കഴിഞ്ഞ ലക്കത്തിലെ (ഡിസംബര്‍ )കുടുംബ ഫീച്ചറുകള്‍ അവസരോചിതമായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കു തീവ്രത നഷ്ട്ടപ്പെടുന്നതില്‍ ആധുനിക ചിന്തകള്‍ക്ക് വലിയ പങ്കുണ്ട്. വര്‍ത്തമാനകാല കുടുംബ സങ്കല്‍പങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ സാരമായി ബാധിക്കുന്നു. അകത്തളങ്ങളില്‍നിന്ന് സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുമ്പോള്‍ അവള്‍ തന്റെ കുടുംബത്തിലെ മുഖ്യ കഥാപാത്രമാണെന്ന് മറന്നു പോകുന്നിടത്താണ് ആ
കഴിഞ്ഞ ലക്കത്തിലെ (ഡിസംബര്‍ )കുടുംബ ഫീച്ചറുകള്‍ അവസരോചിതമായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കു തീവ്രത നഷ്ട്ടപ്പെടുന്നതില്‍ ആധുനിക ചിന്തകള്‍ക്ക് വലിയ പങ്കുണ്ട്. വര്‍ത്തമാനകാല കുടുംബ സങ്കല്‍പങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഒരു സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ സാരമായി ബാധിക്കുന്നു. അകത്തളങ്ങളില്‍നിന്ന് സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുമ്പോള്‍ അവള്‍ തന്റെ കുടുംബത്തിലെ മുഖ്യ കഥാപാത്രമാണെന്ന് മറന്നു പോകുന്നിടത്താണ് ആ കുടുംബത്തിന്റെ തകര്‍ച്ച. ഫേസ്ബുക്ക്, വാട്ട്‌സപ്പ് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വഴി അകലെയുള്ള ബന്ധങ്ങള്‍ ദൃഢമാകുന്നു എന്നതിനേക്കാള്‍ വീടിനകത്തളങ്ങളില്‍ അകലം ഉണ്ടാവുന്നു എന്ന സത്യത്തെ മറന്നു പോവരുത്..
മലയാളിയുടെ ആരോഗ്യം
ആരോഗ്യരംഗത്ത് പറഞ്ഞാലും എഴുതിയാലും വായിച്ചാലും തീരാത്തത്ര മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രോഗങ്ങളുടെ കാര്യത്തിലും മരുന്നുകളുടെ കണ്ടുപിടിത്തത്തിലും ഒരുപോലെ വൈവിധ്യങ്ങള്‍ ദൃശ്യമാകുന്നു. സാധാരണ ഉണ്ടാവുന്ന പനിയും ചുമയുമെല്ലാം ഇതുവരെ കേള്‍ക്കാത്ത പേരുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ആള്‍ ബോഡി ചെക്കപ്പുകള്‍ നിരന്തരം നടത്തിയിട്ടും ഒരു പേരുമില്ലാത്ത അസുഖങ്ങള്‍ അക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയൊക്കെ ചിന്തിച്ചുപോയത് കഴിഞ്ഞ ലക്കം ആരാമത്തില്‍ ഡോ: ശബീറ അബ്ദുല്‍ഖാദര്‍ എഴുതിയ ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച ആരോഗ്യ പംക്തി വായിച്ചപ്പോഴാണ്. നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ നിത്യരോഗങ്ങള്‍ ഇല്ലെന്നു പറയുന്നതായിരിക്കുന്നു മലയാളിക്ക് നാണക്കേട്. യഥാര്‍ഥ ചികിത്സക്ക് പകരം ഓരോരുത്തര്‍ പറയുന്നത് കേട്ട് ആഴ്ചയില്‍ മിനിമം മൂന്ന് ഡോക്ടറെയെങ്കിലും മാറിക്കാണിച്ചാലേ അസുഖത്തിന് പുരോഗതി കാണൂ എന്ന നിലയാണ് പ്രായഭേദമന്യേ നമുക്കെല്ലാം. ജനസംഖ്യയുടെ ആധിക്യം കാണണമെങ്കില്‍ നാട്ടിലെ പ്രധാന ക്ലിനിക്കുകളില്‍ ഒ.പി സമയത്ത് ചെന്നാല്‍ മതി. ഡയാലിസിസിന് വിധേയമായവര്‍, കാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികകള്‍... തുടങ്ങി ഒരു കുടുംബത്തില്‍ ഇത്തരക്കാര്‍ ഒന്നെങ്കിലും മിനിമം വേണമെന്ന കണക്കാണ് നമുക്കിടയില്‍. അതിനാലായിരിക്കണം മരിക്കുന്നതിന് മുമ്പൊന്ന് അടിച്ചുപൊളിച്ചു ജീവിച്ചുകളയാം എന്ന് മലയാളി തീരുമാനിച്ചുപോയതും.
