അകവും പുറവും
പ്രമീള പി. തലശ്ശേരി
2016 ജനുവരി
ഗീതയുടെ വലിയ കറുത്ത കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകിയൊലിച്ച് മേശമേല്‍ അടര്‍ന്നുവീണു. ഇരുണ്ട അവളുടെ കണ്‍മഷി പടര്‍ന്ന് കൂടുതല്‍ കറുത്തു. കൂടെയുള്ളവരൊക്കെ പോയിട്ടും അവള്‍ പോകാതിരിക്കുന്നത് എന്നോടെന്തോ പറയാനുള്ളതുകൊണ്ടായിരുക്കാം. എന്റെ മൗനം അവഗണനയായി തോന്നാതിരിക്കാന്‍ ഞാനവളോട് ചോദിച്ചു.
ഗീതയ്‌ക്കെന്താണ് വിഷമം?
ഗീതയുടെ വലിയ കറുത്ത കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകിയൊലിച്ച് മേശമേല്‍ അടര്‍ന്നുവീണു. ഇരുണ്ട അവളുടെ കണ്‍മഷി പടര്‍ന്ന് കൂടുതല്‍ കറുത്തു. കൂടെയുള്ളവരൊക്കെ പോയിട്ടും അവള്‍ പോകാതിരിക്കുന്നത് എന്നോടെന്തോ പറയാനുള്ളതുകൊണ്ടായിരുക്കാം. എന്റെ മൗനം അവഗണനയായി തോന്നാതിരിക്കാന്‍ ഞാനവളോട് ചോദിച്ചു.
ഗീതയ്‌ക്കെന്താണ് വിഷമം?
അവള്‍ ഗദ്ഗദമടക്കി എന്റെ മുഖത്ത് നോക്കി. അവളുടെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു. ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് അവള്‍ സാരിത്തലപ്പെടുത്ത് മുഖം അമര്‍ത്തിത്തുടച്ചു.
ടൂറിന് വരാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ എത്ര കെഞ്ചിയിട്ടും എന്നെ വരാന്‍ അനുവദിക്കുന്നില്ല. എന്താണതിന്റെ കാരണമെന്ന് മനസ്സിലാവുന്നില്ല. അവളുടെ വാക്കുകള്‍ ചിതറിവീണു.
ഗീത കരയാതിരിക്കൂ. ഒന്നുലഭിക്കുമ്പോള്‍ മറ്റൊന്നു നഷ്ടപ്പെടുമെന്നാണല്ലോ. എല്ലാം ഒന്നിച്ചനുഭവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചിലര്‍ക്ക് മാത്രം അങ്ങിനെയൊരു ഭാഗ്യമുണ്ടാവും. നിനക്കൊരു തുണലഭിച്ചപ്പോള്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്ന് കരുതി സമാധാനിക്ക്. എന്തായാലും നിനക്കിപ്പോള്‍ സുരക്ഷിതത്വം തോന്നുന്നില്ലേ? ഞാന്‍ അവളുടെ ദുഖത്തെ ലഘൂകരിക്കാന്‍ ചിരിച്ചുകൊണ്ടാണ് അത്രയും പറഞ്ഞത്.
അവള്‍ വിദൂരതയില്‍ നോക്കിക്കൊണ്ട് പറഞ്ഞു. എന്റെ മക്കളേയും വെറുപ്പിച്ച് ഞാനിങ്ങനെ ചെയ്യേണ്ടായിരുന്നു.
