നാട്ടുകൂട്ടത്തിന്റെ നന്മകള്‍

ഫൗസിയ ഷംസ് No image

തലശ്ശേരി പരിസരപ്രദേശത്തെ കുറച്ചു പെണ്ണുങ്ങള്‍ രാവിലെ തന്നെ ഒത്തുകൂടി കാറിലൊരു യാത്ര പുറപ്പെടുകയാണ്. ദൂരയൊന്നുമല്ല, തൊട്ടടുത്തു തന്നെയുള്ള തലശ്ശേരി ബസ് സ്റ്റാന്റിനെ ലക്ഷ്യമാക്കിയാണവരുടെ പുറപ്പാട്. കൂട്ടുകാരിയും അയല്‍ക്കാരിയുമായ സക്കീനയുടെ മകളുടെ കല്യാണമാണ് വരുന്ന മാസം. എല്ലാ തലശ്ശേരിവാസികളെയുംപോലെ തന്നെ ആര്‍ഭാടവും അതിശയവുമുള്ള കല്യാണം. അതിനവര്‍ വീട് മോടികൂട്ടാനും അനുബന്ധചെലവുകള്‍ക്കും ഒരുപാട് ലോണെടുത്തിട്ടുണ്ട്. നാട്ടുനടപ്പനുസരിച്ച് അതൊന്നും പോരാന്ന് കൂട്ടുകാരികള്‍ക്കറിയാം. അതുകൊണ്ടാണവര്‍ തലശ്ശേരി ടൗണിലേക്ക് ഉച്ചപ്പണിയെല്ലാം നേരത്തേ തിരക്കിട്ട് ചെയ്തു തീര്‍ത്ത് ഒരു കാറില്‍ ഒന്നിച്ച് യാത്ര പുറപ്പെടുന്നത്. ആ യാത്ര തലശ്ശേരി ബസ് സ്റ്റാന്റിനടുത്തുള്ള ബില്‍ഡിംഗിലെ 'സംഗമം' ഓഫീസിലേക്കാണ്.
അവര്‍ക്ക് പണം വേണം. പക്ഷേ, അവരുടെ കൈയില്‍ വീടിന്റെ ആധാരമോ സര്‍ക്കാറുദ്യോഗസ്ഥന്റെ ജാമ്യപത്രമോ ഒന്നും ഇല്ല. ഒരു ചെറിയ പാസ് ബുക്ക് മാത്രം. അത് കൈയിലുണ്ടെന്ന് ഉറപ്പുവരുത്തിയാണ് അവര്‍ പോയത്. ടെന്‍ഷന്‍ ഫ്രീയായിക്കൊണ്ട് ലോണെടുക്കാന്‍ പോകുന്നവരാണവര്‍. പത്രത്താളുകളിലും ടി.വി ചാനലിലും സെന്‍സേഷനല്‍ വാര്‍ത്തയായി മാറിയ പലിശക്കെടുതിയുടെ ആത്മഹത്യാഭയമോ ജപ്തിഭീഷണിയോ താങ്ങേണ്ടതില്ലാത്തതിന്റെ ആലസ്യത്തില്‍ സൊറ പറഞ്ഞും നുണ പറഞ്ഞും പോകുന്നവര്‍ക്കൊപ്പം അവിചാരിതമായി ഞാനും കൂടി.
തലശ്ശേരി ഇസ്‌ലാമിക് സെന്ററിന്റെ കോണിപ്പടികള്‍ കയറി വിശാലമായൊരു ഓഫീസിനു മുകളിലാണവര്‍ പോയത്. നിറയെ കസ്റ്റമേഴ്സ് ഉണ്ട്. എല്ലാവരും സ്ത്രീകള്‍ തന്നെ. പക്ഷേ, ഒന്നുണ്ട്; ആ മുഖങ്ങളിലൊന്നും പിരിമുറുക്കമില്ല. പണം വാങ്ങിയാല്‍ വലിയൊരു ബാധ്യത പലിശയിനത്തില്‍ തങ്ങളുടെ തലക്കു മുകളില്‍ തൂങ്ങിയാടുമോയെന്ന ലാഞ്ഛന പോലും ആ മുഖങ്ങളിലില്ല. അപ്പുറമിരിക്കുന്ന പ്രസിഡന്റ് അഷ്ഫാഖിനോട് കുശലാന്വേഷണവും നാട്ടുവര്‍ത്തമാനവും പറഞ്ഞ് ഓരോരുത്തരായി പണം വാങ്ങി പോയിക്കൊണ്ടിരുന്നു. 
