ഒരിക്കല്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായി സൈലന്റ് വാലി ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ പോയി. മാനവിക വിഷയവും ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കുന്നവരുണ്ട് കൂടെ. ഭൂരിപക്ഷം
ഒരിക്കല്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായി സൈലന്റ് വാലി ദേശീയോദ്യാനം സന്ദര്‍ശിക്കാന്‍ പോയി. മാനവിക വിഷയവും ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കുന്നവരുണ്ട് കൂടെ. ഭൂരിപക്ഷം പേരും കാടിനെക്കുറിച്ച് കേട്ടതല്ലാതെ കാട് കണ്ടിട്ടില്ല. കാടിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചലച്ചിത്രങ്ങള്‍ കണ്ടവരോ വായിച്ചവരോ ആണ് ചിലര്‍. യാത്രക്കിടയില്‍ അവരില്‍ പലരും ചോദിച്ചിരുന്ന ചോദ്യങ്ങള്‍ ഏറെക്കുറെ മൃഗങ്ങളെക്കുറിച്ചായിരുന്നു: ''രണ്ട് ദിവസത്തിനിടക്ക് നമുക്ക് വല്ല മൃഗങ്ങളേയും കാണാന്‍ പറ്റ്വോ? സിംഹവാലന്‍ കുരങ്ങിന്റെ ഒരു ഫോട്ടോയെങ്കിലും എടുക്കാന്‍ പറ്റ്വോ? സര്‍, ഇവിടെ ആനയുണ്ടോ? പുലിയുണ്ടോ ...?''
ചോദ്യങ്ങളും സംശയങ്ങളും ഉള്ളില്‍ വെച്ച് നാലഞ്ച് മണിക്കൂറോളം യാത്ര ചെയ്ത് സൈലന്റ് വാലിയിലെത്തി. വനംവകുപ്പിന്റെ ഡോര്‍മെറ്ററിയിലായിരുന്നു താമസം. ക്ലാസുകളും. വസ്തുവകകളുമടുക്കിവെച്ച് ഹാളിലെത്തിച്ചേരാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. ''നമ്മുടെ ഭൂമിക്ക് കിട്ടിയ വരദാനമാണ് കാട്. പ്രകൃതിയുടെ ഏറ്റവും മേന്മയുറ്റ സ്വഭാവവിശേഷങ്ങള്‍ കൂടിച്ചേര്‍ന്ന ഒരത്ഭുത ലോകം. കാട് നിങ്ങള്‍ക്ക് ബാഹ്യതലത്തില്‍ കാണാം; കുറെ മരങ്ങളും അരുവിയും ചിലപ്പോള്‍ മൃഗങ്ങളെയും. കാട് അതിന്റെ ആന്തരിക തലങ്ങളില്‍ കാണണമെങ്കില്‍ നിങ്ങള്‍ സ്വയം തയ്യാറാകേണ്ടതുണ്ട്. കാടിന്റെ ഭാഗമാവാന്‍ ശ്രമിക്കാതെ കാടിനെ ആസ്വദിക്കാനാവില്ല.'' ഞാനവരോട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞു.
അവരത് ശ്രദ്ധയോടെ കേട്ടു. ചിലര്‍ക്ക് വിയോജിപ്പുകളുണ്ട് എന്നവരുടെ മുഖം വിളിച്ചുപറഞ്ഞു. ചിലര്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ എന്ത് 'ജോളിയാ' ഉള്ളതെന്ന് വിചാരിച്ചിട്ടുണ്ടാവണം. സത്യത്തില്‍ ആ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്റേതുമാത്രമായിരുന്നില്ല. മുമ്പൊരിക്കല്‍ എന്റെ ആദ്യ വന സന്ദര്‍ശന പരിപാടിയില്‍, ക്യാമ്പിലെ ആദ്യത്തെ രാത്രിയില്‍, പ്രൊഫ. ജോണ്‍ സി ജേക്കബ്. പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. വയനാട്ടിലെ മുത്തങ്ങയില്‍ നടത്തിയ ആ പഠന ക്യാമ്പില്‍ നേതൃത്വം ജോണ്‍.സി സാറിനായിരുന്നു.