'മാഡം പേരക്കുട്ടികളെപ്പോലും കാണാന്‍ പറ്റാത്ത അവസ്ഥ.' ഗീതയുടെ നനഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ ചിതറിവീണു. അവളുടെ പുനര്‍വിവാഹത്തിന് ഞാനും പ്രോത്സാഹനം നല്‍കിയിരുന്നു. അവളുടെ ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടേയും ആഴമറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അവളുമായി ചേര്‍ത്തുവെക്കപ്പെട്ട ഒന്നിലധികം പുരുഷന്മാരുടെ പേരുകള്‍ ഇല്ലാതാവട്ടെയെന്ന് ആഗ്രഹിച്ചിരുന്നു. പുരുഷനോട് ചേര്‍ന്ന് നില്‍ക്കാനുള്ള അവളുടെ തൃഷ്ണ വിവേകത്തിലൊതുങ്ങില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അനവസരങ്ങളില്‍ അവള്‍ക്ക് വരാറുള്ള ഫോണ്‍കോളുകളും മാറിനിന്നുള്ള അവളുടെ അടക്കിപിടിച്ച സംസാരങ്ങളും ചിലപ്പോഴൊക്കെ എന്നെ ദേഷ്യം പിടിപ്പിച്ചു. മീറ്റിംഗുകളിലും, ക്ലാസ്സിലും ഫോണ്‍ ഉപയോഗിക്കരുതെന്ന് തറപ്പിച്ച നോട്ടത്തോടെ താക്കീത് ചെയ്തു.
ഒറ്റക്ക് താമസിക്കുന്ന എല്ലാ സ്ത്രീകളേയും വട്ടമിട്ട് പറക്കുന്ന കഥകള്‍ അവളെക്കുറിച്ചും കേട്ടുകൊണ്ടിരുന്നു. അവളുടെ വീട്ടില്‍ പതിവായി പരുഷന്മാര്‍ വരാറുണ്ടെന്നതും അതിലൊരാളെ നാട്ടുകാര്‍ പിടിച്ചിട്ടുണ്ടെന്നതും ഒരു കഥയാണ്. അയല്‍ക്കാര്‍ മുഴുവനും ശത്രുക്കളാണെന്നാണ് അവള്‍ പറഞ്ഞത്. സദാചാര കാവല്‍ക്കാരായ അയല്‍ക്കാരും, നാട്ടുകാരും അവളെ വാക്കുകൊണ്ടും, നോക്കുകൊണ്ടും ചെയ്തികള്‍കൊണ്ടും ഒരുപാട് പീഡിപ്പിച്ചിട്ടുണ്ടാകാം.
തുലാമാസത്തിലെ കാതടപ്പിക്കുന്ന ഇടിയും വീശിയടിക്കുന്ന കാറ്റും കോരിച്ചൊരിയുന്ന മഴയുമുള്ള രാത്രികളില്‍ വാക്കും നോക്കും സ്പര്‍ശവും നഷ്ടപ്പെട്ട വീട്ടിലെ ഏകാന്തതയിലിരുന്ന് ഗീതയെന്ന നാല്‍പത്തഞ്ചുകാരിയുടെ നിസ്സഹായതയെക്കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിച്ചു. ഗീതക്കൊരു കൂട്ട് നല്ലതാണെന്ന് ഞാനൊരിക്കല്‍ അവളോട് പറയുകയും ചെയ്തു.
എന്റെ സുഹൃത്ത് പറഞ്ഞ കാര്യം ഞാനെപ്പോഴും ഓര്‍ക്കാറുണ്ടായിരുന്നു. പ്രകൃതിയില്‍ സ്വതന്ത്രമായി ചരിക്കുന്ന ഏതൊരു ജീവിയുടെ കൂടെയും അതിന്റെ ഇണയുണ്ടാവും. സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കേ ഇതൊക്കെ നിഷേധിച്ചിട്ടുള്ളൂ.
ജീവശാസ്ത്രപരമായ ആവശ്യത്തിലപ്പുറം ഈ പ്രായത്തിലുള്ള അവളുടെ രണ്ടാം വിവാഹം മനസ്സിന്റെ ഒരാവശ്യമായേ ഞാന്‍ കരുതിയുള്ളൂ. അവളുടെ പുനര്‍വിവാഹം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ രഹസ്യമായും പരസ്യമായും ചര്‍ച്ച ചെയ്യപ്പെട്ടു. അവളുടെ അടുത്ത കൂട്ടുകാരികളിലാരൊക്കെയോ വിവാഹത്തില്‍ പങ്കെടുത്തു. ഭാര്യ ഉപേക്ഷിച്ചുപോയ മുതിര്‍ന്ന രണ്ടു കുട്ടികളുള്ള, ജീവിക്കാന്‍ ഒരു തൊഴിലുള്ള, ആരോഗ്യമുളള കാണാന്‍ തരക്കേടില്ലാത്ത ഒരാളാണ് അവളെ വിവാഹം കഴിച്ചതെന്ന് മനസ്സിലായി.
