സുമയ്യ ഉമ്മു അമ്മാര്‍
അബ്ദുല്ലാ നദ്വി കുറ്റൂർ /ചരിത്രത്തിലെ സ്ത്രീ
2014 ആഗസ്റ്റ്
സുമയ്യ ബിന്‍ത് ഖയ്യാത്ത്; ഇസ് ലാമിലെ ആദ്യത്തെ രക്തസാക്ഷി. ഹുദൈഫ ഇബ്‌നു മുഗീറ മഖ്‌സൂമിയുടെ ദാസിയായി യൗവനകാലം കഴിച്ചുകൂട്ടി.
യാസിറും തന്റെ രണ്ട് സഹോദരന്മാരും
സുമയ്യ ബിന്‍ത് ഖയ്യാത്ത്; ഇസ് ലാമിലെ ആദ്യത്തെ രക്തസാക്ഷി. ഹുദൈഫ ഇബ്‌നു മുഗീറ മഖ്‌സൂമിയുടെ ദാസിയായി യൗവനകാലം കഴിച്ചുകൂട്ടി.
യാസിറും തന്റെ രണ്ട് സഹോദരന്മാരും അവരുടെ കാണാതായ മറ്റൊരു സഹോദരനെ അന്വേഷിച്ച് യമനില്‍ നിന്ന് മക്കയില്‍ എത്തിയത് ഇക്കാലത്താണ്. സഹോദരനെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടാതെ യമനിലേക്ക് മടങ്ങാന്‍ തന്നെ അവര്‍ തീരുമാനിച്ചു. കഅ്ബാ പ്രദക്ഷിണവും ദൈവത്തോടുള്ള പ്രാര്‍ഥനയും കഴിഞ്ഞ് കഠിന ക്ഷീണം കാരണം അല്‍പനേരം അവര്‍ പള്ളിയില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഹുദൈഫ ഇബ്‌നു മുഗീറക്ക് (അബൂജഹ്‌ലിന്റെ പിതൃവ്യന്‍) അവരോട് അനുകമ്പ തോന്നി. അദ്ദേഹം അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോ യി. പ്രസിദ്ധിക്ക് വേണ്ടിയാണെങ്കിലും സല്‍ക്കാര പ്രിയനായ ഹുദൈഫ അതിഥികളെ പരിചരിക്കാന്‍ സുമയ്യ എന്ന കറുത്ത അടിമപ്പെണ്ണിനെ ഏര്‍പ്പാട് ചെയ്തു. സൗന്ദര്യവും സ്വരമാധുര്യവും യുവത്വത്തിന്റെ പ്രസരിപ്പും മേളിച്ച സുമയ്യ ഭക്ഷണം എത്തിക്കാനും പരിചരിക്കാനുമായി അവരെ സമീപിച്ചപ്പോള്‍ ആ സൗന്ദര്യധാമത്തോട് യാസിറിന് എന്തെന്നില്ലാത്ത അടുപ്പം തോന്നി. തനിക്ക് സൃഷ്ടിച്ചതാണെന്ന് ഹവ്വയോട് ആദമിന് തോന്നിയപോലുള്ള ഒരു പ്രത്യേക അനുരാഗം യാസിറിന് ആ സ്ത്രീയോട് അങ്കുരിച്ചു; അവള്‍ക്ക് ഇങ്ങോട്ടും. പക്ഷെ, അരുതാത്തതൊന്നും അവര്‍ ചെയ്തില്ല. കൂടെയുള്ള രണ്ട് സഹോദരന്മാര്‍ യമനിലേക്ക് തന്നെ തിരിച്ചുപോയി. എന്നാല്‍, യാസിര്‍ മക്കയില്‍ തന്നെ കഴിഞ്ഞുകൂടാന്‍ തീരുമാനിച്ചു. കഠിനാധ്വാനം ചെയ്താണെങ്കിലും നിത്യവൃത്തി തേടിയ യാസിറിന് അബൂഹുദൈഫ സുമയ്യയെ വിവാഹം ചെയ്തുകൊടുത്തു. അവള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരാണെന്ന വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.
അബൂഹുദൈഫയുമായി സംരക്ഷണ കരാറുണ്ടാക്കി അവര്‍ പുതിയ വീടുവെച്ച് വേറെ താമസിച്ചുതുടങ്ങി. യാസിറിനും സുമയ്യക്കും വയസ്സായി. അബൂഹുദൈഫ മരിച്ചു. സുമയ്യ മൂന്ന് ആണ്‍കുട്ടികളുടെ മാതാവായി. ഒരു കുട്ടി അജ്ഞാത സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ശേഷിച്ച രണ്ടു പുത്രന്മാരും പിതാവിനെപ്പോലെ അധ്വാനിച്ച് വീടുപു ലര്‍ത്തുകയും ഉമ്മയെയും ഉപ്പയെയും സംരക്ഷിക്കുകയും ചെയ്തു. ആനക്കലഹ സംഭവത്തിന്റെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്.
മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിക്ക് ശേഷം ആദ്യം മകന്‍ അമ്മാറും അതിന് ശേഷം യാസിറും സുമയ്യയും ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിന്റെ പ്രാരംഭത്തില്‍ തന്നെ ഇസ്‌ലാം ആശ്ലേഷിക്കുകയും അത് രഹസ്യമായി പ്രഖ്യാപി ക്കുകയും ചെയ്ത അബൂബക്കര്‍, ബിലാല്‍, ഖബ്ബാബ്, സുഹൈബ്, അമ്മാര്‍ തുടങ്ങിയ പ്രഗത്ഭരായ ഏഴ് പേരില്‍ ഒരാളാണ് സുമയ്യ. അവരില്‍ അബൂബക്കറിനെ അദ്ദേഹത്തിന്റെ കുലമഹിമയും സ്ഥാനമാനവും പരിഗണിച്ച് ഖുറൈശികള്‍ വെറുതെവിട്ടു. എന്നാല്‍ മറ്റുള്ളവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമായി. സുമയ്യ, മകന്‍ അമ്മാര്‍, ഭര്‍ത്താവ് യാസിര്‍ എന്നിവരെ ഖുറൈശികള്‍ കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. ഉമയ്യത്ത് ഇബ്‌നു ഖലഫ്, അബൂജഹ്ല്‍ തുടങ്ങിയ ഖുറൈശി പ്രമുഖര്‍ അവരെ മര്‍ദ്ദിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റുള്ളവര്‍ കൈയും കെട്ടി കാണികളായി നോക്കി നില്‍ക്കുകയായിരുന്നു.
അബൂജഹ്‌ലും ഒരു സംഘം ചെറുപ്പക്കാരും ചേര്‍ന്ന് അമ്മാറിനെയും മാതാപി താക്കളെയും ചങ്ങലക്കിടുകയും അവരുടെ വീടിന് തീവെക്കുകയും ചെയ്തു. അബൂജഹ്‌ലും കിങ്കരന്മാരും വന്ന് സുമയ്യയെയും കുടുംബത്തെയും തടവറയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. ഇരുമ്പുചങ്ങലയില്‍ ബന്ധിതരായ അവരെ ധൃതിയില്‍ നടക്കാന്‍ ദുഷ്ടന്മാര്‍ പിന്നില്‍നിന്ന് കുന്തം കൊണ്ടും കഠാരകൊണ്ടും കുത്തി രക്തം ഒഴുക്കി. കുട്ടികള്‍ സുമയ്യയുടെ തലമുടിയും യാസിറിന്റെയും അമ്മാറിന്റെയും താടിയും പിടിച്ചുവലിച്ചു. മണലില്‍ കിടത്തി ഇരുമ്പ് പഴുപ്പിച്ച് നെഞ്ചിലും പാര്‍ശ്വങ്ങളിലും തീപൊള്ളിക്കാന്‍ അബൂജഹ്ല്‍ തന്റെ കിങ്കരന്മാര്‍ക്ക് ആജ്ഞ നല്‍കി. നെഞ്ചത്ത് ഭാരിച്ച കല്ലുവെച്ച് ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴച്ചു. പൊള്ളലേറ്റ് അബോധാവസ്ഥയിലായപ്പോള്‍ വെള്ളം കൊണ്ടുവന്ന് മുഖത്ത് ഒഴിക്കാനും മര്‍ദ്ദനം തുടരാനും അയാള്‍ നിര്‍ദേശിച്ചു. മുഹമ്മദിന്റെ മതം ഉപേക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ പുലര്‍ക്കാലം കാണില്ലെന്ന് ആക്രോഷിച്ചു. ഓരോ ശിക്ഷാമുറകള്‍ കഴിയുമ്പോഴും അബൂജഹ്ല്‍ കൂടുതല്‍ ക്രുദ്ധനാവുകയായിരുന്നു.