കാട്ടില്‍ പരിസ്ഥിതി പഠന ക്യാമ്പുകള്‍ വിദ്യാര്‍ഥികള്‍ക്കായി ആദ്യമായി നടത്തിയ ആള്‍, എന്റെ അറിവില്‍ ജോണ്‍.സി സാറാണ്. ഗുരുമുഖത്തുനിന്നും ലഭിച്ച ഏത് കാലത്തും ഏത് കാട്ടിലും പ്രാധാന്യവും പ്രസക്തിയുമുള്ള കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ എന്റെ വിദ്യാര്‍ഥികള്‍ക്ക് കൈമാറിയത്.
ചിലരതുകേട്ട് കാടിനെക്കുറിച്ചുള്ള അവരുടെ മുന്‍വിധികള്‍ എന്തെല്ലാമായിരുന്നുവെന്നും അതു മാറുമോ എന്നറിയില്ല എന്നും പറഞ്ഞു. കാട് സന്ദര്‍ശിക്കും മുമ്പ് ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ ഇന്നേവരെ ആരും നല്‍കിയിട്ടില്ലെന്നും, എവിടെയും വായിച്ചിട്ടില്ലെന്നും ചിലര്‍ പറഞ്ഞു. രണ്ടുപേര്‍ വിഭൂതിഭൂഷണിന്റെ 'അരണ്യക്' നോവല്‍ വായിച്ചും ആവേശം കൊണ്ടവരാണ്. ഒരാള്‍ വിലാസിനിയുടെ 'അവകാശികളി' ലെ വനസന്ദര്‍ശനത്തെക്കുറിച്ച് ഓര്‍ത്തു. കഥകളില്‍ കണ്ട കാട് ഇവിടെയൊക്കെ ഉണ്ടാവുമോ എന്ന് ഭയപ്പെട്ടു. പോയി നോക്കാമല്ലോ എന്ന് സ്വയം പറയുകയും ചെയ്തു. രാത്രി ഭൂരിഭാഗം പേരും എന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് സ്വയം വന സന്ദര്‍ശനത്തിന് പാകപ്പെടുത്താന്‍ തുടങ്ങി.
പിറ്റേന്ന് കാട്ടില്‍ പോയി. കാട്ടില്‍ വെച്ച് അവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറി. കലപില കൂട്ടിയില്ല. എമ്പാടും സംസാരിക്കുന്ന രണ്ടുമൂന്ന് പെണ്‍കുട്ടികള്‍ കൂടുതല്‍ മൗനികളാകുകയും, അവരുടെ ഉള്ളം പുതിയ അനുഭവങ്ങള്‍ സ്വരൂപിച്ചെടുക്കുകയും ചെയ്തു. പ്രകൃതിയുമായി ലയിച്ച് അതിന്റെ ഭാഗമായി അവരില്‍ പലരും കാടിനെ അറിയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
വനസന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം എല്ലാവരും വട്ടത്തിലിരുന്ന് കാട് എങ്ങനെ അവരറിഞ്ഞു എന്ന് പങ്കുവെച്ചു. സത്യത്തില്‍ വനസന്ദര്‍ശനം അവര്‍ക്ക് പുതിയൊരനുഭവമായിരുന്നു.
അവര്‍ പറഞ്ഞ പ്രതികരണങ്ങള്‍ പലതും ഞാന്‍ ഓര്‍മിക്കുന്നു: 'കാടിന്റെ പുറംഭംഗിയല്ല പ്രധാനമെന്ന് മനസ്സിലായി.' 'കാട്ടിലെ അത്ഭുതങ്ങള്‍ അറിയാന്‍ മനഃശുദ്ധിയോടെ സമീപിച്ചാലേ സാധിക്കൂ. അപ്പോള്‍ സര്‍വ്വേശ്വരന്റെ ചൈതന്യമറിയാം' (പറഞ്ഞയാള്‍ ഒരു വിശ്വാസിയായിരുന്നു). പലതും പങ്കുവെച്ച കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി (ദീപ, ഇന്ന് അധ്യാപികയാണ്) പറഞ്ഞു: 'ഞാനിനി ഒരില പോലും നുള്ളില്ല.
