'രഹസ്യത്തെ അന്വേഷിക്കൂ'
ഹഫീഫ പൂവ്വത്തി /കാമ്പസ്
2014 ആഗസ്റ്റ്
കോര്‍പ്പറേറ്റുകള്‍ നാടു മുഴുവന്‍ അടക്കിവാഴുമ്പോള്‍ മനുഷ്യത്വം നേരിടുന്ന വെല്ലുവിളികളെയും മൂല്യച്യുതികളെയും അരക്ഷിതാവസ്ഥകളെയും കണ്ടില്ലെന്നു നടിച്ച് വിദ്യാസമ്പന്നരെന്ന് നടിക്കുന്നത്
കോര്‍പ്പറേറ്റുകള്‍ നാടു മുഴുവന്‍ അടക്കിവാഴുമ്പോള്‍ മനുഷ്യത്വം നേരിടുന്ന വെല്ലുവിളികളെയും മൂല്യച്യുതികളെയും അരക്ഷിതാവസ്ഥകളെയും കണ്ടില്ലെന്നു നടിച്ച് വിദ്യാസമ്പന്നരെന്ന് നടിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള യുവതക്ക് ചേര്‍ന്നതല്ല എന്ന ബോധ്യത്തില്‍ നിന്നാണ് മമ്പാട് എം.ഇ.എസ് കോളേജിലെ ഡിഗ്രി ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി റാഫിദ പി.എന്നിന്റെ സെര്‍ച്ച് ഫോര്‍ദി കോണ്‍ഫിഡന്‍ഷ്യല്‍ എന്ന ഡോക്യുമെന്ററിയുടെ പിറവി. അമ്മ-ശിശു വ്യവസായത്തിന്റെ പിന്നിലെ നിഗൂഢതകളെ മറനീക്കിക്കൊണ്ടുവരാനുള്ള റഫീദയുടെ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്. ഈ വിഷയത്തില്‍ തുടര്‍ന്നും വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രേരിതമാകട്ടെ തങ്ങളുടെ പരിശ്രമമെന്ന് റാഫിദയും കൂട്ടുകാരും പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് (സെര്‍ച്ച് ഫോര്‍ദി കോണ്‍ഫിഡന്‍ഷ്യല്‍) 'രഹസ്യത്തെ അന്വേഷിക്കൂ' എന്ന പേര് നല്‍കിയത്.
ഐ.വി.എഫ് സെന്ററുകള്‍ നടത്തുന്ന വാടക മാതൃത്വ കരാറിന്റെ സ്വഭാവത്തെ തേടിയാണ് ഡോക്യുമെന്ററിയുടെ യാത്ര. യഥാര്‍ഥത്തില്‍ വാടക മാതൃത്വം ശരിയോ തെറ്റോ എന്നതല്ല, മറിച്ച് അതിലെ നിഗൂഢതകളെയും കച്ചവടക്കണ്ണുകളെയും കുറിച്ച് ഇവര്‍ ആശങ്കപ്പെടുന്നു. ഈ പ്രവണതയെ തെല്ല് ഭയത്തോടെയാണ് ഈ വിദ്യാര്‍ഥി സംഘം നോക്കിക്കാണുന്നത്. അമ്മ വ്യവസായത്തിന്റെ കരാറു കാരില്‍ നിന്ന് നേരിട്ടന്വേഷിച്ചപ്പോള്‍ അവര്‍ ഈ വിഷയത്തില്‍ രഹസ്യസ്വഭാവം കാണിക്കുന്നു എന്നതാണ് അവര്‍ക്ക് മനസ്സിലായത്. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പകരം ഏതാനും ചില അവ്യക്തമായ വീഡിയോക്ലിപ്പുകള്‍ മാത്രം നല്‍കി തടിതപ്പുകയായിരുന്നു കരാറുകാര്‍. അനീതിയും അസത്യവുമില്ലെങ്കില്‍ പിന്നെയെന്തിനിവര്‍ ക്യാമറക്കണ്ണുകളെ ഭയക്കണമെന്ന ചോദ്യവും റാഫിദ ഉയര്‍ത്തുന്നു.
ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതോടെ അമ്മയും കുഞ്ഞും തമ്മില്‍ അഗാധമായൊരു വൈകാരിക ബന്ധം ഉടലെടുക്കുന്നു. പെറ്റമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്തുമ്പോള്‍ കുഞ്ഞിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ, തങ്ങള്‍ക്ക് പിറക്കാത്ത കുഞ്ഞിനോട് ജനിതക മാതാപിതാക്കള്‍ക്കുണ്ടാവുന്ന മനോഭാവം എന്തായിരിക്കും തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍ ഡോക്യുമെന്ററിയിലൂടെ ഈ വിദ്യാര്‍ഥികള്‍ നമ്മോട് ചോദിക്കുന്നു. അമ്മയെ പോലും വാടക മാതാവ്, ജനിതക മാതാവ് എന്നിങ്ങനെ തരംതിരിക്കേണ്ട ഗതികേട് വന്നുഭവിച്ചുവോ എന്നതും റാഫിദയുടെ ചോദ്യമാണ്. വാടക ഗര്‍ഭത്തിലൂടെ പിറന്ന കുഞ്ഞ് തന്റെ അമ്മ ഏതെന്നറിയാതെ അന്ധാളിക്കുന്നു. ജര്‍മനിയിലെ ദമ്പതികള്‍ക്ക് ഇന്ത്യയിലെ വാടക മാതാവില്‍ ജനിച്ച മാഞ്ചിയെന്ന പെണ്‍കുഞ്ഞിന്റെ അവസ്ഥയെ ഓര്‍മപ്പെടുത്തുന്നു ഈ ഡോക്യുമെന്ററി. മമ്പാട് എം.ഇ.എസ് കോളജിലെ ഇകണോമിക്‌സ് വിഭാഗമാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. ഇതേ കോളജിലെ തന്നെ വിദ്യാര്‍ഥിയായ സജാദ് ക്യാമറ ചെയ്ത ഈ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം പതിനഞ്ചു മിനുട്ട് നാല്‍പത് സെകന്റാണ്. സെറോഗ്രസി എന്ന പ്രസക്തമായ വിഷയത്തില്‍ ഒരു പെണ്‍കുട്ടി ഇത് സംവിധാനം ചെയ്തപ്പോള്‍ അതിന്റെ മാറ്റ് വര്‍ധിക്കുകയാണ് ചെയ്തത്.