കാട വളര്‍ത്തല്‍
ഡോ: പി.കെ മുഹ്‌സിൻ
2014 ആഗസ്റ്റ്
കാട്ടിലുണ്ടായിരുന്ന കാടപ്പക്ഷികളെ മെരുക്കി വളര്‍ത്തു പക്ഷികളാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തത് ജപ്പാന്‍കാരാണ്. അതുകൊണ്ടാണ് ഇവ ജപ്പാനീസ് ക്വയില്‍ (ജപ്പാനീസ് കാട) എന്നറിയപ്പെടുന്നത്.
കാട്ടിലുണ്ടായിരുന്ന കാടപ്പക്ഷികളെ മെരുക്കി വളര്‍ത്തു പക്ഷികളാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്തത് ജപ്പാന്‍കാരാണ്. അതുകൊണ്ടാണ് ഇവ ജപ്പാനീസ് ക്വയില്‍ (ജപ്പാനീസ് കാട) എന്നറിയപ്പെടുന്നത്.
ഇക്കാലത്ത് മിക്ക രാജ്യങ്ങളിലും മുട്ടക്കും മാംസത്തിനും വേണ്ടി ഇവയെ വളര്‍ത്തിവരുന്നു. ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിനറി ഗവേഷണ കേന്ദ്രത്തില്‍ ഈ പക്ഷികളെക്കുറിച്ചുള്ള ആദ്യപാഠങ്ങള്‍ ആരംഭിച്ചത് 1974-ല്‍ ആണ്.
കുറഞ്ഞ തീറ്റച്ചെലവ്, മുട്ടവിരിയിക്കാന്‍ ചുരുങ്ങിയ ദിവസം, വളര്‍ത്താന്‍ കുറഞ്ഞ സ്ഥലം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ആറാഴ്ച പ്രായമാകുമ്പോള്‍ കാടകള്‍ മുട്ടയിട്ട് തുടങ്ങുന്നു. മുട്ടയും മാംസവും സ്വാദിഷ്ടവും ഔഷധ ഗുണമുള്ളതുമാണ്.
വിവിധയിനം കാടകളുണ്ടെങ്കിലും ജപ്പാനീസ് കാടകളും ബോബ് വൈറ്റ് കാടകളുമാണ് ഇന്ന് ഏറെ പ്രചാരത്തിലുള്ളത്.
കാടകള്‍ വര്‍ഷത്തില്‍ 250 മുതല്‍ 300 വരെ മുട്ടകള്‍ ഇടുന്നു. ഏറ്റവും അധികം മുട്ടയിട്ടുക എട്ട് ആഴ്ച മുതല്‍ ഇരുപതാഴ്ചവരെയുള്ള കാലത്താണ്. വൈകീട്ട് മൂന്ന് മണിമുതല്‍ ആറുമണിവരെയാണ് 75 ശതമാനം കാടകളും മുട്ടയിടുക. എട്ട് ആഴ്ച തൊട്ട് പന്ത്രണ്ട് മാസം വരെ മുട്ട ഉല്‍പാദനം തുടര്‍ന്നുകൊണ്ടിരിക്കും. അടയിരിക്കുന്ന സ്വഭാവം കാടകള്‍ക്കില്ല. ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ചോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ചോ കാടമുട്ടകള്‍ വിരിയിക്കാം. മുട്ടവിരിയാന്‍ പതിനാറു മുതല്‍ പതിനെട്ടുവരെ ദിവസം വേണ്ടിവരും. മൂന്നാഴ്ചക്കാലം കൃത്രിമമായ ചൂട്‌വേണം.
ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലാണ് കാടക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുക. നിലത്ത് വിരിച്ച ലിറ്ററില്‍ ഓരോ പ്രായത്തിലും വര്‍ഗത്തിലുമുള്ള പക്ഷികളെ ഒന്നിച്ച് വളര്‍ത്തുന്നതിനെയാണ് ഡീപ്പ് ലിറ്റര്‍ സമ്പ്രദായം എന്ന് പറയുന്നത്. നല്ല വാതായനവും വായുസഞ്ചാരവും വൃത്തിയുമുള്ള അന്തരീക്ഷം കൂട്ടില്‍ ഉണ്ടായിരിക്കണം.