പൂ എന്റെ കൈകൊണ്ട് പറിക്കില്ല. അതൊക്കെ കൂടിച്ചേരുമ്പോഴാണ് പ്രകൃതി പൂര്‍ണമാകുന്നതെന്ന് മനസ്സിലായി.' 'എല്ലാം എങ്ങനെ സംയോജിച്ചുകിടക്കുന്നുവെന്ന ബാഹ്യവും ആന്തരികവുമായ സത്യമറിയാന്‍ കാട് വരെ വരേണ്ടിവന്നു' (പറഞ്ഞത് ഒരു ഫിസിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു).
വിദ്യാര്‍ഥികളുടെ ഈ അനുഭവം മറ്റുള്ളവര്‍ക്കുള്ള പാഠങ്ങളാണ്. നമ്മള്‍ പ്രകൃതിയെ ആസ്വദിക്കാന്‍ മുതിരുമ്പോള്‍, മനസ്സുകൊണ്ട് ഒരുങ്ങിയിട്ടില്ല എന്നതാണ് പ്രധാനം. കാട്ടില്‍ കല്ലും മണ്ണും വെള്ളവുമുണ്ട്. സസ്യജാലങ്ങളും ജീവജാലങ്ങളും കാടിന്റെ അനിവാര്യ ഘടകങ്ങളാണ്. അവയുടെ നിലനില്‍പ്പ് പരസ്പര പൂരകമാണ്. സഹവര്‍ത്തിത്വത്തിന്റെ പരിപൂര്‍ണ സത്യമാണ് വനം വെളിപ്പെടുത്തുന്നത്. ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല. ഒന്ന് മറ്റൊന്നിന്റെ അനിവാര്യഭാഗമായി മാറുന്നു. എല്ലാം കൂടിച്ചേരുന്നതില്‍ നിന്നാണ് ശാന്തിയും സുസ്ഥിരതയുമുണ്ടാകുന്നത്. അവ ഏകം ആയിമാറുന്നു.
മൗറീഷ്യസ് ദ്വീപുകളിലെ ഡോഡോ പക്ഷികള്‍ ഇന്നില്ല. ഉന്മൂല നാശം വന്ന ജീവി. ഇംഗ്ലീഷ് കുടിയേറ്റക്കാലത്ത് രണ്ടോ മൂന്നോ ദശകങ്ങള്‍കൊണ്ട് കൊന്ന് നശിപ്പിച്ചതായിരുന്നു ഡോഡോയെ. ഇംഗ്ലീഷില്‍ ഒരു പറച്ചിലുമുണ്ടാക്കി ആ പറവ ഭൂമിയില്‍നിന്ന് എന്നേക്കുമായി ഇല്ലാതായി: ''ഡെഡ് ലൈക് ഡോഡോ.'' പിന്നീടാണ് പരിസ്ഥിതിയെക്കുറിച്ച് പഠിച്ചവര്‍ കണ്ടെത്തിയത്; ഡോഡോ ഇല്ലാതായപ്പോള്‍ കുറെ ജലസസ്യങ്ങളും ഇല്ലാതായെന്ന്. ഡോഡോ തിന്ന് വിത്തുകള്‍ കാഷ്ഠിക്കുമ്പോഴായിരുന്നു ആ ചെടികള്‍ മുളച്ചത്. അവ ഇല്ലാതായപ്പോള്‍ ചെറിയ ജിവികള്‍കൂടി ഇല്ലാതായി. ചില ബാക്ടീരിയകള്‍ പോലും. ഈ ഭൂമിയിലെ ആവാസവ്യവസ്ഥയിലെ സന്തുലിതമായ അവസ്ഥ നഗ്നനേത്രങ്ങള്‍ക്ക് കാണാനാവുന്നതല്ല.
