നീതിബോധമുള്ളവരില്‍ നീറ്റലുണ്ടാക്കുന്ന നീതി നിഷേധം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

        അബ്ദുന്നാസിര്‍ മഅ്ദനി ഒരു സാധാരണ മത പണ്ഡിതന്‍ മാത്രമായിരുന്നു. കൊല്ലൂര്‍ വിള മഅ്ദനുല്‍ ഉലൂം അറബിക്‌കോളേജില്‍ നിന്ന് മഅ്ദനി ബിരുദവും പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദവും നേടിയ ചെറുപ്പക്കാരനായ ഇസ്‌ലാമിക പണ്ഡിതന്‍. ഓച്ചിറയില്‍ മത അധ്യാപകനായി ജോലി നോക്കി. ചെറുപ്രായത്തില്‍ തന്നെ മതപ്രഭാഷണ വേദിയില്‍ ശ്രദ്ധേയനായി. ദക്ഷിണ കേരളത്തില്‍ ഒട്ടൊക്കെ അറിയപ്പെടാന്‍ തുടങ്ങി.
എന്നാല്‍ ഇന്ന് കേരളമെങ്ങും അറിയപ്പെടുന്ന മഅ്ദനിയെ രൂപപ്പെടുത്തിയത് 1980-കളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും രാജ്യത്തുണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നിലനിന്ന സവിശേഷമായ സാഹചര്യമാണ് അദ്ദേഹത്തിന്റെ രംഗപ്രവേശത്തിന് വഴിയൊരുക്കിയത്. 1989 ഒക്ടോബറില്‍ ഭഗല്‍പൂരില്‍ നടന്ന കലാപത്തില്‍ 1070 മുസ്‌ലിംകള്‍ ക്രൂരമായി കൊല്ലപ്പെട്ടു. അരലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായി. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. രാമശിലാപൂജ ഇളക്കിവിട്ട വര്‍ഗീയ വികാരമായിരുന്നു അന്ന് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും നടന്ന വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് കാരണം. അന്ന് ബീഹാര്‍ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സാണ്.
ബാബരിമസ്ജിദ് പ്രശ്‌നം സ്‌ഫോടനാത്മകമാക്കി മാറ്റിയ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര വലിയതോതില്‍ മുസ്‌ലിം വിരുദ്ധ വികാരം വളര്‍ത്തി. അതുപയോഗപ്പെടുത്തി 1989 നവംബര്‍ ഒമ്പതിന് ബാബരി മസ്ജിദ് അങ്കണത്തില്‍ ശിലാന്യാസം നടത്തി. ബാബരി മസ്ജിദിനെതിരായ ഗൂഢാലോചനയില്‍ ആദ്യം മുതലേ പങ്കാളിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നഗരവികസന അതോറിറ്റിയുടെ അംഗീകൃത നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ശിലാന്യാസത്തിന് അനുമതി നല്‍കിയത്.
ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനകളുമായി രംഗത്തുവന്നു. രാമമന്ദിര്‍ ജീര്‍ണോദ്ധാരണ സമിതി പ്രസിഡണ്ടും ഓള്‍ ഇന്ത്യാ സാന്ത് സമിതി അംഗവുമായ സ്വാമി വാമദേവ്‌, ശിവസേന നേതാവ് ബാല്‍ താക്കറെ, സ്വാമി മുക്താനന്ദ, സ്വാമി ചിന്മയാനന്ദ, വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ തുടങ്ങിയവര്‍ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇതൊന്നും തടയാനോ നിയന്ത്രിക്കാനോ ഒരു ഭാഗത്തുനിന്നും ശ്രമമുണ്ടായില്ല.
