നൊബേലിലെ പെണ്‍തിളക്കം
ബെലാറൂസ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ 67-കാരി സ്വെറ്റ്‌ലാന അലക്‌സീവിച്ചിനാണ് ഇത്തവണ സാഹിത്യത്തിനുള്ള നൊബേല്‍ നേടാനായത്. നൊബേല്‍ അംഗീകാരം നേടുന്ന പ്രഥമ പത്രപ്രവര്‍ത്തകയും പതിനാലാമത്തെ വനിതയുമാണ് സ്വെറ്റ്‌ലാന. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ലഭിച്ച കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ഭയമായ ഈ സ്ത്രീപക്ഷ രചനകള്‍ മനുഷ്യജീവിതത്തെ യാഥാര്‍ഥ്യമായി
ബെലാറൂസ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ 67-കാരി സ്വെറ്റ്‌ലാന അലക്‌സീവിച്ചിനാണ് ഇത്തവണ സാഹിത്യത്തിനുള്ള നൊബേല്‍ നേടാനായത്. നൊബേല്‍ അംഗീകാരം നേടുന്ന പ്രഥമ പത്രപ്രവര്‍ത്തകയും പതിനാലാമത്തെ വനിതയുമാണ് സ്വെറ്റ്‌ലാന. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ലഭിച്ച കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ഭയമായ ഈ സ്ത്രീപക്ഷ രചനകള്‍ മനുഷ്യജീവിതത്തെ യാഥാര്‍ഥ്യമായി തന്നെ അവതരിപ്പിക്കുന്നതാണ്.
ഉക്രൈനില്‍ ജനിച്ച സ്വെറ്റ്‌ലാന ബെലാറസിലാണ് വളര്‍ന്നത്. സ്‌കൂള്‍പഠനം കഴിഞ്ഞ ഉടനെ നാട്ടുപത്രങ്ങളില്‍ ലേഖികയായി. പിന്നെ മിന്‍സ്‌കിലെ 'നെമാന്‍' സാഹിത്യമാസികയുടെ റിപ്പോര്‍ട്ടറും. രണ്ടാംലോകമഹായുദ്ധം, സോവിയറ്റ് - അഫ്ഗാന്‍ യുദ്ധം, സോവിയറ്റ് യൂനിയന്റെ പതനം, ചെര്‍ണോബില്‍ ദുരന്തം തുടങ്ങിയ ചരിത്ര സന്ധികളിലെല്ലാം അവര്‍ റിപ്പോര്‍ട്ടറായി. കുട്ടികളുള്‍പ്പെടെ ആയിരങ്ങളുടെ അഭിമുഖങ്ങളെടുത്തു. അവയാണ് പിന്നീട് പുസ്തകങ്ങളായത്.
സോവിയറ്റ് അധികൃതര്‍ മൂടിവെച്ച സത്യങ്ങള്‍ തന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ സ്വെറ്റ്‌ലാന ലോകത്തെ അറിയിച്ചു. ബെലാറസിലും റഷ്യയിലും ഭരണകൂടത്തിന്റെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. 'വാര്‍സ് അണ്‍വുമണ്‍ ലി ഫെയ്‌സ്' വളരെക്കാലം വെളിച്ചം കണ്ടില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത റഷ്യന്‍ പട്ടാളക്കാരികളുടെ ഉദ്വേഗ ജനകമായ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രമേയം.
1996-ലെ ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ വൈകാരിക വിവരണമായ 'വോയിസസ് ഫ്രം ചെര്‍ണോബില്‍' സോവിയറ്റ് - അഫ്ഗാന്‍ യുദ്ധത്തിന്റെ ദൃക്‌സാക്ഷി വിവരം നല്‍കുന്ന 'സിങ്കി ബോയ്‌സ്', 'സോവിയറ്റ് വോയ്‌സസ് ഫ്രം ദി അഫ്ഗാനിസ്ഥാന്‍ വാര്‍', 'ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍' തുടങ്ങിയവ സ്വെറ്റ്‌ലാനയുടെ പ്രധാന രചനകളാണ്.
സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ സംഭവവികാസങ്ങളും സോവിയറ്റ് യൂണിയന്റെ പതനവും അഫ്ഗാനിലെ റഷ്യന്‍ അധിനിവേശവും ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ ഭീകരതയുമെല്ലാം പുറംലോകമറിഞ്ഞതോടെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാവുകയും പുസ്തക നിരോധനമടക്കമുള്ള വിലക്കുകള്‍ നേരിടേണ്ടി വരികയും ചെയ്തു. ഏകാധിപതിയായ അലക്‌സാണ്ടര്‍ ലുകാഷെങ്കോ ഭരണാധികാരിയായിരുന്ന കാലത്തും ഇവരുടെ രചനകള്‍ ബെലാറസില്‍ പ്രസിദ്ധീകരിച്ചില്ല. ലുകാഷെങ്കോയുടെ ഭരണകാലത്ത് അവര്‍ക്ക് പൊതുവേദികള്‍ പോലും വിലക്കപ്പെട്ടിരുന്നു. 2000-ല്‍ ബെലാറസ് വിട്ട സ്വെറ്റ്‌ലാന ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലാണ് കഴിഞ്ഞത്. പ്രശസ്ത എഴുത്തുകാരനായ അലീസ് അഡമോവിച്ചാണ് സ്വെറ്റ്‌ലാനയുടെ അനുകരണീയ മാതൃക. കരുത്തുറ്റ ഇഛാശക്തിയും പ്രത്യാശയും ആത്മവിശ്വസവും സ്ത്രീകളില്‍ സമന്വയിക്കുക വിരളമാണ്. അനശ്വരതക്കും ആദരവിനും സ്വെറ്റ്‌ലാനക്ക് കൈമുതലായുളള ഈ ഗുണങ്ങള്‍ സ്ത്രീശാക്തീകരണത്തിന് അനിവാര്യമാണ്.