തട്ടമിട്ടവര്‍ അവരുടെ വേരുകള്‍ തേടട്ടെ
സി.എച്ച് ഫരീദ, കണ്ണൂര്‍
2014 ആഗസ്റ്റ്
ജൂണ്‍ലക്കം ആരാമത്തിന്റെ മുഖചിത്രം പോലെ തന്നെ പുതുമ നിറഞ്ഞതായിരുന്നു കവര്‍സ്റ്റോറിയും. 'മാഹീലെ പെമ്പിള്ളേര്‍' വളരെ നിഷ്‌കളങ്കമായി പാടിയ ഒരു പാട്ട് ഗൗരവമുള്ള ചര്‍ച്ചക്ക് വഴി തുറന്നതില്‍ ഏറെ
ജൂണ്‍ലക്കം ആരാമത്തിന്റെ മുഖചിത്രം പോലെ തന്നെ പുതുമ നിറഞ്ഞതായിരുന്നു കവര്‍സ്റ്റോറിയും. 'മാഹീലെ പെമ്പിള്ളേര്‍' വളരെ നിഷ്‌കളങ്കമായി പാടിയ ഒരു പാട്ട് ഗൗരവമുള്ള ചര്‍ച്ചക്ക് വഴി തുറന്നതില്‍ ഏറെ നന്ദിയുണ്ട്.
മുസ്‌ലിം പെണ്‍കുട്ടികളെ പൊതുസമൂഹം സാകൂതം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണ് കലാ-സാംസ്‌കാരിക രംഗങ്ങളില്‍ അവര്‍ നടത്തുന്ന നേരിയ ചലനങ്ങള്‍ പോലും വാര്‍ത്തയാവുന്നത്. ദൂരദര്‍ശന്റെ മലയാളം ചാനലില്‍ അഭിമുഖത്തിനിടെ പ്രമുഖ എഴുത്തുകാരി പ്രിയ എ.എസ് പറയുകയുണ്ടായി, പുതിയ എഴുത്തുകാരില്‍ മലബാറില്‍ നിന്നുള്ളവളെ താന്‍ ശ്രദ്ധിക്കാറുണ്ട്. തട്ടത്തിന്‍ മറയത്തിരുന്ന് അവര്‍ കുത്തിക്കുറിക്കുന്നത് അതിശയിപ്പിക്കാറുണ്ട് എന്ന്.
തട്ടമിട്ട കുട്ടികള്‍ കാലത്തിനൊത്ത ചുവടുകള്‍ വെച്ച് മുന്നോട്ട് വരുമ്പോള്‍ അവരെ ധാര്‍മിക- സദാചാര ഉപദേശങ്ങളിലൂടെ വിരട്ടരുത് എന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ അവര്‍ക്ക് യഥാര്‍ഥ ദിശാബോധം നല്‍കാന്‍ ഇവര്‍ക്കും ആവുന്നില്ല.
സമുദായ നേതൃത്വത്തിന് കഴിയാത്തത് മറ്റു ചിലര്‍ക്ക് കഴിയുന്നുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ എങ്ങനെയാവണമെന്ന് അവര്‍ നമുക്ക് പഠിപ്പിച്ചു തരുന്നു. അതിന് ഏറ്റവും നല്ല വഴി ദൃശ്യമാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണ്. അതാകുമ്പോള്‍ മുസ്‌ലിം യുവതയുടെ ബ്രെയിന്‍വാഷ് കൂടുതല്‍ എളുപ്പമാകും. തട്ടമിട്ട നാ യികമാരാല്‍ പറയപ്പെട്ട ചില തിരക്കഥകള്‍ സൂപ്പര്‍ ഹിറ്റുകളായി. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയും ആവാം എന്ന് ആ കഥകള്‍ പറഞ്ഞുവെച്ചു. ഉദാഹരണത്തിന് 'ഉസ്താദ് ഹോട്ടലി'ലെ നായികയുടെ ഡയലോഗ് ശ്രദ്ധിക്കുക. ''എന്റെ വീട്ടുകാര്‍ ഓര്‍ത്തഡോക്‌സ് ആണ്, പക്ഷേ ഞാന്‍ അങ്ങനെയല്ല.'' അതിനാല്‍ അവള്‍ പാതിരാവുകളില്‍ മതിലുചാടി ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുകയും വീട്ടുകാര്‍ക്കുമുന്നില്‍ പര്‍ദധരിക്കുന്ന നല്ല കുട്ടിയായി അഭിനയിക്കുകയും ചെയ്യുന്നു. ഇതു പോലെ ഒരു കഥാപാത്രത്തെ 'ഡല്‍ഹി -6' എന്ന സിനിമയില്‍ സോനം കപൂര്‍ അവതരിപ്പിച്ചിരുന്നു.