എഴുപത് വയസ്സ് പിന്നിട്ട വൃദ്ധയായ സുമയ്യക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ ശിക്ഷാമുറകള്‍. എന്നിട്ടും ആ ധീര വനിത സധൈര്യം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. അവരുടെ അചഞ്ചലമായ ഈമാന്‍ കൂടുതല്‍ സഹിക്കാനും ക്ഷമിക്കാനും അവര്‍ക്ക് കഴിവ് പകര്‍ന്നു. അവരുടെ ദൃഢചിന്തകള്‍ക്ക് മുന്നില്‍ തോറ്റത് അബൂജഹ്‌ലും കൂട്ടരുമായിരുന്നു. ശിക്ഷ ഇരട്ടിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇങ്ങനെ നാനാവിധം ശിക്ഷാമുറകള്‍ പ്രയോഗിക്കുമ്പോഴാണ് വിവരമറിഞ്ഞ് ആ വഴിയെ പ്രാചകന്‍ കടന്നുചെന്നത്. ശത്രുക്കള്‍ മൂവരെയും കൈകാലുകള്‍ ബന്ധിച്ച് മണലില്‍ കിടത്തി നെഞ്ചത്ത് കനത്ത പാറക്കഷ്ണങ്ങള്‍ വെച്ചിട്ടുണ്ട്. ഇരുമ്പ് പഴുപ്പിച്ച് വെക്കുകയും വടികൊണ്ടും കുന്തം കൊണ്ടും കുത്തുകയും ചെയ്യുന്നുണ്ട്. നബിയുടെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം നിസ്സഹായനാണ്. ആശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. തിരുമേനി അറിയിച്ചു: ''യാസിര്‍ കുടുംബമേ, ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത ഭവനം സ്വര്‍ഗമാണ്.'' അന്നേരം സുമയ്യ പറഞ്ഞു: ''അങ്ങ് അല്ലാഹുവിന്റെ ദൂതനാണ്. താങ്കളുടെ വാഗ്ദാനം സത്യമാണ്. യാസിര്‍ പ്രാചകനോട് ചോദിച്ചു: ''പ്രവാചകരേ, ഏതുവരെയാണ് ഈ പരീക്ഷണങ്ങള്‍? അതിന് മറുപടിയായി പ്രവാചകന്‍ പറഞ്ഞു: ''ക്ഷമിക്കുക.'' പ്രവാചകന്‍ പ്രാര്‍ഥിച്ചു. ''അല്ലാഹുവേ, യാസിറിന്റെ കുടുംബത്തിന് പാപമോചനം നല്‍കിയാലും.''
പരാജയബോധം അബൂജഹ്‌ലിനെ രാക്ഷസനാക്കിത്തീര്‍ത്തു. ഖുറൈശികളില്‍ ഉഗ്രപ്രതാപനായ താന്‍ ഒരു അടിമപ്പെണ്ണിനോടു തോറ്റുകൂടാ. അബൂജഹ്ല്‍ സുമയ്യയുടെ നാഭിക്ക് ചവിട്ടി.
'നീയും നിന്റെ ദൈവങ്ങളും തുലയട്ടെ.' എന്നേ അപ്പോഴും അവള്‍ പറഞ്ഞുള്ളൂ. തല്‍സമയം ആ രാക്ഷസന്‍ തന്റെ ഇരുതല മൂര്‍ച്ചയുള്ള കഠാരകൊണ്ട് സുമയ്യയെ ആഞ്ഞുകുത്തി. ആ കുത്തേറ്റ് കലിമ ചൊല്ലുന്നതിനിടയില്‍ സുമയ്യയുടെ ദേഹം നിശ്ചലമായി. അങ്ങനെ അവര്‍ ഇസ്‌ലാമിലെ 'പ്രഥമ രക്തസാക്ഷി' എന്ന പദവി അലങ്കരിക്കുകയും ചെയ്തു. പ്രവാചക ലബ്ധിയുടെ ഏഴാം വര്‍ഷമാണ് ഈ സംഭവം.
ഖുറൈശികളുടെ ഉപദ്രവം സഹിക്കവയ്യാതെ പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോയി. ഹിജ്‌റയുടെ രണ്ടാംവര്‍ഷം മുസ്‌ലിംകളും ഖുറൈശികളും തമ്മില്‍ ഏറ്റുമുട്ടിയ ചരിത്രപ്രധാനമായ ബദ്ര്‍ യുദ്ധം അരങ്ങേറി. ഈ യുദ്ധത്തില്‍ അബൂജഹ്ല്‍ വധിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ അമ്മാറിനോട് പറഞ്ഞു: ''നിന്റെ ഉമ്മയുടെ ഘാതകന്‍ അബൂജഹ്ല്‍ വധിക്കപ്പെട്ടു.'' അങ്ങനെ സുമയ്യയുടെ രക്തസാക്ഷിത്വത്തിന്റെ എതാണ്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മാറിന്റെ പ്രതികാര വാഞ്ജ തീരുകയും മനസ്സ് പ്രശാന്തമാവുകയും ചെയ്തു.