കേരളത്തിലും വര്‍ഗീയതയുടെ വളര്‍ച്ചക്കെതിരെ നിസ്സംഗമായ സമീപനമാണുണ്ടായത്. കോണ്‍ഗ്രസ്സ് സ്വാഭാവികമായും സ്വന്തം പാര്‍ട്ടിയുടെ വഴിവിട്ട സമീപനങ്ങളെ ന്യായീകരിക്കാനോ അവയുടെ നേരെ കണ്ണടക്കാനോ ശ്രമിച്ചു. ഭരണപങ്കാളിത്വത്തിന്റെ പേരില്‍ മുസ്‌ലിം ലീഗും അതുതന്നെ ചെയ്തു. ഈ സാഹചര്യത്തിലാണ് അബ്ദുന്നാസിര്‍ മഅ്ദനി മുസ്‌ലിം ചെറുപ്പക്കാരുടെ സാമുദായിക ബോധത്തെ ത്രസിപ്പിക്കുന്ന വൈകാരിക പ്രസംഗങ്ങളുമായി രംഗത്തുവന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യശക്തികള്‍ ഇറാഖില്‍ ആക്രമണം അഴിച്ചുവിട്ടത് കേരളത്തിലുണ്ടാക്കിയ വൈകാരികാന്തരീക്ഷത്തെയും മഅ്ദനി ഉപയോഗപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ആയിരക്കണക്കിനാളുകള്‍ ആകൃഷ്ടരായി. തനിക്കുചുറ്റും ഒത്തുകൂടിയവരെ ഉപയോഗപ്പെടുത്തി 'ഇസ്‌ലാമിക് സേവക് സംഘ് (ഐ.എസ്.എസ്) രൂപീകരിച്ചു. 1997-ലായിരുന്നു ഇത.് പിന്നീട് അതിന്റെ പേരിലാണ് പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസിനെയെന്ന പോലെ മുസ്‌ലിംലീഗിന്റെ നിസ്സംഗതയെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. അതിനുമുമ്പ് അദ്ദേഹം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവിലും മുസ്‌ലിം ലീഗിലും പ്രവര്‍ത്തിച്ചിരുന്നു.
സിറാജുന്നിസ വധിക്കപ്പെടുകയും കേരള സര്‍ക്കാര്‍ അതില്‍ കുറ്റകരമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ മഅ്ദനിയുടെ വാക്കുകള്‍ക്ക് കടുപ്പം കൂടി. വര്‍ഗീയ ഫാസിസത്തെയും സംഘ്പരിവാറിനെയും നിശീതമായി നിരൂപണം നടത്തുകയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അതോടെ പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭരണകൂടത്തിനും വാര്‍ത്താമാധ്യമങ്ങള്‍ക്കും ദേശിയ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായ സംഘടനയായാണ് ഐ.എസ്.എസിനെ വിലയിരുത്തിയത്. സംഘടനാപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ മുസ്‌ലിംലീഗും അതിനെ രൂക്ഷമായി വിമര്‍ശിക്കുകയും എല്ലാ വിധേനയും എതിര്‍ക്കുകയും ചെയ്തു.
1992 ആഗസ്റ്റ് ആറിന് മൈനാഗപ്പള്ളിയില്‍ വെച്ച് ഒരു ബോംബേറില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വലതുകാല്‍ നഷ്ടപ്പെട്ടു. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തുവന്ന ശേഷം ബോംബേറ് കേസിലെ പ്രതികള്‍ക്ക് മഅ്ദനി മാപ്പു കൊടുക്കുകയാണുണ്ടായത്.
1992 ഡിസംബറില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് മറ്റു ചില സംഘടനകളോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ്സിനെയും നിരോധിച്ചു. അതോടെ സംഘടന പിരിച്ചുവിട്ടതായി മഅ്ദനി പ്രഖ്യാപിച്ചു. മസ്ജിദിന്റെ തകര്‍ച്ചയുടെയും മുംബൈ കൂട്ടക്കുരുതിയുടെയും പശ്ചാത്തലത്തില്‍ മഅ്ദനി നടത്തിയ പ്രഭാഷണങ്ങള്‍ രാജ്യദ്രോഹവും തീവ്രവാദവും പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പോലീസിന് പിടികൊടുക്കാതെ അല്‍പകാലം ഒളിവില്‍ കഴിഞ്ഞു. പിന്നീട് സ്വയം അറസ്റ്റ് വരിച്ചു. ഒന്നരമാസത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായി.
