വിശുദ്ധ വേദത്തിന്റെ തണലില്‍
വിശുദ്ധ വേദത്തിന്റെ മധുരിമ ആസ്വാദിക്കാനും അതുള്‍ക്കൊള്ളുന്ന അത്യഗാധമായ വൈജ്ഞാനിക തലത്തില്‍ സഞ്ചരിക്കാനും സാധിക്കുക അനുഗ്രഹമാണ്. അക്ഷരങ്ങളുടെ ശബ്ദ മധുരിമക്കപ്പുറം ഖുര്‍ആന്‍ പഠിക്കാനും
'ഒരു നൂറു നവ ലോകങ്ങള്‍ അതിന്റെ
സൂക്തങ്ങളുള്‍ച്ചേര്‍ന്നിരിക്കുന്നു
നൂറ്റാണ്ടുകള്‍ തന്നെയതിന്റെ
സന്ദര്‍ഭങ്ങളിലടങ്ങിയിരിക്കുന്നു'
അല്ലാമാ ഇഖ്ബാല്‍ (ജാവീദ് നാമ)
വിശുദ്ധ വേദത്തിന്റെ മധുരിമ ആസ്വാദിക്കാനും അതുള്‍ക്കൊള്ളുന്ന അത്യഗാധമായ വൈജ്ഞാനിക തലത്തില്‍ സഞ്ചരിക്കാനും സാധിക്കുക അനുഗ്രഹമാണ്. അക്ഷരങ്ങളുടെ ശബ്ദ മധുരിമക്കപ്പുറം ഖുര്‍ആന്‍ പഠിക്കാനും അതിന്റെ ആത്മാവ് കണ്ടെത്താനും കഴിയുക മഹാഭാഗ്യമാണ്. വ്യക്തിതലത്തിലെ ആത്മീയാനുഭൂതി നുകരുന്നതിനപ്പുറം കുടുംബം മുഴുവനും അതിന്റെ വെളിച്ചം പകര്‍ത്താനും സാധിക്കുക തികഞ്ഞ ഭാഗ്യം തന്നെയാണ്. അത്തരം ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വം കുടുംബങ്ങളിലൊന്നാണ് തിരൂരങ്ങാടിയിലെ പരേതനായ കരുമാടത്ത് ഉസ്മാന്‍ കോയയുടെ ഭാര്യ ബീഫാത്തിമയുടേത്.
കഴിഞ്ഞ ഒന്നര പതിററാണ്ടായി ഖുര്‍ആന്‍ പഠന മേഖലയിലൂടെ മുന്നേറി ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ വാരിക്കുട്ടിയ ബീഫാത്തിമയുടെ വഴിയേ സഞ്ചരിച്ച് മകള്‍ റസിയാബിയും പേരമക്കളായ റജാ ഹന്നയും റബീബും ഖുര്‍ആന്‍ വിജ്ഞാന വഴിയില്‍ ഉയരങ്ങള്‍ സ്വന്തമാക്കുകയാണ്.
സംസ്ഥാന തല ഖുര്‍ആന്‍ വൈജ്ഞാനിക മല്‍സരങ്ങളില്‍ ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയ എഴുപത്തേഴുകാരിയാണ് ബീഫാത്തിമ. 1998-ല്‍ അക്കാദമി ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന് കീഴില്‍ നടത്തിയ ഫസ്റ്റ് സെമസ്‌ററര്‍ ഖുര്‍ആന്‍ പരീക്ഷയില്‍ ബി ഗ്രേഡ് നേടിയായിരുന്നു വിശുദ്ധ വേദ പഠനത്തിലൂടെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. പിന്നീട് തൊട്ടടുത്ത വര്‍ഷങ്ങളിലും ഖുര്‍ആന്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാരിക്കൂട്ടി ഈ ഉമ്മ ഏറെ സര്‍ട്ടിഫിക്കററുകള്‍ കരസ്ഥമാക്കി.
2006-ല്‍ സംസ്ഥാന ഖുര്‍ആന്‍ പരീക്ഷയില്‍ മൂന്നാം സ്ഥാനം നേടി. 2007-ല്‍ സംസ്ഥാന തലത്തില്‍ ക്വിസ്, തജ്‌വീദ്, ഹിഫ്ദ്, കാഴ്ചപ്പാട് എന്നീ നാല് മല്‍സരങ്ങളില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു.
2009-ല്‍ ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഖുര്‍ആന്‍ വൈജ്ഞാനിക പരീക്ഷയില്‍ അഞ്ചാം വര്‍ഷ വിഭാഗത്തില്‍ ബീഫാത്തിമക്കായിരുന്നു ഒന്നാം റാങ്ക്.
2011-ല്‍ ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ നടത്തിയ പരീക്ഷയില്‍ ബീഫാത്തിമ ആറാം വര്‍ഷ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ മകളും തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌ക്കൂള്‍ അധ്യാപികയുമായ റസിയാബി ഏഴാം വര്‍ഷ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഉമ്മക്കൊപ്പമെത്തി. ഇവരുടെ മകള്‍ റജാഹന്നക്കായിരുന്നു ഈ മല്‍സരത്തില്‍ മൂന്നാം സ്ഥാനം.