ഇത് കാടിന്റെ മാത്രം പ്രശ്‌നമല്ല. പ്രകൃതിയിലെ ഏതൊരു ഘടകത്തിന്റെയും അവസ്ഥയാണ്. കടലായാലും പുഴയോരമായാലും ആകാശം പോലുമായാലും സന്തുലിതമായ ഒരേ അവസ്ഥകളാണ്. ഇവക്കുള്ളില്‍ മാത്രമല്ല, ഇവ പരസ്പരവും ചേര്‍ന്നു കിടക്കുന്നുണ്ട്. ഇവക്കിടയില്‍ ഒന്ന് മാത്രമാണ് നാം മനുഷ്യര്‍. ഭൗതികമായ ഇടപെടലാല്‍ നാം ഇവക്കെല്ലാം മീതെ ആധിപത്യവും അധികാരവും ഉണ്ടാക്കിത്തീര്‍ത്തു എന്നതുമാത്രം. അത് ഓരോന്നിനേയും ചൂഷണം ചെയ്യുകയോ ദുരുപയോഗം നടത്തുകയോ ചെയ്യുന്ന സ്വേഛാധിപതികളാക്കി മനുഷ്യനെ മാറ്റുകയായിരുന്നു. ഈ മനസ്സുമായി പ്രകൃതിയെ സമീപിക്കുന്നവര്‍ക്ക് അതിന്റെ സ്വച്ഛമായ അവസ്ഥ അറിയാനാവില്ല. കാട്ടിലെ മരം കാണുമ്പോള്‍ 'ഇരുപതിനായിരം ക്വിബിക്ക് ഇഞ്ച്' മരത്തടി കിട്ടുമല്ലോ, ഒരു വീടിന്റെ ഉരുപ്പടിയാക്കാന്‍ ഒരറ്റ മരം മതിയല്ലോ തുടങ്ങിയ ആര്‍ത്തിപൂണ്ട വികാരമായിരിക്കും അങ്ങനെയുള്ളവര്‍ പ്രകടിപ്പിക്കുക. അവര്‍ക്ക് കടല്‍ മത്സ്യവിഭവങ്ങള്‍ കിട്ടാനും കപ്പല്‍ യാത്ര നടത്താനും മാത്രമുള്ള ഒരു ഇടം മാത്രമാണ്. ആകാശം അവരുടെ ശരീരത്തെ മൂടിപ്പുതപ്പിക്കാനുള്ള രക്ഷാകവചം ആണ്; ജീവന്‍ നിലനിര്‍ത്താനുള്ള ശുദ്ധവായു കാത്തു സൂക്ഷിക്കപ്പെടുന്ന ഒരു ചില്ലുകൊട്ടാരവും. ഭൗതികതക്കോ ബാഹ്യഘടകങ്ങള്‍ക്കോ കണ്ണും കാതുമോര്‍ക്കുമ്പോള്‍ നമുക്ക് പ്രകൃതിയുടെ ആഴവും പ്രസക്തിയുമറിയാനാവുന്നില്ല. അതിന്റെ യഥാര്‍ഥ അനിവാര്യതയെന്തെന്ന് പോലും മനസ്സിലാകുന്നില്ല. പ്രകൃതിയില്‍ നിന്ന് ശാന്തിയും നേടാനാവുന്നില്ല.
പ്രകൃതിയുടെ ഉള്ളറിയണമെങ്കില്‍ ധ്യാനനിമഗ്നമായ മനസ്സോടെ അതിനെ സമീപിക്കണം. ആര്‍ത്തിപൂണ്ട മനസ്സിന് അത് സാധിക്കില്ല. ശാന്തമായ ഒരു മനസ്സിനെ ഉണ്ടാക്കിയെടുക്കാന്‍ ചുറ്റുവട്ടത്തെ എങ്ങനെ ഉപയോഗിക്കാമെന്നും അറിയാതെ പോകുന്നു. പുഴയുടെ വക്കത്തോ കടപ്പുറത്തോ കുന്നിന്‍ മുകളിലോ വയലോരത്തോ നാട്ടിന്‍ പുറത്തെ നാല്‍ക്കവലയിലോ ചിലപ്പോള്‍ നഗരമധ്യത്തിലോ മൗനമനസ്സോടെ ഇരിക്കുകയോ നില്‍ക്കുകയോ വേണം. ഇവിടെയെല്ലാം കണ്ണടച്ചിരുന്നാല്‍ അത്ഭുതങ്ങളുടെ ഖനിയിലേക്കിറങ്ങാന്‍ പറ്റും. കാട്ടിലാണെങ്കില്‍, ഇലകളുടെ അനക്കങ്ങളില്‍ മനം നടുക. ഇലമര്‍മരങ്ങളുടെ രാഗാലാപനം അപ്പോള്‍ നമുക്ക് കേള്‍ക്കാനാകും. എവിടുന്നോ കുയിലിന്റെ നാദം, ഏതോ പറവകള്‍ ഇണകളെ ആകര്‍ഷിക്കാന്‍ പുറപ്പെടുവിക്കുന്ന ശബ്ദം. കാടിനുള്ളിലെവിടെ യോ ഒഴുകുന്ന നീര്‍ച്ചാലിന്റെ താളം. പാറത്തുണ്ടങ്ങളില്‍ വീഴുന്ന ജലപാതയൊരുക്കുന്ന കച്ചേരി. എല്ലാറ്റിനേയും തഴുകിയൊഴുകുന്ന കാറ്റ്. തണുപ്പ് മനം കുളിരുന്നു. മനസ്സിന്റെ പിരിമുറുക്കങ്ങള്‍ അലിഞ്ഞലിഞ്ഞ് പോവുന്നു.