ഒരു മീറ്റിംഗിന്റെ സംഘാടനം നടത്തിക്കൊണ്ടിരിക്കുന്ന തിരക്കുപിടിച്ച ദിവസമാണ് എനിക്കൊരു ഫോണ്‍ വന്നത്.
'മാഡം ഇത് ഞാനാണ്. ഗീതയുടെ കൂടെ കുറേക്കാലം കഴിഞ്ഞ ആള്‍.' മരവിച്ച് നില്‍ക്കെ അയാളുടെ സ്വരം എന്റെ കാതില്‍ പെരുമ്പറ കൊട്ടി.
'അവളെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. എഴുവര്‍ഷക്കാലം ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിച്ചതാണ്. ഒടുവില്‍ എന്നേയും പറ്റിച്ച് അവള്‍ മറ്റൊരാളെ കല്യാണം കഴിച്ചു.' അയാളുടെ ആത്മാഭിമാനമില്ലാത്ത അവകാശവാദം എന്നെ ചൊടിപ്പിച്ചു.
'നിനക്ക് നാണമില്ലെടാ ഇങ്ങനെയൊക്കെ പറയാന്‍? നിനക്ക് കുടുംബമില്ലേ? എന്നോടിതൊക്കെ പറയുന്നതിന്റെ അര്‍ഥമെന്താണ്?' ഞാനവനോട് തട്ടിക്കയറി. മേലില്‍ എന്നെവിളിച്ച് ശല്യപ്പെടുത്തിയാല്‍ പോലിസിലറിയിക്കുമെന്ന് ഞാനവനെ താക്കീത് ചെയ്‌തെങ്കിലും അവന്റെ ഭ്രാന്തന്‍ ശബ്ദം എന്റെ മനസ്സിനെ കുറെ ദിവസത്തോളം അലോസരപ്പെടുത്തി.
അവന്‍ ഗീതയുടെ അടുത്തകൂട്ടുകാരികളെ മുഴുവന്‍ ഇതേപോലെ ഫോണ്‍ വിളിച്ചിരുന്നെന്ന് പിന്നീടറിഞ്ഞു.
ഗീതയില്‍ നിന്നും നിജസ്ഥിതി അറിയാനാണ് ഞാനവളുടെ ജോലിസ്ഥലത്തെത്തിയത്.
എന്റെ രൂക്ഷമായ നോട്ടത്തിനുമുമ്പില്‍ അവള്‍ പതറി നിന്നു.
ആരാണവന്‍? എങ്ങിനെയാണ് എന്റെയും നിന്റെ കൂട്ടുകാരികളുടെയും നമ്പറുകള്‍ അവന് കിട്ടിയത്.? എന്റെ ദേഷ്യത്തിന് മുമ്പില്‍ അവള്‍ കുറ്റവാളിയെപ്പോലെ മുഖം കുനിച്ചുനിന്നു.
'ആ ഫോണും സിമ്മും അവന്റേതായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവന്‍ തിരിച്ചുവാങ്ങിയതാണ്.' അവളുടെ ശബ്ദം വളരെ നേര്‍ത്തിരുന്നു.
'നീ ഓരോ മണ്ടത്തരം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു.' എന്റെ രോഷമുള്ള വാക്കുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചു.
'ഞാനും അവനും കുറച്ചുകാലം നല്ല ബന്ധമായിരുന്നു.' അവളുടെ ശബ്ദം പതറിയിരുന്നു.