മുസ്‌ലിം ആണ്‍കുട്ടികളെ അന്യമതസ്ഥര്‍ പ്രണയിക്കുന്നത് കുറ്റകരമായ ലൗജിഹാദാണെന്ന് മീഡിയകള്‍ സ്ഥാപിച്ചുകഴിഞ്ഞിരിക്കെ മുസ്‌ലിം നായിക അന്യമതസ്ഥനായ നായകനെ പ്രണയിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്ന് 'തട്ടത്തിന്‍മറയത്തി'ലൂടെ വരച്ചുകാണിക്കുന്നു. കാമുകന്റെ സന്തോഷത്തിനു വേണ്ടി മുതിര്‍ന്നവര്‍ ജുമുഅക്ക് പോകുന്ന സമയം തെരഞ്ഞെടുത്ത് ജുമുഅക്ക് പോകാത്ത മുസ്‌ലിം ചെറുപ്പക്കാരന്റെ കാറില്‍ പര്‍ദയണിഞ്ഞ നായിക യാത്രയാവുന്നത് കാണികളായ പൊതുസമൂഹത്തിന്റെ മനം കുളിര്‍പ്പിക്കുന്നുണ്ട്.
മുസ്‌ലിം ചെറുപ്പക്കാരോടൊത്തുള്ള പ്രണയവും ദാമ്പത്യവുമൊക്കെ വില്ലന്മാരായ യാഥാസ്ഥിതികര്‍ ഇടപെടുന്നില്ലെങ്കില്‍ (ക്ലാസ്‌മേറ്റ്‌സ്, അയാളുംഞാനും തമ്മില്‍) ഏറ്റവും ആനന്ദകരമായേനെ എന്നും മുസ്‌ലിമിനെ അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ പ്രണയിച്ചാല്‍ ദുരന്തഫലങ്ങളാണ് ഉണ്ടാവുക (കഥ തുടരുന്നു, അന്നയും റസൂലും) എന്നും ചില സിനിമകള്‍ വിളിച്ചുപറയുന്നു.ശരീര വടിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ക്കൊപ്പം മഫ്ത ചുറ്റിയാല്‍ ഇസ്‌ലാമിക വേഷമായി എന്ന് തെറ്റിദ്ധരിക്കുന്നവരും മുടി സ്‌ട്രെയ്റ്റ് ചെയ്തുംപുരികം ഷെയ്പ്പ് ചെയ്തും ബ്യൂട്ടി പാര്‍ലറുകളിലുംസ്പാകളിലും കയറിയിറങ്ങുന്നവരും ദിനേന കൂടിവരുന്നു. ചാനല്‍ പരിപാടികളില്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിച്ചുകൊണ്ട് ചില തട്ടമിട്ട തലകള്‍ കാണാം. പക്ഷേ അവരുടെയൊന്നും വാക്കുകളില്‍ ആദര്‍ശത്തില്‍ കടഞ്ഞെടുത്ത ഇസ്‌ലാമിനെ പ്രതിഫലിപ്പിക്കുന്ന യാതൊന്നും കാണാന്‍ കഴിഞ്ഞില്ല. അവര്‍ സംസാരിക്കുന്നത് ആരോ പടച്ചു വിട്ട ചിലപൊള്ള വര്‍ത്തമാനങ്ങള്‍ മാത്രമാണ്. ഇലക്കും മുള്ളിനും കേടുവരാത്ത നല്ല ഇലാസ്റ്റികതയുള്ള ഇസ്‌ലാമിനെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്.
തട്ടമിട്ട പെണ്‍കുട്ടികള്‍ അവരുടെ വേരുകള്‍ തേടട്ടെ. അവിടെ നിന്നും ലഭിക്കുന്ന വെള്ളവും വളവും കൊണ്ട് പൊതു സമൂഹത്തിനു മുന്നില്‍ നിറവും മണവും ഗുണവുമുള്ള പൂക്കളും കായ്കളുമായി പെയ്തിറങ്ങട്ടെ. ആര്‍ക്കും തടയാനാവാത്ത വിധം അതിന്റെ സുഗന്ധം പാരിലെങ്ങും പരക്കട്ടെ.
