സദ്‌വൃത്തയായ സ്ത്രീ <br>പുരുഷന്റെ നിധി
സി.ടി ജഅ്ഫർ എടയൂർ
2014 ആഗസ്റ്റ്
സത്യവിശ്വാസിയായ പുരുഷനെ സംബന്ധിച്ചിടത്തോളം ഇഹലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും നിധിയുമാണ് പതിവ്രതയായ സ്ത്രീയെ ഇണയായി ലഭിക്കുക എന്നത്.
സത്യവിശ്വാസിയായ പുരുഷനെ സംബന്ധിച്ചിടത്തോളം ഇഹലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും നിധിയുമാണ് പതിവ്രതയായ സ്ത്രീയെ ഇണയായി ലഭിക്കുക എന്നത്. നിങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ സദാചാരബോധവും ദീനീനിഷ്ഠയും സല്‍സ്വഭാവവുമുള്ള ഇണയെ വേണം തെരഞ്ഞെടുക്കാന്‍ എന്ന് പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. ഉത്തമ സ്ത്രീയെക്കുറിച്ച് പ്രവാചകന്‍ (സ) അരുളി: ''ഐഹിക ലോകം വിഭവമാകുന്നു. ഐഹിക വിഭവങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് സദ്‌വൃത്തയായ സ്ത്രീയാകുന്നു'' (മുസ്‌ലിം).
ഉത്തമ സ്ത്രീ വീടിനും കുടുംബത്തിനും അലങ്കാരവും ഐശ്വര്യവും പ്രകാശവുമാണ്. ഉത്തമ കുടുംബത്തെ വാര്‍ത്തെടുക്കുവാന്‍ അവള്‍ക്ക് സാധിക്കും. അവളുടെ സല്‍സ്വഭാവം ഭര്‍ത്താവിനെയും മക്കളെയും ചൂഴ്ന്നുനില്‍ക്കും. അവള്‍ കുടുംബത്തെ നന്മയില്‍ വാര്‍ത്തെടുക്കുവാന്‍ സദാ ജാഗരൂഗയായിരിക്കും. ഭര്‍ത്താവിന്റെ കോപത്തെ അവള്‍ യുക്തിയോടെ മൃദുലമായി തണുപ്പിക്കും. ബഹളം വെക്കുകയും വികൃതി കാണിക്കുകയും ചെയ്യുന്ന കുട്ടികളെ സ്‌നേഹവാല്‍സല്യങ്ങളോടെ അടക്കിനി ര്‍ത്തുവാനും ദീനീബോധമുള്ളവരാക്കി വാര്‍ത്തെടുക്കുവാനും അഹോരാത്രം പരിശ്രമിക്കും.
സദ്‌വൃത്തയായ സ്ത്രീ അവള്‍ ഉദ്ദേശിച്ച കവാടത്തിലൂടെ സ്വര്‍ഗപ്രവേശം നടത്തും. അബൂഹുറയ്‌റ (റ)യില്‍ നിന്ന് നിവേദനം. നബി (സ)പറഞ്ഞു: ''ഒരുവള്‍ അഞ്ച് സമയത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും റമദാനിലെ നിര്‍ബന്ധ വ്രതം അനുഷ്ഠിക്കുകയും ഗുഹ്യാവയവം സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവളോട് പറയപ്പെടും: ഇഷ്ടമുള്ള കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക'' (ഇബ്‌നു ഹിബ്ബാന്‍).
ഭര്‍ത്താവിനെ അനുസരിക്കല്‍ സച്ചരിതയായ സ്ത്രീയുടെ സദ്ഗുണമായി പറയുക മാത്രമല്ല, അത് നിര്‍ബന്ധ ബാധ്യതയാണെന്ന് പഠിപ്പിക്കുന്നുമുണ്ട് ഇസ്‌ലാം. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീട്ടില്‍ നിന്നും പുറത്തുപോവുകയോ; അദ്ദേഹം ഇഷ്ടപ്പെടാത്ത ഒരാളെ അദ്ദേഹത്തിന്റെ അനുമതി കൂടാതെ വീട്ടില്‍ പ്രവേശിപ്പിക്കുകയോ ചെയ്യരുത്. ഭാര്യയോട് നല്ലനിലയില്‍ വര്‍ത്തിക്കലും അവളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കലും ഭര്‍ത്താവിന്റെയും ബാധ്യതയാണ്. ഖുര്‍ആന്‍ പറയുന്നു: ''സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്''.(2/228)
ഇബ്‌നു അബ്ബാസ് (റ) ഈ ആയത്തിനെ വിശദീകരിക്കുന്നു: ''എന്റെ ഭാര്യ എന്നോട് എങ്ങനെ പെരുമാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം അവളോട് സഹവര്‍ത്തിക്കുവാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു''.