മൂന്നാഴ്ച പ്രായമാകുമ്പോള്‍ കഴുത്തിലെയും നെഞ്ചുഭാഗത്തെയും തൂവലുകളുടെ നിറവ്യത്യാസത്തില്‍ നിന്നും ആണ്‍-പെണ്‍ കാടകളെ വേര്‍ത്തിരിക്കാം. ആണ്‍ കാടകള്‍ക്ക് ഈ ഭാഗങ്ങളില്‍ ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള തൂവലുണ്ടായിരിക്കുമ്പോള്‍ പെണ്‍ കാടകള്‍ക്ക് കറുപ്പ് പുള്ളികളടങ്ങിയ 'ടാന്‍' അല്ലെങ്കില്‍ ഗ്രെ നിറത്തിലുള്ള തൂവലുകളാണ് ഉണ്ടാകുക. മറ്റു പക്ഷികളില്‍ നിന്നും വ്യത്യസ്ഥ്തമായി ആണ്‍ കാടകള്‍ പെണ്‍ കാടകളെക്കാള്‍ വലിപ്പം കുറഞ്ഞവയായിരിക്കും. പ്രായപൂര്‍ത്തിയായ ആണ്‍ കാടകളുടെ വിസര്‍ജനാവയവത്തിനടുത്ത് വിരല്‍കൊണ്ടമര്‍ത്തുകയാണെങ്കില്‍ വെളുത്ത നിറത്തില്‍ പതരൂപത്തിലുള്ള ഒരു ദ്രാവകം ഊറിവരുന്നതായി കാണാം. ഇത് ആണ്‍ കാടയെ പെണ്‍ കാടയില്‍ നിന്നും വേര്‍ത്തിരിച്ചറിയാന്‍ സഹായിക്കുന്നു. ഒരു ചതുരശ്ര അടി സ്ഥലത്ത് അഞ്ചോ ആറോ കാടകളെ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ വളര്‍ത്താം.
ആറാഴ്ചകൊണ്ട് പ്രായപൂര്‍ത്തിയാവുന്ന ഒരു കാടക്ക് 150 ഗ്രാം ശരീര തൂക്കം ഉണ്ടായിരിക്കും. പെണ്‍ കാടകള്‍ ഈ പ്രായത്തില്‍ മുട്ടയിട്ട് തുടങ്ങുന്നു. മുട്ടയിടുന്ന കാടകള്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. അഞ്ചോളം കാടകള്‍ക്ക് ഒരു പെട്ടി എന്ന നിലയില്‍ ഡീപ്പ് ലിറ്ററില്‍ വെച്ചിരിക്കണം. പെണ്‍കാടകള്‍ക്ക് ദിനംപ്രതി പതിനാറ് മണിക്കൂര്‍ വെളിച്ചം ആവശ്യമാണ്. കേജ് സമ്പ്രദായത്തിലും കാടകളെ വളര്‍ത്താം. 25 കാടകള്‍ക്ക് 60ത60ത25 സെന്റീ മീറ്റര്‍ അളവിലുള്ള കൂടുകള്‍ മതി.
തീറ്റക്രമം
കോഴികളെപ്പോലെ സമീകൃതാഹാരം കാടകള്‍ക്കും ആവശ്യമാണ്. ആദ്യത്തെ മൂന്നാഴ്ച സ്റ്റാര്‍ട്ടര്‍ തീറ്റ കൊടുക്കാം. ഇതില്‍ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്ന കാടകള്‍ക്ക് തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്ത് നല്‍കേണ്ടതാണ്. ഒരു വര്‍ഷത്തില്‍ ഒരു കാട എട്ടുകിലോഗ്രാം തീറ്റയെടുക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. വിവിധയിനം കാടത്തീറ്റകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇറച്ചിക്കോഴിത്തീറ്റയില്‍ 100 കിലോഗ്രാമില്‍ രണ്ട് കിലോഗ്രാം പൊടിയും അഞ്ച് കിലോഗ്രാം കടലപ്പിണ്ണാക്കും ആറ് ഗ്രാം ജീവകം എന്നിവയും പൊടിച്ച് ചേര്‍ത്ത് തീറ്റയായി ഉപയോഗിക്കാം.