1993-ല്‍ പിന്നാക്ക ന്യൂനപക്ഷ താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യംവെച്ച് പി.ഡി.പി എന്നൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. മഅ്ദനി തന്നെയാണ് അതിന്റെ ചെയര്‍മാന്‍. അധഃസ്ഥിത പിന്നാക്ക നൂനപക്ഷങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം എന്ന ആശയവുമായി മുന്നോട്ടുവന്ന പി.ഡി.പിക്ക് ആദ്യ ഘട്ടത്തില്‍ കേരളീയ സമൂഹത്തില്‍ പൊതുവിലും മുസ്‌ലിം സമൂഹത്തില്‍ വിശേഷിച്ചും മോശമല്ലാത്ത സ്വാധീനം നേടാന്‍ സാധിച്ചു. തിരൂരങ്ങാടി, ഗുരുവായൂര്‍, അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്തെത്താന്‍ പി.ഡി.പിക്ക് സാധിച്ചു. ഇത് സംസ്ഥാനത്തെ രണ്ടു മുന്നണികളിലും അസ്വസ്ഥത സൃഷ്ടിച്ചു. അവര്‍ മഅ്ദനിക്കെതിരെ ശക്തമായി രംഗത്തുവന്നു. അദ്ദേഹത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. മഅ്ദനിയുടെ പ്രസംഗങ്ങള്‍ എത്രതന്നെ പ്രകോപനപരമായിരുന്നുവെങ്കിലും അശോക്‌സിംഗാളിന്റെയും താക്കറെയുടെയും മുക്താനന്ദയുടെയും വാമദേവിന്റെയും വാക്കുകളെക്കാള്‍ എത്രയോ മൂര്‍ച്ച കുറവായിരുന്നു. സാമുദായിക ധ്രുവീകരണവും വര്‍ഗീയ വികാരവും വളര്‍ത്തുന്നതില്‍ ആപേക്ഷികമായി ലഘുവായിരുന്നു. എന്നാലും ഇസ്‌ലാമിക അധ്യാപനങ്ങളുടെ ചൈതന്യത്തിന് ചേരാത്തവയായിരുന്നതിനാല്‍ അവ ഒഴിവാക്കേണ്ടതായിരുന്നു.
1992-ല്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ആറുവര്‍ഷത്തിന് ശേഷം 1998 മാര്‍ച്ച് 30-ന് കേരളാ പോലീസ് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റു ചെയ്തു. അറസ്റ്റിനുള്ള പ്രധാന കാരണം പ്രസംഗമല്ലെന്ന് ഈ കാലതാമസം തന്നെ വ്യക്തമാക്കുന്നു. 1992-ല്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പുതുക്കി വാങ്ങി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും സംഘവും കൊച്ചിയില്‍ നിന്ന് മഅ്ദനിയെ അറസ്റ്റു ചെയ്യുകയായിരുന്നു. എട്ടുദിവസം അദ്ദേഹത്തെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചു. പിന്നീട് തമിഴ്‌നാട് പോലീസിന് കൈമാറി. കേരളത്തിലെ വിവിധ കോടതികളില്‍ മഅ്ദനിക്കെതിരെ ഭീകരത വളര്‍ത്തുന്ന പ്രസംഗങ്ങള്‍ ചെയ്തുവെന്ന കുറ്റം ചുമത്തുന്ന മൂന്നു ഡസനിലേറേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരം കേസുകളില്‍ ഇതേവരെ വിധിവന്നവയിലെല്ലാം അദ്ദേഹം നിരപരാധിയാണെന്നാണ് പ്രസ്താവിക്കപ്പെട്ടത്.
1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരിലുണ്ടായ ബോംബ്‌സ്‌ഫോടനത്തിന്റെ പേരിലാണ് മഅ്ദനിയെ തമിഴ്‌നാട് പോലീസിന് കൈമാറിയത്. 1998 സെപ്തംബര്‍ 28-ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.ടി ശെല്‍വിയുടെ മുന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ 166 പ്രതികളില്‍ നാലാമനായിരുന്നു മഅ്ദനി. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ അദ്ദേഹത്തിന് പങ്കുണ്ട് എന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. വിചാരണക്കൊടുവില്‍ മഅ്ദനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുകയും വിട്ടയക്കപ്പെടുകയും ചെയ്തു. അപ്പോഴേക്കും വിലപ്പെട്ട ജീവിതത്തിലെ ഒമ്പതര വര്‍ഷം കാരാഗൃഹം തിന്നുകഴിഞ്ഞിരുന്നു. ജയില്‍മോചിതനായ മഅ്ദനിക്ക് കേരളക്കരയില്‍ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ സമീപനം പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. വീണ്ടും മാധ്യമ വേട്ട ആരംഭിച്ചു. മഅ്ദനിക്കെതിരായ പൊതുബോധം ആസൂത്രിതമായി വളര്‍ത്തിയെടുത്തു. ഇതില്‍ അച്ചടി ദൃശ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതും ക്രൂരവുമാണ്.
