'സമയവും തിരയും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല.'
പഴഞ്ചൊല്ലുകളുടെ കൂട്ടത്തില്‍ പാടിപ്പതിഞ്ഞൊരു ചൊല്ലാണിത്. തീരം തലോടി കടന്നുപോകുന്ന തിരകളൊരിക്കലും അതു കാണാന്‍ വന്നവരെ ശ്രദ്ധിക്കുന്നേയില്ല. അതങ്ങനെ ആഞ്ഞും പതിഞ്ഞും ചുഴറ്റിക്കൊണ്ടേയിരിക്കുന്നു. കാലചക്രവും അതേപോലെ തന്നെ. സെക്കന്റുകള്‍ മിനുട്ടുകളായും മിനുട്ടുകള്‍ മണിക്കൂറായും പിന്നെയത് ദിവസവും മാസവുമായും തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതൊന്നും തന്നെ മനുഷ്യന്റെ താല്പര്യത്തിലും നിയന്ത്രണത്തിലുമല്ല
പഴഞ്ചൊല്ലുകളുടെ കൂട്ടത്തില്‍ പാടിപ്പതിഞ്ഞൊരു ചൊല്ലാണിത്. തീരം തലോടി കടന്നുപോകുന്ന തിരകളൊരിക്കലും അതു കാണാന്‍ വന്നവരെ ശ്രദ്ധിക്കുന്നേയില്ല. അതങ്ങനെ ആഞ്ഞും പതിഞ്ഞും ചുഴറ്റിക്കൊണ്ടേയിരിക്കുന്നു. കാലചക്രവും അതേപോലെ തന്നെ. സെക്കന്റുകള്‍ മിനുട്ടുകളായും മിനുട്ടുകള്‍ മണിക്കൂറായും പിന്നെയത് ദിവസവും മാസവുമായും തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതൊന്നും തന്നെ മനുഷ്യന്റെ താല്പര്യത്തിലും നിയന്ത്രണത്തിലുമല്ല താനും. അത് സംവിധാനിച്ച ദൈവത്തിന്റെ ഇച്ഛകള്‍ക്കനുസരിച്ചാണ്. അതിനിടയില്‍ നാം എണ്ണിപ്പറഞ്ഞുകൊണ്ടേയിരിക്കുന്ന ഓരോ വര്‍ഷവും നമ്മില്‍ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു.
ഒരുപാട് കാര്യങ്ങളെ ഓര്‍മയുടെ പിന്നിലാക്കിയും ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷയോടെ മുന്നോട്ടുവെച്ചുമാണ് കാലം അതിന്റെ നിയോഗചക്രം നിറവേറ്റുന്നത്. ചരിത്രത്തിനുള്ളില്‍ ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്തിയാണ് എക്കാലത്തെയുംപോലെ കഴിഞ്ഞവര്‍ഷവും നമ്മോട് വിടപറഞ്ഞത്. സമാധാനത്തെക്കാളും സന്തോഷത്തെക്കാളും കൂടുതല്‍ വേദനിപ്പിക്കുന്നതും അതിലുണ്ട്.