ഉദ്യാഗസ്ഥയും രംഗബോധമില്ലാത്ത കോമാളിയും
ജൂണ്‍ ലക്കം എം.ടി. ആയിശയുടെ 'ഉദ്യാഗസ്ഥ' എന്ന കവിത മനസ്സിനെ എന്തെന്നില്ലാത്ത അനുഭൂതിയിലെത്തിച്ചു. കഴിഞ്ഞകാലത്തെ അവലോകനം ചെയ്യാന്‍ കവിതക്ക് സാധിച്ചു. എല്ലാം അനുഭവങ്ങള്‍ പോലെ. ആസ്വദിച്ചു വായിച്ചുകൊണ്ടിരിക്കെ അവസാന രണ്ടു വരികളില്‍ കണ്ണുകളുടക്കി. അധ്യാപികയായ എന്റെ ജീവിതത്തില്‍ കുട്ടികള്‍ മൂന്നുപേരും ചെറുതായപ്പോഴുണ്ടായ ഒരു തിക്താനുഭവമായിരുന്നു ആ രണ്ടു വരികള്‍. ഒരു ദിവസം സ്‌കൂളിലെത്തി ഒപ്പിടാന്‍ വേണ്ടി ചെരിപ്പൂരിവെച്ച് തിരികെ വന്നപ്പോള്‍ കൂട്ടുകാരികള്‍ എല്ലാവരും പൊട്ടിച്ചിരിക്കുന്നു, 'രണ്ടു രൂപത്തിലുള്ള ചെരിപ്പുകള്‍.' അന്ന് സങ്കടം വന്നെങ്കിലും ഇന്നെനിക്ക് കവിത വായിച്ചപ്പോള്‍ എല്ലാം സര്‍വ്വശക്തനിലൊതുക്കി കഴിച്ചുകൂട്ടാന്‍ പാടുപെട്ട ആ നല്ല നാളുകള്‍ ഓര്‍ത്ത് എന്തെന്നില്ലാത്ത അനുഭൂതി. ജീവിതത്തിലെ ആ നാഴികക്കല്ലുകളിലേക്ക് മനസ്സിനെ തിരിച്ചുവിട്ട കവിതക്കും കവിക്കും അഭിനന്ദനങ്ങള്‍.
'രംഗബോധമില്ലാത്ത കോമാളി'എന്ന കഥയും ഇതുപോലെ തന്നെ. ജീവിതത്തിലേക്ക് തികച്ചും പ്രതീക്ഷിക്കാത്ത നേരത്ത് കടന്നുവരുന്ന മരണത്തെ കഥാകൃത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആഗ്രഹിക്കുന്നവരെ പലപ്പോഴും അത് കനിയാറില്ല. മറിച്ച് പ്രതീക്ഷിക്കാത്തവരെ അത്പിടികൂടുകയും ചെയ്യും. സമയമായാല്‍ ഒരല്‍പ്പം പോലും തെന്നിമാറാന്‍ സമ്മതിക്കാത്ത, സര്‍വ്വശക്തനില്‍ മാത്രം കടിഞ്ഞാണുള്ള പ്രതിഭാസമാണ് മരണമെന്ന് ചിന്താര്‍ഹമായ രൂപത്തില്‍ രസകരമായി ഷാഹിന തറയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഉമ്മു നഷീത്, പാലേമാട്
നോമ്പും പെരുന്നാളും കഴിഞ്ഞ്
ശഅ്ബാന്‍ വഅള് കേട്ടപ്പഴേ
ഉറപ്പിച്ചതാണ്
ഇക്കുറി റമദാന്‍
ഉഷാറാക്കണംന്ന്
വീട് വൈറ്റ് വാഷ് ചെയ്തു
മുറ്റം കെട്ടി
പാത്രങ്ങളും ഫര്‍ണിച്ചറുകളും മാറ്റി
കൂട്ടത്തില്‍ രണ്ട്
നിസ്‌കാരക്കുപ്പായവും വാങ്ങി
മുറ്റത്ത് പന്തലിട്ട്
നോമ്പുതുറക്ക്
ഐറ്റങ്ങളൊക്കെ കൂട്ടി
നാട്ടിലെ വലിയ തുറയെന്ന്
എല്ലാവരും വിളിച്ച് പറഞ്ഞപ്പോ...
രാത്രി ഗോള്‍ഡ് ക്ലിപ്പും
പകല്‍ സില്‍വര്‍സ്റ്റാറും
എടക്ക് ബന്ധുവിരുന്നും
മൂന്ന് പത്തും മുഴു തിരക്കിലായി
പെരുന്നാള്‍ ഡ്രസ്സ് എടുക്കാന്‍
വണ്ടി പാര്‍ക്കിങ്ങ് കൂടി നോക്കി
കട സെലക്ട് ചെയ്തു.
ഷാര്‍ജേലും കാനഡേലുമുള്ള
മക്കളൂടി നാട്ടിലെത്തിയപ്പോ
പെരുന്നാളും
ബഹുജോറായി.
അരികെ
പള്ളിമിനാരത്തിന്നൊഴുകിയെത്തിയ
തക്ബീറിന് മാത്രം
പഴയ മാധുര്യമൊന്നും
തോന്നീല
എം.ടി ആയിശ, പുളിക്കല്‍