സുമയ്യയുടെ രക്തസാക്ഷിത്വം അതിക്രമത്തിനും അനീതിക്കും മുന്നിലുള്ള പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രത്തില്‍ ശോഭനീയമായ ഒരു രജതരേഖയാണ്; സത്യാസത്യ പോരാട്ട ചരിത്രത്തിലെ തുല്യതയില്ലാത്ത ഒരപൂര്‍വ സന്ദര്‍ഭം.
ഖുറൈശി കിങ്കരന്മാരുടെ നിഷ്ഠൂരവും ക്രൂരവുമായ അനേകം പീഡനങ്ങള്‍ക്ക് സുമയ്യ വിധേയമായി. തന്റെ യജമാനന്മാരെയും മേലാളന്മാരെയും പ്രീണിപ്പിച്ച് ആ പീഡനങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സുമയ്യക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു. വിശ്വാസം ഉള്ളിലൊതുക്കി, പരസ്യമാക്കാതെ കഴിയാമായിരുന്നു. എപ്പോഴാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുകയെന്ന് പറയാന്‍ മറ്റാരെയും പോലെ പ്രവാചകനും ഒരു തീര്‍ച്ചയും ഉണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് അമ്മാര്‍ പ്രവാചകനോട് ചോദിച്ചത്, 'എപ്പോഴാണ് ഈ സഹായമെ'ന്ന്. പീഡനത്തിന്റെ രൂക്ഷതയും സഹായ വാഗ്ദാനത്തിന്റെയും ദൈര്‍ഘ്യമാണ് ഈ ചോദ്യം അടയാളപ്പെടുത്തുന്നത്.
പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്‌ലാം ആശ്ലേഷിച്ചവര്‍ ദുര്‍ബലരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായിരുന്നു എന്നത് മര്‍ദ്ദനത്തിന് ആവേശം വര്‍ധിപ്പിച്ച ഒരു പ്രധാന ഘടകമായിരുന്നു. യാസിറിനേയും സുമയ്യയേയും പോലുള്ളവര്‍ മക്കയിലെ ഏതൊരാള്‍ക്കും ചവിട്ടിമെതിക്കാന്‍ പറ്റുന്നവരായിരുന്നു.
ഇതാണ് സുമയ്യയെ ഇസ്‌ലാമിലെ രക്തസാക്ഷിത്വ ചരിത്രത്തിലെ സൂപ്പര്‍ താരത്തിന്റെ ശ്രേണിയിലേക്ക് ഉയര്‍ത്തുന്നത്. ഓരോ കാലഘട്ടത്തിലും വിവിധ നാടുകളില്‍ ഇതുപോലെ അനേകം വിശ്വാസികള്‍ തങ്ങളുടെ ശത്രുക്കളാല്‍ വധിക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയും ജീവനോടെ കുഴിച്ച് മൂടപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതെല്ലാം വാര്‍ധക്യ കാലത്ത് സുമയ്യ അനുഭവിച്ച ത്യാഗത്തെയും പീഡനത്തെയും അപേക്ഷിച്ച് എത്രയോ നിസ്സാരം! ഉന്നതവിദ്യാഭ്യാസവും ധാര്‍മിക ശിക്ഷണവും ലഭിച്ചിട്ടില്ലാത്ത ദുര്‍ബലയായ ഒരടിമപ്പെണ്ണായിരുന്നു അവര്‍. ഈ ഭൂമിയില്‍ ശ്രേഷ്ഠമായ ജീവിതം കിനാവ് കാണാന്‍ പോലും ഭാഗ്യമില്ലാത്ത, ഒരു പ്രതീക്ഷക്കും വകയില്ലാത്ത ഒരുവള്‍! എന്നിട്ടും അവരുടെ ബുദ്ധിയും അവരുടെ ജീവനും ആത്മാവും ഇസ്‌ലാമിന് വേണ്ടി ബലി നല്‍കി. അതോടെ അതിനു ശേഷം അരങ്ങേറിയ ബദര്‍, ഉഹ്ദ്, ഖന്‍ദഖ് പോലുള്ള പോരാട്ട ഭൂമിയില്‍ ജീവന്‍ ത്യജിച്ച വീരമാതാക്കളുടെ പ്രഥമ കണ്ണിയില്‍ സ്ഥാനം പിടിച്ചു അവര്‍. അതുവഴി ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയെന്ന ഖ്യാതി നേടാന്‍ അവര്‍ അര്‍ഹയായി.