അതിനാല്‍ വീടുകള്‍ സ്വര്‍ഗതുല്യമാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍ സല്‍സ്വഭാവിനികളും പരിശുദ്ധകളുമായ ഇണകളെ സ്വീകരിക്കാന്‍ സന്നദ്ധത കാണിക്കണം. സ്ത്രീയുടെ ശരീര സൗന്ദര്യമല്ല, ഹൃദയസൗന്ദര്യമാണ് പരിഗണിക്കേണ്ടത്. ശരീര സൗന്ദര്യം കാലക്രമേണ ഇല്ലാതാവും. ഹൃദയ സൗന്ദര്യം ഒരിക്കലും നഷ്ടപ്പെട്ടുപോവുകയില്ല.
ശൈഖ് ഉസൈമീന്‍ പറയുന്നു: 'സൗന്ദര്യത്തിന് രണ്ടര്‍ഥമുണ്ട്. ഒന്ന് ശരീര സൗന്ദര്യം. അത് അവന്റെ കണ്ണിനും കരളിനും കുളിര്‍മയേകും. ധാരാളം സമയം അവളോടൊത്ത് ചെലവഴിക്കാന്‍ ആഗ്രഹം ജനിപ്പിക്കും.
ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി''(30/21).
രണ്ട്,ഹൃദയത്തിന്റെ സൗന്ദര്യം. അത് സ്‌നേഹനിര്‍ഭരവും സന്തോഷദായകവുമായ മാതൃകാ കുടുംബജീവിതം നയിക്കാന്‍ സഹായിക്കും. ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ രഹസ്യങ്ങളെയും സൂക്ഷിക്കും. ഭര്‍ത്താവിന്റെ സമ്പത്ത് സംരക്ഷിക്കും. മക്കളെ നന്നായി വളര്‍ത്തും. വീട്ടില്‍ നന്മയുടെയും സല്‍സ്വഭാവത്തിന്റെയും വിത്തുകള്‍ നട്ടുവളര്‍ത്തും. അവളുടെ സാന്നിധ്യം ഭര്‍ത്താവിന് മാനസികവും ശാരീരികവുമായ സന്തോഷവും ആനന്ദവും ഇമ്പവും നല്‍കും. പ്രവാചകന്‍ (സ) പറയുന്നു: ''നീ അവളിലേക്ക് നോക്കിയാല്‍ നിന്നെ സന്തോഷിപ്പിക്കും. നീ കല്‍പിച്ചാല്‍ അനുസരിക്കും'' (അബൂദാവൂദ്, നസാഈ).
അറബികള്‍ പറയാറുണ്ട്. ആറുതരം സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്. ധാരാളം കരയുകയും പരാതിപ്പെടുകയും ചെയ്യുന്നവള്‍, ഭര്‍ത്താവിന് ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ എടുത്തുപറയുന്നവള്‍, മറ്റൊരു ഭര്‍ത്താവിനെ കൊതിക്കുന്നവള്‍, കാണുന്നതൊക്കെ വാങ്ങാന്‍ കൊതിക്കുകയും ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നവള്‍, മുഖം സുന്ദരമാക്കാന്‍ ധാരാളം സമയം കണ്ണാടിക്ക് മുന്നില്‍ ചെലവഴിച്ച്, കൃത്രിമമായി തിളക്കം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവള്‍/ ഭക്ഷണ കാര്യത്തില്‍ ദേഷ്യം കാണിക്കുന്നവള്‍, നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നവള്‍ എന്നിവരാണവര്‍.ഉത്തമയായ കുടുംബിനി തന്റെ ഭര്‍ത്താവിന് സദാ സമാധാനവും സന്തോഷവും പകരും. ഭര്‍ത്താവിനെ അനുസരിക്കും. അദ്ദേഹത്തിന്റെ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കും. അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവരോട് ഏഷണിയും പരദൂഷണവും പറയുകയില്ല. അല്ലാഹു പറയുന്നു: ''അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്''. (അന്നിസാഅ്-34)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് സയ്യിദ് ഖുത്വ്ബ് പറയുന്നു: ''നല്ലവളും സത്യവിശ്വാസിനിയുമായ സ്ത്രീയുടെ നന്മയുടെയും സത്യവിശ്വാസത്തിന്റെയും അനിവാര്യമായ ഗുണത്തിലും പ്രകൃതത്തിലും പെട്ടതാണ് അനുസരണവും അച്ചടക്കവുമുള്ളവളായിരിക്കുക എന്നത്.