കേരളത്തിലങ്ങോളം വ്യവസ്ഥാപിത രൂപത്തില്‍ വളര്‍ന്നുവരുന്ന പലിശരഹിത കൂട്ടായ്മയായ ഇന്‍ഫാക് സസ്റ്റൈയ്നബ്ള്‍ സൊസൈറ്റിക്കു കീഴിലെ സംഗമം ശാഖകളിലൊന്നാണ് തലശ്ശേരിയിലെ ഈ സ്ഥാപനം.
നാട്ടുനന്മയുടെ നല്ല പാഠങ്ങളെ വിളക്കിച്ചേര്‍ത്ത് പലിശയെന്ന തിന്മയെ മറികടക്കാനും സാമ്പത്തിക സുസ്ഥിതി കൈവരിക്കാനുമുള്ള 'സംഗമ' ശ്രമത്തിന്റെ ഒരു കണ്ണി.
2017 ജനുവരിയിലാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച പലിശരഹിത അയല്‍കൂട്ടായ്മകളിലെ പ്രവര്‍ത്തകരില്‍നിന്ന് സ്വരൂപിക്കുന്ന നിക്ഷേപത്തുകയാണ് ഇതിന്റെ മൂലധനം. ആ തുക സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ലോണായി പലിശയില്ലാതെ കൊടുത്തും അതിനു പിന്നില്‍ ഒന്നിനുപിറകെ ഒന്നായി നാട്ടുനന്മ വിളയിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയും മുന്നേറുകയാണ്.
തലശ്ശേരി സംഗമം സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്ന ഓരോ പ്രവര്‍ത്തനവും പൂര്‍ത്തിയാകുമ്പോള്‍ കൂട്ടായ്മയുടെ വിജയം അനുഭവിച്ചറിയുകയാണ്. ഓരോന്നും വിജയിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്നിനെക്കുറിച്ച് പിന്നെയും ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും ആ കൂട്ടായ്മയിലൂടെ ഉാകുന്ന ആത്മവിശ്വാസം തന്നെ.
ദൈവികമായ കരുത്തില്‍ ചൂഷണമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ പാടുപെടുന്ന ആ കൂട്ടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. 
പ്രദേശവാസികളുടെ ചേര്‍ന്ന് അവരുടെ സാമ്പത്തികമായ ചെറിയ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവൃത്തി ഒരുപാട് സംരംഭങ്ങളായി മാറിയ ചാരിതാര്‍ഥ്യത്തോടെയാണ് സംഗമത്തിന്റെ യാത്ര തുടങ്ങിയത്.

അരിപ്പൊടിയും പച്ചക്കറി കൃഷിയും
മിക്ക പ്രദേശങ്ങളിലെയും കൂട്ടായ്മയുടെ തുടക്കം പലഹാരങ്ങളും ധാന്യപ്പൊടിയും പച്ചക്കറികളുമായിട്ടാണെന്നത് ഒരു യാഥാര്‍ഥ്യമാണ്. തലശ്ശേരി സംഗമവും ആദ്യം ചെയ്തത് അതുതന്നെ.
അതിന്റെ ആദ്യപടിയായി ഓരോ അംഗങ്ങളില്‍നിന്നും 100 രൂപ വിഹിതം സമാഹരിച്ച് ആവശ്യമുള്ള ആളുകള്‍ക്ക് അരിപ്പൊടി പാക്കറ്റിലാക്കി എത്തിച്ചുകൊടുത്തു. അത് വിജയിച്ചതോടെ നടീല്‍ വസ്തുക്കളും ഹോം കിച്ചണും കഫേകളുമായി തലശ്ശേരി സംഗമം വളര്‍ന്നുകൊിരിക്കുകയാണ്.
പച്ചക്കറി നടീല്‍ വസ്തുക്കള്‍ അയല്‍കൂട്ടത്തിനു കീഴില്‍ വിതരണം ചെയ്തപ്പോള്‍ വിളവെടുത്തത് നൂറുമേനി. തലശ്ശേരി നന്മ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഗമം പലിശരഹിത അയല്‍ക്കൂട്ടായ്മ അംഗങ്ങളിലാണ് സംഗമം പുരയിട കൃഷി സംഘടിപ്പിച്ചത്. എടക്കാട് സ്വദേശിയായ ബഹീദയുടെ പറമ്പിലും, തലശ്ശേരിയിലെ റഫിയയുടെ വീടിനു ചുറ്റും മറ്റനേകം വീടുകളിലെ ചെടിച്ചട്ടികളിലും മുറ്റത്തും പച്ചക്കറികള്‍ പടര്‍ന്നു പന്തലിച്ചു. ഇതിലൂടെ സാധ്യമായത് ഒത്തുചേരലിന്റെ മുഖം കൂടിയായിരുന്നു. വിളവെടുപ്പില്‍ നൂറുമേനി കൊയ്തവര്‍ക്ക് വാഷിംഗ് മെഷീന്‍, ഗ്രൈന്റര്‍, മിക്സി, മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവ സമ്മാനമായി നല്‍കി.