ഞെട്ടിപ്പിക്കുന്നതും സംഭ്രമിപ്പിക്കുന്നതുമായ വാര്‍ത്തകളുമായി ഓരോ പ്രഭാതങ്ങളിലെയും വാര്‍ത്താമാധ്യമങ്ങള്‍ നമ്മെ എതിരേറ്റിട്ടുണ്ട്. എത്രയോ സ്ഫോടനങ്ങള്‍ കേട്ട് ലോകത്തിന്റെ പല ഭാഗത്തുനിന്നും നമ്മെപോലുള്ള പലരും ഞെട്ടിയെഴുന്നേറ്റിട്ടുമുണ്ട്. ലോകത്തെ ചോരപ്പാടിലൊതുക്കാന് ശ്രമിക്കുന്ന ശക്തികളുടെ പേരില്‍ ലോകത്തിനു മുന്നില്‍ സംശയത്തോടെ നില്ക്കാന് വിധിക്കപ്പെട്ടവരായി ഒരു സമുദായം മാറി. ദേശക്കൂറും നിരപരാധിത്വവും തെളിയിച്ചുകൊണ്ടേയിരിക്കേണ്ട ബാധ്യതയും അവനുണ്ടായി. ഐലാന്‍ കുര്‍ദി എന്ന കുഞ്ഞു ജീവന്റെ ചേതനയറ്റ ശരീരം ലോകമനസ്സാക്ഷിക്കുമുമ്പില്‍ വലിയൊരു ചോദ്യമാണ് ഉന്നയിച്ചത്. അസഹിഷ്ണുതയുടെ വേരുകള്‍ ആഴ്ന്നിറങ്ങിയത് നാം കണ്ടു. എന്തു ഭക്ഷിക്കണമെന്നും എന്തു ചിന്തിക്കണമെന്നും എന്തില്‍ വിശ്വസിക്കണമെന്നും ഓരോരുത്തരോടും മറ്റുള്ളവര്‍ കല്പിക്കുന്ന ജനാധിപത്യ അവസ്ഥയെയാണ് ലോകത്തിനു തരണം ചെയ്യാനുണ്ടായത്. അനാഥത്വവും വൈവിധ്യവും നിരാലംബത്വവും ബാക്കിയാക്കി കടന്നുപോയ ഇത്തരം ചെയ്തികള്‍ക്ക് മതവും രാഷ്ട്രീയവും വംശീയതയും തന്നെയായിരുന്നു കാരണങ്ങള്‍. മനുഷ്യനും ദൈവത്തിനും വേണ്ടിയാണിത് ചെയ്തതെന്ന് അതിന്റെ ആളുകള്‍ പറയുമെങ്കിലും അവിടെ തോറ്റുപോയത് ദൈവം പാലിക്കാന്‍ പഠിപ്പിച്ച മനുഷ്യത്വമായിരുന്നു.
എന്നാല്‍ മാനുഷികത മരിക്കാന്‍ അനുവദിക്കുകയില്ലെന്നും പരസ്നേഹമെന്ന ഉദാത്ത സങ്കല്പത്തെക്കാള് വലുതായി ഒന്നുമില്ലെന്ന് ജീവന് നല്കി തെളിയിച്ചവരും അതിലേക്ക് നയിക്കുന്ന സംഭവങ്ങളും ഉണ്ടായി. കോഴിക്കോട് നഗരത്തില്‍ മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന് നഷ്ടപ്പെട്ട നൗഷാദ് നല്‍കിയത് അത്തരം വലിയ ഒരു സന്ദേശമായിരുന്നു. മനുഷ്യജീവന് എന്നതിനപ്പുറം മത-ജാതി-വംശ-വര്‍ണ-ചിന്തകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലായെന്ന വലിയ പാഠമാണ് ആ ചെറുപ്പക്കാരന് ജീവന് നല്കി നമുക്ക് കാണിച്ചുതന്നത്. പ്രകൃതി ദുരന്തങ്ങളും ചില മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ നമുക്ക് പഠിപ്പിച്ചിട്ടുണ്ട്. ചെന്നൈയില്‍ പ്രകൃതി താണ്ഡവമാടിയപ്പോള്‍ മനുഷ്യത്വം ഒരുമിച്ചു. ഒറ്റപ്പെട്ട വ്യക്തികളും ആളുകളുമായിരിക്കും ചിലപ്പോള്‍ മനുഷ്യനിലെ നന്മയെ ഉണര്‍ത്താന്‍ ഹേതുവാകുക. അവര്‍ പകര്‍ന്നുതന്ന നന്മ കൈമോശംവരാതെ സൂക്ഷിക്കാനായിരിക്കട്ടെ നമുക്ക് ഇനിയുള്ള നാളുകള്‍.