'ഖുനൂത്വ്' എന്നാല്‍ ഉദ്ദേശ്യത്തോടും ആഗ്രഹത്തോടും ഇഷ്ടത്തോടും കൂടി- സമ്മര്‍ദത്തോടും വൈമുഖ്യത്തോടും വൈഷമ്യത്തോടും ഉപേക്ഷയോടും കൂടിയല്ല- അനുസരിക്കുക എന്നതാകുന്നു. അതുപോലെ നല്ലവളായ സത്യവിശ്വാസിനിയുടെ നന്മയുടെയും സത്യവിശ്വാസത്തിന്റെയും അനിവാര്യഫലമാണ് അവള്‍ക്കും അവളുടെ ഭര്‍ത്താവിനുമിടയിലുള്ള ആ പവിത്രപാശത്തിന്റെ പരിശുദ്ധി അയാളുടെ അസാന്നിധ്യത്തിലും കാത്തുസൂക്ഷിക്കുക എന്നത്. ഭര്‍ത്താവിനുമാത്രം അനുവദിക്കപ്പെട്ട ഒരു നോട്ടമോ മൊഴിയാട്ടമോ പോലും അന്യര്‍ക്കായി അവളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. കാരണം, അയാള്‍ അവളുടെതന്നെ ആത്മാവിന്റെ അര്‍ധാംശമാണല്ലോ''. (ഫീ ലിളാലില്‍ ഖുര്‍ആന്‍)
അബൂ ഹുറയ്‌റ(റ) ല്‍ നിന്നും: പ്രവാചകന്‍ (സ) അരുളി: ''കാണുമ്പോള്‍ നിങ്ങള്‍ക്ക് മനഃസന്തുഷ്ടിയേകുന്ന, നിങ്ങള്‍ കല്‍പിക്കുമ്പോള്‍ അനുസരിക്കുന്ന, നിങ്ങളുടെ അസാന്നിദ്ധ്യത്തില്‍ നിങ്ങളുടെ ധനത്തേയും അവളുടെ ദേഹത്തേയും കാത്തുസൂക്ഷിക്കുന്ന സ്ത്രീയാണ് ഉത്തമ പത്‌നി''. (അബൂ ഹാതിം)
ഈ ഹദീസിലെ ഭര്‍ത്താവിനോടുള്ള അനുസരണത്തെക്കുറിച്ച് സയ്യിദ് മൗദൂദി പറയുന്നു: ''ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നതിനേക്കാള്‍ സ്രഷ്ടാവിനെ അനുസരിക്കുന്നതിനു പ്രാധാന്യം കല്‍പിക്കേണ്ടതുണ്ട്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് സൃഷ്ടിക്കൊരു അനുസരണമില്ല. അതിനാല്‍ സ്രഷ്ടാവിന് വിപരീതമായി പ്രവര്‍ത്തിക്കുവാനോ അവന്റെ നിര്‍ബന്ധ കല്‍പനകളില്‍ വല്ലതിനെയും നിരാകരിക്കുവാനോ ഭര്‍ത്താവ് കല്‍പിക്കുന്ന പക്ഷം ആ കല്‍പന നിരസിക്കേണ്ടത് ഭാര്യക്ക് നിര്‍ബന്ധമാണ്. അനുസരിക്കുന്നപക്ഷം അവള്‍ കുറ്റക്കാരിയായിയായിത്തീരും. എന്നാല്‍, സുന്നത്ത് നമസ്‌കാരം, സുന്നത്ത് നോമ്പ് മുതലായ കര്‍മ്മങ്ങള്‍ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചാല്‍ അവളതിന് വഴങ്ങേണ്ടതാണ്. ഭര്‍ത്താവിനെ ധിക്കരിച്ചുകൊണ്ട് സുന്നത്തുകള്‍ നിര്‍വ്വഹിച്ചാല്‍ സ്വീകാര്യമാകയില്ല''. (തഫ്ഹീമുല്‍ ഖുര്‍ആന്‍)
ദുഃഖത്തിലും സന്തോഷത്തിലും അവള്‍ ഭര്‍ത്താവിന്റെ കൂടെയുണ്ടാകും. അദ്യമായി വഹ്‌യ് ലഭിച്ച സന്ദര്‍ഭത്തില്‍ പ്രവാചകന്‍ (സ) പേടിച്ച് വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടിക്കിതച്ചുവന്നപ്പോള്‍ തന്റെ പ്രിയങ്കരിയായ ഇണ ഖദീജ (റ) അദ്ദേഹത്തെ സ്വീകരിച്ചതും പുതപ്പിച്ചതും ശേഷം സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും വാക്കുകളാല്‍ പ്രവാചകനെ തലോടിയതും ഉദാഹരണം. പ്രവാചകന്റെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെ ഉറ്റവരും ആത്മബന്ധുക്കളും നാട്ടുകാരും കഠിനമായി എതിര്‍ത്തപ്പോള്‍, ആ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുകയായിരുന്നു അവര്‍.