ബന്ധമായിരുന്നെന്ന് പറഞ്ഞാല്‍?
എന്റെ ചോദ്യം അവളെ അല്‍പനേരം നിശ്ശബ്ദയാക്കി. പിന്നീട് അവള്‍ പറഞ്ഞു.
എന്നോട് അവന് ഇഷ്ടമായിരുന്നു. എന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. എന്നേക്കാള്‍ നാലഞ്ച് വയസ്സിനിളയതാണ. വിവാഹം കഴിച്ച് കുറച്ച് കാലം ഒരുമിച്ച് ജീവിച്ചതിന് ശേഷം എന്നെ ഏതെങ്കിലും അനാഥാലയത്തിലാക്കാമെന്ന് അവന്‍ പറഞ്ഞത് തമാശയാണെങ്കില്‍ പോലും എന്നെ പേടിപ്പെടുത്തിയിരുന്നു. അവന് ബോംബെയിലാണ് ജോലി. വിവാഹം കഴിഞ്ഞതായിരുന്നു. ഭാര്യക്ക് മാനസിക പ്രശ്‌നം കാരണം ഉപേക്ഷിച്ചതാണ്.
ഗീതയും അവനും കുറേക്കാലം അടുപ്പത്തിലായിരിക്കണം. അവര്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. പ്രണയം തകരുമ്പോള്‍ അതിന്റെ നൊമ്പരം ഹൃദയത്തേയും അസ്ഥിയേയും കീറിമുറിക്കും. പരസ്പരം ബാധ്യതകളില്ലാതെ ഉപാധികളില്ലാതെ പ്രതീക്ഷകളില്ലാതെയുള്ള പ്രണയം ശാന്തമായൊഴുകുന്ന തെളിനീരായി മനസ്സില്‍ ഒഴുകിക്കൊണ്ടിരിക്കും. കാമത്തിന്റെ നൂലുകളില്‍ മാത്രം ബന്ധിക്കപ്പെട്ട പ്രണയം കാറ്റില്‍ പൊട്ടിയ പട്ടംപോലെ അനന്തതലേക്കെറിയപ്പെടും. മനസ്സില്‍ നിറഞ്ഞു നില്‍ക്കും. പ്രണയമുള്ള ആള്‍ ഒരിക്കലും പ്രണയിച്ച ആളെ വേദനിപ്പിക്കില്ല.
'അവന്‍ എന്റെ ഭര്‍ത്താവിനേയും വിളിച്ച് ഇതുപോലെ പറഞ്ഞു.' ഗീതയുടെ ചിലമ്പിച്ച സ്വരം എന്നെയുണര്‍ത്തി.
'ഇനിയും അവന്‍ നിന്നെ ശല്യപ്പെടുത്തുമോ?' ഞാന്‍ ആശങ്കയോടെ ചോദിച്ചു.
'ചന്ദ്രേട്ടന്‍ അവനോട് വളരെ ദേഷ്യത്തില്‍ സംസാരിച്ചു.' അവളുടെ പ്രശ്‌നം അയാള്‍ ലഘൂകരിച്ചിരിക്കണം.
'നിന്നോട് ഭര്‍ത്താവെന്ത് പറഞ്ഞു.' എനിക്കതറിയണമായിരുന്നു. ഇനിയുള്ള അവളുടെ ജീവിതം ആ ഭ്രാന്തന്റെ വാക്കുകളിലൂടെ തകര്‍ന്നുപോകുമോ?
ചന്ദ്രേട്ടന്‍ പറഞ്ഞു. ഇനിമുതല്‍ സൂക്ഷിച്ചു ജീവിക്കാന്‍ അയാളുടെ ഔദാര്യത്തിന് ആയുസ്സുണ്ടായിരുന്നാല്‍ മതിയായിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ പാളിച്ചകള്‍ എന്നും മുഴച്ചുനില്‍ക്കും.