കാടാണെങ്കില്‍ ഹരിതഭംഗിക്കപ്പുറമുള്ള, അവശേഷിച്ച മൃഗങ്ങള്‍ക്കപ്പുറമുള്ള, ഒരു കാഴ്ചയാണ്. കാടിന്റെ പൊരുളറിയുമ്പോഴാണ് ബാക്കിയായ കാടിന്റെ ഗുണങ്ങള്‍ എത്രമാത്രം വിലപിടിച്ചതാണെന്ന് മനസ്സിലാകുക. പുഴയോരത്തിരുന്ന് ഓളങ്ങളുടെ കിന്നാരം പറച്ചിലിന്റെ വശ്യത അറിയാനും, ജലപ്പരപ്പിനപ്പുറം മനം നടണം. ഓളങ്ങളുടെ താളവും ദൃശ്യഭംഗിയും മനോഹരമായ കാഴ്ചയും പ്രകൃതിയില്‍ നിന്നുള്ള ശാന്തിയുടെ സന്ദേശമായി മാറും. ആകാശം അത്ഭുതങ്ങളുടെ കാഴ്ചബംഗ്ലാവായി മാറും. ഒരു കാര്‍മേഘത്തിന്റെ തുണ്ടം നടത്തുന്ന യാത്ര വലിയ അന്വേഷണമായി മാറും. കാര്‍മേഘങ്ങള്‍ക്ക് താഴെ വട്ടമിട്ട് പറക്കുന്ന ചെമ്പരന്തുകളുടെ ആഹ്ലാദം നമുക്ക് പങ്കുവെക്കാനാവും. നാല്‍ക്കവലയിലെ നിശ്ചലത പോലും ആസ്വാദ്യകരമായിത്തീരും. പ്രകൃതിയെ അറിയുന്നത്, നമുക്ക് നമ്മെതന്നെ അറിയാനുള്ള അപൂര്‍വാവസരവുമായിത്തീരും.
നാമെത്രെ അനുഗ്രഹീതരെന്ന് പ്രകൃതി നല്‍കുന്ന പാഠമാണ്. അശാന്തിയുടേയും ആത്മസംഘര്‍ഷത്തിന്റെയും പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥത സ്വരൂപിക്കാന്‍ പ്രകൃതി അവസരം നല്‍കുന്നു. ബാക്കിയായ പ്രകൃതിയുടെ നിഷ്‌കളങ്കാവസ്ഥയും സൗന്ദര്യവും നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണെന്നപ്പോള്‍ തിരിച്ചറിയാനാവും. ഈ മനോഹരതീരത്ത് ഇനിയുമൊരു ജന്മം കൊതിച്ചു പോകുന്നത് അപ്പോഴായിരിക്കും. അതറിയാഞ്ഞതുകൊണ്ടാണ് എന്റെ പ്രിയ വിദ്യാര്‍ഥി, ദീപ ഇനി ഞാന്‍ ഇലയോ പൂവോ നുള്ളില്ലെന്ന് സ്വയം പറഞ്ഞത്. നാം പ്രകൃതിയിലെ ഓരോ ജീവജാലങ്ങളുടെയും കാവലാളാണെന്ന് എന്നും നാമോര്‍ക്കും. അത് നമുക്ക് തന്നെ അനിവാര്യമായ കാവലുമായിരിക്കും.
ശേഷക്രിയ
1. പ്രകൃതിയെ ആസ്വദിക്കണമെങ്കില്‍ മനസ്സ് ആദ്യം അതിനായൊരുക്കണം. മനസ്സില്‍ ഏറ്റവും ശുദ്ധമായ വികാരവിചാരങ്ങളുണ്ടാവേണ്ടതുണ്ട്.