കഴിഞ്ഞ വര്‍ഷം എം.എസ്.എം സംസ്ഥാന തലത്തില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ബീഫാത്തിമയുടെ കുടുംബത്തിലേക്കാണ് ആദ്യ രണ്ട് റാങ്കുകളും എത്തിയത്. പേരമകളായ റജാ ഹന്ന ഇക്കുറി ഒന്നാം റാങ്കിന്റെ ഉയരത്തിലെത്തിയപ്പോള്‍ രണ്ടാം റാങ്ക് നേടിയത് ബീഫാത്തിയുടെ രണ്ടാമത്തെ മകളായ കാളികാവിലെ അധ്യാപിക പി. റഹ്മത്തിന്റെ മകനും കോയമ്പത്തൂരില്‍ സി.എക്ക് പഠിക്കുകയും ചെയ്യുന്ന പി. റബീബ് ആണ്.
പുരസ്‌കാരങ്ങള്‍ നേടുന്നതിനപ്പുറം ഖുര്‍ആനിന്റെ ആത്മീയ ഉണ്‍മ ജീവിതത്തില്‍ പ്രസരിപ്പിക്കാനും ബീഫാത്തിമയുടെ കുടുംബം ബദ്ധശ്രദ്ധരാണെന്നതാണ് ശ്രദ്ധേയം.
പ്രമുഖ പണ്ഡിതനും അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ ഒപ്പം പ്രവര്‍ത്തിച്ചയാളുമായ പിതാവ് പി.കെ. മൂസ മൗലവിയുടെ പൈതൃകത്തണലാണ് ബീഫാത്തിമയെ ഖുര്‍ആനിന്റെ തണലിലേക്ക് വഴി തെളിയിച്ചത്. ഉപ്പയുടെ ഖുര്‍ആന്‍ പഠന കാര്യത്തിലുള്ള സൂക്ഷ്മത ബീഫാത്തിമയെ ഏറെ സ്വാധീനിച്ചു.
ഖുര്‍ആനിലെ ഏത് പദങ്ങളുടേയും അര്‍ത്ഥം പറയാന്‍ വാര്‍ധക്യത്തിലും ബീഫാത്തിമക്ക് അധികം ആലോചിക്കേണ്ടതില്ല. അത്രക്കുണ്ട് ഖുര്‍ആനിലുള്ള ഇവരുടെ പരിജ്ഞാനം.
'ഖുര്‍ആന്‍ പഠിക്കുന്നവനും അത് പഠിക്കുന്നവനുമാണ് നിങ്ങളില്‍ ഉത്തമന്‍' എന്ന പ്രവാചക വചനമാണ് തനിക്ക് ഖുര്‍ആന്‍ പഠനത്തിന് പ്രചോദനമെന്ന് ഇവര്‍ പങ്കുവെക്കുന്നു. പിതാവിന്റെ മാര്‍ഗനിര്‍ദേശത്തിനൊപ്പം തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം മദ്രസയിലെ പഠനം വഴിയാണ് ബീഫാത്തിമക്ക് ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക് ചുവട് വെക്കാനായത്. കൂടാതെ ഏഴ് വര്‍ഷം കോഴിക്കോട് അത്തോളിയിലെ നസീമുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപികയായി സേവനം ചെയ്തത് ഖുര്‍ആനെ കൂടുതല്‍ അടുത്തറിയുന്നതിനും സഹായകമായി.
മൂത്ത മകള്‍ റസിയാബിയുടേയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പ്രിന്‍്‌സിപ്പലുമായ പ്രൊഫ. ഹാറൂണിന്റ മകളുമായ റജാ ഹന്നനയെ കൂടാതെ രണ്ട് സഹോദരങ്ങളും ഖുര്‍ആന്‍ പഠന വഴിയില്‍ മുന്നേറുകയാണ്. റഹീല്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയിട്ടുണ്ട്. സഹോദരന്‍ റുസൈലും ഖുര്‍ആന്‍ പഠനത്തില്‍ മുന്നിലാണ്.
റജാഹന്നക്കൊപ്പം ഖുര്‍ആന്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് സ്വന്തമാക്കിയ റബീബ് ചേന്ദമംഗലൂര്‍ ഹിഫ്ദുല്‍ ഖുര്‍ആന്‍ ആന്റ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. റബീബിന്റെ മാതാവ് റഹ്മത്തും പിതാവ് അബ്ദുല്ലയും ഖുര്‍ആന്‍ സ്റ്റഡിെസന്ററില്‍ സ്ഥിരം പഠിതാക്കളാണ്.
പഠനത്തിനൊപ്പം ജീവിതത്തിലും ഖുര്‍ആന്‍ വഴി നടത്തുന്നുമെന്നതിന്റെ നേരടയാളമാണ് ബീഫാത്തിമയുടെ സംതൃപ്ത കുടുംബം. വാര്‍ധക്യത്തിലും വിശുദ്ധ വേദത്തിന്റെ തണല്‍ പകര്‍ന്നു നല്‍കുന്ന അനുഭൂതി ഇവരുടെ ജീവിതത്തിലും ഭാവങ്ങളിലും തെളിഞ്ഞുനില്‍ക്കുന്നു.