'അന്യനായൊരു പുരുഷന് മുമ്പില്‍ നീ അടിമത്തം കാണിച്ചു. നിന്നെ അവന്‍ ആവോളം ചൂഷണം ചെയ്തു. നിന്നോടവന് സ്‌നേഹമുണ്ടായിരുന്നില്ല. ഒരു വസ്തുവിനോടുള്ള ആധിപത്യമനോഭാവം മാത്രമാണുണ്ടായിരുന്നത്. നീ മറ്റൊരാളുടെ ഭാര്യയാവുമ്പോള്‍ നിന്നെ ചൂഷണം ചെയ്യാനുള്ള അവന്റെ അവസരം നഷ്ടപ്പെടുമെന്നറിയാവുന്നതുകൊണ്ടാണ് ഈ നാടകമൊക്കെ കളിച്ചത്. നീ എല്ലാവരുടെ മുമ്പിലും നാണം കെട്ടു.' എന്റെ വാക്കുകള്‍ കേട്ട് അവള്‍ മുഖം കുനിച്ചു.
നിസ്സഹായയും നിരാലംബയുമായ ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാവുന്നതേ അവള്‍ക്കും സംഭവിച്ചിട്ടുള്ളുവെന്ന് ഞാനാശ്വസിച്ചു.
'നിന്റെ മകള്‍ നിന്നെ വിളിക്കാറുണ്ടോ?' ഞാന്‍ വിഷയം മാറ്റി.
'ഇല്ല മാഡം, അവര്‍ക്കൊക്കെ വെറുപ്പാണ്.' 'സാരമില്ല. അതൊക്കെ മാറിക്കോളും. നീ ഒറ്റക്ക് ജീവിക്കുന്നതിലും നല്ലതാണിതെന്ന് അവര്‍ക്കും മനസ്സിലാവും.' ഞാന്‍ അവളെ ആശ്വസിപ്പിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ സന്തോഷത്തോടെ എന്നെ ഫോണ്‍ ചെയ്തു.
'കൊല്ലത്തുള്ള എന്റെ ഇളയ മകളും കുട്ടികളും നാളെ വരുന്നുണ്ട് മാഡം.' അവള്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ അവളെ കാണുമ്പോഴൊക്കെ സന്തോഷവതിയാണെന്ന് തോന്നി. അവളുടെ സഹപ്രവര്‍ത്തകര്‍ ഒളിഞ്ഞും തെളിഞ്ഞും അവളെ കളിയാക്കി.
'മാഡം ഈ പ്രാവശ്യം കൂടി ടൂറിന് വരണമെന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. മാഡം റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് നമ്മളൊരുമിച്ചുള്ള ടൂര്‍. അന്‍പതോളം സ്ത്രീകള്‍ മാത്രം എല്ലാം മറന്ന് സന്തോഷിക്കുന്ന രണ്ടു ദിവസങ്ങള്‍. പക്ഷേ... ചന്ദ്രേട്ടന്റെ മനസ്സില്‍ എന്താണെന്നറിയില്ല. എല്ലാറ്റിനും നിയന്ത്രണമാണ്. ടൂറിന് പോകേണ്ട എന്നാണ് പറഞ്ഞത്.' ഗീത വീണ്ടും കണ്ണുകള്‍ തുടച്ചു.
'സാരമില്ലെടോ.. അയാള്‍ പറുന്നത് കേട്ട് നല്ലൊരു ഭാര്യയായി ജീവിക്ക്.' ഞാനവളുടെ പുറത്ത് തട്ടി.
അവള്‍ എന്നെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
'മാഡം എനിക്ക് ജോലിയില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. ഞാനൊരിക്കലും മറക്കില്ല.' അവള്‍ വിതുമ്പി.
എന്റെ കണ്ണുകള്‍ നിറയുന്നതെന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. മനസ്സിന്റെ കാണാപുറങ്ങളിലെവിടെയോ ഒരു പിടച്ചില്‍... അതിന്റെ കാരണം ഞാനൊരു സ്ത്രീയായത് കൊണ്ടായിരിക്കുമോ?