ഫാത്തിമ.പി
മലപ്പുറം
ഇണകളുടെ കാര്യം
വിവാഹബന്ധങ്ങളുടെ പവിത്രത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് വിവാഹനിശ്ചയം കഴിഞ്ഞുള്ള നീണ്ട ഇടവേളയാണ് പുതിയ ട്രെന്റ് എന്ന് സൂചിപ്പിച്ച് ഹബീബ ഹുസൈന്‍ എഴുതിയ ലേഖനം ഉചിതമായി. വിവാഹപ്രായം ചര്‍ച്ചാവിഷയമായപ്പോള്‍ അത് കൂട്ടണോ കുറക്കണോ എന്ന് പറഞ്ഞ് നടന്നിരുന്നവര്‍ ഇന്ന് വയസ്സ് 23 ആയാലും 18 ആയാലും പക്വത എങ്ങനെ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പറഞ്ഞ് പഠിപ്പിക്കും എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇണകളുടെ ഭാവി എന്ന് പറയേണ്ട ആവശ്യം പണ്ടില്ലായിരുന്നു. ഇണകള്‍ ഭാവി മുഴുവന്‍ നമുക്കൊന്നിച്ച് ജീവിച്ച് തീര്‍ക്കാനുള്ളതാണെന്ന ബോധ്യത്തോടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരായിരുന്നു. വിട്ടുവീഴ്ചയായിരുന്നു അവരുടെ മുഖമുദ്ര. ഈയിടെ ആണും പെണ്ണും ഒരേ നിലയില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒരു തരത്തിലുളള വിട്ടുവീഴ്ചക്കും തയ്യാറാകാതെ പുതിയ ബന്ധങ്ങള്‍ തകര്‍ന്നുപോകുന്ന കാഴ്ചയാണ് നമുക്ക് ചുറ്റിലും. രക്ഷാകര്‍ത്താക്കളും സാമൂഹിക പ്രസ്ഥാനങ്ങളും യുവതലമുറയെ വേണ്ടവിധത്തില്‍ ബോധവത്ക്കരിച്ച് മുന്നോട്ട് നയിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
ഷാഹിന. പി.എം
ചൊക്ലി
പംക്തികള്‍ നന്നാവുന്നു
നവംബര്‍ ലക്കത്തിലെ 'വഴിയോരത്തെ വായനപ്പുര' വായിച്ചപ്പോള്‍ വല്ലാത്തൊരു നഷ്ടബോധം. കൈ നനയാതെ മീന്‍പിടിക്കേണ്ട എന്നെപ്പോലത്തവര്‍ക്കും വലിയ ആശ്വാസം. വായിക്കണം. പക്ഷെ ... ലൈബ്രറിയില്‍ പോയി പുസ്തകമെടുത്ത് അതെങ്ങനെ ഇപ്പൊ നടക്കും എന്നാവും ചിന്ത. പിന്നെ അത് ആരാമം, പത്രം ഇതൊക്കെ മാത്രം മതി എന്നതിലേക്ക് ചുരുങ്ങും.
ചുറ്റുവട്ടം, വളരെ ഇഷ്ടമായി. ഇ എഴുത്തിലെ ടിക്കറ്റെടുക്കാത്ത യാത്ര ചിന്തിക്കാന്‍ വിളിച്ചു പറയുന്നതായിരുന്നു. എല്ലാവര്‍ക്കും അവസാനമായൊരു യാത്ര ഉണ്ട്. അതിന്റെ ടിക്കറ്റ് റെഡിയാണ്. എല്ലാം പൂര്‍ത്തീകരിച്ച് നാം തയ്യാറായി ഇരുന്നാല്‍ മാത്രം മതി.
ആരാമത്തിലെ എല്ലാ പംക്തികളും വളരെ നിലവാരം പുലര്‍ത്തുന്നു. പ്രൊഫ. നസീറ നജീബ് എഴുതിയ ലേഖനം 'തിരിച്ചറിവില്ലാത്ത പോണ്‍കാലം' പേടിപ്പെടുത്തുന്നു.
സെലീന തെന്നാടന്‍, അങ്കപ്പൊയില്‍, വാണിയമ്പലം.
വിജയിച്ച രചന
ഡിസംബര്‍ ലക്കം മലിക മറിയം എഴുതിയ രണ്ട് പെണ്ണുങ്ങള്‍ എന്ന കവിതക്ക് ആയിരം ലൈക്ക് തന്നാലും മതിയാവില്ല.
രണ്ട് തലമുറ മുമ്പുള്ള സ്ത്രീകളുടെ ജോലികളെക്കുറിച്ച് വര്‍ണിക്കാനും സഹതപിക്കാനും ഒരുപാടു പേരുണ്ട്. എന്നാല്‍ അവരെ കൂടെ ചേര്‍ത്ത് നിര്‍ത്താനോ അടുക്കള മൂലയില്‍ ഒതുങ്ങിപ്പോയ ആ ജീവിതങ്ങള്‍ക്ക് ആവശ്യമായ സംസ്‌കാരവും പ്രാധാന്യവും നല്‍കി ജീവിതത്തിന്റെ മുഖ്യധാരാവേഷങ്ങളിലേക്ക് കൊണ്ട് വരാനോ പലര്‍ക്കും മടിയാണ്.
ഒരു രചന വായിക്കുമ്പോള്‍ ഇത് ഞാനും കരുതിയതാണല്ലോ എന്ന് വായനക്കാരന് തോന്നുന്നയിടത്താണ് രചനയുടെ വിജയം എന്ന് ഒരുഎഴുത്ത് കാരന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.കവയത്രിക്കും ആരാമത്തിനും അഭിനന്ദനങ്ങള്‍.
ഫാത്തിമ മക്തൂം
കണ്ണൂര്‍