'സംഗമം ഹോം കിച്ചന്‍' എന്ന പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ മനസ്സില്‍ ചില പ്രതീക്ഷകളുണ്ടായിരുന്നു. വീട്ടില്‍നിന്നു തന്നെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗമാകുന്നതാണ് 'ഹോം കിച്ചന്‍.' സല്‍ക്കാരങ്ങള്‍ക്കും മറ്റും ഓര്‍ഡര്‍ പ്രകാരം വിഭവങ്ങള്‍ തയാറാക്കി നല്‍കുന്നു. ദിനേന ഹോട്ടല്‍ ഭക്ഷണം കഴിച്ച് മടുക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് വീട്ടില്‍നിന്നും നല്‍കപ്പെടുന്നപോലെയുള്ള അനുഭൂതി സമ്മാനിക്കുന്ന മറ്റൊരു പദ്ധതിയും ഹോം കിച്ചന്‍ നടത്തുന്നുണ്ട്. എല്ലാ വീട്ടിലും സാധാരണ ഉണ്ടാക്കുന്നതാണ് മൂന്ന് നേരങ്ങളിലും ഭക്ഷണം. ആ കൂട്ടത്തില്‍ രാത്രി ഭക്ഷണത്തിന്റെ നേരത്ത് ആറോ ഏഴോ ചപ്പാത്തി അധികം ഉണ്ടാക്കണം. കറി കുറച്ചുകൂടെ ഒന്ന് അധികരിപ്പിക്കണം. മനസ്സില്‍ ഇങ്ങനെയൊരു സ്വപ്നം തുടങ്ങിയപ്പോള്‍ വിജയം പ്രതീക്ഷിച്ചതിലും അധികം. അന്നന്നത്തെ ജീവിത ചെലവിനുള്ള വക കൂടുതല്‍ അധ്വാനിക്കാതെ ഓരോ കുടുംബത്തിലുമെത്തി. ഉണ്ടാക്കുക മാത്രമല്ല അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സംഗമം വഴി കണ്ടെത്തി. സംഗമത്തിനു കീഴിലുള്ള അംഗങ്ങള്‍ ഉണ്ടാക്കിയ സാധനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് പ്രതിമാസ വിപണന ചന്തകള്‍ നടത്താനുള്ള  ഒരുക്കത്തിലാണ് സൊസൈറ്റി ഭാരവാഹികള്‍. വണ്ടിപീടിക, ബീച്ച് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ ഹോം കിച്ചനുകളില്‍നിന്നുള്ള ഭക്ഷണം വിളമ്പാന്‍ സാധിക്കുന്ന 'സംഗമം കഫേ' പദ്ധതിയും ആലോചനയിലു്.
സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി പരിപാലനവും വിപണനവും നടപ്പിലാക്കുന്നു്, വ്യത്യസ്തതയാര്‍ന്ന രീതിയിലായതിനാല്‍ ആവശ്യക്കാരെ കണ്ടെത്തുന്നതിനും പദ്ധതി വിജയിപ്പിക്കുന്നതിനും പ്രയാസമുണ്ടായില്ല. മൂന്ന് രീതിയിലാണ് പദ്ധതി. 25000 രൂപ ചെലവില്‍ 30 കോഴിയും കൂടും തീറ്റയും വായ്പയായി നല്‍കുന്നതാണ് ഒരു രീതി. മറ്റൊന്ന് അടുക്കള കോഴി എന്ന പേരില്‍ 6 കോഴിയും കൂടും 7000 രൂപക്ക് ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നു. 
