്ചു. കൂടുതല്‍ പരാതി കിട്ടിയാല്‍ ''വര്‍ക്ക് ലോഡും'' സ്റ്റാഫിന്റെ എണ്ണവും കൂട്ടാമെന്ന് ചിലര്‍ കണക്കുകൂട്ടി വെച്ചിട്ടുണ്ടെന്ന് ഉപ്പായി അറിഞ്ഞില്ല.
ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു. പരാതിക്ക് ഫലമില്ലേ? ഉപ്പായി ഒന്നുകൂടി പ്യൂണിന് ''സേവനാവകാശം'' കൊടുത്തിട്ട് കാര്യമന്വേഷിച്ചു.
പരാതി കേള്‍ക്കണമെന്നാണ് നിയമമെന്നും അത് കേട്ടും വായിച്ചും കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ മുറപോലെ നടക്കുമെന്നും കൂടുതല്‍ പരാതികള്‍ ഉണ്ടെങ്കില്‍ ഉടനെ കൊടുക്കാവുന്നതാണെന്നും ആപ്പീസറില്‍ നിന്ന് വിവരം കിട്ടി.
വിവരാവകാശം പ്രയോഗിച്ചാലോ? ഉപ്പായി ചോദ്യം തയ്യാറാക്കി വിക്ഷേപിച്ചു. മാസമൊന്നു കഴിഞ്ഞപ്പോള്‍ മറുപടി കിട്ടി. അപേക്ഷക്കൊപ്പം നികുതിയടച്ച രശീതി ഇല്ലാത്തതിനാല്‍ അതിന്മേല്‍ നടപടി സ്തംഭിച്ചിരിക്കുകയാണത്രെ. കണ്ടേ, വിവരാവകാശത്തിന്റെ ഒരു ശക്തി!
നികുതിയടക്കാന്‍ ചെന്നപ്പോഴല്ലേ മറ്റൊരു വിവരം കിട്ടുന്നത്. അഞ്ചുവര്‍ഷത്തിലേറെയായി നികുതി അടച്ചിട്ടില്ലാത്തതിനാല്‍ ഇനി രശീതി മതിയാവില്ല. ''കുടിപ്പത്രം'' വില്ലേജാപ്പീസില്‍ നിന്ന് സമ്പാദിച്ച്, നികുതിയടച്ച് രശീതിയടക്കം സമര്‍പ്പിക്കണം.
ഉപ്പായി വില്ലേജാപ്പീസിനെ ലക്ഷ്യമിട്ട് നടത്ത പരമ്പര ആരംഭിച്ചു. അവിടെയും ''സേവനാവകാശം'' തരം പോലെ വിതരണം ചെയ്ത് ഒടുവില്‍ ''വിവരാവകാശം'' സിദ്ധിച്ചത് ഇങ്ങനെ:
കാര്യം ശരിയാകാന്‍ വില്ലേജാപ്പീസര്‍ക്ക് ഒഴിവുണ്ടാകണം. അദ്ദേഹം ഇപ്പോള്‍ തിരക്കിലാണ്. കാരണം, ഭരണം കാര്യക്ഷമമാക്കാനും സേവനങ്ങള്‍ ജനങ്ങള്‍ക്ക് സുതാര്യമായി
ലഭിക്കാനുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വരുന്നുണ്ട്. വില്ലേജാപ്പീസര്‍ അതിന്റെ തിരക്കിലാണ്. അത് കഴിഞ്ഞാല്‍ മുറപോലെ ഉപ്പായിയുടേതടക്കമുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹം നോക്കുന്നതാണ്.