2. പ്രകൃതി ആസ്വദിക്കാന്‍ ഒരുങ്ങുമ്പോള്‍ അതിനിണങ്ങിയ വേഷം വേണം. കടുത്ത മണമുള്ള ലേപനങ്ങളോ തൈലങ്ങളോ ഉപയോഗിച്ച് പ്രകൃതിയിലേക്ക് ചെല്ലുമ്പോള്‍ പ്രകൃതിയില്‍
നിന്നുള്ള സ്വതസിദ്ധമായ മണം അറിയാതെ പോകുന്നു.
3. പ്രകൃതിയുടെ അന്തഃസത്ത അറിയാന്‍ പുറത്തുള്ള വര്‍ത്തമാനം ആദ്യം നിര്‍ത്തണം.
4. ജലശേഖരത്തിന്റെ താളവും ഇലയുടെ മര്‍മ്മരവും ആകാശത്തിന്റെ ഭംഗിയുമറിയാന്‍ അവയുമായി വര്‍ത്തമാനം പറയാനാവണം.
5. കാട്ടിലാണെങ്കില്‍ മൃഗങ്ങള്‍ മാത്രമല്ല, പറവകളും പൂമ്പാറ്റകളും ചെടികളും മരങ്ങളും പുഴുക്കളുമൊക്കെയുണ്ട്. പുഴയാണെങ്കില്‍ ഓളങ്ങള്‍ മാത്രമല്ല, മണലും മത്സ്യങ്ങളും ഉരുളന്‍ കല്ലുകളുമൊക്കെയുണ്ട്. ആകാശമാണെങ്കില്‍ വായുവിനപ്പുറം, മേഘങ്ങളും താരകങ്ങളും അനേകം അദൃശ്യജീവികളുമുണ്ട്. എല്ലാം ചേര്‍ന്ന സന്തുലിതമായ ആവാസവ്യവസ്ഥയുടെ പൊരുളറിയണം.
6. കാട്ടിലോ കടപ്പുറത്തോ പുഴവക്കിലോ വെച്ച് പുകവലി, മദ്യപാനം, ലഹരിമരുന്ന് തുടങ്ങിയവയുടെ ദുരുപയോഗം എന്നിവ പ്രകൃതിയില്‍ നിന്ന് അകലാന്‍ കാരണമാകും.
7. പ്രകൃതി ആസ്വദിക്കുവാന്‍ ചെല്ലുന്നിടം ബഹളം വെക്കാനോ പാട്ടും കൂത്തും നടത്തി ആഘോഷിക്കാനോ അല്ല പോകേണ്ടത്. പ്രകൃതിയിലെ വിവിധ ഘടകങ്ങളുടെ സവിശേഷതകളറിയാന്‍ അന്നേരം സാധിക്കുന്നില്ല.
8. പ്രകൃതിയില്‍ നമ്മുടെ മാലിന്യങ്ങള്‍ നിക്ഷേ
പിക്കരുത്. പ്ലാസ്റ്റിക്ക്, ചണ്ടി, അവശിഷ്ടങ്ങള്‍ എന്നിവ നിക്ഷേപിക്കാനുള്ള മാലിന്യക്കൊട്ടയല്ല നമ്മുടെ കാടും പുഴയും കടല്‍തീരവും.
9. പ്രകൃതിയിലെ ഓരോ ജീവജാലത്തിനും അതിന്റെ സ്ഥലങ്ങളില്‍ നിലകൊള്ളാനുള്ള അവകാശമുണ്ട്. ചെടിയും മരവും വള്ളിപ്പടര്‍പ്പും പറവയും പൂമ്പാറ്റയും മൃഗങ്ങളും കല്ലും മണ്ണുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണ്. പ്രകൃതിയില്‍ കുത്തകയോ ആധിപത്യമോ സ്ഥാപിക്കാന്‍ മനുഷ്യര്‍ക്കവകാശമില്ല.
10. പ്രകൃതിയോട് ദയയും കാരുണ്യവും കാണിക്കുമ്പോള്‍ പ്രകൃതി കൂടുതല്‍ പ്രയോജനപ്രദമായി വരുന്നു. പ്രകൃതി നമ്മോടും ദയയും കാരുണ്യവും കാണിക്കുന്നു.