മംഗലവും മണിയറയും മറ്റും സാധ്യമാക്കുന്നതിന് ഇടത്തരക്കാര്‍ക്ക് പണം തികഞ്ഞെന്നു വരില്ല. അവരെ സഹായിക്കുന്നതിന് മണിയറ സെറ്റിംഗ്സ്, വീട് മോടി കൂട്ടുന്നതിന് ഫര്‍ണിച്ചര്‍, നിര്‍മാണത്തിലെ കട്ടില, ജാലകങ്ങള്‍ എന്നിവ ഇന്‍സ്റ്റാള്‍മെന്റ് തലത്തില്‍ നല്‍കി പണമില്ലാത്തവന്റെ ആശ പൂര്‍ത്തീകരിക്കാന്‍ സംഗമം താങ്ങായി നില്‍ക്കുന്നു. അയല്‍കൂട്ടവുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്നതിനാല്‍ സ്ഥാപനത്തിന്നും സൊസൈറ്റിക്കും വരുമാനമാര്‍ഗത്തോടൊപ്പം അയല്‍കൂട്ടം അംഗങ്ങള്‍ക്ക് വളരെ ആശ്വാസവും.
വീടുണ്ടാക്കണമെന്ന തോന്നല്‍ മനസ്സിലുദിക്കുമ്പോള്‍ സാധാരണക്കാരന് വരിക ബേജാറാണ്. ആ ബേജാറ് മാറ്റാന്‍ സംഗമം ഒപ്പമുണ്ട്. 10 ലക്ഷം രൂപക്ക് വീട് പൂര്‍ത്തീകരിച്ചുകൊടുക്കാനുള്ള ഒരു പദ്ധതി ഒരുങ്ങുന്നു. കൂടാതെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സ്‌കീമിലുള്ള വീടുകളുടെ നിര്‍മാണവും പ്രവാസികളുടെ സഹകരണത്താല്‍ പ്രതിമാസ ഗഡുക്കളടച്ച് വീട് സ്വന്തമാക്കുന്ന പദ്ധതിയും തയാറായി വരുന്നുണ്ട്.
മക്കള്‍ ആധിയായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സാമൂഹികമാറ്റത്തെ ഉള്‍ക്കൊണ്ട് അവരെ വളര്‍ത്തുക എന്നത് ഏതൊരു രക്ഷിതാവിനും ഗൗരവമാര്‍ന്ന വിഷയം തന്നെയാണ്. സമൂഹം കൂടെനിന്നാലേ ഓരോ കുഞ്ഞു ജീവിതവും ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന, ചുറ്റിലും തണല്‍ പടര്‍ത്തുന്ന വടവൃക്ഷം പോലെ ആകൂ. അതിനും സംഗമത്തിനു കീഴില്‍ പദ്ധതികളുണ്ട്. സംഗമം ജൂനിയേഴ്‌സ് കൂട്ടായ്മ എട്ടാം ക്ലാസിലെ കുട്ടികളെ പ്രത്യേകം സെലക്ട് ചെയ്ത് പ്ലസ് ടു വരെ മാസത്തില്‍ 2 തവണയെന്ന തോതില്‍ ക്ലാസുകള്‍ നടത്തുന്ന ടാലന്റ് കോച്ചിംഗ് സെന്ററുകളും തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. എല്ലാവരെയും ഡോക്ടറും എഞ്ചിനീയറും ആക്കലല്ല, അവന് എന്താണോ അനുയോജ്യം അതിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത് എന്ന തിരിച്ചറിവിന്റെ പാഠമാണ് സംഗമം ഇതിലൂടെ മുന്നോട്ടു വെക്കുന്നത്.
പലിശയില്ലാ ജീവിതം വിഭാവനം ചെയ്യുന്ന സംഗമം ഭാരവാഹികള്‍ പലിശയുടെ കെടുതികളെ നന്നായി മനസ്സിലാക്കിയവരാണ്. ആധാരം ബാങ്കില്‍ ഉള്ളവര്‍ 3500 രൂപ ബാങ്കിലടച്ചാല്‍ 3000 പലിശയിലേക്കാണ് പോവുക. ജീവിതകാലം മുഴുവന്‍ പലിശക്കെണിയില്‍ തന്നെ. അവരെ സഹായിച്ച് കരകയറ്റുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. അതിനായി സകാത്ത്, സ്വദഖ, എന്നിവ ആളുകളില്‍നിന്ന് ഓരോ മാസവും ശേഖരിച്ച് അതില്‍നിന്നുണ്ടാകുന്ന തുക ആവശ്യക്കാര്‍ക്ക് ബാങ്കിലെ പലിശ തിരിച്ചടവിന് ഉപയോഗിക്കുന്ന സംഗമം കൈത്താങ്ങ് പദ്ധതിയും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.