അങ്ങനെ ഒരു റമദാനില്‍ 2010 ആഗസ്റ്റ് 17-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഇത്തവണ ബാംഗ്ലൂര്‍ സ്‌ഫോടനകേസിലാണ് പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍ വസ്തുത അറിയാന്‍ അല്‍പമെങ്കിലും താല്‍പര്യമെടുക്കുന്ന ഏവര്‍ക്കും ഇത് തീര്‍ത്തും കെട്ടിച്ചമച്ചതാണെന്ന് വളരെ വേഗം ബോധ്യമാകും. എന്നിട്ടും മഅ്ദനി നാലുവര്‍ഷത്തോളമായി കര്‍ണാടക ജയിലില്‍ തന്നെ. മാരകമായ രോഗങ്ങള്‍ക്കടിപ്പെട്ടിട്ടും ജാമ്യം പോലും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിയമനടത്തിപ്പിന്റെയും എല്ലാ നന്മയെയും സല്‍പേരിനെയും കെടുത്തിക്കളയാനും അതിന്റെ ഇരുണ്ട മുഖം തുറന്നുകാണിക്കാനും പര്യാപ്തമാണ് മഅ്ദനിയുടെ അനുഭവം. അബ്ദുന്നാസിര്‍ മഅ്ദനി തന്റെ പ്രഭാഷണത്തിലൂടെ ശ്രദ്ധേയനായ ഘട്ടത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി അദ്ദേഹവുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ ചര്‍ച്ച പ്രസംഗത്തിന്റെ ഭാഷയും ശൈലിയും രൂക്ഷമാവാതിരിക്കാനും കുറേക്കൂടി സൗമ്യമാക്കാനും അദ്ദേഹത്തോട് അഭ്യര്‍ഥിക്കാന്‍ വേണ്ടിയായിരുന്നു. അക്കാര്യം കൂട്ടുകാരിലൂടെ നിര്‍വഹിക്കുകയും ചെയ്തു. പിന്നീട് കോയമ്പത്തൂര്‍ ജയിലിലായിരിക്കെ ബന്ധുക്കളിലൂടെയും പാര്‍ട്ടി പ്രവര്‍ത്തകരിലൂടെയും അദ്ദേഹം ആവശ്യപ്പെട്ട ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ഐ.പി.എച്ചില്‍ നിന്ന് എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. ജയില്‍ മോചിതനായ ശേഷം പലതവണ കാണുകയും ചെയ്തു. ജയില്‍ ജീവിതത്തിലൂടെ മഅ്ദനിയില്‍ വമ്പിച്ച മാറ്റങ്ങള്‍ വന്നതായും സൗമ്യനായി മാറിയതായുമാണ് അനുഭവപ്പെട്ടത്.
ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ അറസ്റ്റുചെയ്യപ്പെട്ട ശേഷം അദ്ദേഹം തീര്‍ത്തും നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുള്ളതിനാല്‍ നിയമ നടത്തിപ്പിന് വേണ്ടിയുള്ള കൂട്ടായ്മയില്‍ സഹകരിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സാധ്യമാംവിധം പങ്കാളിയാവുകയും ചെയ്തുവരുന്നു. മര്‍ദ്ദിതരെ സഹായിക്കാനും ഇരകളെ രക്ഷിക്കാനും ശ്രമിക്കാതിരിക്കുന്നത് കൊടിയ ക്രൂരതയും പാപവുമാണെന്നാണല്ലോ ഇസ്‌ലാമിക അധ്യാപനം. ഇതെഴുതിയ ശേഷം അച്ചടിക്കുന്നതിനു മുമ്പായി മഅ്ദനിക്ക് ഒരു മാസത്തേക്ക് സുപ്രീംകോടതിയില്‍ നിന്ന് സോപാധിക ജാമ്യം കിട്ടിയിരിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top