മറിയു എന്ന സഹോദരിയുടെ കരച്ചില്‍ പ്രസിഡന്റ് അഷ്ഫാഖിന്റെ ചെവിയില്‍ ഇപ്പോഴുമുണ്ട്. മുത്തൂറ്റ് ബാങ്കില്‍ തിരിച്ചടക്കേണ്ട 15000 രൂപ അത്യാവശ്യമായി വേണമെന്ന് പറഞ്ഞായിരുന്നു കരച്ചില്‍. ഭര്‍ത്താവിന് സുഖമില്ലാത്തപ്പോള്‍ 25000 രൂപ എടുത്തതാണ്. തലശ്ശേരി കോഓപറേറ്റീവ് ഹോസ്പിറ്റലില്‍ അദ്ദേഹത്തിന് ചെലവായ ഒന്നര ലക്ഷം രൂപ നാട്ടുകാര്‍ ചേര്‍ന്ന് അടച്ചിരുന്നു. ബാങ്കില്‍നിന്നും എടുത്ത പൈസ 15000 ചെലവായത് ആരും അറിയില്ല. ഭര്‍ത്താവിന്റെ മരണശേഷം അവരും തിരക്കിനിടയില്‍ മറന്നുപോയി. ഇദ്ദ ഇരിക്കുമ്പോഴാണ് പലിശയടച്ചില്ലെങ്കില്‍ പോലീസ് നടപടിയിലേക്ക് പോകുമെന്ന മുത്തൂറ്റുകാരുടെ വിളി വരുന്നത്. ഞാന്‍ ഇദ്ദയിലാണ് എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞ് നിസ്സഹായതയോടെയുള്ള ആ വിളി കേട്ടപ്പോള്‍ മടിച്ചുനില്‍ക്കാതെ അത് പോയി അടക്കാന്‍ സംഗമം ഭാരവാഹികള്‍ക്ക് ധൈര്യം തന്നത് അംഗങ്ങള്‍ ശേഖരിക്കുന്ന കൈത്താങ്ങ് പൈസകളാണ്. അംഗങ്ങളുടെ വീട് പണി പൂര്‍ത്തീകരണം, അടിയന്തര ചികിത്സ, എന്നിവക്കും കൈത്താങ്ങ് ഫണ്ട് വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വര്‍ഷത്തില്‍ നിര്‍ധന അംഗത്തിന് നന്മ വീട് എന്നതും കൈത്താങ്ങ് പദ്ധതിയുടെ ലക്ഷ്യമാണ്. 
സമൂഹത്തിന്റെ ശാക്തീകരണത്തിനുള്ള  സൊസൈറ്റിയുടെ മറ്റൊരു പദ്ധതിയാണ് സംഗമം ഹെല്‍പ്പ് ഡെസ്‌ക് ഉന്നത പഠനങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിദ്യാഭ്യാസ, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യങ്ങള്‍, മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ തുടങ്ങിയ തൊഴില്‍ വികസന പ്രവര്‍ത്തനങ്ങള്‍, വിവാഹത്തിനു മുമ്പും ശേഷവുമുള്ള കൗണ്‍സലിംഗ് ക്ലാസുകള്‍, ജീവിത നൈപുണ്യ പരിശീലനങ്ങള്‍ തുടങ്ങിയ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സംഗമം ഹെല്‍പ്പ് ഡെസ്‌കിന്റെ കീഴില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും വേണ്ടി സംഗമം പ്രവാസി ബിസിനസ് ക്ലബിന് സൊസൈറ്റി രൂപം നല്‍കിയിട്ടുണ്ട്.
സാധാരണക്കാര്‍ക്ക്  സ്വയം പര്യാപ്തത സാധ്യമാക്കുന്ന ചെറുകിട തൊഴില്‍ സംരംഭങ്ങള്‍, പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകരമായ സര്‍വീസ് മേഖലകളിലെ സംരംഭങ്ങള്‍ എന്നിവ പ്രവാസികളുടെയും അയല്‍കൂട്ടം മെമ്പര്‍മാരുടെയും സഹകരണത്തോടെ ആവിഷ്‌കരിക്കാന്‍ വേണ്ടി ബിസിനസ് ക്ലബ് ശ്രമിക്കും.
കടമ്പൂര്‍, മുഴപ്പിലങ്ങാട്, എരഞ്ഞോളി, കതിരൂര്‍, പന്ന്യന്നൂര്‍, കോട്ടയം പഞ്ചായത്തുകള്‍, തലശ്ശേരി, കൂത്തുപറമ്പ് നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്റെ ചൊവ്വ, എടക്കാട് ഡിവിഷനുകള്‍ അടങ്ങുന്നതാണ് ഇപ്പോള്‍ വിജയിച്ചു മുന്നേറുന്ന സംഗമത്തിന്റെ പ്രവര്‍ത്തന മേഖലകള്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top